അനിലയുടെ ദാരുണാന്ത്യം എനിക്ക് സമ്മാനിച്ചിത് ഒരു മരവിപ്പാണ്.ആ മുറിയിൽ തളം കെട്ടി നിന്നിരുന്ന രക്തത്തിന്റെയും വിസർജ്യത്തിന്റെയും രൂക്ഷഗന്ധം വീടിന് പുറത്ത് നിന്നിരുന്നവരുടെ മൂക്കിലേക്കും തുളഞ്ഞു കയറുന്നുണ്ടായിരുന്നു.എനിക്ക് ഏറെ നേരം അവിടെ നിൽക്കാൻ സാധിച്ചില്ല ഞാൻ തിരികെ നടന്നു എങ്ങോട്ടെന്നില്ലാതെ.നടത്തത്തിന് ഒടുവിൽ ഞാൻ എത്തിയത് സിബി താമസിച്ചിരുന്ന വീടിന് മുന്പിലേക്കായിരുന്നു.കല്പടവുകൾ കയറി ഞാൻ ആ വീട്ടിലേക്ക് നടന്നു.അവിടെ മുറ്റത്താകമാനം വലിയ പുല്ലുകൾ മുളച്ചിരിക്കുന്നു. ആ പുല്ലുകൾക്കിടയിലൂടെ നടന്ന് ഞാൻ വീടിന്റെ ഉമ്മറത്തേക്ക് കയറി. അവിടെ നായയുടെയും പൂച്ചയുടെയും എല്ലാം കാഷ്ടത്തിന്റെ ദുർഗന്ധം വമിക്കുന്നുണ്ട്.ഞാൻ ജനലിലൂടെ വീടിനുള്ളിലേക്ക് നോക്കി.പൊടിപിടിച്ച് കിടക്കുന്ന നിലത്ത് കൂട്ടിയിട്ടിരിക്കുന്ന മേശയും കസേരകളും.ചുമരിലെ ഏതെല്ലാമോ ചിത്രങ്ങൾ നിലത്ത് വീണ് പൊട്ടിയിരിക്കുന്നു.അവിടെ മനുഷ്യവാസമുണ്ടായിരുന്ന യാതൊരു സൂചനകളും ഇല്ലാത്തതുപോലെ എനിക്ക് തോന്നി.ഞാൻ ആ തിണ്ണയിൽ കയറി പുറത്തേക്ക് നോക്കിയിരുന്നു.അവിടെ ഇരുന്നാൽ താഴെ ഒഴുകുന്ന തോടും അതിനപ്പുറമുള്ള റബ്ബർ എസ്റ്റേറ്റും കാണാമായിരുന്നു.തോടിന് സമീപത്ത് നിന്ന് മേയുന്ന പശുക്കളെയും കാണാം.ചിലപ്പോഴൊക്കെ വീടിന്റെ അകത്ത് നിന്നും സിബിയുടെ ശബ്ദം കേൾക്കുന്നുണ്ടോ എന്ന് ഞാൻ സംശയിച്ചു.ജനലിലൂടെ നോക്കുമ്പോൾ ഒന്നും കണ്ടിരുന്നില്ല ഞാൻ വീണ്ടും ആ തിണ്ണയിൽ കയറിയിരുന്നു.അനിലയുടെയും നിഖിലിന്റെയും കണക്ക് ടീച്ചറുടെയും നിലവിളികൾ എനിക്ക് കേൾക്കാമായിരുന്നു.അതെല്ലാം കേട്ട് ഞാൻ കണ്ണടിച്ചിരുന്നു.അല്പം സമയം കഴിഞ്ഞപ്പോൾ വീടിന് മുൻപിലേക്ക് പ്രായമുള്ള ഒരാൾ കയറി വന്നു.അയാൾ മുറ്റത്ത് നിന്ന് സംശയഭാവത്തിൽ എന്നെ സൂക്ഷിച്ച് നോക്കുന്നുണ്ടായിരുന്നു.ഞാനും അയാളുടെ മുഖത്തേക്ക് നോക്കി.” ഏതാണ് നീ” എന്ന ഭാവത്തിൽ അയാൾ കൈ കൊണ്ട് ആംഗ്യം കാണിച്ചു.ഒന്നും മിണ്ടാതെ ഞാൻ ആ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ വീടിന്റെ ഉമ്മറത്ത് നിന്നുകൊണ്ട് സംശയപൂർവ്വം അയാൾ എന്നെ നോക്കി നിൽപ്പുണ്ടായിരുന്നു.അയാൾക്ക് സമീപം സിബിയും അവന്റെ അമ്മയും എന്നെ നോക്കി പല്ലിളിച്ചു നിൽക്കുന്നത് ഞാൻ കണ്ടു.ഞാൻ അവിടെ നിന്നും വീട്ടിലേക്ക് നടന്നു.
വീട്ടിലെത്തിയപ്പോൾ എല്ലാവരും ഭക്ഷണം കഴിക്കുവായിരുന്നു.അമ്മയുടേയോ അച്ഛന്റെയോ മുഖത്ത് ഒന്നും ഒട്ടും അമ്പരപ്പോ ഭാവവത്യാസമോ കാണാനില്ല.
“ഇനി ഇവരൊന്നും അറിഞ്ഞിട്ടുണ്ടാവില്ലേ” എന്ന് ഞാൻ സംശയിച്ചു.
“നീ എവിടെ പോയിരുന്നു” എന്ന അച്ഛന്റെ ചോദ്യത്തിന് ഞാൻ മറുപടിയൊന്നും പറഞ്ഞില്ല.അമ്മ എന്നോട് ഭക്ഷണം കഴിക്കാൻ വരാൻ പറഞ്ഞു.ഞാൻ കഴിക്കാനായി ഇരുന്നു.അച്ഛനും വർത്തകളൊന്നും അറിഞ്ഞില്ലേ എന്ന് ഞാൻ സംശയിച്ചു.എന്റെ സംശയത്തോടെയുള്ള നോട്ടം കണ്ടിട്ടാകണം
“എന്താടാ? എന്തേലും പ്രശ്നം ഉണ്ടോ?” എന്ന് അച്ഛൻ എന്നോട് ചോദിച്ചു.ഒന്നും മിണ്ടാതെ ഞാൻ തലതാഴ്ത്തി ഇരുന്നതെയുള്ളൂ.അമ്മ എന്റെ പാത്രത്തിലേക്ക് ചോറും ഇറച്ചി കറിയും വിളമ്പി.അന്നേരം ആ കറിയിൽ നിന്നും ഉയർന്നുവന്നത് അഴുകിയ മാംസത്തിന്റെ ഗന്ധമാണെന്ന് എനിക്ക് തോന്നി.ഞാൻ വേഗം അവിടെ നിന്നും എഴുന്നേറ്റു.
“എന്താടാ? എന്ത് പറ്റി?”
അമ്മ എന്നോട് ചോദിച്ചു.ഒന്നും പറയാതെ ഞാൻ മുറിയിൽ പോയി കിടന്നു.കറങ്ങുന്ന ഫാനിലേക്ക് നോക്കി കിടക്കുമ്പോൾ തല മുഴുവൻ മത്ത് പിടിക്കുന്നുണ്ടായിരുന്നു. ചെവിയിൽ മുഴുവൻ ആരുടെയല്ലാമോ നിലവിളികൾ കേൾക്കുന്നു.എന്റെ കണ്ണുകൾ നിറയാൻ തുടങ്ങി.എങ്കിലും കണ്ണുകൾ ഇറുക്കിപ്പിടിച്ച് ഞാൻ കിടന്നു.
വൈകുന്നേരം അമ്മ വന്ന് വിളിച്ചപ്പോഴാണ് ഞാൻ എഴുന്നേറ്റത്.എന്റെ കണ്ണിലെ ചുവപ്പ് നിറം കണ്ട് അമ്മ ഭയന്നിരുന്നു.ഞാൻ ഒന്നും മിണ്ടാതെ കുളിമുറിയിൽ കയറി.കുളിക്കുമ്പോൾ എന്റെ കാലിലും തുടയിലും എല്ലാം കറുത്ത ഉണലുകൾ പൊന്തി വരുന്നത് ഞാൻ ശ്രദ്ധിച്ചു.അത് ഞാൻ ആരോടും പറഞ്ഞില്ല.അന്ന് രാത്രിയിൽ പല തവണ ഞാൻ ശർധിച്ചു.നല്ല തലവേദനയും ഉണ്ടായിരുന്നു.അമ്മ ഇടയ്ക്കിടെ തലയിൽ നനച്ച തുണി വച്ച് തന്നു.
രാവിലെ ആയപ്പോൾ പനി കുറഞ്ഞിരുന്നു.പക്ഷെ കറുത്ത ഉണലുകൾ ദേഹത്ത് കൂടി വരുന്നുണ്ടായിരുന്നു.കുളി കഴിഞ്ഞ് വന്നപ്പോൾ അമ്മ എന്റെ യൂണിഫോം എടുത്ത് വച്ചിരിക്കുന്നു.ഒന്നും മിണ്ടാതെ ഞാൻ വീട്ടിൽ നിന്നും ബാഗ് എടുത്ത് സ്കൂളിലേക്കിറങ്ങി.നടത്തത്തിനിടയിൽ എനിക്ക് തലകറങ്ങുന്നതായി തോന്നി എങ്കിലും എവിടെയും വീഴാതെ നടന്ന് ഞാൻ ക്ലാസിലെത്തി.കുട്ടികൾ വന്ന് തുടങ്ങുന്നേയുള്ളൂ.ഞാൻ ഡസ്കിൽ തലവെച്ച് കിടന്നു.എന്റെ പേശികളിലെല്ലാം നല്ല വേദന അനുഭവപ്പെടുന്നുണ്ട്.ഞാൻ കണ്ണുകൾ ഇറുക്കിപ്പിടിച്ച് കിടന്നു.
“ഡാ നീയെന്താ വിളിക്കാതെ പോയെ?”
മുതുകിൽ വീണ അടിയോടൊപ്പം ഈ ചോദ്യവും കേട്ട് ഞാൻ ഞെട്ടി എഴുന്നേറ്റു.നോക്കിയപ്പോൾ കണ്ടത് നിഖിൽ എന്റെ മുൻപിൽ നിൽക്കുന്നതായിരുന്നു.എന്റെ തല കറങ്ങുന്നത് പോലെ തോന്നി.കണ്ണിൽ ഇരുട്ട് കയറുന്നു.
“വെക്കെഷൻ ആയിട്ട് നീ എന്താടാ വീടിന് പുറത്തേക്ക് ഇറങ്ങാത്തത്.ഞങ്ങൾ കരോളിന് വന്നപ്പോഴും നീ വീടിന് പുറത്തേക്ക് ഇറങ്ങിയില്ല.ഫുൾ ടൈം വീടിനുള്ളിൽ ഇരിപ്പാണല്ലോ?”
എന്റെ ദേഹത്ത് മുളച്ചുവന്ന കറുത്ത ഉണലുകൾ പൊട്ടുന്നത് ഞാനറിഞ്ഞു.അതിന്റെ ചലം എന്റെ ദേഹത്ത് ഒഴുകി തുടങ്ങി.
എനിക്ക് ഒന്നും മനസിലാകുന്നില്ല.ഞാൻ ആ ബെഞ്ചിൽ ഇരുന്നു.
അന്നേരം പുതിയ കളർ ഡ്രസ്സ് ധരിച്ച് കയ്യിൽ ഒരു പൊതിയുമായി അനില ക്ലാസ്സിലേക്ക് കയറി വന്നു.
എന്റെ പെരുവിരലിൽ നിന്നും തരിപ്പ് കയറി വരുന്നു.അതെന്റെ സിരകളിലൂടെ തലച്ചോറിലേക്ക് പടരുന്നത് ഞാനറിഞ്ഞു.
അവൾ എന്നെ ശ്രദ്ധിക്കാതെ കടന്നുപോയി.അവളെ കണ്ടതും ക്ലാസിലെ മറ്റു പെൺകുട്ടികൾ ചിരിക്കുകയും അവളുടെ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
കറുത്ത ഉണലുകൾ തുടയിൽ ഉരഞ്ഞുപൊട്ടി ഒഴുകുന്ന ചലത്തിന്റെ ഗന്ധം എന്റെ മൂക്കിലേക്ക് കയറി.
ഞാൻ വീണ്ടും ഡസ്കിൽ തലവെച്ച് കണ്ണുകളിറുക്കി കിടന്നു.
അല്പ സമയം കഴിഞ്ഞ് ബെല്ലടിക്കുന്ന ശബ്ദം കേട്ടു. കണക്ക് ടീച്ചർ ക്ലാസിലേക്ക് കയറിയപ്പോഴും ഞാൻ എഴുന്നേറ്റില്ല.ടീച്ചർ എന്റെ സമീപം വന്ന് എന്റെ തലയിൽ കൈ വച്ചു നോക്കി.
“നല്ല പനിയുണ്ടല്ലോ വീട്ടിൽ നിന്ന് ആരോടെങ്കിലും വരാൻ പറയണോ?”
അവർ എന്നോട് സൗമ്യമായി ചോദിച്ചു.ഞാൻ വേണ്ടെന്ന് തലയാട്ടി.
ടീച്ചർ എല്ലാവര്ക്കും new year wish ചെയ്യുന്നത് കേട്ടു. ക്ലാസിലെ മറ്റു കുട്ടികൾ ഒരേ സ്വരത്തിൽ ടീച്ചറെയും wish ചെയ്തു.
“ടീച്ചർ ഇന്ന് അനിലയുടെ B’day ആണ്. അവൾ എല്ലാവര്ക്കും കൊടുക്കാൻ cake കൊണ്ടുവന്നിട്ടുണ്ട്”
ഒരു കുട്ടി എഴുന്നേറ്റ് നിന്ന് പറഞ്ഞു.
ക്ലാസിലെ എല്ലാവരും അവളെ wish ചെയ്തതും അന്നേരം പ്യൂൺ ക്ലാസിലേക്ക് ഒരു കടലാസുമായി കയറിവന്നതും ഒന്നിച്ചായിരുന്നു.ടീച്ചർ ആ കടലാസ്സ് വായിച്ച് നോക്കിയ ശേഷം ഞങ്ങളോട് എല്ലാവരോടുമായി പറഞ്ഞു.
“അതേയ് നമ്മുടെ ക്ലാസിൽ ഇന്ന് തൊട്ട് പുതിയ ഒരു കുട്ടി കൂടി ഉണ്ടാകും.”
ഇത് കേട്ടതും ഞാൻ ബെഞ്ചിൽ നിന്നും തല ഉയർത്തി നോക്കി.പ്യൂണിന്റെ പുറകിൽ നിന്നും അവൻ ക്ലാസിലേക്ക് കയറി.മുഷിഞ്ഞ വസ്ത്രം ധരിച്ച അവന്റെ ഒരു കണ്ണിന് വെള്ളാരംകല്ലിന്റെ നിറമായിരുന്നു.
“എന്താ മോനെ നിന്റെ പേര്?”
ടീച്ചർ അവനോട് ചോദിച്ചു.
“സിബി”
മുഖത്തോട്ട് നോക്കാതെ വളരെ ഗൗരവപൂർവ്വം പേര് പറഞ്ഞ് അവൻ പുറകിലെ ബെഞ്ചിലേക്ക് നടന്നു.
എന്റെ കണ്ണുകളിൽ ഇരുട്ട് കയറാൻ തുടങ്ങി.കൈകാലുകൾ കുഴയുന്നു. കറുത്ത ഉണലുകൾ എന്റെ മുതുകിലൂടെ പടർന്നു കയറി എന്റെ കഴുത്തിലേക്ക് എത്തുന്നത് ഞാനറിഞ്ഞു.
ടീച്ചർ അനിലയെ മുൻപിലേക്ക് വിളിച്ചു.കയ്യിൽ ഒരു പൊതിയുമായി അനിൽ വന്നു.ആ പൊതിയഴിച്ച് കേക്ക് അവൾ മേശയുടെ മുകളിൽ വച്ചു.എല്ലാവരും അവൾക്ക് ചുറ്റും പോയി അവളെ wish ചെയ്യുന്നു.ഞാൻ അങ്ങോട്ട് പോയില്ല.ഒന്ന് പുറകിലേക്ക് നോക്കിയപ്പോൾ സിബിയും പോയിട്ടില്ല.അവൻ എന്നെ തുറിച്ചുനോക്കി ഇരിപ്പാണ്.ഞാൻ അവനെ ശ്രദ്ധിക്കാത്ത ഭാവത്തിൽ തല താഴ്ത്തിയിരുന്നു.അൽപനേരം കഴിഞ്ഞപ്പോൾ നിഖിൽ ഒരു കഷ്ണം കേക്ക് എനിക്ക് നൽകി.
ഞാൻ അതെടുത്ത് വായിൽ വച്ചു.എന്തോ മൂർച്ചയുള്ള വസ്തു നാവിൽ ഉരഞ്ഞപ്പോൾ ഞാൻ അത് വായിൽ നിന്നെടുത്തു.പെരുവിരലിലെ നഖമായിരുന്നു അത്.അത്രനേരം വീർപ്പുമുട്ടിയ നീറ്റൽ ശർദ്ദലായി പുറത്തേക്ക് വന്നു.അതിന് അഴുകിയ മാംസത്തേക്കാൾ രൂക്ഷഗന്ധമായിരുന്നു
അവസാനിച്ചു
© Gokul N