ആ കാഴ്ച്ച എനിക്ക് നൽകിയ അമ്പരപ്പ് വളരെ വലുതായിരുന്നു.ഭയം മൂലം അന്നെനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.അനിലക്ക് എന്ത് സംഭവിച്ചുവെന്നത് എനിക്കറിയണമായിരുന്നു.പക്ഷേ ഈ കാര്യം ആരോടെങ്കിലും പറഞ്ഞാൽ അവർ എങ്ങനെ പ്രതികരിക്കും എന്ന ഭയം എന്നെ അലട്ടികൊണ്ടിരുന്നു.പിറ്റേന്ന് രാവിലെ ചേട്ടനെയും കൂട്ടി ഞാൻ സിബിയെ കാണാൻ പോയി.എന്നെ മനസിലാക്കുന്ന ഏക മനുഷ്യൻ ചേട്ടനായിരുന്നു.എന്റെ ഭയവും വെപ്രാളവും കണ്ടപ്പോൾ കൂടുതൽ ഒന്നും ചോദിക്കാതെ ചേട്ടൻ എന്റെയൊപ്പം വന്നു. juvenile justice board ന്റെ കീഴിലുള്ള ഒരു വീട്ടിലായിരുന്നു അവനെ പാർപ്പിച്ചിരുന്നത്.യാഥാർത്ഥത്തിൽ അത് വലിയ ഒരു കെട്ടിടമായിരുന്നു.ഉള്ളിലേക്ക് കയറണമെങ്കിൽ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം നൽകണം.അവർ ചേട്ടന്റെയും എന്റെയും വിലാസം എഴുതി വാങ്ങിയ ശേഷം ഞങ്ങളെ ഉള്ളിലേക്ക് കയറ്റിവിട്ടു.ഗേറ്റ് കടന്നൽ വലിയ ഒരു പൂന്തോട്ടമാണ്.എന്റെ സമപ്രായക്കാരായ കുട്ടികൾ അവിടെ കൂട്ടം കൂടിയിരിക്കുകയും തമാശകൾ പറഞ്ഞ് ചിരിക്കുകയും ചെയ്യുന്നുണ്ട്.ചിലർ ചെടികൾക്ക് വെള്ളം നനക്കുന്നു.ഗ്രൗണ്ടിൽ നിന്ന് ആർപ്പവിളികളും കൂട്ടച്ചിരിയും കേൾക്കുന്നുണ്ട്..പലരും എന്നെ നോക്കിയാണോ ചിരിക്കുകയും കളിയാക്കുകയും ചെയ്യുന്നത് എന്നും ഞാൻ സംശയിച്ചു.ഞാൻ ചേട്ടന്റെയൊപ്പം തലതാഴ്ത്തി നടന്നു.
ഞങ്ങൾ നടന്നുകയറിയത് ഒരു വരാന്തയിലേക്കായിരുന്നു.വിസിറ്റേഴ്സ് ഇവിടെ ഇരിക്കണമെന്നും അവൻ ഇങ്ങോട്ട് വരുമെന്നും അവിടെയുള്ള ഒരാൾ ഞങ്ങളോട് പറഞ്ഞു.ആ വരാന്തക്ക് സമീപം ഒരു പുളിമരം നിന്നിരുന്നു.അതിൽ ഇരുന്ന് കരയുന്ന കാക്കയുടെ ശബ്ദവും ഗ്രൗണ്ടിൽ നിന്നും കേൾക്കുന്ന ആർപ്പുവിളികളും എല്ലാം കേട്ട് എനിക്ക് തലവേദനിക്കുന്ന പോലെ തോന്നി.
അല്പം സമയം കഴിഞ്ഞപ്പോൾ വരാന്തയിലൂടെ നടന്ന് വരുന്ന സിബിയെ ഞാൻ കണ്ടു.എന്നെ കണ്ടതും അവന്റെ മുഖത്ത് പുഞ്ചിരി വിടരുന്നത് ഞാൻ ശ്രദ്ധിച്ചു.സാവധാനം എന്റെ സമീപത്തേക്ക് നടന്ന് വന്ന് സമീപത്തെ ബെഞ്ചിലിരുന്ന് അവൻ ഗ്രൗണ്ടിൽ നടക്കുന്ന കളിയിൽ ശ്രദ്ധിക്കാൻ തുടങ്ങി.ഞാനും അവന്റെ സമീപം പോയിരുന്നു.
“നീ അനിലയെ കുറിച്ച് ചോദിക്കാൻ വന്നതല്ലേ?”
ഞാൻ ചോദിക്കുന്നതിന് മുൻപേ അവൻ എന്നോട് ചോദിച്ചു.
“അവൾക്ക് എന്താ പറ്റിയെ? നീയും നിന്റെ അമ്മയും കൂടി അവളെയും നിങ്ങളെ പോലെയാക്കിയോ?”
അവൻ കുറച്ച്നേരം ഒന്നും മിണ്ടാതെ ഗ്രൗണ്ടിലേക്ക് നോക്കിയിരുന്നു.അല്പം സമയത്തിന് ശേഷം എന്നോട് ചോദിച്ചു.
“നീ എന്റെ അപ്പനെ കണ്ടിട്ടുണ്ടോ?”
അവൻ എന്നെ കളിയാക്കുന്നത് പോലെ തോന്നി.എങ്കിലും ഞാനത് പുറത്ത് കാണിക്കാതെ ഞാൻ ചോദിച്ചു.
“അയാൾ മരിച്ചു എന്നല്ലേ നീ പറഞ്ഞത്?”
അന്നേരം അവനെന്റെ മുഖത്തോട്ട് നോക്കി സംസാരിക്കാൻ തുടങ്ങി.
“അപ്പന്റെ ദേഹം മാത്രമേ മരിച്ചിട്ടുള്ളൂ.പക്ഷെ അപ്പൻ ഇപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ട്.ആ വീട്ടിൽ നീ വന്നപ്പോഴെല്ലാം അപ്പനും നമ്മുടെ കൂടെ ഉണ്ടായിരുന്നു.”
എന്റെ ചെവിയിലൂടെ വണ്ട് തുരന്നുകയറുന്നത് പോലെ തോന്നി.ഒന്നും മനസിലാവതെ ഞാൻ അവൻ പറയുന്നത് കേട്ടുനിന്നു.
“അപ്പന്റെ ദേഹം അഴുകിതുടങ്ങിയപ്പോഴാണ് അമ്മച്ചി തിരിച്ചറിഞ്ഞത് ഈ ലോകത്ത് അപ്പൻ ഇല്ലാതെ ഞങ്ങൾക്ക് നിലനിൽപ്പില്ല എന്ന്. അമ്മച്ചിക്ക് മാത്രമറിയാവുന്ന കാലങ്ങൾ നീണ്ടുനില്ക്കുന്ന കർമ്മങ്ങളിലൂടെ അപ്പനെ പരലോകത്ത് നിന്നും ഞങ്ങളിലേക്കെത്തിച്ചു.അതിനായി അമ്മച്ചി ഒരുപാട് കഷ്ടപെട്ടിരുന്നു.
അതിന് ശേഷം ഞങ്ങൾ പോകുന്നിടത്തെല്ലാം അപ്പന്റെ സാന്നിധ്യം അനുഭവിച്ചു തുടങ്ങി.പതിയെ പതിയെ അപ്പൻ ഓരോ സൂചനകളിലൂടെ ഞങ്ങളോട് സംസാരിക്കാനും തുടങ്ങി.”
അവൻ ഇത് പറയുമ്പോഴെല്ലാം പുളിമരത്തിലെ കാക്കളുടെ കരച്ചിൽ കൂടുതൽ ഉയർന്നുവരുന്നത് ഞാൻ ശ്രദ്ധിച്ചു.
“ഒരിക്കൽ അപ്പൻ പറഞ്ഞു.ഞങ്ങളുടെ ഒപ്പം വീണ്ടും ജീവിക്കണമെന്ന്.അതിനായി ഞങ്ങൾക്ക് ജീവനുള്ള ഒരു ശരീരം ആവശ്യമായിരുന്നു.
അന്ന് രാത്രിയിൽ നിന്നെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് അപ്പന്റെ ആഗ്രഹം സാധിക്കാനായിരുന്നു.
നിഖിലിനെ ഇല്ലാതാക്കിയതും ആ കർമ്മങ്ങൾക്ക് വേണ്ടിയായിരുന്നു.പക്ഷെ എന്തോ നിന്നോട് അത് ചെയ്യാൻ എനിക്ക് കഴിഞ്ഞില്ല.അന്ന് രാത്രിയിൽ അതിന്റെ പേരിൽ അമ്മച്ചി എന്നെ വഴക്ക് പറയുകയും ഒരുപാട് കരയുകയും ചെയ്തു.അപ്പന്റെ കരച്ചിലും ഞാൻ കേട്ടു”.
ഇത് പറഞ്ഞ് കണ്ണുകൾ തുടച്ചുകൊണ്ട് അവൻ എന്നെ നോക്കി.അവന്റെ വെള്ളാരംകണ്ണുകളിൽ ചുവപ്പ് പടരുന്നത് ഞാനറിഞ്ഞു.
”പക്ഷെ നീ എന്നെ ചതിച്ചു.എന്നിൽ നിന്നും എപ്പോഴും നീ അകലാൻ തുടങ്ങി.പുതിയ ആളുകളെ സ്നേഹിക്കാൻ തുടങ്ങി.അനിലയെ പ്രണയിക്കാനും തുടങ്ങി.”
ഇത് പറഞ്ഞപ്പോഴേക്കും അവന്റെ കണ്ണുകളിൽ ചുവപ്പ് പൂർണ്ണമായും പടർന്നുകഴിഞ്ഞിരുന്നു.
“അപ്പന്റെ ആഗ്രഹം അനിലയുടെ സാധിക്കാൻ തീരുമാനിച്ചതിന്റെ പ്രധാനകാരണം നീ തന്നെയാണ്.കണക്ക് ടീച്ചറെ ഇല്ലാതാക്കിയതും ആ കാർമ്മത്തിന് വേണ്ടിയാണ്.”
ഇത് കേട്ടതും എന്റെ തലയിൽ ഇടിമിന്നൽ പതിച്ചതുപോലെ തോന്നി.
“അപ്പോൾ അനിലയിൽ ഇപ്പോഴുള്ളത് നിന്റെ അപ്പനാണോ?”
ഞാൻ ഭയന്ന് വിറക്കാൻ തുടങ്ങി.
” അല്ല. ആ കർമ്മങ്ങൾ മുഴുമിപ്പിക്കാൻ അമ്മച്ചിക്ക് കഴിഞ്ഞില്ല.അപ്പോഴേക്കും പോലീസ് ഞങ്ങളെ കണ്ടെത്തി.പക്ഷെ ഒന്നുറപ്പാണ്.ഇപ്പൊ അനില ചെയ്യുന്ന ഓരോ പ്രവർത്തികളിലും പൂർണ്ണമായിട്ടല്ലെങ്കിൽ കൂടി എന്റെ അപ്പന്റെ സാന്നിധ്യമുണ്ട്.കർമ്മങ്ങൾ തുടങ്ങിയ നാൾതൊട്ട് അനിലയുടെ പെരുമാറ്റത്തിൽ ആ മാറ്റം കണ്ടുതുടങ്ങിയിരുന്നു.അതെല്ലാം കർമ്മം വിജയിച്ചു തുടങ്ങിയതിന്റെ സൂചനകളാണ്”
ഇതും പറഞ്ഞ് ചിരിച്ചുകൊണ്ട് അവൻ നടന്നകന്നു.അപ്പോഴേക്കും ഞാൻ കരച്ചിലിന്റെവക്കിൽ എത്തിയിരുന്നു.
നിഖിലിന്റെയും കണക്ക് ടീച്ചറുടെയും ഇനി അനിലയുടെയും എല്ലാം ദാരുണാവസ്ഥക്ക് കാരണം ഞാനാണെല്ലോ എന്ന ചിന്ത എന്നെ വേട്ടയാടികൊണ്ടിരുന്നു.പിന്നീടുള്ള ഒരു രാത്രിയിലും സ്വസ്ഥമായ ഉറക്കം എന്നത് എനിക്ക് അപ്രാപ്യമായിരുന്നു.
പലപ്പോഴും ഞാൻ ഒറ്റക്കിരിക്കുന്ന് കരയാനും സ്വയം ശപിക്കാനും തുടങ്ങി.
ഒരു ദിവസം ക്ലാസ് വിട്ടിട്ടും അനില ഒറ്റക്ക് ക്ലാസിലെ ബെഞ്ചിലിരുന്ന് കരയുന്നത് കണ്ടപ്പോൾ ഞാൻ സമീപം ചെന്നു. അവളുടെ എന്തെങ്കിലും ചോദിക്കാനോ മിണ്ടാനോ എനിക്ക് ഭയമായിരുന്നു.എങ്കിലും ഞാൻ അവളുടെ സമീപം ചെന്നു.അന്നേരം അവളുടെ ബെഞ്ചിൽ അവൾ പേനകൊണ്ട് വരഞ്ഞിരുന്ന ചിത്രങ്ങൾ ഞാൻ കണ്ടു.അന്ന് സിബിയുടെ വീട്ടിൽ കണ്ട ആടിന്റേതിന് സമാനമായ തലയുള്ള ജീവിയുടെ ചിത്രവും ഒരു വൃത്തത്തിനുള്ളിൽ വരച്ചിരിക്കുന്ന നക്ഷത്രത്തിന്റെ ചിത്രവും എല്ലാം അതിലുണ്ടായിരുന്നു.എന്നെ കണ്ടപ്പോൾ കരച്ചിൽ നിർത്തിയ അനില അൽപനേരം എന്നെ നോക്കുകയും പിന്നീട് പുഞ്ചിരിച്ചുകൊണ്ട് അവിടെ നിന്ന് എഴുന്നേറ്റ് പോവുകയും ചെയ്തു.അത് അവളല്ലായിരുന്നു എന്ന് എനിക്ക് അറിയാമായിരുന്നു.എങ്കിലും ഭയക്കാതെ ഞാനവിടെ തന്നെ നിന്നു.അവളെന്നെ തിരിഞ്ഞുപോലും നോക്കിയില്ല.നടക്കുന്നതിനിടയിൽ ഇടയ്ക്കിടെ പൊട്ടിച്ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
പിറ്റേന്ന് രാവിലെ സ്‌കൂളിലേക്ക് നടക്കുമ്പോൾ കവലയിൽ നിന്നിരുന്ന ആളുകളെല്ലാം അനിലയുടെ വീട്ടിലേക്ക് ഓടുന്നത് കണ്ടു.അവളുടെ വീടിന് സമീപം എത്തിയപ്പോൾ കൂട്ടകരച്ചിൽ കേൾക്കാമായിരുന്നു.ആരൊക്കെയോ ശർധിക്കുന്നതും കണ്ടു.ചെന്ന് നോക്കിയപ്പോൾ കണ്ടത് മുറിയിൽ മരിച്ചു കിടക്കുന്ന അനിലയുടെ അച്ഛനെയും അമ്മയെയും ആയിരുന്നു.അവരുടെ മൃതദ്ദേഹങ്ങൾ കത്തികൊണ്ട് കീറി വികൃതമാക്കിയിരിക്കുന്നു.അവരുടെ സമീപം തന്നെ കത്തികൊണ്ട് സ്വന്തം കഴുത്ത് മുറിച്ച് കിടക്കുന്ന അനിലയും ഉണ്ടായിരുന്നു.
പോലീസ് വന്ന് തെളിവെടുപ്പ് നടത്തിയപ്പോൾ മുറിയിൽ നിന്നും ഒരു കത്ത് കണ്ടെടുത്തു.അതിൽ ഇപ്രകാരം എഴുതിയിരുന്നു.
” ഈ ത്യാഗം നിങ്ങളെ മഹത്തരമാക്കുന്നു”