ടീച്ചറുടെ മൃതദേഹം കൊണ്ടുപോയ ശേഷം ഓരോരുത്തരായി വീട്ടിൽ പോകാൻ തുടങ്ങി.അനില സ്‌കൂളിൽ നിന്ന് ഇറങ്ങിയപ്പോൾ ഞാനും അവളുടെ ഒപ്പം നടക്കാൻ തുടങ്ങി.നടക്കുമ്പോഴും അവൾ തേങ്ങുന്നുണ്ടായിരുന്നു.കണക്ക് ടീച്ചറോട് അവൾക്ക് അത്രമേൽ ഇഷ്ടമായിരുന്നു.അവളുടെ വിടർന്ന കണ്ണുകൾ ചുവന്ന് കാലങ്ങിയതിനാൽ മുഖത്തേക്ക് നോക്കാൻ തന്നെ എനിക്ക് വിഷമം തോന്നി.അവളോട് എങ്ങനെ ഈ കാര്യം സംസാരിക്കും എന്നോർത്ത് ഞാൻ ആകെ കുഴങ്ങി.പരസ്പരം ഒന്നും മിണ്ടാതെ നടക്കുന്നതിനിടയിൽ ആരോ ഞങ്ങളെ പിന്തുടരുന്നതായി എനിക്ക് തോന്നി.തിരിഞ്ഞ് നോക്കുമ്പോഴൊന്നും ആ വഴിയേ ആരും വരുന്നില്ല.പതിയെ അവളുടെ കരച്ചിൽ കുറഞ്ഞെന്ന് തോന്നിയപ്പോൾ ഞാൻ അവളോട് ഇതേ കുറിച്ച് പറയാൻ തീരുമാനിച്ചു.
“അനില, എനിക്ക് ഒരു കാര്യം പറയാനുണ്ട്”
ഞാൻ അവളോട് പറഞ്ഞു.
“എന്താ?”
മുഖത്ത് ഒട്ടും തെളിച്ചമില്ലാതെ അവൾ ചോദിച്ചു.
പെട്ടെന്നായിരുന്നു ഒരു ഓട്ടോ ഞങ്ങളുടെ മുൻപിൽ വന്ന് നിന്നത്.അതിനുള്ളിൽ എന്റെ ചേട്ടനായിരുന്നു.
“ഡാ അമ്മൂമ്മക്ക് ഒട്ടും സുഖമില്ല.ആശുപത്രിയിൽ അഡ്മിറ്റ് ആണ്. നീ വേഗം എന്റെ കൂടെ വാ”
ഏട്ടൻ ധൃതിയിൽ എന്നെ പിടിച്ച് വണ്ടിയിൽ കയറ്റി.അന്നേരം അനില എന്റെ മുഖത്തോട്ട് തന്നെ നോക്കി നിൽക്കുകയായിരുന്നു.
“പോയിട്ട് വാ”
അവളെന്നോട് പറഞ്ഞു.
വണ്ടി മുൻപോട്ട് നീങ്ങിയതും റോഡിന്റെ മറുവശത്ത് കയ്യിൽ ഒരു വീർപ്പിച്ച ബലൂൺ പിടിച്ച് നിൽക്കുന്ന സിബിയെ ഞാൻ കണ്ടു.അവൻ എന്നെ നോക്കി പല്ലിളിച്ചു.ആ ചിരികണ്ടതും എന്റെ മനസ്സിൽ ഭയം പടർന്നുകയറിതുടങ്ങി.
വണ്ടിയുടെ കണ്ണാടിയിലൂടെ അനിലയുടെ പിന്നാലെ കൈയ്യിൽ ബലൂൺ ആയി പോകുന്ന സിബിയെ ഞാൻ കണ്ടു.ജീവിതത്തിൽ അന്നോളം എന്നെ ഏറ്റവും ഭയപ്പെടുത്തിയ കാഴ്ച്ച അതായിരുന്നു.
അമ്മൂമ്മയെ മെഡിക്കൽ കോളജിലേക്ക് മാറ്റിയതിനാൽ എനിക്ക് 2 ദിവസം സ്‌കൂളിൽ പോകാൻ കഴിഞ്ഞില്ല.ക്ലാസിൽ നടക്കുന്ന കാര്യങ്ങൾ ഒന്നുംതന്നെ അറിയാൻ യാതൊരു മാർഗ്ഗവും ഇല്ലായിരുന്നു.2 ദിവസങ്ങൾക്ക് ശേഷം ഞാൻ വീണ്ടും സ്‌കൂളിൽ പോയിതുടങ്ങി.സ്‌കൂളിൽ എത്തുന്നത് വരെ ചങ്കിൽ തീയായിരുന്നു.ആരെങ്കിലും എന്തെങ്കിലും അത്യാഹിതത്തെ കുറിച്ചോ മരണത്തെ കുറിച്ചോ സംസാരിക്കുന്നുണ്ടോ എന്ന് ഞാൻ കാതോർത്ത് നടന്നു.സ്‌കൂളിൽ എത്തിയപ്പോൾ അങ്ങനെയൊന്നും സംഭവിച്ചതിന്റെ യാതൊരു സൂചനയും ഇല്ല എന്നുകണ്ടപ്പോൾ എനിക്ക് പകുതി ആശ്വാസമായി.എങ്കിലും അത്രനേരമായിട്ടും അനില ക്ലാസിൽ വന്നിട്ടില്ലാ എന്ന് കണ്ടപ്പോൾ എന്നിൽ വീണ്ടും ഭയം നിറയാൻ തുടങ്ങി.സാധാരണ ബെൽ അടിക്കുന്നതിന് അര മണിക്കൂർ മുൻപെങ്കിലും എത്തുന്നവളായിരുന്നു.അത്ര നേരമായിട്ടും അവളെ കാണാഞ്ഞപ്പോൾ ഞാൻ ഗേറ്റിന് സമീപം പോയി നിന്നു. ബെൽ അടിച്ച് തുടങ്ങിയപ്പോൾ റോഡിലൂടെ തലതാഴ്ത്തി വരുന്ന അനിലയെ ഞാൻ കണ്ടു.ബില്ലിന്റെ ശബ്ദം കേട്ടിട്ടും ഒട്ടും ഭാവവത്യാസമില്ലാതെയാണ് അവളുടെ നടത്തം. അവളെ കണ്ടപ്പോൾ എനിക്കുണ്ടായ ആശ്വാസം ചെറുതായിരുന്നില്ല.അപ്പോഴാണ് അവളുടെ പുറകെ നടന്ന് വരുന്ന സിബിയെ ഞാൻ കണ്ടത്.വെയിലിൽ അവന്റെ വെള്ളാരം കണ്ണ് തിളങ്ങുന്നത്പോലെ എനിക്ക് തോന്നി.അവൻ അനിലയോട് പുറകെ നിന്ന് എന്തോ സംസാരിക്കുന്നുണ്ടായിരുന്നു.ഇവൾ ഒന്നും മിണ്ടാതെ തലതാഴ്ത്തി നടക്കുകയും ചെയ്യുന്നു.
എന്നെ കണ്ടപ്പോൾ അനില എന്നെ നോക്കി പുഞ്ചിരിച്ചു.പക്ഷെ ആ ചിരിയിൽ മുൻപത്തേത് പോലെ തിളക്കമുണ്ടായിരുന്നില്ല.അവളുടെ കണ്ണുകളിലെ ചുവപ്പ് അല്പം കൂടിയിരുന്നു.മുടിയും എണ്ണമയമില്ലാതെ പാറിനിൽക്കുന്നു.അവൾ കടന്നുപോയശേഷം സിബി എന്റെ സമീപത്തേക്ക് വന്നു.അവൻ കയ്യിലെ കോലുമിട്ടായി എടുത്ത് വായിൽ വച്ചുകൊണ്ട് എന്നെ നോക്കി പല്ലിളിച്ചു എന്നിട്ട് ക്ലാസിലേക്ക് നടന്നുപോയി.അന്നേരം എന്റെ കൈയിലെ പേന കൊണ്ട് അവന്റെ വെള്ളാരംകണ്ണ് കുത്തിപൊട്ടിക്കാനുള്ള ദേഷ്യമായിരുന്നു എനിക്ക് തോന്നിയത്.അതിന് കഴിയുന്നില്ലല്ലോ എന്നോർത്ത് ഞാൻ വേദനിച്ചു.അന്ന് ക്ലാസിലും അനില ഒട്ടും താത്പര്യമില്ലാതെയായിരുന്നു ഇരുന്നത്.ഏത് സമയവും അവൾ എന്തോ ചിന്തയിൽ മുഴുകിയിരിക്കുന്നത് പോലെ.ടീച്ചേഴ്സ് എന്തെങ്കിലും ചോദിച്ചാലും അവൾ തലതാഴ്ത്തി നിൽക്കുന്നു.ഇന്നേരങ്ങളിൽ എല്ലാം സിബിയുടെ മുഖത്ത് വിടരുന്ന പുഞ്ചിരി ഞാൻ ശ്രദ്ധിച്ചു.ഞാൻ സംസാരിക്കാൻ പോകുമ്പോഴും അവൾ വലിയ താത്പര്യം കാണിക്കുന്നുണ്ടായിരുന്നില്ല.അവളുടെ ഈ പെരുമാറ്റം അവളോട് സംസാരിക്കാൻ പോകുന്നതിൽ നിന്നും എന്നെയും പിന്തിരിപ്പിച്ചു.കൂടുതൽ സമയങ്ങളിലും അവൾ ഒറ്റക്കിരിക്കുന്നത് പതിവാക്കി.പക്ഷെ interval സമയങ്ങളിലും ഒറ്റക്കിരിക്കുന്ന സമയങ്ങളിലും സിബി അവളുടെ സമീപം പോയി എന്തെല്ലാമോ പറയുകയും അവൾ ഒന്നും മിണ്ടാതെ തലതാഴ്ത്തി നിൽക്കുന്നതും ഞാൻ കണ്ടു.അതിനെ കുറിച്ച് ഞാൻ ചോദിക്കുമ്പോഴെല്ലാം അവൾ ഒഴിഞ്ഞുമാറുകയായിരുന്നു.അന്നേരങ്ങളിൽ എല്ലാം സിബി എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.
ഒരു ദിവസം സ്‌കൂളിൽ പോലീസ് വന്നിരിക്കുന്നു എന്ന് കേട്ടപ്പോൾ ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന ഞങ്ങൾ എല്ലാവരും ഓഫീസ് റൂമിന് മുൻപിൽ ഓടിയെത്തി.അന്നേരം കണ്ടത് സിബിയുടെ കൈപിടിച്ച് നടന്നുപോകുന്ന പോലീസുകാരനെയാണ്.കണക്ക് ടീച്ചറുടെ മൃതദേഹത്തിന്റെ ബാക്കി അവശിഷ്ടങ്ങൾ സിബിയുടെ വീട്ടിൽ നിന്നും കണ്ടെത്തിയത്രെ.അവന്റെ അമ്മ കുറ്റം സമ്മതിക്കുകയും ചെയ്‌തെന്ന് സ്‌കൂളിലെ പ്യൂൺ പറഞ്ഞ് ഞങ്ങൾ അറിഞ്ഞു.ഇതെല്ലാം കേട്ട് തരിച്ച് നിന്നിരുന്ന ടീച്ചേഴ്സിനെയും മറ്റുകുട്ടികളെയും നോക്കി സിബി പുഞ്ചിരിച്ചപ്പോൾ അതേ അളവിൽ തിരിച്ചും പുഞ്ചിരിച്ച ഒരേയൊരു ആൾ അനിലയായിരുന്നു.അവളുടെ ആ പുഞ്ചിരി എന്നിൽ പടർത്തിയ ഭയം ചെറുതായിരുന്നില്ല.
പിറ്റേന്ന് ക്ലാസിൽ എത്തിയ അനില first പീരീഡ് മുതൽ ബെഞ്ചിൽ തലവച്ച് കിടക്കാൻ തുടങ്ങി.എന്തെങ്കിലും വയ്യായ്മ ഉണ്ടോ എന്ന ടീച്ചറുടെ ചോദ്യത്തിന് അവൾ മറുപടി പറയുക കൂടി ചെയ്തില്ല.അവൾ ആരെയും ശ്രദ്ധിക്കുന്നുമില്ല.അന്ന് PT period എല്ലാവരും ഗ്രൗണ്ടിലേക്ക് പോയപ്പോൾ അനില ഇരിക്കുന്നതിന്റെ സമീപം ഞാൻ പോയിരുന്നു.എന്നെ കണ്ടപ്പോൾ അവൾ തെളിച്ചമില്ലാതെ ചിരിച്ചു കാണിച്ചു.എന്നിട്ട് എന്തോ ചിന്തയിൽ മുഴുകിയിരുന്നു.അവൾ നല്ലപോലെ മേലിഞ്ഞിരിക്കുന്നു.കണ്ണുകളും ചുവന്നിരുന്നു.അവളുടെ സമീപം പോയിരുന്നപ്പോൾ വിയർപ്പിന്റെ ദുർഗന്ധം എനിക്ക് തോന്നി.
അന്നേരമാണ് അവളുടെ വലതുകൈയ്യിലെ മുറിവ് ഞാൻ ശ്രദ്ധിച്ചത്.ബ്ലേഡ് ഉപയോഗിച്ച് കയ്യിൽ എന്തോ വരഞ്ഞു വച്ചിരിക്കുന്നു.ആ മുറിവ് പഴുക്കുകയും ചെയ്തിരിക്കുന്നു.അവൾ ഇടയ്ക്കിടെ ആ മുറിവ് മണത്തു നോക്കുന്നതും ഞാൻ കണ്ടു.ഞാൻ ഇതെല്ലം ശ്രദ്ധിക്കുന്നുവെന്ന് തോന്നിയപ്പോഴാകണം അവൾ എന്നെ തുറിച്ചുനോക്കാൻ തുടങ്ങി.പിന്നീട് അവിടെ നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല ഞാൻ ഗ്രൗണ്ടിലേക്ക് നടന്നു.അവളുടെ കണ്ണിലെ തീക്ഷ്ണത അത്രമാത്രം ഭയാനകമായിരുന്നു.
അന്ന് വൈകിട്ട് വീട്ടിലേക്ക് പോകുമ്പോൾ ഒരായിരം സംശയങ്ങളായിരുന്നു എന്റെ മനസ്സ് നിറയെ.നടത്തത്തിനിടയിലും മനസ്സിൽ അവളുടെ മുഖം മാത്രം.
നടന്ന് ആളൊഴിഞ്ഞ പറമ്പിന്റെ സമീപം എത്തിയപ്പോൾ ഇറച്ചിവെട്ടുകാർ വേസ്റ്റ് കൊണ്ടുവന്ന് തള്ളുന്ന സ്ഥലത്ത് മുഖം ഷാൾകൊണ്ട് മറച്ച് ഏതോ മൃഗത്തിന്റെ അഴുകിയ കുടൽമാല എടുത്ത് ബാഗിലേക്ക് ഇടുന്ന അനിലയെ ഞാൻ കണ്ടു.ആ കൈ അവൾ നക്കുകയും ചെയ്യുന്നുണ്ടായിരുന്നു.ഇത് നോക്കി തരിച്ചു നിന്ന എന്നെ നോക്കി അവൾ പുഞ്ചിരിച്ചു.മുൻപ് ഇതേ സ്ഥലത്ത് വച്ച് സിബി എന്നെ നോക്കി ചിരിച്ച അതേ ചിരി.