പിറ്റേന്ന് രാവിലെ നേരത്തെ ഞാൻ സ്‌കൂളിൽ എത്തി സ്‌കൂൾ ഗേറ്റിന് മുൻപിൽ കണക്ക് ടീച്ചറെയും കാത്ത് നിന്നു. ബെൽ അടിക്കാറായിട്ടും ടീച്ചർ വരുന്നില്ലെന്ന് കണ്ടപ്പോൾ എന്റെ മനസ്സിൽ ഭയം കൂടി വന്നു.ബെൽ അടിച്ച് കഴിഞ്ഞും ഞാൻ ഗേറ്റിന് മുൻപിൽ തന്നെ നിന്നു.അല്പം സമയം കഴിഞ്ഞ് മുഖത്ത് പുഞ്ചിരിയുമായി സിബി നടന്ന് വരുന്നത് കണ്ടു.എന്നെ കണ്ടപ്പോൾ കളിയാക്കിയിട്ടെന്ന പോലെ അവൻ ചിരിക്കാൻ തുടങ്ങി.അവന്റെ ചിരി കണ്ടപ്പോൾ എനിക്കവിടെ നിൽക്കാൻ കഴിഞ്ഞില്ല ഞാൻ വേഗം സ്റ്റാഫ് റൂമിലേക്ക് ഓടി.ഓടി കിതച്ച് ഞാൻ അവിടെ എത്തിയപ്പോഴേക്കും മറ്റു ടീച്ചർമാരൊക്കെ ക്ലാസുകളിലേക്ക് പോയിരുന്നു.ഓഫീസിലെ പ്യൂൺ മാത്രമേ അന്നേരം അവിടെ ഉണ്ടായിരുന്നുള്ളു.
“സാറെ,കണക്ക് ടീച്ചർ വരില്ലേ ഇന്ന്?”
കിതച്ചു കൊണ്ട് ഞാൻ ചോദിച്ചു
“എന്താ കാര്യം? നീ എന്താ ക്ലാസ്സിൽ കയറാതെ നടക്കുന്നെ?”
അയാൾ പരുക്കൻ ഭാവത്തിൽ എന്നോട് ചോദിച്ചു.
അത് കേട്ടതും എനിക്ക് ദേഷ്യവും സങ്കടവും ഒരുമിച്ച് കയറിവന്നു.എങ്കിലും അത് പുറത്ത് കാണിക്കാതെ ഞാൻ വീണ്ടും ചോദിച്ചു
“സാറെ അത്യാവശ്യകാര്യമാണ്…ടീച്ചർ എപ്പോഴാ വരുക?”
ഇത്തവണ അയാൾ പരുക്കൻ ഭാവം ഉപേക്ഷിച്ചുകൊണ്ട് പറഞ്ഞു.
“എന്ത് അത്യാവശ്യം ആണേലും ഇനി ഒരാഴ്ച്ച കഴിഞ്ഞേ നടക്കൂ..ടീച്ചർ ഒരാഴ്ച്ച ലീവ് എഴുതി കൊടുത്തിട്ടാണ് ഇന്നലെ പോയത്”
അന്നേരം പാതിജീവൻ തിരിച്ച് കിട്ടിയ സന്തോഷമായിരുന്നു എനിക്ക്.
ആശ്വാസത്തോടെ ഞാൻ തിരികെ നടന്നതും വരാന്തയുടെ മറുവശത്തായി സിബി എന്നെ നോക്കി നിൽപ്പുണ്ടായിരുന്നു.അവന്റെ മുഖത്ത് പഴയ ക്രൂരഭാവം നിഴലടിക്കുന്നുണ്ടോ എന്ന് ഞാൻ സംശയിച്ചു.എങ്കിലും അവനെ കാണാത്ത ഭാവത്തിൽ നടന്ന് ഞാൻ ക്ലാസിൽ കയറി.
എന്നെ തുറിച്ച് നോക്കിക്കൊണ്ട് ഒന്നും മിണ്ടാതെ അവനും എന്റെ പുറകെ ക്ലാസിൽ കയറി.
ഇടക്കിടെ ഞാൻ പുറകിലെ ബെഞ്ചിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ അവൻ എന്നെ തന്നെ തുറിച്ച് നോക്കി ഇരിക്കുന്നുണ്ടായിരുന്നു.
അന്ന് ഉച്ചനേരത്തെ ഇന്റർവെൽ സമയത്ത് ക്ലാസിലെ ബെഞ്ചിൽ ഒറ്റക്ക് തലവച്ച് കിടക്കുന്ന നേരം എന്റെ സമീപം ക്ലാസ്‌ലീഡറായിരുന്ന അനില വന്നിരുന്നു.
“ഡാ നീയെന്താ ഒറ്റക്കിരിക്കുന്നെ?”
അവൾ എന്നോട് ചോദിച്ചു.
അവൾ അങ്ങനെ അധികമാരോടും സംസാരിക്കുന്ന കൂട്ടത്തിൽ അല്ലായിരുന്നു.
അവളുടെ പെട്ടെന്നുള്ള ഈ ചോദ്യം എനിക്കും കൗതുകമായി.
“ഏയ് ഒന്നൂല്യ, ഒറ്റക്കിരിക്കാൻ തോന്നി”
ഞാൻ പറഞ്ഞു.
“നിഖിലിന്റെ കാര്യമോർത്ത് നിനക്ക് നല്ല വിഷമം ഉണ്ടെന്ന് അറിയാം..എങ്കിലും നീ എപ്പോഴും അത് തന്നെ ആലോചിച്ച് ഇരിക്കല്ലേ”
അവൾ എന്നോട് പറഞ്ഞു.
ഞാൻ ഒന്നും മിണ്ടിയില്ല.
“നീ നല്ല പോലെ ക്ഷീണിച്ചിരിക്കുന്നു ഇപ്പോൾ”
അവൾ എന്റെ മുഖത്തോട്ട് നോക്കാതെ പറഞ്ഞു.
അവൾ എന്നെ ശ്രദ്ധിക്കാറുണ്ടെന്നത് എനിക്ക് പുതിയ അറിവായിരുന്നു.
“അതെങ്ങനെ നിനക്ക് മനസിലായി?”
ഞാൻ ചോദിച്ചു
“എടാ പൊട്ടാ നിന്നെ കണ്ടാൽ മനസിലാക്കാവുന്നതല്ലേ ഉള്ളൂ”
അവൾ ചിരിച്ച്കൊണ്ട് പറഞ്ഞു.
അത് കേട്ടപ്പോൾ എനിക്കും ചിരിവന്നു.
അവൾ എനിക്ക് ഒരു ചോക്ലേറ്റ് എടുത്ത് നീട്ടി.അവളുടെ അച്ഛൻ ഗൾഫിൽ നിന്നും കൊണ്ടുവന്നതാണെന്നും പറഞ്ഞു.ഞങ്ങൾ പിന്നെയും ഒരുപാട് നേരം സംസാരിച്ചു.
ആ സമയങ്ങളിൽ ഞാൻ സിബിയെ കുറിച്ച് പൂർണ്ണമായും മറന്നു.ഞാനും അവൾ പറയുന്ന തമാശകൾക്ക് ചിരിക്കാൻ തുടങ്ങി.
ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ നേരം അവൾ എന്റെ അടുത്തേക്ക് വന്നുപറഞ്ഞു.
“ഡാ എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്”
”എന്താ?”
ഞാൻ ചോദിച്ചു.
“അല്ലേൽ ഇപ്പൊ വേണ്ട..പിന്നെ പറയാം”
ഇതും പറഞ്ഞ് തലതാഴ്തി അവൾ നടന്നു.ഞാൻ അവളെ തന്നെ നോക്കി നിന്നു.അല്പം ദൂരം നടന്ന ശേഷം അവൾ എന്നെ തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു.
അന്നോളം ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ ചിരി അവളുടേതായിരുന്നു.
അവളുടെ ചിരി നൽകിയ അനുഭൂതിയിൽ ഞാൻ തിരിഞ്ഞതും എനിക്ക് സമീപം സിബി നിൽപ്പുണ്ടായിരുന്നു.അവന്റെ മുഖം നല്ലവണ്ണം ചുവന്നിരുന്നു.ആ ചുവപ്പ് അവന്റെ വെള്ളാരംകണ്ണിലേക്കും പടരുന്നതായി എനിക്ക് തോന്നി.
“നീ എന്താ അവളായിട്ട് സംസാരിച്ചിരുന്നത്?”
അവൻ എന്നോട് പരുഷമായി ചോദിച്ചു.
“അതെന്തിനാ നീ അറിയുന്നെ?”
അവന്റെ മുഖത്തോട്ട് നോക്കാതെ ഞാൻ മറുപടി കൊടുത്തു.
“നീ മറ്റാരോടും സംസാരിക്കുന്നതോ കൂട്ടുകൂടുന്നതോ എനിക്ക് ഇഷ്ടമല്ല”
അവൻ സ്വരം കടുപ്പിച്ച് എന്നോട് പറഞ്ഞു
“നിന്റെ ഇഷ്ടം എന്തിനാ ഞാൻ നോക്കുന്നേ?”
ഇതും പറഞ്ഞിട്ട് ഞാൻ അവിടെ നിന്നും നടക്കാൻ തുടങ്ങി.
“ഓ..!! ഇപ്പൊ അങ്ങനെ ഒക്കെ ആയി അല്ലെ?
അവന്റെ ആ ചോദ്യത്തിന് ഞാൻ മറുപടി കൊടുത്തില്ല.
അന്ന് രാത്രിയിൽ ഒരു ഇരുട്ട് മുറിയിൽ ഇരുന്ന് എന്നെ നോക്കികരയുന്ന അനിലയെ ഞാൻ സ്വപ്നം കണ്ടു.അതിന് ശേഷം എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.
പിറ്റേന്ന് അവളോട് സംസാരിക്കാനുള്ള കാര്യങ്ങളും മനസ്സിൽ ഓർത്ത് കൊണ്ട് ങ്കം സ്‌കൂളിലേക്ക് നടന്നു.അവളുടെ സൗഹൃദവും സാമീപ്യവും ഞാൻ അത്രമേൽ ആഗ്രഹിച്ചിരുന്നു.
പക്ഷെ അന്ന് അവൾ ക്ലാസിൽ വന്നില്ല.പതിവിന് വിപരീതമായി സിബി ക്ലാസിൽ നേരത്തെ എത്തുകയും ചെയ്തിരിക്കുന്നു.അവൻ എന്നെ നോക്കി ചിരിക്കുന്നതായി എനിക്ക് തോന്നി.ചിലപ്പോഴെല്ലാം ആ ചിരിക്ക് ക്രൗര്യഭാവം ഉണ്ടായിരുന്നു.
അന്ന് PT period ഞാൻ കളിയ്ക്കാൻ ഇറങ്ങിയില്ല.ഗ്രൗണ്ടിന്റെ അറ്റത്ത് ഇരിക്കുമ്പോൾ സിബി എന്റെ സമീപം വന്നിരുന്നു.അവന്റെ കയ്യിൽ ഒരു പൊതിയും ഉണ്ടായിരുന്നു.ഞാൻ അവനെ ശ്രദ്ധിക്കാത്ത ഭാവത്തിൽ തലതാഴ്തിയിരുന്നു.അവൻ കയ്യിലെ പൊതി അഴിച്ച് അതിലെ കേക്ക് എടുത്ത് കഴിക്കാൻ തുടങ്ങി.അന്നേരം അവന്റെ മുഖത്ത് ഒരു പരിഹാസച്ചിരിയും ഉണ്ടായിരുന്നു.പെട്ടെന്ന് കേക്കിന്റെ ഇടയിൽ നിന്നും ഒരു മുടിയിഴ എടുത്ത് അവൻ എന്റെ മടിയിലേക്ക് ഇട്ടതും ഞാൻ ഞെട്ടിയെഴുന്നേറ്റു.എന്റെ അടിവയറിൽ നിന്നും ഭയം ഉരുണ്ട് കയറി.അവൻ എന്നെ നോക്കി പൊട്ടിച്ചിരിച്ചു.
“ഡാ അറിഞ്ഞോ? നമ്മുടെ കണക്ക് ടീച്ചറുടെ ശവം പുഴകരയിൽ കിടക്കുന്നുവെന്ന്!!”
ക്ലാസിലെ ഒരു പയ്യൻ ഓടിവന്നു ഈ കാര്യം പറഞ്ഞതും ഈ പ്രപഞ്ചം മുഴുവൻ എന്റെ തലയിൽ വന്ന് പതിക്കുന്നത് പോലെ എനിക്ക് തോന്നി.
ഞങ്ങളെല്ലാവരും പുഴക്കാരയിലേക്ക് ഓടിയപ്പോൾ കണ്ടത് വലത് കൈയും ഒരു കാലും ഇല്ലാതെ കിടക്കുന്ന കണക്ക് ടീച്ചറുടെ മൃതദേഹം ആയിരുന്നു.രണ്ട് കണ്ണുകളും ചൂഴ്ന്നെടുക്കപ്പെട്ട നിലയിലായിരുന്നു.
പിറ്റേന്ന് ടീച്ചറുടെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ അത് കാണാൻ സിബിയും ഉണ്ടായിരുന്നു.അവന്റെ മുഖത്തെ പുഞ്ചിരി അപ്പോഴും മാറിയിട്ടുണ്ടായിരുന്നില്ല.പക്ഷെ അന്നേരം അവന്റെ വെള്ളാരംകണ്ണിന്റെ തിളക്കം ചെന്ന് പതിക്കുന്നത് ആൾക്കൂട്ടത്തിൽ നിന്ന് കരയുന്ന അനിലയുടെ ദേഹത്തായിരുന്നു