നരഭോജിയായ ഏതോ മൃഗത്തിന്റെ അക്രമത്തിന് ഇരയായത് പോലെയുള്ള നിഖിലിന്റെ ആ കിടപ്പായിരുന്നു അന്നോളം ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ഭീകരമായ കാഴ്ച.ഞെഞ്ചുതല്ലി നിലവിളിക്കുന്ന അവന്റെ അമ്മയുടെ ശബ്ദവും രക്തത്തിന്റെ ഗന്ധവും ഇന്നലെയുടെ രുചിയും എന്നെ ഭ്രാന്തമായ അവസ്ഥയിലേക്ക് തള്ളിവിടുന്നു.അവിടെ കൂടുതൽ നേരം നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല.ഇത് ചെയ്തത് ആരാണെന്ന് എനിക്കറിയാം എങ്കിലും ആരോടും അത് വിളിച്ചു പറയാൻ കഴിയുന്നില്ലലോ എന്ന ചിന്ത എന്നെ വേദനപ്പിച്ചുകൊണ്ടേയിരുന്നു.
ആ പരിസരത്ത് നിന്നും ഞാൻ തിരികെ വീട്ടിലേക്ക് നടന്നു.
പോലീസ് വന്ന് inquest നടത്തിയപ്പോൾ ഏതോ വന്യജീവിയുടെ ആക്രമണമാണ് മരണകാരണമെന്ന് വിധിയെഴുതി.മൃഗങ്ങൾ ആക്രമിക്കുന്നത്തിന് സമാനമായി അവന്റെ ദേഹത്ത് മുറിവുകൾ ഉണ്ടായിരുന്നു.ഏതെങ്കിലും ഒരു ശരീരഭാഗം കടിച്ച് കൊണ്ട് പോകുന്നതും മൃഗങ്ങളുടെ പതിവാണത്രെ.
സിബി നിഖിലിന്റെ ജീവനെടുക്കുന്ന രംഗം എന്റെ ചിന്തകളെ വേട്ടയാടികൊണ്ടേയിരുന്നു.
അന്ന് ഞാൻ ആ വീട്ടിൽ നിന്നും പുറത്തിറങ്ങിയില്ല.ഒന്നും കഴിച്ചില്ല.തലേ ദിവസത്തെ രുചിയെ കുറിച്ച് ഓർക്കുമ്പോഴെല്ലാം ഞാൻ ശർധിച്ചുകൊണ്ടേയിരുന്നു.രാത്രിയിലെ ഉറക്കത്തിൽ പലതവണ നിഖിലിന്റെ അലർച്ച കേട്ട് ഞാൻ ഞെട്ടിയുണർന്നു.
ആ മുറിയിൽ തന്നെയുള്ള ഇരിപ്പ് എന്നെ ഭ്രാന്തനാക്കും എന്നെനിക്ക് ഉറപ്പായിരുന്നു.പിറ്റേന്ന് ഞാൻ സ്‌കൂളിൽ പോകാൻ തീരുമാനിച്ചു.ക്ലാസ് മുഴുവൻ മൂകതയായിരുന്നു.ആരും ഒന്നും മിണ്ടുന്നില്ല.ഞാൻ മുൻപിലെ ബെഞ്ചിന്റെ അറ്റത്തായി പോയിരുന്നു.ക്ലാസിനുള്ളിൽ പലപ്പോഴും നിഖിലിന്റെ ശബ്ദം കേൾക്കുന്നതായി തോന്നിയിരുന്നു.അന്നേരങ്ങളിൽ എനിക്ക് കരയാൻ തോന്നി.
ബെല്ലടിക്കുന്നതിന് തൊട്ടുമുമ്പ് സിബി ക്ലാസിലേക്ക് കയറി വന്നു.അവൻ എന്നെ നോക്കിയപ്പോഴൊക്കെ ഞാൻ മുഖംതാഴ്ത്തിയിരുന്നു.ഇന്റർവെൽ സമയത്ത് അവൻ എന്നോട് സംസാരിക്കാൻ വന്നപ്പോൾ ഞാൻ അവിടെനിന്നും മാറിത്തുടങ്ങി.അവന്റെ സാമിപ്യം എന്നെ അത്രമേൽ ഭയപ്പെടുത്തിയിരുന്നു.
അന്ന് രാത്രിയിലും എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.അന്നേരം ജനലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ട് നോക്കിയപ്പോൾ പുറത്ത് സിബി നിൽപ്പുണ്ടായിരുന്നു.എന്റെ ദേഹമാസകലം വിറക്കാൻ തുടങ്ങി.ഭയം മൂലം ഞാൻ ഒന്നും മിണ്ടാതെ നിന്നപ്പോൾ അവൻ എന്നോട് പുറത്തേക്ക് വരാൻ പറഞ്ഞു.
ഞാൻ വേഗം പോയി ജനൽ അടച്ചു.ശേഷം കട്ടിലിൽ മൂടി പുതച്ച് കിടന്നു.ഏറെ നേരത്തിന് ശേഷം പതിയെ ജനൽ തുറന്നു നോക്കിയപ്പോൾ അപ്പോഴും സിബി എന്നെ നോക്കിക്കൊണ്ട് അവിടെ നിൽപ്പുണ്ടായിരുന്നു.
ഭയം മൂലം അന്ന് ഞാൻ ഉറങ്ങിയില്ല.പിറ്റേന്ന് സ്‌കൂളിൽ പോകാൻ ഒന്ന് മടിച്ചുവെങ്കിലും രണ്ടും കല്പിച്ച് ഞാൻ വീട്ടിൽ നിന്നും സ്കൂളിലേക്കിറങ്ങി.
സ്‌കൂളിലേക്ക് എത്തുന്നതിന് മുൻപുള്ള ഒഴിഞ്ഞ പറമ്പിന്റെ അടുത്ത് സിബിയുടെ അമ്മച്ചി എന്നെ കാത്തുനിൽപ്പുണ്ടായിരുന്നു.
എന്നെ തുറിച്ച് നോക്കി നിന്നിരുന്ന അവരെ കാണാത്ത ഭാവത്തിൽ ഞാൻ നടക്കാൻ തുടങ്ങി.
“മോനെ ഒന്ന് നിൽക്ക്…ഒരു കാര്യം പറയാനുണ്ട്”
അവർ എന്റെ പുറകെ വന്ന് പറഞ്ഞു.ഞാൻ അവരുടെ മുഖത്തോട്ട് നോക്കാതെ തല താഴ്ത്തി നിന്നു.
“സിബി വീട്ടിൽ വെറും കരച്ചിലാണ്…മോൻ അവനോട് മിണ്ടുന്നില്ല എന്നും പറഞ്ഞിട്ട്”
ഞാൻ ഒന്നും മിണ്ടിയില്ല.
“മോൻ അല്ലാതെ അവന് കൂട്ടായി വേറെ ആരും ഇല്ല..മോൻ മിണ്ടിയില്ലേൽ ചാവും എന്നൊക്കെയാ അവൻ പറയുന്നേ”
ഇത് പറയുമ്പോൾ അവർ കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു.
“അവൻ ഇന്നലെ മുതൽക്ക് ഒന്നും കഴിക്കാൻ കൂട്ടാക്കുന്നില്ല…മോൻ എന്റെ കൂടെ ഒന്ന് വീട്ടിലേക്ക് വന്ന് അവനോട് എന്തെങ്കിലും ഒന്ന് സംസാരിക്ക്…അവൻ ഇങ്ങനെ വിഷമിക്കുന്നത് കാണാൻ വയ്യ എനിക്ക് ലോകത്ത് അവൻ മാത്രേയുള്ളു”
ഇതും പറഞ്ഞ് അവർ പൊട്ടിക്കരയാൻ തുടങ്ങി.അത്രനേരം നിർവികാരമായി നിന്നിരുന്ന എനിക്ക് ആ കരച്ചിൽ കണ്ടു നിൽക്കാൻ സാധിച്ചില്ല.
ഞാൻ അവരുടെ കൂടെ വീട്ടിലേക്ക് നടന്നു.
നടക്കുന്നതിനിടയിൽ അവർ എന്റെ വീട്ടുകാരെ കുറിച്ചും പഠിത്തത്തെ കുറിച്ചും ഒക്കെ ചോദിക്കുന്നുണ്ടായിരുന്നു.
ഞാൻ ഒന്നിനും മറുപടി കൊടുത്തില്ല.
അവരുടെ ഒപ്പം വീട്ടിലേക്ക് കയറിയപ്പോൾ കണ്ടത് ഒരു മൂലയിൽ ചുരുണ്ടു കിടന്ന് കരയുന്ന സിബിയെ ആയിരുന്നു.എന്നെ കണ്ടതും അവൻ ഓടി വന്ന് കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി.എനിക്ക് ഒന്നും മനസ്സിലായില്ല.നോക്കുമ്പോൾ ഈ കാഴ്ച്ച കണ്ട് അവന്റെ അമ്മച്ചിയും കരയുകയായിരുന്നു.ഞാൻ പതിയെ കരയുന്ന അവനെ പിടിച്ച് മാറ്റി.അവരുടെ കരച്ചിൽ കാണുമ്പോൾ എനിക്ക് തലവേദന തുടങ്ങിയിരുന്നു.ഞാൻ അവിടെ കണ്ട കസേരയിൽ പോയിരുന്നു.സിബിയും എന്റെ സമീപം വന്നിരുന്നു.
“മോന് കുടിക്കാൻ എന്തെങ്കിലും എടുക്കട്ടേ?”
“വേണ്ട!! ഒന്നും വേണ്ട”
അന്നത്തെ സൽക്കാരത്തിന്റെ ഓർമ്മകൾ എന്റെ മനസ്സിൽ തെളിഞ്ഞു നിന്നിരുന്നതിനാൽ ഞാൻ തറപ്പിച്ചു പറഞ്ഞു.
“നിങ്ങൾ എന്തിനാ മനുഷ്യനെ കൊന്ന് തിന്നുന്നേ? ഇവരെല്ലാം നിങ്ങളോട് എന്ത് തെറ്റാണ് ചെയ്തത്?”
അത്ര നേരം മനസ്സിലിട്ട് വീർപ്പുമുട്ടിയ ആ ചോദ്യം ഞാൻ സിബിയുടെ അമ്മയോട് ചോദിച്ചു.ഇത് കേട്ടതും അവർ സിബിയെ നോക്കി എന്നിട്ട് കുറച്ച് നേരം തലതാഴ്ത്തിയിരുന്നു.സിബിയും എന്റെ മുഖത്തോട്ട് നോക്കാതെ ഇരിക്കുകയായിരുന്നു.
അല്പസമയത്തിന് ശേഷം അവർ എന്നോട് സംസാരിക്കാൻ തുടങ്ങി.
“മോനെ ഞാൻ ജനിച്ചപ്പോൾ ആണായിരുന്നു. പക്ഷെ എന്റെ ഉള്ളിൽ സ്ത്രീയാണ് എന്ന് ഞാൻ തിരിച്ചറിഞ്ഞ നാൾ തൊട്ട് മറ്റു മനുഷ്യർ എല്ലാം എന്നെ വെറുത്ത് തുടങ്ങി.ആ കൂട്ടത്തിൽ എനിക്ക് ജന്മം തന്ന എന്റെ അപ്പനും അമ്മയും ഉണ്ടായിരുന്നു.കൂട്ടം കൂടിയുള്ള ആക്രമങ്ങളും പരിഹാസങ്ങളും സഹിക്കാൻ വയ്യാതായപ്പോൾ ഞാൻ ആ നാട് വിട്ടു.അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത് എല്ലാ മനുഷ്യരും ഒരുപോലെയാണെന്ന്.കേൾക്കാൻ അറക്കുന്ന പല ജോലികളും അവർ എന്നെക്കൊണ്ട് ചെയ്യിപ്പിച്ചു.”
ഇത് പറയുമ്പോൾ അവർ തേങ്ങികരയുകയായിരുന്നു.
“അങ്ങനെ ഭൂമിയിലെ സകല മനുഷ്യരെയും വെറുത്ത് ജീവിതം തള്ളി നീക്കുമ്പോഴാണ് സിബിയുടെ അച്ഛനെ പരിചയപ്പെടുന്നത്.അദ്ദേഹത്തിന് സംസാരിക്കാൻ കഴിയില്ലായിരുന്നു.ആരോ ചെയ്ത കുറ്റത്തിന്റെ പേരിൽ നാട്ടുകാർ ആ പാവത്തെ ഷണ്ഡനാക്കി മാറ്റി നാടുകടത്തിയതായിരുന്നു.ഞങ്ങൾ വളരെ പെട്ടെന്ന് അടുത്തു. മറ്റുള്ള എല്ലാവരെയും വെറുത്ത് ഞങ്ങൾ ഒരുമിച്ച് ഞങ്ങളുടെ ജീവിതം നയിച്ചു”
ഇത് പറയുമ്പോൾ അവരുടെ കണ്ണുകളിൽ പ്രണയം നിറഞ്ഞു.
“ഇതും ഞാൻ ചോദിച്ചതും തമ്മിൽ എന്താണ് ബന്ധം?”
ഞാൻ ഇടക്ക് കയറി ചോദിച്ചു
“ഒരുമിച്ചുള്ള ജീവിതത്തിൽ പരസ്പര ധാരണ എന്നത് വലിയ കാര്യമായിരുന്നു.കുഞ്ഞു നാള് തൊട്ടേ അദ്ദേഹത്തിന് മൃതദേഹങ്ങളോടും അഴുകിയ മാംസങ്ങളോടും താത്‌പര്യമുണ്ടായിരുന്നു.അദ്ദേഹത്തിന്റെ സ്നേഹത്തോടെയുള്ള നിർബന്ധപ്രകാരം ഒരിക്കൽ ഞാനും അത് രുചിച്ച് നോക്കിയിരുന്നു.പിന്നീട് അതില്ലാതെ പറ്റില്ല എന്ന നിലയിലായി ഞാൻ.സ്ഥിരമായി ഇത് ലഭിക്കാൻ വേണ്ടി മാത്രമായിരുന്നു അദ്ദേഹം സെമിത്തേരിയിൽ ജോലിക്ക് പോയിരുന്നതും”
എന്തോ വലിയ സഹാസത്തെ വർണ്ണിക്കുന്നത് പോലെ അവർ തുടർന്നു.
“ആ കാലത്താണ് ഒരു കണ്ണ് കുത്തിപൊട്ടിച്ച് ഭിക്ഷയാചിക്കാൻ ഇരുത്തിയ 2 വയസ് പ്രായമുള്ള കുഞ്ഞിനെ ഞങ്ങൾ കണ്ടത്.ഞങ്ങളുടെ ജീവിതത്തിൽ അവനെയും ഒപ്പം കൂട്ടി.ഞങ്ങളുടെ മകനായിട്ട്”
ഇതും പറഞ്ഞ് അവർ സിബിയുടെ തലയിൽ തലോടി.സിബി അവരുടെ മടിയിൽ ചാഞ്ഞ് കിടന്നു.
” അന്നും മനുഷ്യകുലം ഞങ്ങളെ വേട്ടയാടികൊണ്ടിരുന്നു.പലപ്പോഴും അവർ എന്നെയും അദ്ദേഹത്തെയും എന്തിനേറെ ഈ കുഞ്ഞിനെവരേക്കും ഉപദ്രവിച്ചു.സത്യത്തിൽ അവരോടുള്ള വെറുപ്പായിരുന്നു മനുഷ്യമാംസം കഴിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചിരുന്നതും.ഒടുക്കം അദ്ദേഹം മരണപ്പെട്ടപ്പോൾ സെമിത്തേരിയിൽ അടക്കാൻ പോലും അവർ സമ്മതിച്ചില്ല”
അവർ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു.
“എന്നിട്ട് ആ മൃതദേഹം നിങ്ങൾ എന്ത് ചെയ്തു?”
ഞാൻ ചോദിച്ചു
അന്നേരം അവർ എന്നെ നോക്കി പുഞ്ചിരിച്ചു.ആ ചിരിയിൽ ഉണ്ടായിരുന്നു അതിന്റെ ഉത്തരം.
അവരുടെ മാനസികനിലയും ചിന്തകളും ഏത് തരത്തിലാണെന്ന് അന്നെനിക്ക് പൂർണ്ണമായും മനസിലായി.
ആ വീട്ടിൽ നിന്നും ഇറങ്ങാൻ നേരം സിബി എന്റെ കയ്യിൽ പിടിച്ചു ചോദിച്ചു.
“ഡാ നീ ഇനി എന്നോട് മിണ്ടാതെ ഇരിക്കുവോ?”
ഞാൻ ഇല്ലെന്ന് തലയാട്ടി.
പിറ്റേന്ന് സ്‌കൂളിൽ അവൻ വീണ്ടും എന്നോട് സംസാരിക്കാനും കൂട്ടുകൂടാനും തുടങ്ങി.ഞാൻ ഒന്നും മിണ്ടിയില്ല.അവനോടുള്ള ഭയം പുറത്ത് കാണിക്കാതെ പരമാവധി ഞാൻ അകന്ന് മാറാൻ ശ്രമിക്കുമ്പോഴും അവൻ കൂടുതൽ അടുത്തുകൊണ്ടിരുന്നു.
രണ്ട് മൂന്ന് ദിവസങ്ങൾക്ക് ശേഷം ഒരു ദിവസം ഹോംവർക് ചെയ്യാത്തതിന് കണക്ക് ടീച്ചർ സിബിയെ ചൂരല്കൊണ്ട് പൊതിരെ തല്ലിയിരുന്നു.
അന്നേരം സിബി ടീച്ചറെ നോക്കിയ നോട്ടം എനിക്ക് ഒരുകാലത്തും മറക്കാൻ സാധിക്കില്ല.ഒരു പക്ഷെ ടീച്ചറും ഭയന്ന് കാണണം.ആ വെള്ളാരംകണ്ണുകൾക്ക് അത്രമേൽ മൃഗീയഭാവം ഉണ്ടായിരുന്നു.
അന്ന് വൈകുന്നേരം വീട്ടിലേക്ക് നടന്നു പോകുമ്പോൾ സിബി എന്നോട് ചോദിച്ചു.
“ഡാ നമ്മുടെ സ്‌കൂളിൽ ഏറ്റവും രുചിയുള്ള മാംസം ആരുടെയായിരിക്കും എന്നറിയുമോ?”
എന്റെ കൈകാലുകൾ വിറക്കാൻ തുടങ്ങി ഭയന്നുകൊണ്ട് ഞാൻ അവന്റെ മുഖത്തേക്ക് നോക്കി.
ആർത്തി പ്രതിഫലിക്കുന്ന മുഖഭാവത്തോട് കൂടി അവൻ പറഞ്ഞു.
“നമ്മുടെ കണക്ക് ടീച്ചറുടെ!!”
അന്നേരം കണക്ക് ടീച്ചറുടെ ജീവനറ്റു പോകുന്ന നിലവിളി ഞാൻ കേട്ടു.
ബാഗ് നിലത്തിട്ട് അലറിവിളിച്കൊണ്ട് ഞാൻ അവിടെ നിന്നും ഓടി.