രാത്രിയിൽ നിഖിലിന്റെ അലർച്ച സ്വപ്നത്തിൽ കണ്ട് ഞെട്ടിയെഴുന്നേറ്റപ്പോൾ സമയം 11 മണി കഴിഞ്ഞിരുന്നു.പിന്നീട് എങ്ങനെയൊക്കെ കിടന്നിട്ടും എനിക്ക് ഉറക്കം വന്നില്ല.ഡിസംബറിന്റെ കൊടും തണുപ്പിലും ഞാൻ വിയർത്തു.മനസ്സ് മുഴുവൻ ഒരു മരമവിപ്പ് അനുഭവപ്പെടുന്നു.കുറച്ച് നേരം കറങ്ങുന്ന ഫാനിലേക്ക് നോക്കിയിരുന്നപ്പോൾ അറിയാതെ എന്റെ കണ്ണുകൾ വീണ്ടും അടയാൻ തുടങ്ങി.
പെട്ടന്ന് ജനലിലൂടെ ആരോ എന്റെ കാലിൽ പിടിച്ച് വലിച്ചതും ഞാൻ ഞെട്ടിയുണർന്നു.നോക്കിയപ്പോൾ ജനലിനപ്പുറം സിബി എന്നെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്നു.ഇരുട്ടിൽ അവന്റെ വെള്ളാരം കണ്ണിന് കൂടുതൽ തിളക്കമുണ്ടായിരുന്നു.ഒന്നും സംസാരിക്കാൻ കഴിയാതെ പരിഭ്രമിച്ചു നിന്ന എന്നോട് അവൻ പുറത്തേക്ക് ഇറങ്ങി വരാൻ ആഗ്യംകാട്ടി.ശബ്ദമുണ്ടാക്കാതെ ഞാൻ പുറത്തോട്ടിറങ്ങി. പുറത്ത് നായ്ക്കളുടെ ഒരിയിടൽ കേൾക്കുന്നു.ഭയം ഉണ്ടായിരുന്നെങ്കിലും ഞാൻ അവന്റെ സമീപത്തേക്ക് നടന്നു.അവൻ ആകെ വിയർത്തിരുന്നു.വല്ലാത്ത ദുർഗന്ധവും അനുഭവപെട്ടു.എന്നെ നോക്കി പല്ലിളിച്ചുകൊണ്ട് അവന്റെ കൂടെ വരാൻ പറഞ്ഞു.
ആ ചിരിയിൽ ഒരു ആഞ്ജയുടെ സ്വരം എനിക്ക് അനുഭവപെട്ടു.
“ഈ രാത്രിയിൽ ഇതെങ്ങോട്ടാ?”
ഞാൻ അവനോട് ചോദിച്ചു.
“നീ വാ പറയാം”
അവൻ ശബ്ദം കടുപ്പിച്ച് കൊണ്ട് എന്നോട് പറഞ്ഞു.
“ഈ നേരത്ത് വരാൻ വീട്ടുകാർ സമ്മതിക്കില്ല..നമുക്ക് നാളെ കാണാം നീ ഇപ്പോൾ വീട്ടിലോട്ട് പോ”
ഞാൻ ഭയം പുറത്ത് കാണിക്കാതെ പറഞ്ഞു.
അന്നേരം ഏതോ മൃഗത്തിന്റെ ഓരിയിടൽ അവിടെ പ്രതിധ്വനിച്ചു.
“എടാ എന്റെ അമ്മച്ചി നിന്നെ ഒന്ന് കാണണം എന്ന് ആഗ്രഹം പറഞ്ഞു,അമ്മച്ചി അങ്ങനെ പുറത്തോട്ടൊന്നും ഇറങ്ങാറില്ല.നീ ഒന്ന് അമ്മച്ചിയെ വന്ന് കാണ്. ഞാൻ തന്നെ നിന്നെ വീട്ടിൽ കൊണ്ടുവന്നു വിടാം”
അവന്റെ അമ്മച്ചിയെന്തിനാ ഈ നേരത്ത് എന്നെ കാണാൻ ആവശ്യപ്പെടുന്നത്.എനിക്ക് വീണ്ടും സംശയം കൂടി.
പക്ഷെ എനിക്ക് അവനോട് കൂടുതൽ നേരം തർക്കിക്കാൻ കഴിഞ്ഞില്ല.ഒടുവിൽ ഞാൻ അവന്റെകൂടെ പോകുവാൻ തീരുമാനിച്ചു.
ശബ്ദമുണ്ടാക്കാതെ ഞാൻ അവന്റെ കൂടെ നടന്നു.എന്റെ നാശത്തിലേക്കാണ് ഞാൻ നടന്നു ചെല്ലുന്നതെന്ന് എന്റെ മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു.കുറച്ച് ദൂരം നടന്ന് കഴിഞ്ഞപ്പോൾ അവൻ വഴിയിലുള്ള ഒരു മരക്കൊമ്പിൽ നിന്നും തൂക്കിവച്ചിരുന്ന സഞ്ചിയെടുത്ത് കയ്യിൽ പിടിച്ചു.
ഇതെന്താണ് എന്ന ചോദ്യത്തിന്
“അമ്മച്ചിക്ക് കൊടുക്കുവാനുള്ള ഒരു സമ്മാണമാണെന്ന്” അവൻ മറുപടി തന്നു.
ഏതെല്ലാമോ ഊടുവഴികളിലൂടെ അവൻ എന്നെ കൊണ്ടുപോയി.നല്ല നിലാവുണ്ടായിരിന്നത് കൊണ്ട് വഴി വ്യക്തമായി കാണമായിരിന്നു.
ഒടുക്കം ഒരു തോട് കടന്ന് ഞങ്ങൾ ഒരു കാട്ടുപ്രദേശത്തേക്ക് നടന്നെത്തി.കുറുക്കന്റെ ഓരിയിടൽ കേട്ട് ഞാൻ ഒന്ന് നടുങ്ങിയപ്പോൾ അവൻ എന്നെ നോക്കി ചിരിച്ചു.
ഏറെ നേരത്തെ നടത്തത്തിന് ശേഷം ഞങ്ങൾ അവന്റെ വീടിന്റെ സമീപം എത്തി ചേർന്നു. ആ സമീപത്തോന്നും മറ്റൊരു വീടും ഉണ്ടായിരുന്നില്ല.
കുറെ കല്പടവുകൾ കയറി മുറ്റത്തെത്തിയപ്പോൾ ഉമ്മറത്ത് ഞങ്ങളെ കാത്ത് അവന്റെ അമ്മച്ചി നിൽപ്പുണ്ടായിരുന്നു.
വെളുത്ത് മെലിഞ്ഞുണങ്ങിയ ആ സ്ത്രീ ഞങ്ങളെ കണ്ടപ്പോൾ ചിരിച്ചു.ചിരിക്കുമ്പോൾ അവരുടെ ഒട്ടിയമുഖത്തെ പേശികളെല്ലാം കാണാമായിരുന്നു.
“മോൻ കയറിയിരിക്ക്”
അവർ സന്തോഷത്തോടെ എന്നെ സ്വീകരിച്ചു.അവരുടെ ശബ്ദത്തിന് മറ്റു സ്ത്രീകളെ അപേക്ഷിച്ച് അല്പം കാഠിന്യം ഉള്ളതുപോലെ അനുഭവപെട്ടു.
ഞാൻ ആ വീട്ടിനുള്ളിലേക്ക് കയറി.
“ദാ അമ്മച്ചി നിങ്ങള് കുറെ കാലമായിട്ട് പറഞ്ഞിരുന്ന ആഗ്രഹം”
എന്നും പറഞ്ഞ് സിബി അവന്റെ കയ്യിലുള്ള സഞ്ചി അവർക്ക് കൊടുത്തു.
എന്തോ വിലമതിക്കാനാകാത്ത വസ്തു ലഭിച്ചത് പോലെ അവർ സന്തോക്ഷം കൊണ്ട് അവന്റെ കവിളിൽ തലോടി.
ഇത് കണ്ട് കൗതുകത്തോടെ നോക്കി നിന്ന എന്നോട് അവർ വീണ്ടും പുഞ്ചിരിച്ചുകൊണ്ട് കസേരയിലേക്ക് ഇരിക്കാൻ പറഞ്ഞു.
അന്നേരം അവന്റെ അമ്മച്ചിയുടെ ദേഹത്ത് ഒരു പുരുഷസാദൃശ്യം എനിക്ക് തോന്നി.മുഖത്ത് ചെറുതായി കുറ്റി രോമങ്ങളും ഉണ്ടായിരുന്നു.കൈവിരലുകളും ഏതാണ്ട് പുരുഷസാദൃശ്യം.
ഞാൻ ആ കസേരയിൽ പോയി ഇരുന്നു.എന്റെ സമീപത്തായി സിബിയും വന്നിരുന്നു.
സിബി നൽകിയ സഞ്ചിയുമായി അവർ അടുക്കളയിലേക്ക് നടന്നു.
ക്രിസ്ത്യൻ കുടുംബമായിട്ടും ആ വീട്ടിൽ ക്രിസ്തുവിന്റെയോ മതാവിന്റെയോ മറ്റു ദൈവങ്ങളുടെയോ ഒരു പടം പോലും ഉണ്ടായിരുന്നില്ല.
സിബി വല്ലാതെ സന്തോഷത്തിലാണെന്ന് എനിക്ക് തോന്നി.അവൻ എന്നെ ഇടക്കിടക്ക് ദേഹത്ത് അടിക്കുകയും എന്നെ നോക്കി ചിരിക്കുകയും ചെയ്തു.
“അമ്മച്ചി നിനക്കായി ഒരു പലഹാരം ഉണ്ടാക്കുന്നുണ്ട്”
എന്തോ പരമമായ രഹസ്യം പറയുന്നത് പോലെ അവൻ എന്റെ ചെവിയിൽ പറഞ്ഞു.എന്നിട്ട് എന്നെ നോക്കി പല്ലിളിച്ചു.അവന്റെ മഞ്ഞക്കറയുള്ള പല്ലും വെള്ളാരം കണ്ണും എന്നിൽ അസഹ്യമായ എന്തോ തോന്നാലുളവാക്കി.
ഒന്നും മിണ്ടാതെ ഞാൻ ആ കസേരയിൽ നിന്ന് എഴുന്നേറ്റ് വീടിന്റെ ഉൾവശം ശരിക്കൊന്നു നോക്കി.യാതൊരു അടുക്കും ചിട്ടയും ഇല്ലായിരുന്നു അവിടെ.വസ്ത്രങ്ങളും പുസ്തകങ്ങളും എല്ലാം വാരിവലിച്ച് ഇട്ടിരിക്കുന്നു.ഉണങ്ങാത്ത വസ്ത്രങ്ങളിൽ നിന്നും വരുന്ന ദുർഗന്ധം ആ വീട്ടിനുള്ളിൽ അനുഭവപ്പെട്ടു.
അന്നേരമാണ് ഞാൻ ചുവരിൽ ഉള്ള ഒരു ചിത്രം ശ്രദ്ധിച്ചത്.ആടിന്റെ തലയും മനുഷ്യന്റെ ഉടലുമുള്ള ഒരു ജീവിയുടെ പടം.
അതിന് സ്ത്രീകളുടേത് പോലുള്ള മാറിടങ്ങളും പുരുഷന്റേത് പോലുള്ള ലിംഗവും ഉണ്ടായിരുന്നു.
“ഇത് ഞങ്ങൾ ആരാധിക്കുന്ന ദൈവമാണ്”
ആ ചിത്രത്തിലേക്ക് നോക്കി നിന്നിരുന്ന എന്നോട് സിബി പറഞ്ഞു.
“ദൈവമോ? അപ്പൊ നിങ്ങളുടെ ദൈവം ക്രിസ്തുവല്ലേ?”
ഞാൻ ആശ്ചര്യത്തോട് കൂടി ചോദിച്ചു
“ഏയ് അല്ലെടാ..അവരെല്ലാം വെറും മിഥ്യയാണ്.ഞങ്ങൾ ആരാധിക്കുന്നത് ഇവരെയാണ്.അത് കൊണ്ട് ഞാനും അമ്മച്ചിയും ഒന്നും പള്ളിയിൽ പോകാറില്ല”
പക്വതയാർന്ന സ്വരത്തിൽ സിബി എന്നോട് ആ കാര്യം പറയുമ്പോൾ അവന്റെ അമ്മച്ചി അവനെ അടുക്കളയിലേക്ക് വിളിച്ചു.
സമയം ഏതാണ്ട് 1.30 മണി കഴിഞ്ഞിരുന്നു.
ആ വീട്ടിൽ നിൽക്കുന്ന ഓരോ നിമിഷവും എന്നിൽ പല പല ദുർചിന്തകൾ വന്നുകൊണ്ടേയിരുന്നു.അവിടെ നിൽക്കുമ്പോൾ എനിക്ക് ശ്വാസം മുട്ടുന്നത് പോലെയും തോന്നി.
അല്പം കഴിഞ്ഞപ്പോൾ സിബിയും അവന്റെ അമ്മച്ചിയും എന്റെ മുന്നിലേക്ക് കുറച്ച് പാത്രങ്ങൾ നിരത്തി.അവന്റെ അമ്മക്ക് എന്നെ കാണുമ്പോൾ ഏതോ അന്യഗ്രഹ ജീവിയെ കണ്ട ആശ്ചര്യമായിരുന്നു.
അവർ പുഞ്ചിരിച്ചുകൊണ്ട് എന്റെ മുൻപിലെ ഗ്ലാസിലേക്ക് എന്തോ ജ്യൂസ് പകർന്നു.എന്നിട്ട് മൂടി വച്ചിരുന്ന പത്രം തുറന്ന് ഒരു കഷ്ണം കേക്കും എന്റെ മുൻപിലേക്ക് വച്ചു.
“മോൻ കഴിക്ക്… നിനക്ക് വേണ്ടി ഉണ്ടാക്കിയതാണ് ഇതെല്ലം”
അവരുടെ ശബ്ദത്തിലും രൂപത്തിലും ഒരു പുരുഷഭാവം എനിക്ക് വീണ്ടും അനുഭവപെട്ടു.
ഞാൻ കഴിക്കുന്നത് കാണാനെന്ന പോലെ സിബിയും എന്നെ നോക്കി നിൽപ്പുണ്ടായിരുന്നു.
പതിയെ ഞാൻ ആ ജ്യൂസ് എടുത്ത് കുടിച്ചു.
ഒരുതരം ചവർപ്പ് ആയിരുന്നു എനിക്ക് അനുഭവപ്പെട്ടത്.നല്ല പുളിപ്പും ഉണ്ടായിരുന്നു.എനിക്ക് ശർധിക്കാൻ വന്നു.എങ്കിലും
കഷ്ടപ്പെട്ട് ഒരു തവണ കുടിച്ചിറക്കി ഞാൻ ആ ഗ്ലാസ് അവിടെ വച്ചു.
എന്നിട്ട് മനസ്സില്ലാമനസ്സോടെ ആ കേക്ക് എടുത്ത് കഴിച്ചു.
അതിനും ഒരുതരം ചവർപ്പ് ഉണ്ടായിരുന്നു.കഴിക്കുന്നതിനിടയിൽ എനിക്ക് അതിൽ നിന്നും ഒരു നഖം കിട്ടിയതും ഞാൻ അവിടെ ശർധിച്ചു.
“അയ്യേ എന്ത് പറ്റി മോനെ? വയറിന് സുഖമില്ലേ?”
അവർ എന്റെ അടുക്കെ വന്ന് ചോദിച്ചു.
“ഏയ് കുഴപ്പം ഒന്നുമില്ല, ഈ അസ്സമയത്ത് കഴിച്ചത് കൊണ്ടായിരിക്കും. ഭക്ഷണമെല്ലാം നന്നായിട്ടുണ്ട്.എങ്കിൽ ഞാൻ ഇറങ്ങിക്കോട്ടെ?”
ഒറ്റശ്വാസത്തിൽ പറഞ്ഞ് ഞാൻ ആ കസേരയിൽ നിന്നും എഴുന്നേറ്റു.
“എന്താടാ ഇത്ര ധൃതി? ഞാൻ നിന്നെ വീട്ടിലേക്കാക്കാം”
സിബി പറഞ്ഞു.
“കുഴപ്പമില്ല ഞാൻ പൊയ്‌ക്കോളാം.ശരി അമ്മച്ചി പിന്നെ കാണാം”
ഇതും പറഞ്ഞ് ഞാൻ വീടിന്റെ മുറ്റത്തോട്ട് ഇറങ്ങി.
“മോനെ ഇടക്കിടക്ക് ഇങ്ങോട്ട് വരണം കേട്ടോ”
പുറകിൽ നിന്നും അവർ വിളിച്ച് പറഞ്ഞു.
“അവൻ വരും അമ്മച്ചി,വന്നല്ലേ പറ്റൂ”.
സിബിയുടെ ഈ മറുപടി കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ അവർ 2 പേരും എന്നെ നോക്കി പള്ളിലിച്ച് നിൽക്കുന്നുണ്ടായിരുന്നു.
ഞാൻ വേഗം അവിടെ നിന്നും വീട്ടിലേക്ക് നടന്നു.എന്റെ പുറകിലായി ആരോ വരുന്നത് പോലെ എനിക്ക് തോന്നി.ആരുടെയോ നിലവിളി കേൾക്കുന്നതായി എനിക്ക് അനുഭവപെട്ടു. നിലാവിന്റെ അരണ്ട വെളിച്ചത്തിൽ എനിക്ക് നേരെ ആരൊക്കെയോ ഓടിവരുന്നുണ്ടോ എന്നും ഞാൻ സംശയിച്ചു.എങ്കിലും നിൽക്കാതെ കഴിയുന്ന അത്ര വേഗത്തിൽ വീട്ടലേക്ക് നടന്നു.
ഓടികിതച്ച് വീട്ടിൽ എത്തിയപ്പോൾ എനിക്ക് രണ്ടാംജന്മം ലഭിച്ച പ്രതീതിയായിരുന്നു.
കട്ടിലിൽ മൂടി പുതച്ച് കിടന്നിട്ടും എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.
2 നരഭോജികളുടെ ഇടയിൽ നിന്നുമാണ് ഞാൻ രക്ഷപെട്ട് വന്നത് എന്നോർക്കുമ്പോൾ എന്റെ അടിവയറ്റിൽ നിന്നും ഭയം ഉരുണ്ടുകയറി.
പുലർച്ചെ ആകാറായപ്പോൾ ഞാൻ ഉറങ്ങിപ്പോയി.
പിറ്റേന്ന് രാവിലെ ഇടറിയ സ്വരത്തിൽ അമ്മ വന്നു വിളിച്ചപ്പോൾ ഞാൻ ഞെട്ടിയുണർന്നു.നാട് മുഴുവൻ നിഖിലിന്റെ വീട്ടിലേക്ക് ഓടുകയായിരുന്നു അപ്പോൾ.
നിലവിളിച്ച് കൊണ്ട് ഞാൻ അവന്റെ വീട്ടിലെ പറമ്പിലേക്ക് ചെന്നപ്പോൾ കണ്ടത് ചോരയൊലിച്ച് കിടക്കുന്ന നിഖിലിന്റെ ശവമായിരുന്നു.അതിൽ അവന്റെ വലതുകാൽ ഇല്ലായിരുന്നു.