സ്‌കൂളിന്റെ അടുത്തുള്ള കുളത്തിൽ ഇറങ്ങി കൈകഴുകുമ്പോൾ നമ്മൾ കണ്ട കാര്യം ടീച്ചറോട് പറഞ്ഞാലോ എന്ന് നിഖിൽ എന്നോട് ചോദിച്ചു.
വേണ്ട എന്ന് പറയാനാണ് എനിക്കപ്പോൾ തോന്നിയത്.എന്റെ മനസ്സ് അപ്പോഴും ആ കാഴ്ചയുടെ ആസക്തിയിലായിരുന്നു.അതിനെ കുറിച്ച് ആലോചിക്കുന്ന ഓരോ നിമിഷവും അഴുകിയമാംസത്തിന്റെ ഗന്ധം എന്റെ മൂക്കിലേക്ക് ഇരച്ചുകയറി.
ഇനി ഞാൻ അത് ആസ്വദിക്കുകയായിരുന്നോ?
അന്ന് വൈകീട്ട് സ്‌കൂൾ വിട്ട് നടന്ന് പോകുമ്പോൾ വഴിയിലുള്ള തെങ്ങിൻ തോട്ടത്തിനടുത്ത് സിബി എന്നെ കാത്ത് നിൽപ്പുണ്ടായിരുന്നു.അവനെ കാണാത്ത ഭാവത്തിൽ തല താഴ്ത്തി ഞാൻ നടത്തം തുടർന്നു.എന്റെ പുറകിലൂടെ അവനും നടക്കാൻ തുടങ്ങി.
“ആ കാര്യം ആരോടെങ്കിലും പറഞ്ഞോ?”
നടക്കുന്നതിനിടയിൽ അവൻ ചോദിച്ചു.
വളരെ മൃദുലമായ ശബ്ദമായിരുന്നു അവന്റേത്.പരുഷമായ അവന്റെ രൂപത്തിന് ഒരിക്കലും ചേരാത്ത ശബ്ദം.
“ഇല്ല”
ഞാൻ മുഖത്തോട്ട് നോക്കാതെ മറുപടി പറഞ്ഞു.
“എനിക്കറിയായിരുന്നു..നീ ആരോടും പറയില്ല എന്ന്”
ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു.
“അതെന്താ?”
നടത്തം നിർത്തി ഞാൻ ചോദിച്ചു.
“കാരണം നമ്മൾ രണ്ടുപേരും ഒരുപോലെയാ”.
ഇതും പറഞ്ഞ് അവൻ എന്നെ നോക്കി ചിരിച്ചു.
അന്നേരം അവന്റെ മഞ്ഞകറയുള്ള പല്ലും വെള്ളാരം കണ്ണും എന്നെ ഭയപ്പെടുത്തി.
ഒന്നും മിണ്ടാതെ ഞാൻ അവിടെ നിന്നും വലിഞ്ഞു നടക്കാൻ തുടങ്ങി.
നടത്തത്തിനിടയിൽ തിരികെ നോക്കിയപ്പോൾ സിബി അപ്പോഴും എന്നെ നോക്കി പല്ലിളിച്ചു നിൽപ്പുണ്ടായിരുന്നു.
അന്ന് രാത്രിയിൽ എനിക്ക് ശരിക്കും ഉറങ്ങാൻ കഴിഞ്ഞില്ല…പല പല ചിന്തകൾ എന്റെ ഉറക്കം കെടുത്തി.
പിറ്റേന്ന് സ്ക്കൂളിൽ ചെന്നപ്പോൾ സിബി എന്നോട് അടുത്ത് വന്ന് സംസാരിക്കാൻ തുടങ്ങി.അവൻ എന്റെ വീടിനെ പറ്റിയും ഇഷ്ടപ്പെട്ട സിനിമയെ പറ്റിയും നടന്മാരെ കുറിച്ചും ഒക്കെ ചോദിക്കാൻ തുടങ്ങി.ആദ്യമൊക്കെ ഞാൻ ഒന്ന് സംശയിച്ചുവെങ്കിലും പിന്നീട് ഞാനും അവനോട് നല്ല കൂട്ടായി.അവൻ എന്നോട് നന്നായി സംസാരിക്കാൻ തുടങ്ങി.ഞാനും അവനോട് അങ്ങനെതന്നെ ആയിരുന്നു.
എങ്കിലും മറ്റുള്ളവരോട് അവൻ ഒന്നും മിണ്ടുകയോ പറയുകയോ ചെയ്യാതെ നടന്നു.അവന് ഞാനുമായിട്ടുള്ള സൗഹൃദം ക്ലാസിലെ മറ്റുകുട്ടികൾക്കും കൗതുകമായിരുന്നു.
“നീ എന്തിനാ ആ ശവം തീനിയുമായി വർത്തമാനം പറയാൻ പോകുന്നേ?”എന്ന് ഒരിക്കൽ നിഖിൽ എന്നോട് ചോദിച്ചു.
ഞാൻ മറുപടിയൊന്നും കൊടുക്കാത്തത് കൊണ്ടാണോ എന്തോ പിന്നീട് അവൻ എന്നോട് വലിയ കൂട്ടൊന്നും ഇല്ലാതെയായി.
പിന്നീടങ്ങോട്ട് ഞാനും സിബിയും സ്‌കൂളിലേക്ക് വരവും പൊക്കുമെല്ലാം ഒരുമിച്ചായി.അഴുകിയ മാംസത്തിന് അത്രക്ക് ദുർഗന്ധം ഒന്നും പിന്നീട് എനിക്ക് തോന്നിയില്ല.ഒന്നിച്ചിരിക്കുന്ന സമയങ്ങളിൽ അവൻ ചിലപ്പോൾ തേരട്ടയെയും പുഴുക്കളെയും ഒക്കെ തിന്നുമായിരുന്നു.
എന്താണെന്നറിയില്ല എനിക്ക് ഒരു അറപ്പും തോന്നിയില്ല അന്നേരങ്ങളിൽ.പക്ഷെ ഒരിക്കൽ ഞാൻ അവനോട് ചോദിച്ചു നീ എന്തിനാ അഴുകിയ ഇറച്ചിയും ജീവനുള്ള പ്രാണികളെയും ഒക്കെ തിന്നുന്നതെന്ന്.
” മാംസം അഴുകിത്തുടങ്ങിയാലാണ് ഏറ്റവും രുചി,പച്ചക്ക് കഴിക്കുമ്പോഴും നല്ല രുചിയാണ്” എന്ന് അവൻ മറുപടി തന്നു.
പറ്റിയാൽ ഒരിക്കലെങ്കിലും ഇറച്ചി വേവിക്കാതെ പച്ചക്ക് കഴിച്ച് നോക്കാൻ അവൻ എന്നെ ഉപദേശിക്കുകയും ചെയ്തു.
അന്ന് വൈകീട്ട് അച്ഛൻ വാങ്ങി കൊണ്ടുവന്ന കോഴിയിറച്ചിയിൽ നിന്ന് ഒരു ചെറിയ കഷ്ണം പച്ചക്ക് എടുത്ത് വായിൽ വച്ച് നോക്കിയതും അമ്മ മുതുകിലേക്ക് വന്ന് അടിച്ചതും ഒരുമിച്ചായിരുന്നു.
പിറ്റേന്ന് സ്‌കൂളിലേക്ക് പോകുമ്പോൾ സിബി എന്നോട് ചോദിച്ചു”ഡാ ഈ ലോകത്ത് ഏറ്റവും രുചിയുള്ള ഇറച്ചി ഏത് ജീവിയുടെ ആണെന്നറിയുവോ?”
“ഇല്ല” ഞാൻ മറുപടി കൊടുത്തു.
“മനുഷ്യന്റെ ആണെടാ”.
ഇതും പറഞ്ഞ് അവൻ എന്നെ നോക്കി ചിരിച്ചു.അന്നേരം തീക്ഷ്ണമായ എന്തോ ആഗ്രഹം അവന്റെ മുഖത്ത് പ്രതിഫലിക്കുന്നത് ഞാൻ കണ്ടു.
“നിന്നോട് ആരാ ഇത് പറഞ്ഞെ?”
ഞാൻ ചോദിച്ചു
“എന്റെ അമ്മച്ചി!!”
എന്റെ ഹൃദയമിടിപ്പ് കൂടി വന്നു.
“നിന്റെ അമ്മച്ചി മനുഷ്യമാംസം കഴിക്കുവോ?”
ഞാൻ കൗതുകത്തോടെ ചോദിച്ചു?
“മരിക്കുന്നതിന് മുൻപ് വരെ അപ്പച്ചൻ ഇടയ്ക്കിടെ കൊണ്ടുവരുമായിരുന്നു.അവർ രാത്രിയായാൽ ഒരുമിച്ചിരുന്ന് കഴിക്കും.അപ്പച്ചന് വേവിച്ച് കഴിക്കുന്നതായിരുന്നു പ്രിയം. അമ്മച്ചിക്ക് പച്ചയിറച്ചി കഴിക്കുന്നതും”
മഹത്തായ ഗൃഹാദുരത അയവിറക്കികൊണ്ട് അവനത് പറയുമ്പോൾ ആ വെള്ളാരം കണ്ണിൽ നിന്നും തെളിനീർ നിറഞ്ഞു.
അതിന് ചോരയുടെ നിറമാണോയെന്ന് ഞാൻ സംശയിച്ചു.
“നിന്റെ അപ്പച്ചന് എങ്ങനാ മനുഷ്യമാംസം ലഭിച്ചിരുന്നത്?”
ഞാൻ ചോദിച്ചു?
“അപ്പച്ചന് സെമിത്തേരിയിൽ കുഴിവേട്ടലായിരുന്നു ജോലി,ഓരോ കുഴിയും എത്ര ആഴത്തിലാണെന്നും ഏത് പ്രായത്തിലുള്ള ആളെയാണ് അതിൽ അടക്കിയിരിക്കുന്നതെന്നും പുള്ളിക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു.രാത്രിയായാൽ പാകമായ കല്ലറ നോക്കി അപ്പച്ചൻ അതിൽ നിന്നും മാംസം ശേഖരിച്ച് വീട്ടിൽ കൊണ്ട് വരും.അമ്മച്ചി അത് പാകം ചെയ്ത് അപ്പച്ചന് നൽകും”.
അന്നേരം പ്രപഞ്ചം മുഴുവൻ എനിക്ക് ചുറ്റും കറങ്ങുന്നത് പോലെ തോന്നി.ഒരു മനുഷ്യജീവിയാണ് എന്നോട് ഇത് പറയുന്നതെന്ന് ഓർത്തപ്പോൾ എനിക്ക് കൗതുകം കൂടി.
അന്ന് PT period ഗ്രൗണ്ടിൽ ഇരിക്കുമ്പോൾ സിബി എന്റെ മടിയിൽ കൈവച്ച് കൊണ്ട് മധുര സ്വരത്തിൽ പറഞ്ഞു.
“ഡാ എനിക്ക് ജീവനുള്ള മനുഷ്യന്റെ ഇറച്ചി കഴിക്കാൻ തോന്നുന്നു”
ഗ്രൗണ്ടിൽ കളിച്ച് കൊണ്ടിരിക്കുന്ന നിഖിൽ ഒടുന്നതിനിടയിൽ വീണത് അപ്പോഴായിരുന്നു.അവന്റെ കാലിൽ നിന്നും ഒഴുകിയ രക്തത്തിന്റെ ഗന്ധം ഞങ്ങളുടെ മൂക്കിലേക്ക് തുളഞ്ഞുകയറി.