വയസ് 30 ആകുന്നു. ഇനി ഒന്നോ രണ്ടോ മാസം കൂടിയേ ഉള്ളൂ. ആറേഴ് വർഷമായി ഗൾഫ് ജീവിതം തുടങ്ങിയിട്ട്. ഇപ്പൊ രണ്ട് വർഷമായി ഒറ്റക്കാണ് താമസം. തന്നിഷ്ടത്തിനു ജീവിക്കാൻ ആണ് എന്ന് വീട്ടുകാരും കൂട്ടുകാരും പറയുമെങ്കിലും, പണ്ട് ഒരുപാടുപേരുമായി റൂം ഷെയർ ചെയ്തപ്പോൾ ഉണ്ടായ ബുദ്ധിമുട്ടുകളിൽനിന്നും ഒരു ഒളിച്ചോട്ടമായിരുന്നു ഇത്. എന്നാൽ ഇപ്പൊ ഒറ്റക്കുള്ള ജീവിതം മടുത്തു തുടങ്ങി. ഒരു കൂട്ട് ആഗ്രഹിക്കുന്നു. വീട്ടിൽ എങ്ങനെ പറയും? മൂന്ന് നാല് വര്ഷങ്ങള്ക്കു മുൻപ് വിവാഹത്തിനായി അവർ ആലോചനകൾ തുടങ്ങിയതാണ്. അപ്പോൾ ഞാനാണ് പറഞ്ഞത്, ഇപ്പൊ വേണ്ട കുറച്ചു കഴിയട്ടെ എന്ന്. എന്റെ മനസ്സിൽ കല്യാണം കഴിഞ്ഞാൽ പിന്നെ ഞാൻ വിചാരിച്ചപോലെ കാര്യങ്ങൾ ഒന്നും നടക്കില്ല. ചിലവുകൾ കൂടും. ചെറിയ ശമ്പളത്തിൽ നിന്നും മിച്ചം ഒന്നും വെക്കാനും പറ്റിയെന്നു വരില്ല. മറ്റൊന്നിനും അല്ല. വീട് പുതുക്കി പണിയണം. വെള്ളപ്പൊക്കത്തിന് ശേഷം പഴയ വീട് ആകെ നശിച്ചിരുന്നു. അതുതന്നെ അല്ല ഒരു ആലോചനയൊക്കെ വരുമ്പോൾ അവർക്കും ഒരു മതിപ്പ് തോന്നണ്ടേ. ആരെങ്കിലും ഇടിഞ്ഞു പൊളിഞ്ഞു ഇരിക്കുന്ന ഒരു വീട്ടിലേക്ക് തന്റെ കുട്ടിയെ അയക്കുമോ. അതുപോലെ വീട്ടിലും ഒരെണ്ണം നിൽപ്പുണ്ട്. ഇങ്ങനെ ഒരു വീട്ടിൽനിന്ന് അതിനെ ആരെങ്കിലും വിളിച്ചോണ്ട് പോകുമോ. ഒരു രണ്ട് വർഷം. അതിനുള്ളിൽ വീടുപണി പൂർത്തിയാക്കാം. പിന്നെ കല്യാണം.
മനസ്സിൽ എല്ലാം അളന്നുകുറിച്ചു വരച്ചിടുന്നതിനിടക്ക് ഒരുപദേശം ഓർമ്മവന്നു. ചില്ലറക്കാരന്റെ അല്ല. ജീവിതത്തിൽ പെണ്ണുകാണലിൽ സെഞ്ചുറി അടിച്ച ഒരാളുടെ. സുന്ദരൻ, സുമുഖൻ, നല്ല വിദ്യാഭ്യാസം, ജോലി, നല്ല വീട്ടുകാർ. എന്തിന്, സാധാരണ പ്രശ്നമുണ്ടാക്കാറുള്ള നമ്മുടെ പ്രപഞ്ചത്തിലെ മറ്റു കക്ഷികളും ഓക്കേ ആയിരുന്നു. പിന്നെ എന്തുകൊണ്ടോ അറിയില്ല. ഒടുവിൽ ഇരുപത്തേഴിൽ തുടങ്ങിയത് മുപ്പത്തിരണ്ടിൽ ആണ് തീർന്നത്. അദ്ദേഹം ഇരുപത്തഞ്ചുകാരനായ എന്നോട് പറഞ്ഞു, ” നീ ഇപ്പോഴേ നോക്കിത്തുടങ്ങിക്കോ അപ്പോൾ മുപ്പതിൽ നടക്കും “. പറഞ്ഞത് നാല് വര്ഷം മുൻപാണ്. അപ്പോളത് ഞാൻ ചിരിച്ചുതള്ളി. ഇപ്പോളത് എത്രയോ ശരിയായി തോന്നുന്നു.
ഒന്നര വർഷം എടുത്തെങ്കിലും, വീടുപണി ഭംഗിയായി കഴിഞ്ഞു. അങ്ങനെയിരിക്കെ മറ്റൊരു പ്രശ്‍നം വന്നു. വീടുപണി നടക്കുമ്പോൾ മഴയും വെയിലും കൊണ്ട് ആറ് വർഷംമുമ്പ് വാങ്ങിയ കാർ തകരാറിലായി. പുറമെ കുഴപ്പമൊന്നും കാണില്ലെങ്കിലും അടിയിൽ മൊത്തം തുരുമ്പു പിടിച്ചു നശിച്ചു. കാർ കൂടാതെ വീട്ടിൽ ചെറിയൊരു സ്കൂട്ടറും ഉണ്ട്. അതുകൊണ്ടു കാർ അധികം ഓടിയിട്ടും ഇല്ല. പക്ഷെ അത്യാവശ്യ കുടുംബ കാര്യങ്ങൾക്ക് ഓടാറുള്ള വണ്ടി ഇല്ലാതെയായപ്പോൾ എല്ലാവർക്കും ഒരു വിമ്മിഷ്ടം. നാട്ടിലുണ്ടായിരുന്നപ്പോൾ ഞാൻ പൊന്നുപോലെ കൊണ്ടുനടന്ന വണ്ടി ഈ ഗതിയായതിൽ തികഞ്ഞ ഒരു വാഹനപ്രേമിയായ എനിക്കും വിഷമം തോന്നി. അച്ഛന്റെ നോട്ടക്കുറവുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന് ഞാൻ പറഞ്ഞു. അതിന്റെ പേരിൽ അച്ഛനുമായി വഴക്ക് പലത് നടന്നു. പക്ഷെ ഇപ്പോൾ എന്റെകൂടെ, പണ്ട് ഞാൻ അങ്ങനെ കൊണ്ടുനടന്ന പലതും ഇല്ല എന്ന യാഥാർഥ്യം എന്നെ ശാന്തനാക്കി. അങ്ങനെ പുതിയൊരു കാറ് വാങ്ങാം എന്ന ആലോചന വന്നു. ഇനിവാങ്ങുമ്പോൾ അൽപ്പം വലിയ കാർ തന്നെ വാങ്ങണം. പണ്ട് പറ്റിയ അബദ്ധം പറ്റിയില്ലെങ്കിൽ അതൊരു പത്തു വർഷം ഉപയോഗിക്കാം. അങ്ങനെ പുതിയ കാർ ബുക്ക് ചെയ്തു. അപ്പോളൊരാഗ്രഹം. പഴയ കാറിന്റെ ഓർമ്മക്ക് അതേ നമ്പർ തന്നെ എടുത്താലോ? കുഴപ്പമില്ല. വണ്ടി കിട്ടാൻ ഒരു മൂന്ന് മാസം എടുക്കും. അപ്പോളേക്കും നമ്പർ എത്താനാകും. മനസ്സിൽ എല്ലാം അളന്ന് കുറിച്ച് വരച്ചിട്ടു.
മാസം മൂന്ന് കഴിഞ്ഞു, നാല് കഴിഞ്ഞു, ആറ് കഴിഞ്ഞു. നമ്പറിന്റെ അടുത്തുപോലും എത്തിയിട്ടില്ല. കുറച്ചൊക്കെ താമസം പ്രദീക്ഷിച്ചിരുന്നു എങ്കിലും, ഇത്രയൊന്നും പ്രതീക്ഷിച്ചില്ല. ഷോറൂമിൽ നിന്നും വിളിയോട് വിളി. മൂന്ന് മാസമായി വണ്ടി അവിടെ വെയിലത്ത് കിടക്കുന്നു. എന്തുചെയ്യും? അച്ഛനുമായി ആലോചിച്ചു. “ വേവുവോളം കാത്തില്ലേ, ഇനി ആറുവോളം കാക്ക് “ . പിന്നെയും ആഴ്ചകൾ കടന്നുപോയി. നമ്പർ സീരീസ് ഓപ്പൺ ആയി. പിന്നെയും തടസം. നമ്പർ ബുക്ക് ചെയ്യാൻ ഏൽപ്പിച്ച ഏജന്റ് മുങ്ങി. ഫോൺ വിളിച്ചു മടുത്തു. വാഹന വകുപ്പിന്റെ സൈറ്റിൽ പ്രെശ്നം ആണെന്ന് പറഞ്ഞു അയാൾ കയ്യൊഴിഞ്ഞു. ഇനി ഇത് നടക്കാൻ പോകുന്നില്ല എന്ന് ഞാൻ കരുതി ശ്രമം ഉപേക്ഷിക്കാൻ ഒരുങ്ങി. അപ്പോഴേക്കും എട്ടുമാസം കഴിഞ്ഞിരുന്നു. ഞാൻ വല്ലാതെ വിഷമിച്ചു. കൊച്ചു കുട്ടിക്ക് ആയാലും മുതിർന്ന ആളുകൾക്കായാലും, ആഗ്രഹം നടക്കാതിരുന്നാൽ ഒരേ വേദനയല്ലേ. കുട്ടികളെ സമാധാനിപ്പിക്കാൻ ചുറ്റും എല്ലാവരും ഉണ്ടാവും. എന്നാൽ മുതിർന്നവരെ സമാധാനിപ്പിക്കാൻ ആരും ഉണ്ടായെന്നു വരില്ല. കാര്യകാരണങ്ങൾ സ്വയം കണ്ടെത്താനും മനസിലാക്കാനും സമാധാനിക്കാനും പറ്റണം. അവസാന കൈ എന്നനിലയിൽ ഞാൻതന്നെ ഇറങ്ങി. ഓൺലൈൻ ആയതുകൊണ്ട് ഗൾഫിൽ ഇരുന്നും എല്ലാം ചെയ്യാമല്ലോ. ജോലിത്തിരക്ക് കാരണം ആണ് അത് ഏജന്റിനെ ഏൽപ്പിച്ചത്. അവർക്കു പിന്നെ അവിടെ കയ്യുണ്ടാവുമല്ലോ. വാഹനവകുപ്പിന്റെ വെബ്സൈറ്റ് നോക്കി എല്ലാം പഠിച്ചു. എന്നിട്ട് രണ്ടും കൽപ്പിച്ച് ഒരു അപ്ലിക്കേഷൻ ഇട്ടു. സംഭവം ക്ലീൻ. വീട്ടിൽ പുതിയ വണ്ടി വന്നു. വീട്ടിൽ എല്ലാവരും വളരെ സന്തോഷത്തിൽ ആണ്. പ്രത്യേകിച്ച് അച്ഛൻ. പക്ഷെ എനിക്ക് ഒരു വികാരവും തോന്നുന്നില്ല. ഫോട്ടോ അച്ഛൻ അയച്ചു തന്നപ്പോൾ ഇതിന്റെ ലോൺ ഇനി എത്ര നാൾ കൊണ്ട് തീരും എന്ന് മാത്രമാണ് ഞാൻ ചിന്തിച്ചത്. സംഭവവികാസത്തേക്കുറിച്ചു അറിയാവുന്ന ഒന്നുരണ്ടു പേരോടൊഴികെ മറ്റാരോടും പറഞ്ഞില്ല. സോഷ്യൽ മീഡിയയിൽ പോസ്റ്റും ഇട്ടില്ല.
ആദ്യത്തെ കാർ വാങ്ങുമ്പോൾ എന്റെ മാനസികാവസ്ഥ ഇതായിരുന്നില്ല. ഞാൻ വളരെ സന്തോഷിച്ചിരുന്നു. ഇന്ന് അതിലും വിലയുള്ള ഒന്ന് സ്വന്തമാക്കിയിട്ടും ഒരു വികാരവും തോന്നുന്നില്ല. മാസങ്ങൾ കാത്തിരുന്ന ഒന്ന് കയ്യിൽകിട്ടി രണ്ടു ദിവസം കഴിയുമ്പോളേക്കും എന്റെ മനസ് മടുത്തിരിക്കുന്നു. ഞാൻ കട്ടിലിൽ കിടക്കുന്ന ഐഫോണിലേക്ക് നോക്കി. വർഷങ്ങൾ ആഗ്രഹിച്ചു ഒടുവിൽ കഴിഞ്ഞ വർഷം സാഹചര്യം ഒത്തുവന്നപ്പോൾ വാങ്ങിയതാണ്. ഫോൺ വരുമ്പോൾ എടുക്കും. അത്രേം ഉള്ളു ഇപ്പോൾ അതിന്റെ ഉപയോഗം. കുറച്ചുകൂടെ പിന്നോട്ട് നോക്കി. പ്ലസ്ടൂ ജയിക്കുമ്പോൾ ബൈക്ക് വാങ്ങിത്തരാം എന്ന് പറഞ്ഞ അച്ഛൻ കാലുമാറി. അങ്ങനെ ആ ആഗ്രഹം നടന്നത് മൂന്ന് വർഷത്തിന് ശേഷം ആണ്. കോളേജിൽ പഠിക്കുമ്പോൾ ബൈക്കിന്റെ ആഗ്രഹം അച്ഛനോട് പറഞ്ഞു. നോക്കാമെന്നായി. ബൈക്കുകളുടെ വിലകേട്ട അച്ഛൻ നമുക്ക് എന്നാൽ ഒരു കാർ എടുത്താലോ എന്നായി. അങ്ങനെ വാങ്ങിയതാണ് ആദ്യത്തെ കാർ. ഇടക്ക് ഒരു കമ്പ്യൂട്ടർ വാങ്ങണം എന്ന ആഗ്രഹം നടന്നത് മൂന്നു വർഷത്തിന് ശേഷം. പത്തു പാസ്സായാൽ വീട്ടിൽ കേബിൾ കണക്ഷൻ എടുക്കാം എന്ന് പറഞ്ഞു മോഹിപ്പിച്ചു പറ്റിച്ചു. അത് പിന്നെ സംഭവിച്ചത് ആറ് മാസത്തിനു ശേഷം ആണ്. ആറിൽ പഠിക്കുമ്പോൾ സ്കൂളിൽ പോകാൻ ഉപയോഗിച്ചിരുന്ന അച്ഛന്റെ പഴയ സൈക്കിൾ മാറ്റി പുതിയ ഒരെണ്ണം വാങ്ങാൻ ആഗ്രഹം. അതും നടന്നത് ഒരു വർഷത്തിന് ശേഷം. വൈകിയെങ്കിലും പക്ഷെ ആ ആഗ്രഹങ്ങൾ എല്ലാം അച്ഛൻ സാധിച്ചുതന്നു. ജോലിക്കാരൻ ആയപ്പോൾ ആ വൈകലിന്റെ കാരണവും എനിക്ക് മനസിലായി. ഇതങ്ങനെയല്ല. എന്റെ ആഗ്രഹം എനിക്കുതന്നെ സാധിക്കാൻ കഴിയുന്നില്ല. ഏതോ സിനിമയിൽ പറയുന്നപോലെ നമ്മൾ ആഗ്രഹിക്കുന്ന സാധനത്തിന്റെ അടുത്തെത്തുമ്പോൾ ദൈവം അതല്പംകൂടി മാറ്റിവയ്ക്കും.
അവധിക്ക് വീട്ടിൽ വന്നതാണ്. നല്ല നിലാവുള്ള രാത്രി. വേലിക്കൽ വിരിഞ്ഞു നിൽക്കുന്ന ഗന്ധരാജൻ പൂക്കളെ നോക്കി ഞാൻ നിന്നു. അവിടെയെല്ലാം അവ നല്ല മനോഹരമായ സുഗന്ധം പരത്തിക്കൊണ്ടിരുന്നു. ആഗ്രഹങ്ങൾ പൂക്കൾ പോലെയാണ്. ചിലതു വെളുപ്പിനെ പൂക്കും. ചിലതു പത്തുമണിക്ക്. മറ്റുചിലർ നാലുമണി. ചിലരോ, രാത്രി എല്ലാവരും ഇറങ്ങിയതിനു ശേഷം. എന്റെ ആഗ്രഹങ്ങൾ മാത്രമാണോ ഇങ്ങനെ? ഞാൻ ഉറങ്ങുന്ന അച്ഛനെ ഉണർത്തി. പിന്നെ കഥകളുടെ കുത്തൊഴുക്കായിരുന്നു. വൈകി നടന്നതും നടക്കാതെപോയതുമായ ഒരുപാട് കാര്യങ്ങൾ. തമാശ ആയിട്ടാണെങ്കിലും എന്റെ മനസ്സിൽ തോന്നി, അച്ഛന്റെയും അമ്മയുടെയും ജീവിതത്തിൽ കൃത്യ സമയത്തു നടന്നത് അവരുടെ ചെറുപ്രായത്തിലെ കല്യാണം മാത്രം ആണെന്ന്. അവർക്കു രണ്ടുപേർക്കും പരിഭവങ്ങൾ കുറവാണ്. കാര്യങ്ങൾ തെറ്റില്ലാതെ നടന്നുപോകണം. അത്രേ ഉള്ളൂ. അമിതമായ ആഗ്രഹങ്ങളോ ഇല്ല. ഉണ്ടാവുന്നതാവട്ടെ വളരെ ചെറുതും. എന്തൊക്കെയോ ചിന്തിച്ചു നിൽക്കുന്ന എന്നോട് അച്ഛൻ പറഞ്ഞു, ” നീ, ഇങ്ങനെ ഒന്ന് ചിന്തിച്ചുനോക്ക് . വൈകി എങ്കിലും നീ ആഗ്രഹിച്ചതിൽ കൂടുതൽ നിനക്ക് കിട്ടിയിട്ടുണ്ട്. എത്രപേർക്ക് ഇതൊന്നും കിട്ടാതെ പോകുന്നു.” ഈ വാക്കുകൾ എന്റെ ആഗ്രഹങ്ങൾ പലതവണ മാറ്റിവക്കുമ്പോൾ കേട്ടിട്ടുണ്ടെങ്കിലും ഇപ്പോഴാണ് കത്തിയത്. ശെരിയാണ്. അന്ന് വാങ്ങിത്തന്ന സൈക്കിൾ ഞാൻ തിരഞ്ഞെടുത്തതാണ്. കേബിൾ കണക്ഷൻ എടുക്കാതെ ഡീ ടി എച് എടുത്തത് ഞാൻ പറഞ്ഞിട്ടാണ്. എനിക്കിഷ്ടമുള്ള കാറാണ് വാങ്ങിയത്. കമ്പ്യൂട്ടറും അങ്ങനെതന്നെ. എന്തിന്, പുതിയ കാർ ഞാൻ ആഗ്രഹിച്ച മോഡലും ഫീച്ചേഴ്സും ഉള്ളതായിരുന്നു. ഒരു ഭാരം ഇറക്കി വച്ചപോലെ. പണ്ടത് മനസിലാക്കാനുള്ള പക്വത ഉണ്ടായിരുന്നില്ല. അൽപ്പം താമസിച്ചിട്ടായാലും അത് കിട്ടിയല്ലോ. അവർ നടന്ന വഴികളിൽ ഞാൻ നടന്നുതുടങ്ങുമ്പോൾ തെളിയുന്ന ഓരോ കാര്യങ്ങൾ. ഇനിയും ഒരുപാടുണ്ടാവും. പക്ഷെ ഇനിയുള്ള ആഗ്രഹങ്ങൾക്കായി അൽപ്പം ക്ഷമയോടെ കാത്തിരിക്കാം. സന്തോഷത്തോടെ വേലിക്കൽ നിൽക്കുന്ന ഗന്ധരാജന്റെ മണം ആസ്വദിച്ചു ഞാനാ നിലാവത്തുനിന്നു. അൽപ്പം വൈകിയാലും സാരമില്ല ജീവിതത്തിലേക്ക് വരാൻ പോകുന്ന പൂവിന്റെ ഗന്ധവും ഇത്രക്ക് മനോഹരം ആവണേ എന്നാഗ്രഹിച്ച്.