സ്ക്കൂളിൽ വെച്ച്
എന്റെ എട്ടാമത്തെ വയസ്സിലാണ്
അവനെ ഞാൻ ആദ്യമായി കാണുന്നത്….!
അവനാണേൽ വികൃതിക്ക് പേര് കേട്ട
ഒരു ചെക്കനും…!
എന്റെ തലയിലെ റോസാപ്പൂ കട്ടെടുക്കുന്നത് അവനൊരു വിനോദമായിരുന്നു….,
അതിനേക്കാൾ എനിക്ക് ദേഷ്യം വരുന്നത് ക്ലസ്സിലൊരു സുന്ദരിക്കോതയുണ്ട്…,
അവന്റെ ഇഷ്ടക്കാരി….!!
വെള്ളരിപ്രാവു പോലെ ഒരുത്തി…!
ആ പൂവ് അവൻ അവൾക്ക് കൊണ്ടു പോയി കൊടുക്കുകയും അവൾ അത് തലയിൽ വെച്ചു ഗമയിൽ എന്റെ തന്നെ മുന്നിലൂടെ നടക്കുന്നതും കാണുമ്പോൾ എനിക്ക്
ആ രണ്ടിനെയും തല്ലി കൊല്ലാൻ തോന്നും…
കുറച്ചു തൊലിവെളുപ്പ് അവൾക്ക്
കൂടുതൽ ഉണ്ടെന്നത് ശരി തന്നെ എന്നു വെച്ച്
അവൾ ത്രിലോക സുന്ദരി ഒന്നുമാവില്ലാലോ….?
അല്ലെങ്കിലും,
എനിക്കെന്താ കുഴപ്പം ?
ഞാനും സുന്ദരി തന്നെയല്ലെ…?
അവളുടെ അത്ര നിറമില്ല എന്നല്ലെയുള്ളൂ..? അവളുടെ അത്ര മുടിയില്ല എന്നതു ശരി തന്നെ….,
അവളുടെ കണ്ണുകളുടെ അത്ര തിളക്കവുമില്ല…,
എന്നു കരുതി ഭംഗിക്കൊന്നും എനിക്ക് ഒരു കുറവുമില്ല…!
കേൾക്കുന്നവർക്ക്
ഞാനിതൊക്കെ അവളോടുള്ള
എന്റെ അസൂയ കൊണ്ട് പറയുന്നതാണെന്നൊക്കെ തോന്നും….!
എന്നാൽ ശരിക്കും
എനിക്ക് ഒട്ടും അസൂയ ഇല്ലാട്ടോ……,
അത് കൂടാതെ
ആ കുട്ടിപിശാച് എന്റെ പാത്രത്തിൽ നിന്ന് മുട്ടപൊരിച്ചതൊക്കെ കട്ടെടുത്തു തിന്നും…,
എന്റെ വാട്ടർ ബോട്ടിലിലെ വെള്ളമൊക്കെ എടുത്തു കുടിച്ചു തീർക്കും….,
എന്നാൽ
എന്നോടൊന്നു മിണ്ടോ….? അതും ചെയ്യില്ല ആ അലവലാതി…!
ആ വൃത്തികെട്ടവൻ അവളോട് മാത്രമേ മിണ്ടൂ,
ആ തൊലി വെളുത്തവളെ കാണുമ്പോൾ മാത്രമേ അവന്റെ അണ്ണാക്കൽ നിന്ന് ശബ്ദം പുറത്തു വരൂ…,
എന്നാലോ,
അവനു കട്ടു തിന്നാൻ എന്റെ സാധനങ്ങൾ വേണം…!
മിണ്ടാൻ തൊലിവെളുപ്പുള്ള മറ്റവളും…!
ഇവനെയൊക്കെ മൂന്നു ദിവസം പട്ടിണിക്കിട്ട്, മുക്കാലിയിൽ കെട്ടിയിട്ട് അടിക്കണം…!
എന്നാലേ ഇവനൊക്കെ നന്നാവൂ….!
അവന്റെയമ്മ ഗൈനക്കോളജിസ്റ്റ് ആണ്. അതുകൊണ്ടു തന്നെ പ്രസവം കഴിഞ്ഞു പോകുന്ന മിക്കവരും സന്തോഷസൂചകമായി ചോക്ക്ളേറ്റ്സും മിഠായിയും കൊണ്ടു വന്നു കൊടുക്കുന്ന പതിവുണ്ട്.
എന്നാൽ അത് കൊണ്ടു വരുമ്പോൾ അതിൽ ഒന്നെങ്കിലും എനിക്ക് തരോ…. ???
ഇല്ല…!!
അതെല്ലാം അവൾക്കുള്ളതാണ്….!
അവന്റെ ആ ഇഷ്ടക്കാരിക്ക്….!
ഈ മിഠായികളൊക്കെ അവളുടെ തൊണ്ടയിലൂടെ മാത്രമല്ലെ താഴോട്ട് ഇറങ്ങു…?
അല്ലെങ്കിലും
ഈ വിലകൂടിയ ചോക്കളേറ്റ്സിന്നൊനും അത്ര വലിയ രുചിയൊന്നുമില്ല,
നമ്മുടെ നാരങ്ങമുട്ടായിടെ ഏഴയലത്ത് വരോ ഇത്…?
അല്ലാതെ എനിക്കതു കിട്ടാത്തോണ്ടുള്ള കുശുമ്പോ കൊതിയോ കൊണ്ടൊന്നുമല്ലാട്ടോ…!
അല്ലെങ്കിലും ആർക്കു വേണം മനുഷ്യനു ഷുഗർ ഉണ്ടാക്കണ ഈ തല്ലിപ്പൊളി മിഠായികൾ…?
ഇത് കേൾക്കുമ്പോൾ പണ്ട് മുന്തിരിക്കുലക്ക് ചാടിയ കുറുക്കന്റെ കഥ നിങ്ങൾക്ക് ഒാർമ്മ വന്നെങ്കിൽ അതിനു ഞാൻ ഉത്തരവിദിയല്ലാട്ടോ…,
അങ്ങിനെയിരിക്കെ.,
ഒരു ദിവസം ഈ സാമദ്രോഹി എന്താ ചെയ്തത് എന്നറിയോ….?
അവന്റെ മമ്മി അവനെ കാറിൽ സ്ക്കൂളിൽ കൊണ്ടു വിടാൻ വരുന്ന നേരം അവന്റെ ഇഷ്ടക്കാരിയായ അവളെ വഴിയിൽ വെച്ചു കണ്ടതും മമ്മിയോടു പറഞ്ഞ് വണ്ടി നിർത്തി അവളേയും കേറ്റി കൊണ്ടുപോയി….!
എന്നാൽ
അവളുടെ തൊട്ടടുത്തു തന്നെ ഞാൻ ഉണ്ടായിട്ടും ആ മഹാപാപി എന്നെ കണ്ടിട്ടും അവളെ മാത്രം കയറ്റി കൊണ്ടുപോയി…!
നമ്മളെ കണ്ടിട്ടും ഒരു മൈൻഡ് പോലും ചെയ്തില്ല ആ സാമദ്രോഹി….!
അന്ന് ശരിക്കും അവന്റെ കാല് വാരി നിലത്തിട്ടടിക്കാൻ തോന്നിയതാണ് എനിക്ക്.
പിന്നെ അച്ഛനും അമ്മയ്ക്കും കൂടി ഒരേ ഒരു മകനല്ലേ ഉള്ളൂ എന്നും..,
വാവാഹശേഷം ആറു വർഷത്തെ നേർച്ചകൾക്കും കാഴ്ച്ചകൾക്കും ശേഷം പിറന്ന പൊന്നോമ്മന സൽപുത്രനല്ലെ എന്നൊക്കെ വിചാരിച്ചു ഒഴിവാക്കി വിട്ടതാ….!
ഇല്ലെങ്കിൽ ഇപ്പോൾ ഭിത്തിയിൽ ഫോട്ടോയായി തൂങ്ങിയേനെ കുട്ടിപിശാച്….!
എല്ലാം സഹിക്കാം അവളുടെ പെൻസിൽ കൂർപ്പിക്കാൻ കൂടി എന്റെ കട്ടർ എടുത്തു കൊടുക്കുന്നത് കാണുമ്പോളാണ്
കളരി ” പഠിക്കാത്തതിന്റെ വിഷമം മനസ്സിലാവുന്നത്.
അല്ലെങ്കിൽ,
ക്ലാസ്മുറിയുടെ ഏതെങ്കിലും ഒരു മൂലയിലെക്ക് കൂട്ടിക്കൊണ്ടു പോയി പുറത്തേക്ക് പരുക്ക് കാണാത്ത അകത്ത് നല്ല വേദനയുണ്ടാവും വിധം രണ്ട് താങ്ങ് താങ്ങിയേനെ ഞാനവനെ…!
അതിനടുത്ത ദിവസം
ആ പിശാച്ചുക്കുട്ടി ചെയ്തത് എന്താണെന്നുറിയാമോ ??
വൈകിട്ട് മഴ പെയ്തപ്പോൾ അവൾക്കു മഴ നനയാതെ വീട്ടിൽ പോകാൻ എന്റെ ബാഗു തുറന്നു എന്റെ കുട എടുത്തു അവൾക്ക് കൊടുക്കാൻ നോക്കുന്നു ആ വട്ടമോറൻ….!
ഞാനത് കണ്ടതും അവന്റെ കൈയ്യിൽ നിന്നത് പിടിച്ചു വാങ്ങി ഞാനവനെ നോക്കിയ ഒരു നോട്ടമുണ്ട്….,
അന്നേരം അതിനോടൊപ്പം എന്റെ മുഖത്തു വിരിഞ്ഞൊരു ഭാവമുണ്ട്…,
നവരസങ്ങളിൽ മഷിയിട്ട് നോക്കിയാൽ പോലും നിങ്ങൾക്ക് അങ്ങിനെയൊന്ന് കാണാനാവില്ല….,
അത്രക്ക് ബീഭൽസമായിരുന്നു അത്….!
ഓരോരോ കാര്യങ്ങളായി വർഷങ്ങൾ കടന്നുപോയി…..,
അഞ്ചാം ക്ലാസ് കഴിഞ്ഞപ്പോൾ അവനും ഞാനും വേറെ വേറെ സ്‌കൂൾ മാറി പോയി……!
എന്നാലും പിന്നീട് ഒാർക്കുമ്പോഴെല്ലാം അവനെയും അവന്റെ ആ കുസൃതികളെയും ഞാൻ വല്ലാതെ മിസ്സ് ചെയ്യുന്നതായി എനിക്കു തോന്നി….!
തുടർന്നു കോളേജ് കഴിഞ്ഞ് ഡോക്ടറാകാൻ അവൻ അമേരിക്കയിലേക്കു പോയതായി ആരോ പറഞ്ഞറിഞ്ഞു…!
കോളേജ് ശേഷം ഞാനൊരു പ്രൈവറ്റ് സ്‌ക്കൂൾ ടീച്ചറായിക്കൂടി…,,,
ചിലപ്പോൾ ചില കുട്ടികളുടെ വികൃതി കാണുമ്പോൾ ഞാനവനെയോർക്കും….!
എന്തോരം വികൃതികളാണു അവനെന്നോട് അന്നൊക്കെ കാണിച്ചിരുന്നത് എന്നോർക്കുമ്പോൾ ഇന്ന് ചിരിവരും….,
ആ സ്ക്കൂൾ ജീവിതത്തിനു ശേഷം അവനെ ഒരിക്കൽ പോലും കണ്ടിട്ടില്ലാ എന്നത് വലിയ ആശ്ചര്യമായിരുന്നു…,
ചിലപ്പോഴെല്ലാം ഒന്നു കണ്ടിരുന്നെങ്കിൽ എന്നു വെറുതെ ഒരു മോഹം തോന്നാറുണ്ടെങ്കിലും ഒന്നും നടന്നില്ല….!
ഇപ്പോൾ അവനെങ്ങിനെയിരിക്കുന്നു എന്നറിയാനുള്ള ആകാംക്ഷ കൊണ്ടു തോന്നുന്നതാണുട്ടോ അല്ലാതെ പ്രണയം കൊണ്ടൊന്നുമല്ലാട്ടോ….!
നിങ്ങൾക്കങ്ങിനെ തോന്നുന്നുണ്ടെങ്കിൽ ഞാനതിനും ഉത്തരവാദിയല്ലാട്ടോ….!
സത്യായിട്ടും പറയാണ് എനിക്കവനോട് ഒന്നൂല്ല…!
വേളാംങ്കണ്ണി മാതാവാണേ….,, അല്ലെങ്കിൽ വേണ്ട ഇനി അതും നിങ്ങൾ വിശ്വസിച്ചില്ലെങ്കിലോ…?
ഒരു ദിവസം ക്ലാസെടുത്തോണ്ടിരിക്കുന്നതിനിടയിൽ പ്യൂൺ പാപ്പി ചേട്ടൻ വന്ന് പ്രിൻസിപ്പാൾ എന്നെ വിളിക്കുന്നുണ്ടെന്നു പറഞ്ഞു.
ഞാൻ അവിടെ ചെന്നതും പ്രിൻസിപ്പാളിന്റെ
എതിരെ ഒരു സ്ത്രീയുണ്ടായിരുന്നു.
എന്നെ കണ്ടതും അവർ എഴുന്നേറ്റു എനിക്കഭിമുഖമായ് നിന്ന് എന്നോട് ചോദിച്ചു
എന്നെ അറിയാമോയെന്ന്…?
പെട്ടന്ന് ഞാൻ ഓർത്തു ഇത് അവരല്ലേ…..?
മ്മ്ടെ പഴയ ആ കുട്ടി പിശാചിന്റെയമ്മ
ലക്ഷ്മി ജോൺ……!
അതെ അതവരു തന്നെ…,
അവനെ സ്ക്കൂളിൽ കൊണ്ടാക്കാൻ അവർ എത്രയോ തവണ വന്നിരിക്കുന്നു എങ്ങിനെ ആ മുഖം മറക്കും…?
എനിക്കവരെ മനസിലായോ എന്നുപ്പോലും ഉറപ്പിക്കും മുന്നേ അവർ എന്നോടു പറഞ്ഞു
ഞാൻ വിനയ് ജോണിന്റെ അമ്മയാണ്….!
അവരെ കണ്ടതും എനിക്കെന്തോ വലിയ സന്തോഷം തോന്നി…,
എനിക്കപ്പോൾ
അവനെ നേരിൽ കണ്ട പോലെ ഒരു ഫീലിങ്ങ് ”
ഒരു വല്ലാത്ത ഭൂതകാലത്തിന്റെ ഓർമയിൽ പെട്ടുപോയി ഞാൻ ആ ഒരു നിമിഷം…..
അവരെന്നെ നോക്കി പറഞ്ഞു..,
വിനയ് ഇപ്പോൾ ലണ്ടനിൽ MD ചെയ്യുന്നു……!
അപ്പോൾ
ഞാൻ മനസ്സിലോർത്തു ആ കുരുത്തംക്കെട്ടവൻ ഇത്രയൊക്കെ ദൂരമൊക്കെയെത്തിയൊ..??
തുടർന്ന് അവർ കൂടെ വന്ന ഡ്രൈവറെ നോക്കിയതും ഡ്രൈവർ ഒരു കവർ അവർക്ക് നേരെ നീട്ടി.
അത് വാങ്ങി എന്റെ കൈയ്യിൽ വെച്ചു തന്നു കൊണ്ടവർ പറഞ്ഞു
ഇത് വിനയ് തന്നെ ഏൽപ്പിക്കാൻ വേണ്ടി തന്നുവിട്ടതാണ്…..!
അതും പറഞ്ഞ് എന്നോടും പ്രിൻസിപ്പലിനോടും ചിരിച്ചു കൊണ്ട് യാത്ര പറഞ്ഞു അവർ ആ മുറി വിട്ടു പുറത്തേക്കു പോയി.
എനിക്ക് ശരിക്കും ഇതെല്ലാം ഒരു സർപ്രൈസായിരുന്നു….!
സ്‌കൂൾ വിട്ട് വീട്ടിൽ എത്തിയതിനു ശേഷമാണ് ഞാനാ കവർ തുറന്ന് നോക്കിയത്.
അതിൽ വർണക്കടലാസിൽ പൊതിഞ്ഞ ഒരു ബോക്സുണ്ടായിരുന്നു…,
ആ ബോക്സ് നിറയെ മിഠായികളും….!
കൂടെ ഒരെഴുത്തും….!
ഞാനത് തുറന്നതും അതിലിങ്ങനെ എഴുതിയിരിക്കുന്നു
എന്തു പ്രത്യേകത കൊണ്ടാണ് നിന്നെ ഇഷ്ടപ്പെട്ടു തുടങ്ങിയതെന്നറിയില്ല…!
എന്നാൽ നിനക്കറിയോ…?
നിനക്കെന്ന പേരിൽ മാറ്റി വെക്കുന്ന മിഠായികൾ തിന്നാനായിരുന്നു എനിക്കിഷ്ടം….!
അതു പോലെ നിന്റെ തലയിൽ പൂവൊന്നും വെച്ചില്ലെങ്കിലും
നീ സുന്ദരിയായിരുന്നു…!
എന്റെ വീട്ടിൽ തിന്നാനും കുടിക്കാനും ഒന്നും ഇല്ലാഞ്ഞിട്ടല്ല എന്തോ എനിക്കിഷ്ടമായിരുന്നു നിനക്കുള്ളതിൽ നിന്നൊരു പങ്ക് എപ്പോഴും കട്ടെടുക്കാൻ….!
അന്ന് നിന്നെ കാറിൽ കയറ്റാതെ പോയ അന്നു തൊട്ടാണ് എനിക്കു തന്നെ അറിയാത്ത ഒരു കൗതുകം എന്നെ ചുറ്റാൻ തുടങ്ങിയത്…,
അന്ന് ഞാനും തീരുമാനിച്ചു ഇനി ഒരു യാത്രയുണ്ടെങ്കിൽ അത് ഒന്നിച്ചു മതിയെന്ന്…!
ഒരു വർഷത്തിനകം കോഴ്സ് പൂർത്തിയാക്കി ഞാൻ മടങ്ങി വരും…!
വിരോധമില്ലെങ്കിൽ…,
എനിക്കു വേണ്ടി കാത്തിരിക്കണം…..!
ആ എഴുത്ത് വായിച്ചു തീർന്നതും
ഞാനേതോ മായാലോകത്ത് എത്തിപ്പെട്ടതു പോലെ തോന്നി എനിക്ക്….!
അതിനേക്കാളേറെ എന്നെ പറ്റി അവൻ എല്ലാം ഒന്നു വിടാതെ അറിഞ്ഞു വെച്ചിരിക്കുന്നു എന്നത് എനിക്ക് വല്ലാത്ത സന്തോഷം തോന്നി….!
അവന്റെ അമ്മയും അച്ഛനും ഇന്റെർ കാസ്റ്റ് മാര്യേജ് ആയിരുന്നതു കൊണ്ട് അവരും വിരോധം പ്രകടിപ്പിച്ചില്ല….!
അങ്ങിനെ..,
ഒരു വർഷത്തിനു ശേഷം മടങ്ങി വന്ന കുട്ടിപിശാച് പറഞ്ഞ വാക്കു പാലിച്ചു….!
അവനെന്നെ മിന്നുക്കെട്ടി സ്വന്തമാക്കി…!
❤ ❤ ❤ ❤ ❤
ചില പ്രണയങ്ങൾ
അങ്ങിനെയാണ് അവ
ഹൃദയത്തിൽ വന്നു വീണു കഴിഞ്ഞാൽ..,
ആ പ്രണയത്തിലെ സ്നേഹവും നന്മയും വേർത്തിരിച്ചെടുത്ത്..,
ഹൃദയം അതിനെ ഗർഭം ധരിക്കുന്നു….!
തുടർന്ന്,
നമ്മുടെ ജീവിതമായി
അവ നമ്മളിൽ വളരുന്നു….!!!!