ചതിക്കാതെ കൂടെ നിന്നാൽ അവനെ മറ്റൊന്നിനു വേണ്ടിയും നഷ്ടപ്പെടുത്തില്ലെന്ന് ഞാനാദ്യമേ തീരുമാനിച്ചിരുന്നു,
അതു കൊണ്ടു തന്നെ
എന്റെ വീട്ടുക്കാരുടെ
ശാപവാക്കുകൾ കേട്ടും,
കുത്തുവാക്കുകൾ സഹിച്ചും,
അവരോട് തർക്കുത്തരം പറഞ്ഞും,
വാശി പിടിച്ചും,
അവനു വേണ്ടി കരഞ്ഞും,
അടി വാങ്ങിയും,
ചീത്ത കേട്ടും,
പിട്ടിണി കിടന്നും,
അവരുടെ പ്രാക്ക് കേട്ടും കഷ്ടപ്പെട്ട് സ്വന്തമാക്കിയതാണ് ഞാനവനെ,
എന്റെ അച്ഛനാണെങ്കിൽ അവനെ ഒട്ടും ഇഷ്ടമില്ലായിരുന്നു അതങ്ങിനെ തന്നെയാണല്ലോ,
നമ്മുടെ ഇഷ്ടങ്ങളോട്
നമുക്ക് ഉള്ള വില മറ്റുള്ളവർക്ക് അതിനോട് ഉണ്ടാവണമെന്നില്ലല്ലോ എന്നല്ല ഉണ്ടാവില്ല..
അവർ എത്ര ശ്രമിച്ചിട്ടും
അവനല്ലാതെ മറ്റൊരാൾ എന്റെ ജീവിതത്തിലുണ്ടാവില്ലാന്നു അവരെ ബോധ്യപ്പെടുത്താൻ എനിക്കു കഴിഞ്ഞതോടെ,
അവസാനം അവർ സമ്മതിച്ചു,
തുടർന്നു
ഞാനവനെ വിവാഹവും കഴിച്ചു,
എന്നാൽ വിവാഹത്തിനു ശേഷവും അച്ഛനവനോട് ഭയങ്കര ദേഷ്യമായിരുന്നു,
അവൻ ഭക്ഷണം കഴിക്കുമ്പോൾ അവനോടൊപ്പം ഇരുന്നൊന്നും അച്ഛൻ ഭക്ഷണം കഴിക്കാറില്ല,
അവനെ മുന്നിൽ കാണുന്നതു തന്നെ അച്ഛനു കലിയായിരുന്നു,
എവിടെയെങ്കിലും പോകുമ്പോൾ പോലും കൂടെ അവനുണ്ടെന്നറിഞ്ഞാൽ അച്ഛൻ തനിച്ച് പോകും, അത്രക്കുണ്ട് വിരോധം,
മകളെ കുറിച്ചുള്ള ഒരച്ഛന്റെ സ്വപ്നങ്ങൾ തകർത്ത ഒരാളായി മാത്രമേ അച്ഛനവനെ കണ്ടിരുന്നുള്ളൂ,
എന്നാൽ
ഒരു ദിവസം അച്ഛൻ ഒാടിച്ചിരുന്ന കാറിൽ ഒരു ബൈക്ക് വന്നിടിച്ചു ബൈക്ക് ഒാടിച്ചിരുന്നവരുടെ ഭാഗത്തായിരുന്നു പിഴവെങ്കിലും അവർ അതു സമ്മതിക്കാതെ അച്ഛനോടു തട്ടി കയറിയതും അച്ഛനാകെ ടെൻഷൻ കയറി വിയർത്തു,
ആ സമയം എവിടെ നിന്നോ പെട്ടന്നങ്ങോട്ടെത്തിയ അവൻ അച്ഛനു മുന്നിൽ കയറി നിന്ന് അച്ഛനു സംരക്ഷണം ഒരുക്കുകയും അവരെ പിടിച്ചു മാറ്റുകയും അച്ഛനെ അവിടം വിട്ടു സുരക്ഷിതമായി തിരിച്ചു പോരുന്നതിനു വഴിയൊരുക്കി കൊടുക്കുകയും ചെയ്തു,
അതോടെ
ആ മഞ്ഞുമല ഉരുകി തുടങ്ങുകയും അവർ തമ്മിലുണ്ടായിരുന്ന അകലം കുറഞ്ഞു വരുകയും ചെയ്തു,
കാലം ചെന്നതോടെ ഇന്ന് എന്തുണ്ടായാലും
അച്ഛനാദ്യം വിളിക്കുന്നത് അവനെയാണ്,
അവനാണ് അച്ഛനിന്നെല്ലാം,
അടുത്തറിഞ്ഞു തുടങ്ങുമ്പോൾ അലിഞ്ഞില്ലാതാവുന്ന വിരോധങ്ങൾ മാത്രമാണ് പലരും ഉള്ളിൽ സൂക്ഷിക്കുന്നുള്ളൂ എന്നറിയാതെ നമ്മുടെ ഇഷ്ടങ്ങളെ നമ്മൾ തന്നെയാണ് പലപ്പോഴും ധൃതിപ്പെട്ട് വേണ്ടന്നു വെക്കുന്നത്,
അതിനൊക്കെ ശേഷം ഒരു ദിവസം അച്ഛൻ എന്നോടു ചോദിച്ചു,
ഞാൻ അവനു വേണ്ടി
ഇത്രമാത്രം വാശി പിടിക്കാനുള്ള കാരണമെന്താണെന്ന്..?
അതു കേട്ടതും
ഞാൻ അച്ഛനോടു പറഞ്ഞു,
അങ്ങിനെ ചോദിച്ചാൽ അതെങ്ങനെ വിശദ്ധീകരിച്ചു തരണമെന്നോ, ഞാൻ പറയുന്ന കാര്യം അതെത്ര മാത്രം അച്ഛനു മനസിലാവുമെന്നോ എന്നെനിക്കറിയില്ല എന്നാലും പറയാം..,
ഇന്ന് രാവിലെ കുളിച്ചു വന്ന്
നെറ്റിയിൽ സിന്ദൂരം തൊടാൻ നേരം പെട്ടന്നെനിക്ക് അവരുടെ രക്തത്തിൽ ചാലിച്ച സിന്ദൂരം എന്റെ നെറ്റിയിൽ അണിയണമെന്ന് ഒരാഗ്രഹം,
ഞാനവരോടത് പറഞ്ഞതും
അന്നേരം തന്നെ എന്റെ ചുരിദാറിൽ കുത്തിയിരുന്ന ഒരു സേഫ്റ്റിപിൻ വലിച്ചൂരി സ്വന്തം കൈവിരൽ തുമ്പ് കുത്തിപ്പൊട്ടിച്ച് ആ രക്തത്തിൽ സിന്ദൂരം സമം ചാലിച്ചവർ എനിക്കു തൊട്ടു തന്നു,
ആ രക്തസിന്ദൂരമാണ്
ഇന്നെന്റെ നെറ്റിയിലുള്ളത്…!
ഞാനതു പറഞ്ഞു തീർന്നതും
പിന്നെ അച്ഛനൊന്നും പറഞ്ഞില്ല….,