കോളേജ് യാത്രയിൽ ഏറ്റവും പ്രിയപ്പെട്ട യാത്രയായിരുന്നു അന്ന്… നല്ല തിരക്കിനിടയിൽ ഇരിക്കാനൊരു സീറ്റ് കിട്ടിയത് വല്ലാത്ത അനുഗ്രഹമായിരുന്നു. അനിയനും കൂട്ടുകാരുമൊക്കെയായി ഞങ്ങൾ ഒരൽപ്പം ജനങ്ങൾ ആ ബസ്സിലെ സ്ഥിരം യാത്രക്കാരായിരുന്നു. ബസ്സിൽ കേറുമ്പോൾ തുടങ്ങുന്ന സംസാരം അങ്ങ് കോളേജിൽ എത്തുന്നവരെ തുടർന്നുകൊണ്ടേയിരിക്കും. അങ്ങനെ അന്നത്തെ യാത്രയിലും ഇതുപോലെ ഒരുപാട് സംസാരങ്ങൾ ഉണ്ടായി.
എന്നാൽ ഒരൽപ്പം കഴിഞ്ഞതും അനിയൻ ഒരു പെൺകുട്ടിയോട് കാര്യമായി സംസാരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. കാര്യം തിരക്കിയപ്പോഴാണ് അതൊരു ദിവ്യ പ്രണയത്തിന്റെ തറക്കല്ല് നാട്ടലാണെന്ന് മനസിലായത്. എന്തായാലും ഇടയ്ക്ക് കയറാനോ അങ്ങോട്ട് ശ്രദ്ധിക്കാനോ നിന്നില്ല. കക്ഷി വളരെ കാര്യമായിത്തന്നെ പ്രണയാഭ്യർത്ഥന നടത്തുന്നുണ്ടായിരുന്നു, കൂടെ നിന്ന ബാക്കി സുഹൃത്തുക്കൾ ഇതെല്ലാം ഒരു സിനിമ കാണുന്നത് പോലെ ആകാംക്ഷയിൽ നോക്കി നിന്നു.
ഒടുവിൽ ആ രംഗങ്ങളിൽ നിന്ന് രക്ഷ നേടുവാനായി വീട്ടുകാരും കൂടി അറിയണം എന്നൊക്കെ പറഞ്ഞുകൊണ്ട് അവിടെ നിന്ന് മാറുവാൻ തുടങ്ങിയപ്പോഴാണ് ഞാൻ അവന്റെ കൂടപ്പിറപ്പാണെന്ന കാര്യം ഓർമ്മയിൽ വന്നത്.
“അതെ കൊച്ചേ, ഞാൻ ഇവന്റെ സ്വന്തം ചേട്ടനാണ്.ഇവന് ചീത്ത ശീലങ്ങളൊന്നുമില്ല ആള് പാവമാണ്. നിങ്ങളുടെ കാര്യത്തിൽ എനിക്ക് എതിർപ്പൊന്നുമില്ല.”
അവൾ എന്റെ മുഖത്തേയ്ക്ക് ദയനീയമായി ഒന്ന് നോക്കി. ഒരു തരത്തിലും രക്ഷപ്പെടാൻ അനുവദിക്കില്ലല്ലേ എന്നൊരു ചോദ്യം ആ നോട്ടത്തിൽ ഉണ്ടായിരുന്നു. കൂടെ നിന്നവരും അനിയനുമൊക്കെ ഇതുകേട്ട് അൽപ്പ നേരം എന്നെ നോക്കി നിന്നു. എന്തിരുന്നാലും എന്റെ അനിയനായി പോയില്ലേ കൈവിടാൻ പറ്റുമോ!!!
അവരുടെ കോളേജിന്റെ അടുത്ത് ബസ് നിർത്തിയപ്പോൾ ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിൽ അവൾ തിടുക്കത്തിൽ ഇറങ്ങി പോയി. ഞങ്ങൾ വീണ്ടും പഴയതുപോലെ നാട്ടുകാര്യങ്ങളും പറഞ്ഞു യാത്ര തുടർന്നു…
എന്തായാലും ഇത്രയുമൊക്കെ ആയിട്ടും ഒടുവിൽ ക്ലാസ്സ് എല്ലാം കഴിഞ്ഞപ്പോഴേയ്ക്കും സഹോദരന്റെ ആദ്യ പ്രണയം കേരളത്തിന്റെ ഏതോ ഒരറ്റത്തേയ്ക്ക് വണ്ടി കയറി….
അതെ ഒരു കൊച്ചു പ്രണയകഥയുടെ അവസാനം, അത്ര മാത്രം!!!