കേരളക്കരക്കു ഇന്നും ആവേശമായി അവശേഷിക്കുന്ന ഒരേ ഒരു ഉത്സവം, ഒരുപക്ഷെ ഓണം മാത്രമായിരിക്കാം. നിറം മങ്ങിത്തുടങ്ങിയെങ്കിലും, ഒരനുഷ്ടാനം പോലെ നാം ബാക്കിവെച്ചിരിക്കുന്ന ഓണച്ചടങ്ങുകളിൽ പലതും വർഷങ്ങൾ കഴിയുന്നതോടെ രൂപാന്തരം പ്രാപിക്കുന്നുണ്ടെങ്കിലും, ‘ജലോത്സവം’ പോലെ ചിലതെങ്കിലും ഒളിമങ്ങാതെ ഇന്നും അവശേഷിക്കുന്നുണ്ട്.
ഏറ്റവും ശ്രദ്ധേയമായ കാര്യം മറുനാട്ടിലെ ഓണാഘോഷങ്ങളാണ്….! ഒരുപക്ഷെ ഓണമെന്ന മഹാ മാമാങ്കത്തെ നിലനിർത്തുന്നതും പ്രവാസികളുടെ ഉത്സാഹം കൊണ്ടാണെന്നു പറയുന്നതിൽ തെറ്റുണ്ടാവില്ല.
പ്രവാസ ജീവിതത്തിന്റെ ആദ്യകാലത്തുണ്ടായ ഒരനുഭവം ഏതാണ്ട് മുപ്പത്തിരണ്ട് വർഷങ്ങൾക്കു ശേഷവും, ഒരു നൊമ്പരമായി മനസ്സിൽ അവശേഷിക്കുന്നു എങ്കിൽ തീർച്ചയായും അതെത്ര തീവ്രമായിരുന്നു എന്ന് നമുക്കനുമാനിക്കാം.
തൊണ്ണൂറുകളുടെ തുടക്കത്തിൽ, കാലത്തിന്റെ കുത്തൊഴുക്കിൽ, വഴി തെറ്റിയെത്തിയ യാത്രക്കാരനെപോലെ, മഹാനഗരത്തിലേക്കെത്തുമ്പോൾ പ്രതീക്ഷകൾ അത്രയൊന്നും ഉണ്ടായിരുന്നില്ല!
‘ഇനിയും ജോലി ഒന്നും ആയില്ലേ…..?’ എന്ന പതിവ് ചോദ്യത്തിൽ നിന്നും താത്‌കാലികമായുള്ള ഒരൊളിച്ചോട്ടം.
മലയാളിയായ മുതലാളിയുടെ കോൺട്രാക്ടിങ് സ്ഥാപനത്തിൽ ഗുമസ്തപ്പണിക്ക് കയറുമ്പോൾ ഒരൊറ്റ നിബന്ധനയെ ഉണ്ടായിരുന്നുള്ളു. ‘ലീവെടുക്കാൻ പാടില്ല’
ആജ്ഞ ശിരസ്സാ വഹിച്ചു ജോലിയിൽ പ്രവേശിച്ചു. ശമ്പളമായി നാലക്കം പ്രതീക്ഷിച്ചെങ്കിലും മറ്റു മാർഗങ്ങൾ ഇല്ലാതിരുന്നതിനാൽ തത്ക്കാലം മൂന്നക്കം കൊണ്ട് തൃപ്തിപ്പെടാൻ തീരുമാനിച്ചു.
മൂഡബിദ്രി സ്വദേശിയായ ശേഖർ എന്ന യുവാവ് കൂടെ കൂട്ടാം എന്ന് പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് മനസ് നിറഞ്ഞു. വാടക ഇനത്തിൽ അമ്പതു രൂപ ലാഭിക്കാമെന്നോർത്തുകൊണ്ടു ശേഖറിന്റെ ക്ഷണം സ്വീകരിച്ചു.
ശരീരത്തിലേക്ക് കുത്തി തുളച്ചെത്തുന്ന തണുത്ത കാറ്റിന്റെ ശക്തിയിൽ പലപ്പോഴും തകരപ്പാളി കൊണ്ടുണ്ടാക്കിയ കതകു പേടിപ്പിക്കുന്ന ശബ്ദത്തോടെ ഭയപ്പെടുത്തുമ്പോൾ, ഉറക്കമില്ലാതെ ഏതെങ്കിലുമൊരു മൂലയ്ക്ക് വെറുതെ ഇരിക്കും. എന്നാൽ ഇതൊന്നുമറിയാതെ ശേഖർ ‘സുഖ’ നിദ്രയിൽ ആയിരിക്കും! മാർക്കറ്റിലെ ഇരുമ്പു കടയിൽ കാലത്തു എട്ടുമണിമുതൽ വൈകുന്നേരം ഏഴുവരെ കഠിനാധ്വാനം ചെയ്യുന്ന അവനുണ്ടോ ഇതൊക്കെ അറിയുന്നു.
ജോലികിട്ടി അഞ്ചാറ് മാസങ്ങൾക്കുള്ളിൽ ഓണമിങ്ങെത്തി. സഹ പ്രവർത്തകരിൽ പകുതിയിലേറെയും ഓണം ആഘോഷിക്കാൻ നാട്ടിലേക്കു പുറപ്പെടാൻ തയ്യാറായി.
“ഓണത്തിന് നാട്ടിൽ പോകുന്നെങ്കിൽ രണ്ടോ മൂന്നോ ദിവസം ലീവ് എടുക്കാം” എന്ന് മാനേജർ നിർബന്ധിച്ചപ്പോൾ ‘പോകുന്നില്ല’ എന്ന മറുപടിയോടെ തിരികെ നടന്നു……..
ഓണമെത്തുന്നതിനു ഒരാഴ്ച മുൻപ് അമ്മയുടെ കത്ത് വന്നു…….
‘ഓണത്തിന് നീ വരില്ലേ…?’ എന്ന ചോദ്യവുമായി.
‘ഇത്തവണ ഏതായാലും ഇല്ല….’ എന്നു മറുപടി നൽകി കത്ത് പോസ്റ്റ് ചെയ്യുമ്പോൾ മനസ്സ് ശൂന്യമായിരുന്നു…….
ആരവങ്ങളും ആഘോഷങ്ങളുമില്ലാത്ത ജീവിതത്തിലെ ആദ്യത്തെ ഓണത്തെ വരവേൽക്കാൻ മനസ്സുകൊണ്ട് തയ്യാറെടുത്തു കഴിഞ്ഞിരുന്നു.
“അക്കയുടെ കല്യാണ നിശ്ചയമാണ്, തിരിച്ചെത്താൻ ഒരാഴ്ചയെടുക്കും …” എന്ന് പറഞ്ഞു ശേഖറും ബാഗെടുത്തു പുറപ്പെട്ടു.
നാളെക്കഴിഞ്ഞാൽ ഓണമാണ്. തൊഴിലാളികൾ ഏറെയും മലയാളികൾ ആയിരുന്നതിനാൽ സ്ഥാപനത്തിനും അവധിയാണ്.
ഓണദിവസമെത്തി. പ്രത്യേകിച്ചൊന്നും ചെയ്യാൻ ഇല്ലാതിരുന്നതിനാൽ പതിവിലും താമസിച്ചാണ് എഴുന്നേറ്റത്. പായ ചുരുട്ടി വെച്ച ശേഷം ഭിത്തിയിൽ ചാരി കുറേനേരം ഇരുന്നു. പുറത്തു പൈപ്പിന് ചുവട്ടിൽ ഇപ്പോഴും കലപില തുടരുകയാണ്. ബക്കറ്റുമെടുത്തു അവിടേക്കു ചെന്നു.
“നീയിന്നു ജോലിക്കു പോകുന്നില്ലേ..?” എന്ന അയൽവാസിയുടെ ചോദ്യത്തിന്.
“ഇല്ല……” എന്നു മാത്രം മറുപടി നൽകി.
ബക്കറ്റു നിറച്ചുകൊണ്ടു വീട്ടിനുള്ളിലേക്ക് നടന്നു.
കുളിയും പല്ലുതേപ്പുമൊക്കെ വേഗത്തിലാക്കി ഡ്രസ്സ് മാറി വെളിയിലേക്കു നടന്നു.
അമ്മ പലപ്പോഴും അവർത്തിക്കാറുള്ളതാണ്.. ‘മോനെ…സമയം കിട്ടുമ്പോൾ അടുത്തുള്ള അമ്പലത്തിലൊക്കെ പോകണം .. ഈശ്വര വിശ്വാസം മനസ്സിൽ പോരെ? എന്നു നീ ചോദിക്കുമെന്നറിയാം….. കുറെ നേരം അവിടെ ചെന്നിരുന്നാൽ മനസ്സിന് നല്ല സമാധാനം കിട്ടും’
അടുത്തുള്ള ക്ഷേത്രത്തിലേക്ക് നടന്നു.
പരിസര വാസികളായ ചില മലയാളികൾ കുടുംബ സമേതം, ഓണക്കോടിയിൽ പൊതിഞ്ഞു, ക്ഷത്ര ദർശനത്തിനു എത്തിയിട്ടുണ്ട്. ആരെയും അത്ര വലിയ പരിചയമില്ലാത്തതിനാൽ കുശലങ്ങൾ ഒരു ചിരിയിൽ ഒതുക്കി. ആളൊഴിയുന്നതുവരെ കാത്തുനിന്ന ശേഷം നടക്കു നേരെ നടന്നു. പ്രത്യേകിച്ച് എന്ത് പ്രാർത്ഥിക്കാനാണ്..? ആവശ്യങ്ങൾ അനവധിയാണ്… അതിനു ഒരുദിവസം തികയാതെ വരും. ‘എല്ലാവർക്കും നല്ലതു വരുത്തേണമേ’ എന്നു മാത്രം പ്രാർത്ഥിച്ചു തിരികെ നടക്കുമ്പോൾ പൂജാരി അടുത്തേക്ക് വിളിച്ചു:
“ഇന്ന് നിനക്ക് ഉത്സവമല്ലേ?” എന്നു കന്നടയിൽ ചോദിച്ചു.
“അതെ എന്നു …” ഉത്തരം നൽകി തിരികെ നടക്കാൻ തുടങ്ങുമ്പോൾ അദ്ദേഹം പറഞ്ഞു.
“വേണ്ടതെന്താണെന്നു ചോദിച്ചുകൊള്ളു… എല്ലാം അമ്മ തരും…”
“എല്ലാം അവിടെ പറഞ്ഞിട്ടുണ്ട്..” എന്നു പറഞ്ഞു തിരികെ നടന്നു.
വീടിനുള്ളിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് അയൽവാസി അടുത്തേക്ക് വന്നു പറഞ്ഞത്:
“പോറ്റി സർ നിന്നെ തിരക്കുന്നുണ്ടായിരുന്നു…ദാ.. ഇപ്പോഴങ്ങാട്ടു പോയതേ ഉള്ളു…….. “
“ശരി ഞാൻ ചെന്ന് കണ്ടുകൊള്ളാം…” എന്നു മറുപടി നൽകിയ ശേഷം അകത്തേക്ക് കയറി.
കോളനി കഴിഞ്ഞുള്ള പ്രധാന റോഡിനപ്പുറമാണ് പോറ്റി സാർ താമസിക്കുന്നത്. എൺപത്തിനു മുകളിൽ പ്രായം. തമിഴ് ചുവയുള്ള മലയാളം സംസാരിക്കുന്ന പോറ്റി സാറിനോടും ഭാര്യയോടും സംസാരിക്കാൻ തന്നെ നല്ല രസമാണ്. നഗരത്തിലേക്കെത്തിയ ആദ്യ നാളുകളിലൊന്നിലാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. എന്തോ സാധനം വാങ്ങാനായി കടയിലെത്തിയതായിരുന്നു. ആവശ്യം കടക്കാരനെ പറഞ്ഞു ബോധ്യപ്പെടുത്താൻ കഷ്ടപ്പെടുന്നതിനിടയിലായിരുന്നു പോറ്റിസാറിന്റെ വരവ്. അതൊരു നല്ല സുഹൃത് ബന്ധത്തിലേക്ക് നയിച്ചു.
‘എന്തിനായിരിക്കും അദ്ദേഹം തിരക്കി എത്തിയത്.?’ എന്നു ചിന്തിച്ചുകൊണ്ട് പുറത്തേക്കിറങ്ങി.
കോളനിക്കു പുറത്തെത്തി മെയിൽ റോഡിലേക്കിറങ്ങുമ്പോഴേ കണ്ടു.. പോറ്റി സാറിന്റെ ഭാര്യ ഗെയ്റ്റിനരികിൽ തന്നെയുണ്ട്. വേഗം നടന്നു അടുത്തെത്തി.
“ഡേയ്… നീ സാറിനെ കണ്ടില്ലേ….?”
“ഇല്ല…. എന്നെ തിരക്കി വീട്ടിൽ ചെന്നിരുന്നു എന്നറിഞ്ഞു..”
“എന്നാൽ വാ…. കടയ്ക്കു പോയിട്ടുണ്ടാവും..” അവർ എനിക്ക് മുന്നിലായി അകത്തേക്ക് നടന്നു.”
ഇന്ത്യൻ എക്സ്പ്രസ്സ് പത്രത്തിലെ തലക്കെട്ടുകളിലൂടെ കണ്ണോടിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഒരു പാത്രത്തിൽ ഇഡ്ഡലിയും സാമ്പാറുമായി അവർ അടുത്തേക്കെത്തിയത്.
“കൈ കഴുകി വാടേ.. “
“ഞാൻ കഴിച്ചിട്ടാ വന്നത്… ” രക്ഷപെടാൻ വേണ്ടി ഒരു കള്ളം പറഞ്ഞു നോക്കി.
“അതെനിക്ക് മനസ്സിലായി… അതുകൊണ്ടല്ലേ ഞാനിതു എടുത്തിട്ട് വന്നത്……..നീ ഏതുമേ കഴിക്കില്ല എന്നു എനിക്ക് നന്നായിട്ടറിയാം……. ഞാനും ഒരമ്മയാണ്..?
“ഞാൻ….”
“വാടാ കണ്ണാ…. വന്നു ശാപ്പിടുങ്കോ…”
നിരസിക്കാൻ കഴിഞ്ഞില്ല. ആഹാരം കഴിച്ചെഴുന്നേൽക്കുമ്പോഴേക്കും പോറ്റി സാറും എത്തി.
“നീ എവിടെയായിരുന്നു കാലത്തു..?”
“ക്ഷേത്രത്തിൽ പോയിരുന്നു..”
“നന്നായി മോനെ…”
“തങ്കം…. ഒന്ന് വരൂ …” എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം അകത്തേക്ക് നടന്നു.
തിരികെ വന്നു ഒരു കവർ കയ്യിലേക്ക് വെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു:
“ഇതാ… ഇത് നിനക്കുള്ള ഓണക്കോടി…”
കവർ കയ്യിൽ വാങ്ങി രണ്ടാളുടെയും കാൽക്കൽ നമസ്കരിക്കുമ്പോൾ കണ്ണ് നിറയുന്നുണ്ടായിരുന്നു.
സംസാരിച്ചിരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു :
“എല്ലാ കൊല്ലവും ഇവൾ ഇതേപോലെ ഒന്ന് വാങ്ങി വെക്കാറുണ്ട്….! എന്നെങ്കിലും തിരികെ എത്തും എന്നു കരുതുന്ന ഇവളുടെ സ്വന്തം മകന് വേണ്ടി. ഞാൻ അവന്റെ രണ്ടാം അച്ഛനല്ലേ? പക്ഷെ ഇവൾ അങ്ങനെ അല്ലല്ലോ? ……………. എന്നെങ്കിലും വരുമായിരിക്കും അല്ലെ?.”
“വരും സർ… തീർച്ചയായും വരും..”
“അതെനിക്കറിയാം … ബട്ട്… ഞങ്ങൾ ജീവിച്ചിരിക്കുമ്പോൾ അതുണ്ടാവണേ എന്നാണ് പ്രാർത്ഥന….”
ഉണ് കഴിഞ്ഞു വെളിയിലേക്കിറങ്ങാൻ തുടങ്ങുമ്പോൾ അദ്ദേഹം പറഞ്ഞു:
“മനസ്സ് നിറഞ്ഞുള്ള ആദ്യത്തെ ഓണമായിരുന്നു ഇന്ന്……..താങ്ക്സ് ഫോർ കമിങ് “
കൈ കൂപ്പി തൊഴുതുകൊണ്ടു തിരികെ നടന്നു.
വേറൊരു സ്ഥാപനത്തിൽ ജോലി ലഭിച്ചതോടെ താമസവും അതിനടുത്തേക്കു മാറി. എങ്കിലും മാസത്തൊലൊരിക്കലെങ്കിലും പോറ്റി സാറിന്റെ വീട്ടിലെത്തുമായിരുന്നു.
അടുത്ത ഓണത്തിന് കൃത്യം ഒരു മാസം മുൻപാണ് പോറ്റി സാറിന്റെ വീട്ടിലേക്കു എത്തിയത്.
ഗെയ്റ്റ് അടഞ്ഞു കിടക്കുന്നു. അതിമുകളിൽ ഒരു ബോർഡ് ‘ഫോർ സെയിൽ’
പരിഭ്രമിച്ചു നില്ക്കുമ്പോഴാണ് അടുത്ത വീട്ടുകാരൻ അവിടേക്കു വന്നത്:
“സാർ മരിച്ചിട്ടു മൂന്നാഴ്ചയായി. ഹൃദയാഘാതമായിരുന്നു. കഴിഞ്ഞ ആഴ്ച മകൻ വന്നിട്ടുണ്ടായിരുന്നു അമ്മയെ കൂട്ടികൊണ്ടു പോകാൻ. ഞാനെവിടെക്കുമില്ല എന്നു പറഞ്ഞു കുറെയൊക്കെ എതിർത്ത് നോക്കി.
ഒടുവിൽ ‘അവർക്കൊപ്പം കുറെ ദിവസം പോയി നില്ക്കു’ എന്നു ഞങ്ങളൊക്കെ കൂടെയാണ് നിർബന്ധിച്ചയച്ചത്.
“പിന്നീട് കാണുന്നത് ഈ ബോർഡാണ്…. ഇന്നലെ എപ്പോഴോ കൊണ്ട് വെച്ചതാവാനാണ് സാധ്യത “
മറക്കാനാവാത്ത കുറെ നല്ല ഓർമകളുമായി ഞാൻ തിരികെ നടന്നു.
***
നീണ്ട മുപ്പത്തി രണ്ടു വർഷങ്ങൾ……. ബെംഗളൂരു മഹാനഗരം തിരിച്ചറിയാൻ വയ്യാത്ത തരത്തിൽ മാറപ്പെട്ടിരിക്കുന്നു. മധ്യവേനക്കാലത്തു പോലും തണുപ്പനുഭവപ്പെട്ടിരുന്ന നഗരം ഇന്ന് എല്ലാകാലത്തും വിയർക്കാൻ തുടങ്ങിയിരിക്കുന്നു. ….. അവിചാരിതമായും അല്ലാതെയും ചിലപ്പോഴൊക്കെ പോറ്റിസാറിനെയും ഭാര്യയെയും തേടി ആ പഴയ വീടുനിന്നിരുന്ന സ്ഥലത്തു, ഉയർന്നു നിൽക്കുന്ന ഭീമാകാരമായ കെട്ടിടങ്ങൾക്കു മുന്നിലൂടെ വണ്ടി ഓടിച്ചുപോവാറുണ്ട്..
കുറച്ചകലെ എത്തി ഒന്ന് തിരിഞ്ഞു നോക്കും…
‘ഡേയ്..’ എന്ന ശബ്ദം കേൾക്കുന്നുണ്ടോ എന്ന്…….ഓർമകളിലെ ആ നല്ല ഓണ നാളിലേക്കു പറന്നെത്താൻ ഞാനും ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്……
************