കണ്ണൊക്കെ വല്ലാതെ വരണ്ടു പോയെന്നു തോന്നുന്നു,അടയ്ക്കുമ്പോൾ നല്ലതുപോലെ നീറുന്നുണ്ട്. അൽപ്പം വേദനയും പുകച്ചിലുമൊക്കെ സഹിച്ചിട്ടാണെങ്കിലും മുറുക്കെ അടച്ചു.
നേരം പുലരുന്നതിനു മുൻപേ തന്നെ കയറിയതാണ് ബോട്ടിൽ. കഴിഞ്ഞ അഞ്ചു ദിവസങ്ങളായി പേരിനു ഒരു പൊടിമീനെ പോലും കിട്ടിയിട്ടില്ല, വീട്ടിൽ കാത്തിരിക്കുന്നവരോട് പറയാൻ പോലും ഒരു കാരണമില്ലാതാക്കി കളഞ്ഞു ഈ അഞ്ചു ദിവസങ്ങൾ. വല്ലാത്ത വിഷമം മനസ്സിൽ തങ്ങി കിടന്നു, ഇന്നും കൂടി ഒന്നും കിട്ടാതെ വന്നാൽ കാര്യങ്ങൾ വല്ലാത്ത കഷ്ടത്തിലാകും!!!
കൂടെയുള്ളവരും ഏതാണ്ട് ഈ അവസ്ഥയിലൊക്കെ തന്നെയാണ്, മറ്റെന്തെങ്കിലും പണി നോക്കാമെന്നു വെച്ചാൽ മനസനുവദിക്കുന്നുമില്ല. കാതടപ്പിക്കുന്ന തെറിയും അതിലുമുറക്കെ ചിരിച്ചും സംസാരിച്ചും കടലിൽ പോയിവന്ന ബോട്ടിൽ ഇപ്പോൾ ആകെ ഒരു മൂകതയാണ്. ആരും സംസാരിക്കുന്നില്ല, ഇനിയെന്ത് ചെയ്യുമെന്ന് പോലും ആർക്കും പറയാനില്ല.
എന്നാൽ ഞാൻ തന്നെ പറഞ്ഞു തുടങ്ങാം.
“നമുക്ക് അൽപ്പം കൂടി ദൂരത്തേയ്ക്ക് പോകാം, അവിടുന്നും ഒന്നും കിട്ടുന്നില്ലെങ്കിൽ നമുക്ക് മറ്റെന്തെങ്കിലും വഴി നോക്കാം ”
മറുപടി ആയി ഒന്ന് മൂളിയതല്ലാതെ ആരും പ്രത്യേകിച്ചൊന്നും പറഞ്ഞില്ല.
സമയം ഒരുപാട് കടന്നുപോയി, പതിവിലും ദൂരം കൂടുതൽ കടന്നുപോയി. ഒടുവിൽ ഞാൻ തന്നെ വലയുമായി കടലിലേയ്ക്ക് ചാടി. ബോട്ട് പതിയെ മുൻപോട്ട് നീങ്ങി, അതുവരെ ജീവിതം സാധാരണ പോലെയായിരുന്നു.പെട്ടന്ന് ആകാശം ഇരുണ്ടു കൂടി, കാത്തുനിൽക്കാൻ സമയമില്ലെന്ന കണക്കിൽ മഴ ശക്തമായി പെയ്തിറങ്ങി. ഒന്നും കാണുന്നില്ല, ശക്തമായ കാറ്റും കൂടി വന്നതോടെ മനസ്സിൽ വല്ലാതെ ഭയം നിറഞ്ഞു. ഇടയ്ക്ക് വന്ന മിന്നലിലാണ് മറിഞ്ഞ ബോട്ട് കാണുന്നത്, സർവ്വ ധൈര്യവും സംഭരിച്ചു ബോട്ട് ലക്ഷ്യമാക്കി നീന്തി ഒടുവിൽ വെള്ളത്തിനു മുകളിൽ ഉയർന്നു കിടന്ന ഒരുഭാഗത്തു പിടുത്തം കിട്ടി. ഇല്ല കൂടെയുണ്ടാരുന്ന ആരെയും അവിടെ കാണുന്നില്ല. എല്ലാവരെയും അലറി വിളിച്ചുനോക്കി, ആരും വിളി കേട്ടില്ല, ശക്തമായ മഴയ്ക്കിടയിൽ ആ ശബ്ദം പോലും പുറത്തേയ്ക്ക് കേട്ടുകാണില്ല. ഞാൻ അലമുറയിട്ട് കരഞ്ഞു, എന്നാൽ കാതടപ്പിക്കുന്ന ശബ്ദത്തിന്റെ കൂട്ടുപിടിച്ചെത്തിയ മിന്നലിനു പോലും കൂട്ടത്തിലുണ്ടായിരുന്ന സുഹൃത്തുക്കളെ കാണിച്ചു തരാൻ പറ്റിയില്ല.
മഴയുടെ ശക്തി കുറഞ്ഞു, പതിയെ സമാധാനിപ്പിക്കാനെന്നവണ്ണം ചെറിയൊരു ചാറ്റൽ മഴ മാത്രം ബാക്കിയായി. ഒന്നുറക്കെ കരയാൻ പോലും ആരോഗ്യം ശേഷിക്കുന്നില്ലെന്നു തോന്നിത്തുടങ്ങി. മൂടിക്കെട്ടിയ ആകാശം പതിയെ തെളിഞ്ഞു, താനില്ലാതിരുന്ന സമയം ഇവിടെന്തു സംഭവിച്ചു എന്ന മട്ടിൽ വെയിൽ പതിയെ എത്തി നോക്കി. കയ്യും കാലും തളരുന്നതുപോലെ തോന്നി കണ്ണിലാണെങ്കിൽ ഇരുട്ടും കയറുന്നു!!! അൽപ്പ നേരം കഴിഞ്ഞപ്പോൾ പൊട്ട് പോലെ ഒന്ന് കടലിന്റെ മുകളിൽ പ്രത്യക്ഷപ്പെട്ടു, ആദ്യമൊന്ന് ഭയന്നെങ്കിലും അൽപ്പം കൂടി അടുത്തെത്തിയപ്പോൾ അതൊരു ബോട്ടാണെന്നു മനസിലായി. അതെന്നെ തേടി തന്നെയാണെന്ന് മനസിലുറപ്പിച്ചു സർവ്വ ശക്തിയുമെടുത്തു അലറി വിളിച്ചു. എന്നാൽ തൊട്ടു മുൻപിലെത്തിയിട്ടും അതിന്റെ വേഗത കുറഞ്ഞില്ല എന്ന് മാത്രമല്ല ഞാൻ അള്ളിപ്പിടിച്ചു കിടന്ന ബോട്ടിൽ വന്നു ഇടിച്ചു കയറി.
ഞാൻ ഞെട്ടി ഉണർന്നു, കണ്ണുകൾക്ക് ഇപ്പോഴും നീറ്റലുണ്ട്, ശരീരം തളർന്നത് പോലെ തോന്നി തുടങ്ങി. ഇല്ല, ആരും വന്നിട്ടില്ല ഇനി ആരും വരുമെന്ന് തോന്നുന്നുമില്ല!!! ആ കടലിന്റെ മൂകതയിൽ ഞാനിപ്പോഴും ജീവനോടെ കിടക്കുന്നുണ്ട്, ഒരായിരം സ്വപ്നങ്ങളും പ്രതീക്ഷകളുമായി ഇനിയൊരിക്കലും നീന്തി കയറാനാകാത്ത വിധം.
വിധി കടലും ആഗ്രഹങ്ങളും സ്വപ്നങ്ങളും കരയുമാകുമ്പോൾ ഞാനെങ്ങനെ തോൽക്കും, എനിക്കെങ്ങനെ തോൽക്കാനാകും. ഒരവസരം കൂടി തരണം….
Keep going