അയാൾ എന്നെ നോക്കി ഒന്ന് ചിരിച്ചു അത്ര മാത്രം.
കടയിൽ വല്ലാത്ത തിരക്കായതുകൊണ്ട് അൽപ്പം ക്ഷമയോടെ മാറി നിന്നു. അൽപ്പ നേരം ഫോൺ കയ്യിലെടുത്തു നോക്കിയെങ്കിലും കാര്യമായിട്ട് അതിലൊന്നും കാണാത്തതുകൊണ്ട് തന്നെ ഞാൻ പതിയെ ചുറ്റുപാടും നോക്കി അങ്ങനെ നിന്നു. ജീവിതം പഴയതുപോലെ ആയിതുടങ്ങി എന്ന് സൂചിപ്പിക്കും വിധം നന്നേ തിരക്ക് ചുറ്റുപാടും അനുഭവപ്പെട്ടു. ഇതിനെല്ലാത്തിനും പുറമെ അതി കഠിനമായ ചൂടും!!! അതുകൊണ്ട് തന്നെ പുറത്തു നിന്നും കടയുടെ വരാന്തയിലേയ്ക്ക് കയറി നിന്നു.
എന്റെ തൊട്ടടുത്ത് മറ്റൊരു കക്ഷി കൂടിയുണ്ടായിരുന്നു, നല്ല കറുത്ത നിറം തലയിൽ ഒരൽപ്പം വെളുത്ത മുടി പാറി പറന്നു കളിച്ചു. ഒരു പഴയ തോർത്തു തോളിൽ അഹങ്കാരത്തോടെ കിടക്കുന്നുണ്ടായിരുന്നു, ഉടുത്തിരുന്ന ലുങ്കിയുടെ മടിക്കുത്തിൽ നിന്ന് ഇടയ്ക്ക് ഇടയ്ക്ക് നുറുക്കിയ പാക്കെടുത്തു വായിലിട്ടു ചവച്ചുകൊണ്ടിരുന്നു, നെഞ്ചിൽ അസ്ഥികളെല്ലാം തെളിഞ്ഞു നിന്നിരുന്നതുകൊണ്ട് തന്നെ മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ കൊടുക്കുന്ന പാകത്തിലാണ് ശരീരമെന്ന് പറയുന്നതായിരിക്കും ഉചിതം.
ഇനിയാണ് അത്ഭുതം!!! വഴിയേ പോകുന്ന ബസ്സുകളിലെ കണ്ടക്ടർമാരോട് കുശലം പറയുന്നതിന് ഇടയ്ക്ക് നല്ല നാലഞ്ചു തെറിയും പറയും!!!ഇതെല്ലാം പതിവെന്ന മട്ടിൽ അവർ ചിരിച്ചുകൊണ്ട് യാത്രയാകും. എന്നാൽ അവർ പോയി കഴിഞ്ഞാലും ഈ ഹാങ്ങോവർ വിട്ടുമാറാതെ വീണ്ടും പിറുപിറുക്കും, തൊട്ടടുത്തു നിന്നതു കൊണ്ടായിരിക്കാം ഇടയ്ക്ക് വെയിലിനെപ്പറ്റി പറഞ്ഞിട്ട് കൊടുത്തു വെയിലിനും നാലഞ്ചു തെറി. ഇതുകേട്ടാൽ സൂര്യൻ ആകെ സങ്കടത്തിലാകും തീർച്ച. തെറി ഒരൽപ്പം ഉച്ചത്തിൽ ആയതുകൊണ്ട് തന്നെ ഞാൻ പിന്നീട് ആ ഭാഗത്തേയ്ക്ക് നോക്കിയില്ല. തെറിയെല്ലാം നിർത്തിയപ്പോൾ മുറുക്കിക്കൊണ്ടിരുന്ന വായിലേയ്ക്ക് തൊട്ടടുത്തു ഞാന്നു കിടന്ന പൂവൻ പഴത്തിന്റെ പഴുത്ത കുലയിൽ നിന്നും ഒരെണ്ണം ഉരിഞ്ഞെടുത്തിട്ടു. എന്നിട്ട് എന്നെയൊന്ന് പാളി നോക്കിയിട്ട് കണ്ണടച്ച് കാണിച്ചു.
“ദേടാ ഈ മൈര് പഴം തിന്നാൻ തുടങ്ങി “
മറ്റൊരു പ്രായമുള്ള കക്ഷി കടക്കാരനെ നോക്കി ഇങ്ങനെ പറഞ്ഞു കൊണ്ട് അടുത്തേയ്ക്ക് വന്നു. പിന്നീട് പരസ്പരം പറഞ്ഞു കൂട്ടിയ തെറികളിൽ നിന്ന് ഒരു കാര്യം വ്യക്തമായി ഇവർ പിരിയാത്ത സുഹൃത്തുക്കളാണ്. ബഹളമെല്ലാം കഴിഞ്ഞു ഇരുവരും അതേ കുലയിൽ നിന്ന് വീണ്ടും പഴമുരിഞ്ഞു തീറ്റ തുടങ്ങി. ഇപ്പോൾ രണ്ടാമത് വന്ന കക്ഷി എന്നെയൊന്നു പാളി നോക്കിയിട്ട് ചിരിച്ചു കാണിച്ചു. കടയിലെ തിരക്ക് പതിയെ കുറഞ്ഞു, കൂടാതെ താഴത്തെ പടലയിലെ പഴം പൂർണ്ണമായും തീർന്നിരിക്കുന്നു.
അവർ ഇരുവരും പതിയെ വർത്തമാനം പറഞ്ഞുകൊണ്ട് റോഡിന്റെ തിരക്കൊഴിഞ്ഞ വശത്തുകൂടെ നടന്നകന്നു. പഴത്തിന്റെ കാര്യത്തെപ്പറ്റി കടക്കാരനോട് തിരക്കിയപ്പോൾ അയാൾ എന്നെ നോക്കിയൊന്ന് ചിരിച്ചു, അത്ര മാത്രം.
മുറുക്കാൻ വായിലുള്ളപ്പോൾ പൂവൻ പഴം തിന്ന ആ മനുഷ്യൻ ശരിക്കും അത്ഭുതമാണ്, എന്നാൽ പഴം പറിച്ചു തിന്നുന്ന കാര്യം കടക്കാരനോട് പറഞ്ഞുകൊണ്ട് വന്നിട്ട് അതേ കുലയിൽ നിന്നും പഴമുരിഞ്ഞു തിന്ന രണ്ടാമത്തെ കക്ഷി ഇപ്പോഴും ചുരുളഴിയാത്ത രഹസ്യമാണ്. കടക്കാരനും കാഴ്ച്ചക്കാരനും നോക്കി നിൽക്കെ ഒരു പടല പഴം അപ്രത്യക്ഷമാക്കിയതു കണ്ടാൽ മജീഷ്യൻ മുതുകാട് പോലും കറങ്ങി പോകും തീർച്ച!!!
ഇനിയും വളരട്ടെ ആ സൗഹൃദം, തീരട്ടെ കടക്കാരന്റെ പഴുത്ത പഴകുലകളൊക്കെയും… ആശംസകളോടെ,
ഒരു മഹാപാപി.