ഇത്രയും അന്ധമായി,
നിന്റെ ഭർത്താവിനെ സ്നേഹിക്കുന്ന,
നീയൊരു വിഡ്ഢിയാണ് ജിയ……. !
അവസരം കിട്ടിയാൽ ഏതൊരു ഭർത്താവും അവനവന്റെ തനി സ്വഭാവം കാണിക്കും….!
നമ്മൾ പെണ്ണുങ്ങൾ പാവങ്ങളാണ്,
പക്ഷെ ആണുങ്ങൾ അങ്ങിനെയല്ല,
അവർ ഒരു നോട്ടവുമില്ലാതെ ചെളി കണ്ടാൽ ചവിട്ടുകയും വെള്ളം കണ്ടാൽ കഴുകുയും ചെയ്യും….!
ആണുങ്ങളെ വിശ്വസിക്കാനേ പറ്റില്ല, അവർ നമ്മളെ വഞ്ചിക്കും, സ്വന്തം സുഖത്തേക്കൾ വലുതല്ല അവർക്ക് കുടുംബവും ജീവിതവും ഒന്നും…..!
നീയിങ്ങനെ നിന്റെ കെട്ടിയോനെ കയറൂരി വിടരുത്..,
പണ്ടെ ദുർബല കൂടെ ഗർഭിണി എന്നു പറഞ്ഞ പോലെ
അല്ലെങ്കിലെ അങ്ങേരു നല്ല വാക്ക് സാമർത്യമുള്ളയാളാണ് അതിന്റെ കൂടെ പഠിപ്പിക്കുന്നതോ വുമൻസ് കോളേജിലും പോരേ….?
ഞാൻ പലപ്പോഴും പലവട്ടം കണ്ടിട്ടുണ്ട് നിന്റെ ഭർത്താവിന്റെ ചുറ്റും പെൺക്കുട്ടികൾ പാടത്ത് ട്രാക്ടറിനു ചുറ്റും കൊക്കിരിക്കണ പോലെ കൂട്ടം കൂട്ടിയിരിക്കുന്നത്…,
ഏതെങ്കിലും ഒരുത്തി മതി മോളെ,
നിന്റെ ഭർത്താവ് പിന്നെ അവളുടെ ഉള്ളം കൈകളിലാവും പിന്നെ നീ മാനം നോക്കിയിരിക്കേണ്ടി വരും….
ദേ..
നമ്മുടെ വടക്കേലെ ശ്രീദേവി ടീച്ചറുടെ കെട്ടിയോൻ വക്കീലാണന്നു പറഞ്ഞിട്ട് എന്തുകാര്യം കഴിഞ്ഞ മാസം പുള്ളിടെ ജൂനിയർ വക്കീലോരുത്തിയുമായി ഗുരുവായൂരിൽ റൂം എടുത്തത് ടീച്ചറുടെ സ്കൂളിലെ തന്നെ മറ്റൊരു ടീച്ചർ കണ്ട് സംഗതി വെളിച്ചത്തായില്ലെ.. !
മാനം പോയില്ലേ….?
എന്റെ കെട്ടിയോൻ.,
ഞാനാങ്ങേരെ ഇടം വലം തിരിയാൻ സമ്മതിക്കില്ല.,
ഓരോ മണിക്കൂർ ഇടവിട്ട് ഞാൻ അങ്ങേരുടെ ഓഫീസ് ലാന്റ് ഫോണിലേക്ക് വിളിക്കും,
മൊബൈൽ ആണെങ്കിൽ കള്ളം പറയാലോ ഇതാകുമ്പോൾ അതു പറ്റില്ലല്ലോ……,
ഒാഫീസ് വിട്ടു വന്നാൽ ഊരിയിട്ട ഷർട്ടും പാന്റ്റും മൊത്തം പരിശോധിക്കും വല്ല മുടിയോ മറ്റോ ഉണ്ടോയെന്ന്…?
ഫോണിന് ലോക്കിടാൻ ഞാൻ സമ്മതിക്കൂല…,
കൂട്ടുകാരിയായ അവളുടെ കത്തിക്കയറൽ കേട്ട് ജിയ ചിരിച്ചു….!
എന്നിട്ട് പതിയേ മനസിൽ പറഞ്ഞു,
ഇത്രയൊക്കെ വിവരം ഉണ്ടായിട്ടും
പെന്റിങ് വർക്കുണ്ട് ഓഡിറ്റിങ്ങ് ഉണ്ട് എന്നൊക്കെ പറഞ്ഞു സെക്കന്റ് സാറ്റർഡേയും സ്വന്തം കെട്ടിയോൻ ഓഫീസിൽ പോകുന്നത് എന്തിനാണെന്ന് ഇവൾക്കിതുവരെ മനസിലായിട്ടില്ല….,
പ്രൊമോഷൻ ട്രെയിനിങ്ങിനു ചെന്നൈയിൽ പോകുകയാണ് എന്നും പറഞ്ഞു അവളെ വിശ്വസിപ്പിക്കാൻ ട്രെയിൻ ടിക്കറ്റ് അടക്കം എടുത്ത് പകരം ഗോവക്കു പോകുന്നതിന്റെ പൊരുളും മനസിലായിട്ടില്ല….,
അവളറിയാതെ എർണാകുളത്ത് എടുത്തിട്ടിരിക്കുന്ന ഫ്ലാറ്റിൽ മാസത്തിൽ രണ്ടു പ്രാവശ്യം കംമ്പനി മീറ്റിങ്ങ് എന്നു പറഞ്ഞു പോയി താമസിക്കുന്നതും…,
ബാംഗ്ലൂരിൽ പഠിക്കുന്ന മോനെ കാണാനാണെനു പറഞ്ഞു പോയി
ഡയറക്ക്റ്റ് ടിക്കറ്റ് കിട്ടിയിട്ടില്ലെന്നും പറഞ്ഞ് മംഗലാപുരം വഴി ചുറ്റി കറങ്ങി വരുന്നതെന്തിനാണെന്നും
അവൾക്ക് ഇതുവരെ മനസിലായിട്ടില്ല…,
ഇതെല്ലാം എനിക്ക് പറഞ്ഞു തന്നത് ഇവളുടെ തന്നെ മറ്റൊരു അയൽവാസിയാണ്,
അത് പിന്നെ അങ്ങനെയാണല്ലോ അവരുടെതു ഇവളും ഇവളുടെതു അവരും ആണെല്ലോ നമ്മളോട് പറഞ്ഞു തരിക…,
അല്ലെങ്കിലും അടുത്ത വീട്ടിലെ കുറ്റങ്ങളോളം നമ്മുടെ കണ്ണിൽ പെടുന്ന
മറ്റൊന്നില്ലല്ലോ…,
എല്ലാം കേട്ടു കഴിഞ്ഞു
അവസാനം ഞാൻ അവളോടു പറഞ്ഞു,
മറ്റുള്ളവരുടെ ജീവിതം എന്താണെന്നു എനിക്കറിയില്ല പകരം ഞാനെന്റെ കാര്യം പറയാം അത് കേട്ടിട്ട് നീയൊരു തീരുമാനം പറയുക…,
ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് എന്റെ അച്ഛനും അമ്മയും അനിയനും ഒരു ആക്‌സിഡന്റിൽ മരണപെടുന്നത് അതോടെ പെട്ടന്ന് ഞാൻ ഒറ്റപെട്ടുപോയി…!
സ്നേഹിച്ചു നാടുവിട്ടു പോന്ന അച്ഛനും അമ്മക്കും ബന്ധുക്കൾ ആരുമായും വലിയ ബന്ധമില്ലായിരുന്നു,
അതു കൊണ്ടു തന്നെ മരണം കാണാൻ വന്ന ഒരകന്ന ബന്ധുവിന് എന്റെ സംരക്ഷണം ഏറ്റെടുക്കേണ്ടി വന്നു, അവർക്കത് തൃപ്തികരം ആയിരുന്നില്ലെങ്കിലും എന്റെ പഠിപ്പും വസ്ത്രവും ഭക്ഷണവും ഒരു സംഘടന ഏറ്റെടുത്തതോടെ അവർ പിന്നെ വല്ലാതെ എതിർത്തില്ല,
എന്നാൽ ഞാനൊരു ബാധ്യതയാവുമോ എന്ന ഭയം അവർ ഒരിക്കൽ പോലും എന്നോട് സ്നേഹത്തോടെ പെരുമാറിയില്ല..,
എന്റെ ഏക ആശ്വാസം സ്ക്കൂളിലെ കൂട്ടുകാരി ധന്യയായിരുന്നു, അവൾ പറഞ്ഞറിഞ്ഞ് ധന്യയുടെ വീട്ടുക്കാർ അവൾക്ക് എന്തു വാങ്ങുമ്പോഴും അതുപോലെ ഒരു ജോഡി എനിക്കും വാങ്ങുന്നത് പതിവായി,
ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഒരു ദിവസം അവളുടെ അമ്മ എന്നോടു ചോദിച്ചു,
എന്റെ മോനെ കൊണ്ട് നിന്നെ കെട്ടിക്കട്ടെയെന്ന്…? “
പെട്ടന്നങ്ങിനെ ഒരു ചോദ്യം കേട്ട് ഞാനും ഒന്ന് അമ്പരന്നു,
അമ്മ എന്നെ ഒന്നു കളിയാക്കിയതാണെന്നു മനസിലായതോടെ ഒന്നു പുഞ്ചിരിച്ച് ഞാനും ആ ചോദ്യം വിട്ടു..,
പക്ഷെ അതുവരെ ഇല്ലാതിരുന്ന ഒരു മോഹം ആ ചോദ്യത്തിലൂടെ എനിലേക്ക് കയറി പറ്റി,
ഞാനവളുടെ ഏട്ടനെ കണ്ടിട്ടില്ലായിരുന്നു, എന്തോ ആ ചോദ്യം ആ കുടുംബത്തിനോടുള്ള ഇഷ്ടം കൊണ്ട് ജീവിതം ആ കുടുംബത്തോടൊപ്പം ആയിരുന്നെങ്കിൽ എന്നു ഞാൻ വല്ലാതെ ആശിച്ചു…..,
അവളുടെ ഏട്ടൻ നാട്ടിലുണ്ടായിരുന്നില്ല കോയമ്പത്തൂരിൽ ഡിഗ്രിക്കു പഠിക്കുകയായിരുന്നു,
അങ്ങിനെയിരിക്കെ,
ഒരു ദിവസം അവളുടെ ഏട്ടൻ നാട്ടിലെത്തിയ അന്നു രാവിലെ തന്നെ ഞങ്ങളുടെ സ്ക്കൂളിലേക്ക് വന്നു,
അന്നാണ് അവളുടെ ഏട്ടനെ ഞാനാദ്യമായി കാണുന്നത്, ഏട്ടൻ എന്നെ നോക്കി ചിരിച്ചതും ഞാനും ചിരിച്ചു.,
തുടർന്ന് കൈയ്യിലുണ്ടായിരുന്ന ഒരു
കവർ ധന്യയുടെ കൈയിൽ കൊടുത്ത്
അത് എനിക്കുള്ളതാണെന്നും എന്നെ ഏൽപ്പിക്കണമെന്നും പറഞ്ഞു,
കൂടെ അവൾ കാൺകേ എന്നെ നോക്കി മറ്റൊന്നു കൂടി പറഞ്ഞു,
അമ്മ എനിക്കു വേണ്ടി ഒരാളെ കണ്ടു വെച്ചിട്ടുണ്ടെന്നു പറഞ്ഞു കേട്ടപ്പോൾ തുടങ്ങിയതാണ് ആ ആളെ ഒന്നു നേരിൽ കാണാനുള്ള മോഹം,
അതാ വന്നതും നേരേ ഇങ്ങു പോന്നത് അതു പറഞ്ഞ് ചിരിച്ച് ഏട്ടൻ തിരിച്ചു പോയി…,
അപ്പോഴാണ് അമ്മ അന്നു പറഞ്ഞത് തമാശയല്ല കാര്യമായി തന്നെ പറഞ്ഞതാണെന്ന് എനിക്കു മനസിലായത്.,
തുടർന്നങ്ങോട്ട് എനിക്ക് സ്വപ്നം കാണാനും കാത്തിരിക്കാനും ഒരാളായി അവർ മാറി..,
മൂന്നു വർഷത്തിനു ശേഷം
എന്നേക്കാൾ മനോഹരമായ പലരെയും കണ്ടിട്ടും അവരുടെ എന്നോടുള്ള സ്നേഹം ഒരു താലിയായി എന്റെ കഴുത്തിൽ തന്നെ വന്നു ചേർന്നു.,
പൊന്നോ, പണമോ, സമ്പത്തോ, കുലമഹിമയോ, ജാതിയോ, മതമോ, സ്റ്റാറ്റസ്സോ, ജോലിയുടെ തൂക്കമോ നോക്കിയല്ല സ്നേഹത്തിനു വേണ്ടി മാത്രമായിരുന്നു അവരെന്നെ വിവാഹം കഴിച്ചത്,
പരസ്പര വിശ്വാസമാണു
ഞങ്ങളെ ഇതുവരെ നിലനിർത്തിയതും…!
അതു കൊണ്ടു തന്നെ
മറ്റൊന്നിനും വേണ്ടി ഞങ്ങളത് പരസ്പ്പരം നഷ്ടപ്പെടുത്തുകയില്ല,
ഞാൻ അതു പറഞ്ഞു നിർത്തിയതും കൂട്ടുക്കാരി പറഞ്ഞു,
എന്നാലും….?
ഈ ആണുങ്ങൾ പൊതുവേ…?
അതെ സമയം എന്റെ ഫോൺ ബെല്ലടിച്ചു,
നോക്കിയപ്പോൾ ഏട്ടനും,
ആ സമയം തോന്നിയ കുസൃതിക്ക് ഞാൻ ഫോൺ സ്പീക്കറിലിട്ടു,
അവൾ കേൾക്കേ ഏട്ടന്റെ ശബ്ദം തെളിഞ്ഞു,
ഏട്ടൻ എന്നോടു ചോദിച്ചു,
ജിയാ…?
കോളേജിലെ ഒരാൾക്ക് എന്നോട് ഭയങ്കര പ്രണയം,
എന്നെ വിവാഹം കഴിക്കാൻ അവൾ റെഡിയാണെന്നാണ് തോന്നണത്
എന്താ ഇപ്പം ചെയ്യാ….?
ഉടനെ ഞാൻ പറഞ്ഞു,
അതിനെന്താ താൽപ്പര്യമുണ്ടെങ്കിൽ കഴിച്ചോള്ളൂ എന്ന്…,
ഉടനെ അതിനുള്ള മറുപടിയും വന്നു,
കഴിക്കാമായിരുന്നു പക്ഷെ അതിന്,
എന്റെ ഹൃദയം മാറ്റി വെക്കേണ്ടി വരും “
ഇപ്പോൾ ഈ ഹൃദയത്തിൽ ഈ ഹൃദയത്തോള്ളം ഇഷ്ടമുള്ള ഒരാളുണ്ട്, എന്റെമ്മ എനിക്കായി കണ്ടെത്തിയ എനിക്ക് ഏറെ പ്രിയപ്പെട്ടൊരാൾ “
അതു കൊണ്ട്
ഇനി ഇപ്പം അടുത്ത ജന്മം നോക്കാം…!
ഏട്ടനതു പറഞ്ഞു തീർന്നതും
സ്പീക്കർ ഒഴിവാക്കി ഫോൺ എടുത്ത് ചെവിയിൽ വെച്ച് ഞാനവളെ നോക്കിയതും അവൾ പോകാനായി എഴുന്നേറ്റു….!!
നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും,
ചിലതെല്ലാം നമ്മൾ നോക്കി കാണുന്ന കണ്ണിലൂടെയാണ് നമ്മളിൽ വളരുക….”