ബാവൂട്ടിക്കാന്റെ മരണത്തിനു ശേഷം ഈ ഇടവഴികളിലൂടെ സഞ്ചരിക്കാൻ പൊതുവെ പേടിയാണ്.
ആളുകൾ വരിവരിയായി നിന്ന് ദിക്ർ ചൊല്ലി ജനാസയുമായി പള്ളിയിലേക്ക് പോകുന്ന ആ യാത്രയിങ്ങനെ ഓർമ്മയിൽ വരും.
ഭയത്തിന് അല്പമെങ്കിലും ശമനമുണ്ടായത് ഹാജിയാരുടെ വീട്ടിൽ വൈദ്യുതി കണക്ഷൻ ലഭിച്ചതിന് ശേഷമാണ്.
ഹാജിയാരുടെ വീട്ടിലെ ലൈറ്റ് ദൂരെ നിന്ന് തന്നെ കാണാൻ പറ്റുമായിരുന്നു. അല്പമൊന്നുമായിരുന്നില്ല, ആ വെളിച്ചം നൽകിയിരുന്ന ആശ്വാസം.
വൈദ്യുതി കണക്ഷൻ ലഭിച്ചതോടെ തന്റെ പ്രമാണിത്തം കാണിക്കാനെന്നോണം , മുഴുസമയവും ഒരു ലൈറ്റെങ്കിലും ഓണാക്കി വെക്കാൻ ഹാജിയാര് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ഇന്നിപ്പോൾ ഹാജിയാരുടെ വീട്ടിലെ ലൈറ്റും ഓഫാണ്.
കയ്യിൽ രണ്ട് ചൂട്ട് കരുതിയത് ഏതായാലും നന്നായി.
ഒരു ചൂട്ട് കൊണ്ട് വീട്ടിലെത്താൻ സാധിക്കില്ല. പാതിവഴിയിലെത്തുമ്പോഴേക്ക് തന്നെ ഒരു ചൂട്ട് മുഴുവനും കത്തിത്തീരും. ഒന്നാമത്തെ ചൂട്ട് മുഴുവനായും കത്തിത്തീർന്നാൽ പിന്നെ നടത്തത്തിന്റെ വേഗത ഒരല്പം കൂട്ടും.
രണ്ടാമത്തേതും തീരുന്നതിനു മുന്നേ വീട്ടിലെത്തുക എന്നത് ശ്രമകരമായ ദൗത്യമാണ്.
ഒന്നാമത്തെ ചൂട്ട് കത്തിത്തുടങ്ങിയിട്ടുണ്ട്.
ഇനി നിർത്താതെയുള്ള നടത്തം.
ഓരോ കാൽവെപ്പിലും ബാവൂട്ടിക്കാന്റെ റൂഹാനി പിന്നിൽ നിന്ന് വിളിക്കുമോ എന്ന പേടിയിലായിരുന്നു.
‘ഹമീദ്’
ബാവുട്ടിക്ക വിളിച്ചിരിക്കുന്നു.
വിറയാർന്ന കൈകളുമായി ചൂട്ട് മെല്ലെ പിന്നിലുള്ള ആളിന്റെ മുഖത്തേക്ക് ചൂണ്ടി.
‘ഹാ .. കുമാരനായിരുന്നോ. ഞാൻ കരുതി ബാവൂട്ടിക്കാന്റെ റൂഹാനിയായിരിക്കുമെന്ന്.’
പിന്നെയൊരു കൂട്ടച്ചിരിയായിരുന്നു.
ഹമീദിന്റെ ബാല്യകാല സുഹൃത്താണ് കുമാരൻ.
പഴയ സൗഹൃദത്തിന്റെ കഥ പറഞ്ഞ് ഓർമകളുടെ ഓരത്തെത്തിയപ്പോഴാണ് , ഹമീദ് തന്റെ ചൂട്ട് ശ്രദ്ധിച്ചത്.
സംസാരിച്ചുനിൽക്കാൻ നേരമില്ല.
ചൂട്ട് കത്തിത്തീരും.
എന്തോ പറഞ്ഞ് തുടങ്ങിയ കുമാരനെ തടഞ്ഞ് ഹമീദ് യാത്ര തുടർന്നു.
ഓരോ കാൽവെപ്പിലും ഗുരുത്വാകർഷണം കൂടുതലുള്ളതായി അനുഭവപ്പെടുന്നുണ്ടായിരുന്നു.
കാൽ രണ്ടും ഭൂമി താഴേക്ക് പിടിച്ചുവലിക്കുന്നത് പോലെ.
ഹമീദ് നടത്തം തുടർന്നു.
അല്പം കൂടി നടന്നാൽ ചെറുതല്ലാത്ത ഒരു കുളമുണ്ട്.
പണ്ട് ഏറിയ ദിവസവും വൈകുന്നേരങ്ങൾ ചിലവഴിക്കുന്നത് ഇവിടെയായിരുന്നു.
ചൂട്ട് പകുതിയാകുന്നതിന് മുമ്പ് ഏറ്റവും ചുരുങ്ങിയത് അവിടെയെങ്കിലുമെത്തിയെ പറ്റു.
ഏതാണ്ട് കുളത്തിനരികിലെത്തിയപ്പോഴാണ് പിന്നിൽ നിന്നും ഒരു തൊണ്ടയനക്കം.
ഹമീദ് വീണ്ടും തിരിഞ് നോക്കി.
ബാവൂട്ടിക്കാന്റെ റൂഹാനിയല്ല.
ഹമീദിന്റെ ഒരു അകന്ന ബന്ധുവായിരുന്നു.
ഒരല്പം കുടുമ്പക്കാര്യം സംസാരിക്കാനൊരാളായി എന്ന് കരുതി പലതും സംസാരിച്ചുതുടങ്ങിയപ്പോഴാണ് ഹമീദ് വീണ്ടും ചൂട്ട് ശ്രദ്ധിച്ചത്.
ഏറെക്കുറെ തീരാനായിരിക്കുന്നു.
സംസാരിക്കാൻ നേരമില്ല. വീട്ടിലെത്തണം.
സംസാരിച്ചുകൊണ്ടിരുന്ന വിഷയം മുഴുമിപ്പിക്കാൻ സമ്മതിക്കാതെ ഹമീദ് മുന്നോട്ട് നടന്നു.
ഒന്നാമത്തെ ചൂട്ട് കഴിഞ്ഞിരിക്കുന്നു.
രണ്ടാമത്തെ ചൂട്ട് കത്തിച്ച് അതിവേഗം നടത്തം തുടർന്നു.
ഇനിയാരും പിന്നിൽ നിന്ന് വിളിക്കരുത് എന്ന ആത്മാർത്ഥമായ പ്രാർത്ഥന പടച്ചോൻ കേട്ടുകാണും.
പിന്നീടങ്ങോട്ട് ആരും പുറകീന്ന് വിളിച്ചില്ല.
പകരം മുന്നിലതാ ഹമീദിന്റെ പഴയ ഗുരുവര്യർ.
എന്തോ കാര്യമായി പറയാനുള്ളത് പോലെ അദ്ദേഹം ഹമീദിന്റെ നേരെ വന്നു.
ഉപദേശം കേൾക്കാൻ നേരമില്ല. ചൂട്ട് കത്തിത്തീരും മുന്നേ വീട്ടിലെത്തണം.
ഗുരുവിന്റെ ഉപദേശങ്ങൾക്ക് ചെവികൊടുക്കാൻ കൂട്ടാക്കാതെ ഹമീദ് അതിവേഗം മുന്നോട്ട് നടന്നു.
ചുറ്റും ഇരുട്ട് കൂടിവരുന്നുണ്ടായിരുന്നു.
വീടെത്തിയില്ല.
രണ്ടാമത്തെ ചൂട്ടും കത്തിത്തീർന്നിരിക്കുന്നു.
ചുറ്റും ഇരുട്ട് പടർന്നു.
ഇനിയെന്ത് ചെയ്യണമെന്നറിയാതെ ഹമീദ് ആകെ വിയർത്തു.
നാലുപാടും കണ്ണോടിച്ചു.
ഒട്ടേറെ പേര് പല ദിക്കുകളിലേക്കായി നടന്നുപോകുന്നുണ്ടായിരുന്നു.
ആരുടെ കയ്യിലും ചൂട്ട് കാണാനില്ല.
ആശ്ചര്യം.
ആദ്യം കണ്ട ചെറുപ്പക്കാരനെ തടഞ്ഞ് നിർത്തി ഹമീദ് കാര്യമന്വേഷിച്ചു.
നിങ്ങളെങ്ങിനെയാണ് ഈ ഇരുട്ടിലൂടെയിങ്ങനെ സഞ്ചരിക്കുന്നത് ?
അതും ഒരു ചൂട്ട് പോലുമില്ലാതെ ?
ചോദ്യം മുഴുമിപ്പിക്കുന്നതിനുമുന്നെ ചെറുപ്പക്കാന്റെ ആശ്ചര്യപൂർവമുള്ള മറുചോദ്യം .
“പകൽ എന്തിനാണ് സുഹൃത്തെ ചൂട്ട് ? ..”