അവിടെ വല്ലാത്തൊരു തിരക്കാണ് എല്ലായ്പോഴും, പച്ചക്കറി പലചരക്കുകൾ എല്ലാം അവിടെ സുലഭമായതു തന്നെയാകാം തിരക്കിനും കാരണം.
കൊറോണ കാലം തുടങ്ങിയപ്പോൾ മുതൽ പേരും വിലാസവുമൊക്കെ എഴുതി വെച്ചിരുന്ന ബുക്കും പേനയുമൊക്കെ ആകെ പൊടിപിടിച്ചു കിടക്കുന്നു.സാമൂഹിക അകലം പാലിക്കുക എന്ന ഉദ്ദേശത്തിൽ കെട്ടിയിട്ടിരുന്ന കയറൊക്കെ പൊട്ടി താഴെ അലക്ഷ്യമായി കിടന്നു. കടയ്ക്കുള്ളിൽ മാസ്ക്ക് വയ്ക്കാതെ ചിലരും ഉണ്ടായിരുന്നു. ഇത്ര സുരക്ഷിതമായ സ്ഥലം ഇനി ഈ ഭൂമിയിൽ കിട്ടില്ല എന്ന് തോന്നി തുടങ്ങി.അതുകൊണ്ട് തന്നെ തിരക്കൊക്കെ കുറഞ്ഞിട്ടു കയറാമെന്ന് കരുതി പുറത്ത് നിന്നു.
ഒടുവിൽ ആളുകൾ ഒരു പരിധി വരെ കുറഞ്ഞു എന്ന് കണ്ടപ്പോൾ ഞാൻ സാധനങ്ങൾ വാങ്ങി തുടങ്ങി. പെട്ടന്ന് അവിടെ വളരെ പ്രായമുള്ള ഒരു സ്ത്രീ എത്തി.
അലക്ഷ്യമായി പാറി പറന്ന നരച്ച മുടിയിഴകൾ,വല്ലാതെ ക്ഷീണം തെളിഞ്ഞു കണ്ട പാതിയടഞ്ഞ കുഞ്ഞു കണ്ണുകൾ.മുഖത്തെ ചുക്കി ചുളിഞ്ഞ പാടുകളും അൽപ്പം കൂനിയുള്ള നടപ്പും. ഇതെല്ലാം കണ്ടപ്പോൾ വല്ലാത്തൊരു വിഷമം തോന്നി തുടങ്ങി. എളിയിൽ തിരുകി വച്ചിരുന്ന പഴയ ഒരു പേഴ്സ് കയ്യിലെടുത്തിട്ട് കുറച്ചു സാധനങ്ങളുടെ വില തിരക്കി. കഷ്ട്ടം എന്ന് പറഞ്ഞാൽ മതിയല്ലോ, വിലയെല്ലാം കേട്ടു കഴിഞ്ഞപ്പോൾ യാതൊരു ഭാവ വ്യത്യാസവും കൂടാതെ അവർ പുറത്തേക്കിറങ്ങി എങ്ങോട്ടോ നടന്നു. ഒരുപക്ഷെ അൽപ്പം വില കുറവിൽ വാങ്ങുവാനായി അടുത്ത കടയിലേയ്ക്ക് പോയതാവാം. അതുമല്ലെങ്കിൽ കയ്യിൽ അത്രയും പണം ഉണ്ടായിരിക്കില്ല.
പണം… അതൊരു വല്ലാത്ത സംഭവമാണ്. ഇവിടെ ആ വൃദ്ധയായ സ്ത്രീയുടെ അവസ്ഥ കണ്ട് വല്ലാതെ ബുദ്ധിമുട്ടായി പോയെങ്കിൽ അതനുഭവിച്ച അവരുടെ അവസ്ഥയെ പറ്റി ഞാൻ ഒരുപാട് ആലോചിച്ചു. എവിടുന്നെങ്കിലും കുറെയധികം കാശ് കിട്ടി സ്വന്തമായി ഒരു പരിപാടിയൊക്കെ തുടങ്ങി സുഖമായി ജീവിക്കുന്നത് സ്വപ്നം കാണുന്നത് ഈ മഹാപാപിയ്ക്ക് പതിവാണ്. കാണുന്ന സ്വപ്‌നങ്ങളിൽ പല സാഹചര്യങ്ങൾ ഉണ്ടെങ്കിലും സംഭവത്തിന്റെ ഒടുക്കമെല്ലാം മുൻപേ പറഞ്ഞത് തന്നെയാണ്.
പെട്ടന്ന് ഒരു ദിവസം ഒരു ലോട്ടറി അടിക്കുന്നു. കിട്ടിയ പണത്തിന്റെ ഒരംശം ബാങ്കിൽ സുരക്ഷിതമായി നിക്ഷേപിക്കുന്നു. സ്വന്തമായി ഒരു വീട് പണിയുന്നു. കുറച്ചു പണം ഉപയോഗിച്ച് തരക്കേടില്ലാത്ത ഒരു സംരംഭം തുടങ്ങുന്നു. പതിയെ പടർന്നു പന്തലിച്ചു അതൊരു വൻ പ്രസ്ഥാനമാകുന്നു തുടർന്ന് ഈ മഹാപാപി ഒരു വേദനിക്കുന്ന കോടീശ്വരനായി മാറുന്നു. കാറ്… ഒരുപാട് സ്ഥലങ്ങൾ…. പലസ്ഥലങ്ങളിലായി അനുബന്ധ സ്ഥാപനങ്ങൾ… അങ്ങനെ തലയുയർത്തി പിടിച്ചു ജീവിച്ചു തുടങ്ങുമ്പോൾ ആയിരിക്കും സഹപ്രവർത്തകൻ(കൊച്ചു ചെറുക്കൻ ദിനൂപ് )എന്നെ ഉറക്കത്തിൽ നിന്നും തട്ടി എഴുന്നേൽപ്പിക്കുന്നത്.വീണ്ടും നശിച്ചൊരു ദിവസത്തിലേയ്ക്ക് ഞാൻ ഉറക്കച്ചടവോടെ നടന്നിറങ്ങും.
ഒരുപക്ഷെ ഇങ്ങനെയുള്ള സ്വപ്‌നങ്ങൾ എന്റെ മാത്രമല്ല, ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഓരോ സാധാരണക്കാരന്റെയും സ്വപ്നങ്ങളിൽ ഒന്ന് മാത്രമാണ്. ഒന്ന് മാത്രം!!!! ഇപ്പോൾ ഞാനൊരു യന്ത്ര മനുഷ്യനാണ്. എല്ലാ ദിവസങ്ങളും ഒരേപോലെ ജീവിക്കുവാൻ വേണ്ടി ഉറക്കമുണരുന്നു, അതങ്ങു ജീവിച്ചു തീർക്കുന്നു. സഹൃദവും സന്തോഷവും സങ്കടവുമെല്ലാം മാറ്റിവച്ചുകൊണ്ട് ഈ കാണുന്ന കോടാനുകോടി ജീവജാലങ്ങൾക്ക് നടുവിൽ നല്ലൊരു ജീവിതത്തോടുള്ള ആർത്തിപൂണ്ടു നെട്ടോട്ടമൊടുന്ന ഒരു സാധാരണക്കാരൻ.
പണം ഇങ്ങനൊരു വിലങ്ങു തടിയാണ്. ഇതൊന്നുമില്ലാതെ ജീവിക്കാൻ കഴിയുന്ന അവസ്ഥ ഉണ്ടായിരുന്നെങ്കിൽ എന്ന് ദിവസവും ആലോചിച്ചു കൂട്ടാറുണ്ട്. അതെ പണത്തിനു പിന്നാലെ അലയുന്ന ഒരു മനുഷ്യനാണ് ഞാനും പക്ഷെ അന്നും ഇന്നും അത് നിലനിൽപ്പിനു വേണ്ടിയാണ്. ഓരോ സാധാരണക്കാരനും അങ്ങനെ തന്നെയാണ്,അവൻ നിലനിൽപ്പിനായുള്ള യുദ്ധത്തിലാണ് ദിവസവും.
അതെ, ഈ തടിച്ചുരുണ്ട ഭൂമി ഉണ്ടായിരിക്കുന്ന കാലത്തോളം പണത്തിനോട് മാത്രം ആർത്തിപൂണ്ട് നടക്കുന്ന മനുഷ്യർക്കിടയിൽ ഇങ്ങനെ നിലനിൽപ്പിനായുള്ള യുദ്ധവുമായി ഒരുപറ്റം മനുഷ്യരുണ്ടാകും. അവിടെയും പൊതുവായ ഒന്ന് പണമാണ്.അല്ലയോ ഗാന്ധിജി പാവപ്പെട്ടവന്റെ മുഷിഞ്ഞ നോട്ടിലും അങ്ങ് കൈവിടാതെ കാത്തു വച്ച വട്ട കണ്ണടയ്ക്കും, പുഞ്ചിരിക്കും ഒരുപാട് നന്ദി,
സ്നേഹപൂർവ്വം,
നിലനിൽപ്പിനു വേണ്ടി ഇപ്പോഴും യുദ്ധം തുടരുന്ന ഒരു മഹാപാപി