സീതാദേവിയെ അന്വേഷിച്ച് കിഷ്കിന്ധയിലെ വനങ്ങളിലൂടെയുള്ള ദീർഘവും ദുഷ്‌കരവുമായ യാത്ര ക്ഷീണിപ്പിക്കുന്നതായിരുന്നു. വാനരന്മാർ ക്ഷീണിതരും നിരാശരുമായി. അപ്പോളാണ് അടുത്തുള്ള ആൽമരത്തിനടുത്ത് ഒരു കഴുകൻ വിശ്രമിക്കുന്നത് അവർ കണ്ടത്. അത് ജടായുവിൻ്റെ ജ്യേഷ്ട സഹോദരനായ സമ്പാതി ആയിരുന്നു. വാനര സംഘത്തലവനായ അംഗദൻ അവനുമായി ഒരു ബന്ധം സ്ഥാപിക്കുകയും അവരെ അവിടെ എത്തിച്ച പ്രതിസന്ധിയും ദുഃഖവും കൈമാറുകയും ചെയ്തു. രാവണൻ സീതാദേവിയെ ആകാശമാർഗത്തിൽ ഒരു വാഹനത്തിൽ വഹിച്ചുകൊണ്ട് തെക്കോട്ടു കടലുകൾക്കപ്പുറത്തേക്കും ശ്രീലങ്കയെ ചുറ്റി സഞ്ചരിക്കുന്നത് താൻ കണ്ടതായി സമ്പാതി അംഗദനെയും പരിവാരങ്ങളെയും അറിയിച്ചു.
അധികം താമസിയാതെ, ശ്രീരാമനും ലക്ഷ്മണനും അംഗദൻ നയിച്ച വാനരസൈന്യവും ഹനുമാനും ജാംബവാനും നമ്മുടെ വിശാലമായ ദേശത്തിന്റെ തെക്കൻ തീരത്ത് എത്തി. വളരെയധികം ക്ഷീണിതരാണെങ്കിലും, ശ്രീലങ്കയിൽ നിന്ന് തങ്ങളെ വേർതിരിക്കുന്ന വിശാലമായ ജലാശയം കണ്ട് അവർ അമ്പരന്നു. സീതയെ അന്വേഷിക്കുന്നത് അവസാനിച്ചുവെന്ന് അവർക്കറിയാവുന്നതിനാൽ അവർ നിരാശരായില്ല, പകരം മാനസികമായി പൂർണ്ണമായും ഉന്മേഷവാന്മാരായിരുന്നു. ആവശ്യമെങ്കിൽ സമാധാനപരമായ പ്രേരണയിലുടെയോ അഥവാ യുദ്ധത്തിലൂടെയോ രാവണനിൽ നിന്ന് ദേവിയെ വീണ്ടെടുക്കുക എന്നതാണ് ഇനി ശ്രീരാമന്റെ ചുമതല.
പുതിയ എന്തെങ്കിലും പ്രവൃത്തികൾ ഏറ്റെടുക്കുന്നതിന് മുമ്പ്, നമ്മുടെ പാരമ്പര്യമനുസരിച്ച് ദിവ്യ സഹായം തേടുക എന്നത് പതിവാണ്. അതിനാൽ ശ്രീ മഹാദേവനെ പ്രതിഷ്ഠിച്ച് ആരാധിക്കണമെന്ന് ആഗ്രഹിച്ചു. താമസിയാതെ പൂജകൾക്കുള്ള ക്രമീകരണങ്ങൾ ചെയ്തു, പക്ഷേ അത് നയിക്കാനും നടത്താനും അനുയോജ്യനായ ഒരു പുരോഹിതനെ കണ്ടെത്തുന്നത് ഒരു പ്രശ്നമായി. ശ്രീരാമൻ കുറച്ചുനേരം ചിന്തിച്ചപ്പോൾ, സമീപത്തുള്ള ഏറ്റവും നല്ല വ്യക്തി ശ്രീലങ്കയിലെ രാജാവായ രാവണനാണെന്നും അദ്ദേഹത്തെ ക്ഷണിക്കണമെന്നും നിർദ്ദേശിക്കപ്പെട്ടു. ഇത്തരമൊരു ശുഭകരമായ ചടങ്ങ് നടത്താൻ അവരുടെ ശത്രുവിനെ ത്തന്നെ എങ്ങനെ ക്ഷണിക്കാമെന്ന് സഭയിൽ പൂർണ്ണമായ ഞെട്ടലും ആശ്ചര്യവും കലർന്ന ഒരു ചർച്ച ഉണ്ടായി. ശത്രുക്കളിൽ നിന്ന് ഇത്രയും അസംബന്ധമായ ക്ഷണം സ്വീകരിക്കാൻ രാവണൻ ഒരു വിഡ്ഢിയാണോ? എന്നിരുന്നാലും, ഹനുമാനെ വിശ്വസ്തനായ ഒരു ദൂതനും സൈനികനും എന്ന നിലയിൽ ശ്രീലങ്കയിലേക്കുള്ള ദോത്യത്തിനായി യാത്ര നടത്താനും, രാവണനെ എല്ലാ വിനയത്തോടെയും ഈ സന്ദേശം അറിയിക്കാനുമുള്ള രാജകൽപ്പന അനുസരിക്കണമെന്നും ഒടുവിൽ തീരുമാനിച്ചു.
അയോധ്യയിലെ രാജകുമാരനായ ശ്രീരാമനിൽ നിന്നുള്ള ഈ വിചിത്രമായ ക്ഷണം ശ്രീലങ്കയിലെ തങ്ങളുടെ രാജാവിന് ചുറ്റുമുള്ള ആളുകൾക്ക് ഉണ്ടായ അത്ഭുതവും ഞെട്ടലും കുറവല്ല. എന്നാൽ മഹാപണ്ഡിതനും ശിവന്റെ ഒരു കടുത്ത ഭക്തനും വേദപണ്ഡിതനുമായ രാവണൻ തന്റെ പദവിക്ക് അനുസൃതമായി, ചടങ്ങ് നടത്താനുള്ള ക്ഷണം ഉടൻ സ്വീകരിച്ചു. തുടർന്ന് , അത് തന്റെ ദിവ്യമായ കടമയായതിനാൽ. ചുറ്റുമുള്ള എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് രാവണൻ ഹനുമാനോടൊപ്പം ശ്രീരാമന്റെ അടുത്തേക്ക് എത്തിച്ചേർന്ന്നു .
താമസിയാതെ രാവണൻ ആരാധനാലയവും മറ്റ് ക്രമീകരണങ്ങളും പരിശോധിച്ചു, ശ്രീരാമനെ നോക്കി പറഞ്ഞു, “അയോധ്യയിലെ രാജകുമാരാ, ഈ ചടങ്ങിന്റെ നടത്തിപ്പിനായി നിങ്ങൾ എല്ലാം നന്നായി ഒരുക്കിയിട്ടുണ്ടെങ്കിലും, നിങ്ങളുടെ പത്നിയുടെ അഭാവത്തിൽ ശിവന്റെ വിഗ്രഹം സ്ഥാപിക്കാൻ നിങ്ങൾക്ക് യോഗ്യതയില്ല. എത്ര ഉന്നതനാണെങ്കിലും, ഒരു വ്യക്തിക്കും തന്റെ പത്നിയെ മാറ്റിനിർത്തി ഇത്തരം ചടങ്ങുകൾ നടത്താൻ കഴിയില്ലെന്ന് നമ്മുടെ ശാസ്ത്രങ്ങൾ അനുശാസിക്കുന്നു.”
മുഴുവൻ സഭയും നിശബ്ദമായിരുന്നു. അടുത്തതായി എന്താണെന്നറിയാനുള്ള ആകാംക്ഷയോടെ, ആശയക്കുഴപ്പവും ജിജ്ഞാസയും നിറഞ്ഞ മാനസികാവസ്ഥയിലായിരുന്നു, എല്ലാവരും .
ശ്രീരാമൻ ശാന്തനായിരുന്നു, പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു, “ഞങ്ങളുടെ ക്ഷണപ്രകാരം നിങ്ങൾ വന്നതിലും സമർപ്പണത്തിന്റെ കുറ്റമറ്റ പ്രകടനം നടത്തിയതിലും ഞങ്ങൾ വളരെ സന്തുഷ്ടരാണ്. ഒരു പണ്ഡിതൻ എന്ന നിലയിൽ താങ്കളുടെ അറിവിന് അനുയോജ്യമായ ഒരു പോരായ്മ ചൂണ്ടിക്കാണിക്കുക എന്നത് കടമയുമാണ് . ഞാൻ താങ്കളോട് നന്ദിയുള്ളവനാണെങ്കിലും, കടമയുടെ ഭാഗമായ ഒരു പരിഹാരവും നൽകുവാൻ ഞാൻ അഭ്യർത്ഥിക്കട്ടെ.”
ശ്രീലങ്കയിലെ രാജാവ് ഒരു മികച്ച ഭരണാധികാരി മാത്രമല്ല, ഒരു മികച്ച പണ്ഡിതനുമായിരുന്നു. അദ്ദേഹത്തിലെ പണ്ഡിതൻ ഇപ്പോൾ അവസരത്തിനൊത്ത് എഴുന്നേറ്റ് പറഞ്ഞു, “ഓ രാമാ, എനിക്ക് ഒരു പരിഹാരം നൽകാൻ കഴിയും. ദിവ്യാരാധന നടത്താത്തതിന് എന്നെ കുറ്റപ്പെടുത്തരുത്. ഞാൻ പരിഹാരം നൽകും, പക്ഷേ ഒരു വ്യവസ്ഥയിൽ. സീതയെ ചടങ്ങിനായി ഇവിടെ കൊണ്ടുവരാൻ ഞാൻ തയ്യാറാണ് , പക്ഷേ ചടങ്ങ് കഴിഞ്ഞയുടനെ അവരെ എന്റെ സ്ഥലത്തേക്ക് മടങ്ങാൻകൂടി നിങ്ങൾ അനുവദിക്കണം.”
രണ്ട് മഹാന്മാർ തമ്മിലുള്ള ബുദ്ധിപരമായ ഏറ്റുമുട്ടലിലും വാചാലമായ വാഗ്ദാനത്തിലും ആൾക്കൂട്ടം അമ്പരന്നു, നിശബ്ദരായി. ശ്രീരാമന്റെ മറുപടിക്കായി കാത്തിരുന്നു. ഏറ്റവും ശ്രേഷ്ഠമായ സന്തോഷത്തോടെ , ആ വാഗ്ദാനം സ്വീകരിച്ചു. ചടങ്ങുകളെല്ലാം ഏറ്റവും പ്രൗഢ മായും, ആഡംബരത്തോടെയും ശാന്തതയോടെയും നടത്തി.
ദമ്പതികളെ അനുഗ്രഹിച്ചുകൊണ്ട് രാവണൻ പറഞ്ഞു, “വിജയം നിങ്ങളുടേതായിരിക്കട്ടെ”. ! ആ വാക്കുകളുടെ വിരോധാഭാസം സ്വന്തം നാശത്തെ അർത്ഥമാക്കുന്നുവെന്ന് അദ്ദേഹത്തിനു നന്നായി അറിയാമായിരുന്നു. മാനുഷിക മൂല്യങ്ങൾ എല്ലാ നിയന്ത്രണങ്ങളെയും മറികടക്കുന്നു!
രാജാക്കന്മാരിൽ ഏറ്റവും മഹാന്മാരും മനുഷ്യരിൽ ഏറ്റവും ശ്രേഷ്ഠരും തമ്മിലുള്ള സനാതന നിലപാടുകളുടെയും പദവികളുടെയും ഈ വിശദീകരണം ദേവന്മാർക്ക് പോലും ഒരു വിരുന്നായി മാറുകയായിരുന്നു!
പുരോഹിതനെ ദക്ഷിണ നൽകി ആദരിക്കുക എന്നതാണ് അവസാനത്തെ ഔപചാരികത. ചടങ്ങിനുള്ള ദക്ഷിണ നിർദ്ദേശിക്കാൻ ശ്രീരാമൻ പണ്ഡിതനെ തന്നെ ക്ഷണിച്ചു. ഈ ഘട്ടത്തിലാണ് അവിശ്വാസികളായ ഒരു സദസ്സിനു മുന്നിൽ രാമായണത്തിലെ ഏറ്റവും വലുതും നിർണായകവുമായ സംഭവം നടന്നത് .
ശക്തനും അപമാനിയും ആയ രാജാവാണ് രാവണൻ. ആരിൽ നിന്നും സമ്മാനങ്ങളോ, ദക്ഷിണയോ സ്വീകരിക്കുമായിരുന്നില്ല .കാരണം അയാൾ എപ്പോഴും ദാനം ചെയ്യുകയും എന്നാൽ ഉപകാരങ്ങൾക്കു പകരം വാങ്ങിക്കുന്ന ശീലം ഒട്ടുമില്ലതന്നെ . എന്നാൽ വീണ്ടും, സന്ദർഭം ആവശ്യപ്പെടുന്നതുപോലെ, അയാളിലെ വേദ പണ്ഡിതൻ മുന്നിലെത്തി പറഞ്ഞു, “ശ്രീരാമാ, നിങ്ങളെ നന്നായി അറിയുന്നതിനാൽ, എന്റെ ജീവൻ പോകുമ്പോൾ നീ എന്റെ കൂടെ നിൽക്കുക എന്നതാണ് ഞാൻ ആവശ്യപ്പെടുന്ന ഒരേയൊരു പ്രതിഫലം”.
അങ്ങനെതന്നെ സംഭവിച്ചു, രാവണൻ യുദ്ധക്കളത്തിൽ അമ്പുകളുമായി കിടക്കുമ്പോൾ, അവസാന നിമിഷങ്ങളിൽ ശ്രീരാമൻ അവിടെ അടുത്തുതന്നെ ഉണ്ടായിരുന്നു.
ഉയർന്നതോ താഴ്ന്നതോ ആരുമായിക്കോട്ടെ , ഒരാൾക്ക് മരണസമയത്ത് ദൈവസാമീപ്യം സമീപത്ത് ഉണ്ടായിരിക്കുന്നതിൽ ആത്യന്തികവും ശാശ്വതവുമായ ആശ്വാസം ഉണ്ടാകാമെന്ന് ഈ സംഭവം നമ്മെ വെളി പ്പെടുത്തുന്നു
( ഉറവിടം : വേദവ്യാസ രാമായണം )