” പ്രിയ തനിക്കെന്താടോ പറഞ്ഞാൽ മനസ്സിലാവാത്തത്
എന്റെ എല്ലാ കാര്യങ്ങളും തനിക്ക് അറിയാവുന്നത് അല്ലെ
തന്നെ എന്നല്ല ഒരു പെണ്ണിനേയും എനിക്ക് എന്റെ ജീവിതത്തിലേയ്ക്ക് കൂടെ കൂട്ടാൻ പറ്റില്ല
ഇനി ഈ കാര്യവും പറഞ്ഞുകൊണ്ട് താൻ ഇങ്ങനെ എന്നെ കാണാൻ വരണമെന്നില്ല ”
ദേഷ്യത്തോടെ അത്രയും പറഞ്ഞ് രഞ്ജു തിരിഞ്ഞു നിന്നു. ദേഷ്യം കൊണ്ട് രഞ്ജു അവന്റെ മുഷ്ടി ചുരുട്ടിപിടിച്ചു നിന്നു. പ്രിയയുടെ കാലടികൾ അകന്നു പോകുന്നത് അറിഞ്ഞു അവൻ.ഒരുനിമിഷം ഒന്ന് ആലോചിച്ചതിന് ശേഷം അവൻ അവളെ ഒന്നുകൂടി വിളിച്ചു.
” പ്രിയ ”
അവന്റെ ആ വിളി പ്രിയയിൽ ഒരു സന്തോഷം നിറച്ചു. എന്നാൽ അതിന് വലിയ താമസം ഒന്നും തന്നെ ഇല്ലായിരുന്നു. നിമിഷനേരം കൊണ്ടുതന്നെ അത് അവനായി തന്നെ കെടുത്തി.
” ഒരു കാര്യം കൂടെ പ്രിയ
ഇനി മേലിൽ എന്നെ കെട്ടണം എന്നും പറഞ്ഞുകൊണ്ട് എന്റെ വീട്ടിൽ കൂടി കേറി നിരങ്ങി എന്റെ അച്ഛനെയും അമ്മയെയും ഒന്നും സോപ്പിടാൻ നിൽക്കണ്ട
എന്റെ സന്തോഷം ആണ് അവരുടെ സന്തോഷം
അല്ലാതെ മറ്റുള്ളവരെ ബോധിപ്പിക്കാൻ ആയി അവർ ഒന്നും ചെയ്യാറില്ല ”
രഞ്ജുവിന്റെ വാക്കുകൾ അവൾക്ക് വേദന നൽകിയെങ്കിലും അവനോട് ഒന്നുകൂടെ സംസാരിക്കാൻ തന്നെ തീരുമാനിച്ചു.
” രഞ്ജൻ….. തനിക്ക് ചിലപ്പോൾ തോന്നുന്നത് ആണെങ്കിലോ
കല്യാണം കഴിഞ്ഞു കഴിയുമ്പോൾ എന്നെ ഉൾക്കൊള്ളാൻ പറ്റും
അതിൽ എനിക്ക് ഉറപ്പ് ഉണ്ട് ”
” നോക്ക് പ്രിയ നി ഒരുമാതിരി ടിപ്പിക്കൽ അമ്മമാരെ പോലെ പറയാതെ
പരീക്ഷണം നടത്താൻ ഞാൻ ഉപകരണം ഒന്നും അല്ല
എന്റെ ജീവിതത്തിലേയ്ക്ക് നി വന്നാൽ എനിക്ക് മാറ്റം വരുമെന്ന് നിനക്ക് മാത്രമേ ഉറപ്പ് ഒള്ളു
എനിക്ക് അതിൽ യാതൊരു വിധ വിശ്വാസവും ഇല്ല
അതുകൊണ്ട് മേലിൽ നിന്നെ ഈ കാര്യവും പറഞ്ഞ് എന്റെ മുൻപിലോ എന്റെ വീട്ടുകാരുടെ അടുത്തോ കാണാൻ പാടില്ല ”
എല്ലാം നഷ്ടപ്പെട്ടവളെ പോലെ പ്രിയ രഞ്ജുന്റെ മുറിയിൽ നിന്ന് ഇറങ്ങി.
ദേഷ്യം മുറ്റി നിന്ന രഞ്ജുവിന്റെ ചൊടികളിൽ പെട്ടന്ന് തന്നെ ഒരു പുഞ്ചിരിയും കണ്ണുകളിൽ കുസൃതിയും നിറഞ്ഞു. അവൻ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് വാൾപേപ്പർ ആയി ഇട്ടിരുന്ന ചിത്രം നോക്കി. അവനോട് ചേർന്ന് അവന്റെ നെഞ്ചിൽ കൈ ചേർത്തു വെച്ച് നിൽക്കുന്ന ഒരു ചെറുപ്പക്കാരനെ അവൻ പ്രണയത്തോടെ നോക്കി.
അവനോട് ഒന്ന് സംസാരിച്ചില്ലേൽ സമാദാനം കിട്ടില്ല എന്ന് തോന്നിയതും രഞ്ജൻ പെട്ടന്ന് കാൾ ചെയ്തു. അപ്പുറത്ത് നിന്ന് ഹലോ പറയും മുൻപേ രഞ്ജൻ അവനോട് സംസാരിച്ചു തുടങ്ങി.
” ചിത്ത…. എനിക്ക്…. എനിക്ക് ഒന്ന് കാണണം നിന്നെ
എത്രെയും പെട്ടന്ന് നി ബീച്ചിലേയ്ക്ക് ഒന്ന് വാ
ഞാൻ അവിടെ കാണും ”
” എന്ത് പറ്റി രഞ്ജുവേട്ട….ശബ്ദം വല്ലാണ്ട് ഇരിക്കുന്നു ”
” ഞാൻ പറയാം.. നി ഒന്ന് പെട്ടന്ന് ഇറങ്ങ് ”
” ശെരി രഞ്ജുവേട്ടാ ”
ഫോൺ വെച്ച് രഞ്ജു പെട്ടന്ന് തന്നെ റെഡി ആയി ബീച്ചിലേയ്ക്ക് ഇറങ്ങി.രഞ്ജു അവിടെ എത്തുമ്പോൾ അവനെ കാത്തെന്നപോലെ ചിത്തൻ നിൽപ്പുണ്ടായിരുന്നു. രഞ്ജു ഒട്ടും അമാന്തിക്കാതെ ഓടിച്ചെന്ന് അവനെ പുണർന്നു. രഞ്ജു അവന്റെ നെഞ്ചിടിപ്പ് ഒന്ന് നേരേ ആകുന്നവരെ ചിത്തനെ പുണർന്ന് നിന്നു. ശേഷം മുഖം ഉയർത്തി ചിത്തനെ നോക്കി.
” എന്ത് പറ്റി രഞ്ജുവേട്ടാ
കാണണം എന്ന് പറഞ്ഞപ്പോൾ തന്നെ തോന്നിയിരുന്നു കാര്യമായിട്ട് എന്തോ പ്രശ്നം ഉണ്ടെന്ന് ”
” വീട്ടുകാരോട് ഒക്കെ പറയാൻ നേരം ആയി ചിത്ത
ഇനിയും മറച്ചു വെയ്ക്കുന്നതിൽ അർത്ഥം ഇല്ല ”
” എനിക്ക് പേടിയാ രഞ്ജുവേട്ട
അവർ സമ്മതിക്കില്ല ”
ചിത്തന്റെ മുഖത്തെ പേടി കണ്ടതും രഞ്ജുവിനും ആകെ വല്ലാതെ ആയി. രഞ്ജു ചിത്തനെ കൂട്ടി അവിടെ തന്നെയുള്ള അധികം വെയിൽ ഇല്ലാത്ത ഒരിടത്ത് മാറി ഇരുന്നു.
” ചിത്ത… പേടി ആണെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല…എല്ലാം എല്ലാവരെയും അറിയിക്കാൻ സമയം ആയി ”
” എന്താ രാജുവേട്ടാ ”
” പ്രിയ അച്ഛനെയും അമ്മയെയും ഒക്കെ കണ്ട് എന്നെ ഇഷ്ടം ആണെന്ന് പറഞ്ഞിരിക്കുന്നു
അവർക്ക് ആണേൽ പ്രിയയേ നേരത്തെ പരിചയവും ഉണ്ടല്ലോ ”
” പക്ഷെ നമ്മളെക്കുറിച്ച് പ്രിയയ്ക്ക് അറിയാവുന്നത് അല്ലെ ”
” അറിയാം ചിത്ത
പക്ഷെ അവൾ പറയുന്നത് ഇതൊക്കെ വെറും തോന്നൽ ആണെന്ന് ആണ്
അവളെ കെട്ടിയാൽ മാറും എന്ന്
ഇപ്പൊ വലിയ പ്രശ്നം ഇല്ലാതെ വീട്ടുകാർ പോകുന്നത് കൊണ്ട് നമുക്ക് സമാധിക്കാം……പക്ഷെ…….”
” രഞ്ജുവേട്ടാ ”
” നിന്നെ പേടിപ്പിക്കാൻ പറഞ്ഞത് അല്ല ചിത്ത
അവളോട് ഞാൻ പറഞ്ഞിരിക്കുന്നത് അച്ഛനും അമ്മയ്ക്കും ഒക്കെ നമ്മളെ മനസിലാകും അവർ നമ്മുടെ ഇഷ്ടത്തിന് കൂടെ നിൽക്കും എന്നൊക്കെ ആണ്
പക്ഷെ ഓരോന്ന് ഓർക്കുമ്പോൾ പേടി ആകുന്നു ”
” വീട്ടുകാർ സമ്മതിച്ചില്ലേൽ നമ്മൾ എന്ത് ചെയ്യും ഏട്ടാ
എല്ലാം അറിഞ്ഞുവെച്ചു കൊണ്ട് തന്നെ ഒരു പെൺകുട്ടിയുടെ ജീവിതം നശിപ്പിക്കാൻ പറ്റുമോ ”
” പേടിക്കണ്ടട നി… ആരും സമ്മതിച്ചില്ലേൽ നമ്മുക്ക് ഈ നാട്ടിൽ നിന്ന് തന്നെ പോകാം
നമ്മളെ പോലെ ഉള്ളവർക്ക് സ്വസ്ഥമായി ജീവിക്കാൻ പറ്റുന്ന ഒരിടത്തേയ്ക്ക് ”
” ഏട്ടൻ വീട്ടിൽ പറയാൻ തന്നെ തീരുമാനിച്ചോ ”
” പറയണം ചിത്ത…. എത്രെയും പെട്ടന്ന്
നിനക്ക് എന്താടാ പേടിക്കാൻ ഇരിക്കുന്നെ
അവിടെ അതൊക്കെ അറിയാവുന്നത് അല്ലെ ”
” എനിക്ക് ഏട്ടന്റെ കാര്യം ഓർത്ത് ആണ് പേടി….. ഏട്ടനെ നഷ്ടപ്പെടുമോ എന്ന് ഓർത്ത്
എവിടെയെങ്കിലും ആരെങ്കിലും ഒക്കെ രണ്ട് മൂന്ന് പേർ നമ്മളെപ്പോലെ ഉള്ളവരെ അംഗീകരിച്ചെന്ന് കരുതി എല്ലാവരും അങ്ങനെ ആയിരിക്കണമെന്നില്ല ഏട്ടാ ”
” നിനക്ക് നല്ല പേടി ഉണ്ടല്ലേ ചിത്ത ”
” പിന്നെ പേടി ഇല്ലാതെ ഇരിക്കുമോ ഏട്ടാ
അത് മാത്രമേ ഒള്ളു എനിക്ക്
ഏട്ടന്റെ അച്ഛനും അമ്മയും ഏട്ടനെ ആദ്യം മനസ്സിലാക്കണം…. ശേഷം നമ്മളെ രണ്ടുപേരെയും അംഗീകരിക്കണം
അത്ര പെട്ടന്ന് ഒന്നും അവർ നമ്മൾ ഗേ ആണെന്ന് സമ്മതിച്ചു തരില്ല ഏട്ടാ ”
ചിത്തൻ രഞ്ജുവിന് നേരേ തിരിഞ്ഞിരുന്ന് രാജുവിന്റെ രണ്ട് കൈകളും അവന്റെ നെഞ്ചിലേയ്ക്ക് ചേർത്തു വെച്ച്.
” ഇനി അവർ സമ്മതിച്ചില്ലേലും എത്ര നാൾ വേണമെങ്കിലും ഞാൻ ഏട്ടന് വേണ്ടി കാത്തിരിക്കും
എന്നെ ഒറ്റയ്ക്കാക്കല്ലേ രഞ്ജു ഏട്ടാ ”
അത്രെയും പറഞ്ഞപ്പോഴേക്കും ചിത്തന്റെ സ്വരം ഇടറിയിരുന്നു. അതിൽ കൂടുതലൊന്നും രഞ്ജുവിനും പിടിച്ചുനിൽക്കാൻ പറ്റിയില്ല.
കടൽക്കാറ്റേറ്റ് പുണർന്നുനിന്നുകൊണ്ട് രഞ്ജുവും ചിത്തനും ഒറ്റയ്ക്കാക്കില്ല എന്ന് പരസ്പരം വാക്കുനൽകി.
…………………………
പിന്നീട് ഉള്ള ദിവസങ്ങളിൽ രഞ്ജു ആകെ ടെൻഷനിൽ ആയിരുന്നു. വീട്ടിൽ എങ്ങനെ താൻ ഒരു ഗേ ആണെന്ന് തുറന്നു പറയും. അവന് ആകെപ്പാടെ ഒരു ഉൾഭയം ആയിരുന്നു.
എന്തും സംഭവിക്കട്ടെ എന്ന് കരുതി രഞ്ജു ആദ്യം തന്നെ അവന്റെ അച്ഛനോട് സംസാരിക്കാൻ തീരുമാനിച്ചു. അവർ അംഗീകരിക്കുമെന്ന് യാതൊരുവിധ പ്രതീക്ഷയും ഇല്ലായിരുന്നെങ്കിലും എവിടെയൊക്കെയോ ഒരു ചെറിയ വിശ്വാസം ഉണ്ടായിരുന്നു.
തന്റെ അച്ഛനും അമ്മയും അല്ലെ…. അവർ അല്ലാതെ വേറെ ആര് തന്നെ മനസ്സിലാക്കും.
പക്ഷെ അല്പനേരത്തേയ്ക്ക് മാത്രമേ അവരിലുണ്ടായിരുന്ന വിശ്വാസം രഞ്ജുവിന് നിലനിന്നൊള്ളു.രഞ്ജുവിന്റെ അച്ഛൻ അത് അപ്പോൾ തന്നെ അവന്റെ അമ്മയോട് പറഞ്ഞു.
പിന്നീട് അങ്ങോട്ട് രഞ്ജു കണ്ടത് അച്ഛന്റെയും അമ്മയുടെയും ഇതുവരെ കാണാത്ത വിവിധ ഭാവങ്ങൾ ആയിരുന്നു.
ആദ്യം ഉപദേശത്തിൽ തുടങ്ങി പിന്നീട് അങ്ങോട്ട് അപേക്ഷയും കരച്ചിലും ശാസനയും അവസാനം അത് ആജഞയിൽ എത്തി. എന്നിട്ടും അവരുടെ വഴിക്ക് രഞ്ജു വരാതെ ഇരുന്നപ്പോൾ അവനെക്കൊണ്ട് ഒരു കല്യാണം കഴിപ്പിക്കാം എന്ന് അവർ തീരുമാനം എടുത്തു.
അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ പിന്നെ ഈ വീട്ടിൽ താൻ കാണില്ല എന്ന് രഞ്ജു ഉറപ്പിച്ചു പറഞ്ഞു. അവർ ആയി തന്നെ മനസ്സിലാക്കട്ടെ എന്ന് കരുതി രഞ്ജു ആദ്യം ഒക്കെ അവരുടെ കൂടെ നിന്നെങ്കിലും പൂജകളുടെയും വഴിപാടുകളുടെയും എണ്ണം കൂടുകയല്ലാതെ യാതൊരു മാറ്റവും തനിക്ക് ഉണ്ടാകില്ല എന്ന് രഞ്ജുവിന് അറിയാമായിരുന്നതുകൊണ്ടും അവൻ അതിൽ നിന്ന് ഒഴിഞ്ഞുമാറി.
ഇത് ഇങ്ങനെ തുടർന്നുകൊണ്ട് പോയാൽ ശെരിയാകില്ല എന്ന് രഞ്ജുവിന് തോന്നി. ആയതിനാൽ തന്നെ എത്രെയും പെട്ടന്ന് ചിത്തന്റെ കാര്യം അവരോട് പറയാം എന്ന് തന്നെ അവൻ കരുതി. അച്ഛന്റെയും അമ്മയുടെയും അടുത്തേയ്ക്ക് സംസാരിക്കാൻ ചെന്നപ്പോൾ ആയിരുന്നു രഞ്ജു അവരുടെ സംസാരം കേൾക്കുന്നത്.
” ഏട്ടാ അങ്ങനെ ഒന്നും ആയിരിക്കില്ല…. അത് വേണോ….. അവൻ നമ്മുടെ മോൻ അല്ലെ….. നമുക്ക് അവനെ പറഞ്ഞു തിരുത്താം ”
” നി എന്തൊക്കെയാ ഈ പറയുന്നേ…. അങ്ങനെ പറഞ്ഞാൽ ഒന്നും അവൻ മാറാൻ പോകുന്നില്ല……
ഞാൻ പറഞ്ഞപോലെ തന്നെ ആണ് കാര്യങ്ങൾ എനിക്ക് ഉറപ്പ് ആണ് ”
” ഏട്ടൻ എന്താ പറഞ്ഞുവരുന്നത്….. അവനെ ഭ്രാന്താശുപത്രിയിൽ ആക്കാനോ ”
” അതെ അങ്ങനെ തന്നെ…. എനിക്ക് ഉറപ്പ് ഉണ്ട്….. അവന് ആരോ മയക്കുമരുന്ന് കൊടുത്ത് ഇങ്ങനെ ആക്കിയത് ആണ്… അല്ലാതെ പെട്ടന്ന് ഒന്നും അവൻ ഇങ്ങനെ പറയില്ല….. ഞാൻ അന്വേഷിച്ചു ചെറുതായി ഒന്ന്……. അവന്റെ കൂട്ട് ഒന്നും ശെരിയല്ല….. അവന്റെ കൂട്ടുകാർക്ക് എല്ലാം ഇത് തന്നെ ആണ് പണി… ഇതിന്റെ ഒരു ലോബി തന്നെ ഉണ്ടെന്ന് അവർക്ക്…. ഇങ്ങനെ മയക്കുമരുന്ന് കൊടുത്ത് അവരുടെ മൈൻഡ് മാറ്റി വീട്ടിൽ നിന്ന് ചാടിച്ച് ഈ നാട്ടിൽ നിന്ന് കടത്തുന്നത് ആണ് അവരുടെ പരിപാടി…”
” അങ്ങനെ ഒന്നും ഇല്ലായിരിക്കും ഏട്ടാ
വെറുതെ ആൾക്കാർ പറയുന്നത് ആണ്…. അവൻ നമ്മുടെ മോൻ അല്ലെ.. ”
” നി ഇനി ഇങ്ങോട്ട് ഒന്നും പറയണ്ട… ഞാൻ ഒക്കെ തീരുമാനിച്ചിട്ടുണ്ട്….. ഇനിയിപ്പോ അവൻ അങ്ങനെ തന്നെ ആണെങ്കിലും അത് അംഗീകരിച്ചു കൊടുക്കാൻ എനിക്ക് പറ്റില്ല….. നാട്ടുകാരോടും വീട്ടിക്കാരോടും ഒക്കെ എന്ത് പറയും.,…. എല്ലാവർക്കും മറുപടി കൊടുക്കേണ്ടത് ഞാൻ ആണ്…. ”
” എന്നാലും ഏട്ടാ… ”
“‘ നി ഇനി ഒന്നും പറയണ്ട….
ഞാൻ ഒക്കെ തീരുമാനിച്ചിട്ടുണ്ട്…. ആരും അറിയാൻ ഒന്നും നിൽക്കണ്ട… നാളെ തന്നെ അവനെക്കൊണ്ട് നമ്മൾ പോകുന്നു
വെറുതെ ഒന്ന് സക്കറിയ ഡോക്ടറേ കാണാൻ ആണെന്ന് പറഞ്ഞാൽ മതി അവനോട്
യാതൊരു വിധ സംശയവും അവന് ഉണ്ടാകാതെ നി അതൊന്ന് കൈകാര്യം ചെയ്ത് അവനെ സമ്മതിപ്പിക്കണം ”
” ഏട്ടാ ഹോസ്പിറ്റലിൽ ഒക്കെ കൊണ്ടുപോയാൽ…..”
” കൊണ്ടുപോയാൽ എന്താ…. വേറെ പ്രശ്നം ഒന്നും ഉണ്ടാകില്ല
സക്കറിയ പറഞ്ഞത് കുറച്ച് നാൾ ഒന്ന് അവിടെ ചികിൽസിച്ചാൽ മാറും എന്ന
പിന്നെ ഒരു കാര്യം പുറത്ത് ആരും ഇത് അറിയരുത്…. പ്രത്യേകിച്ച് നമ്മുടെ കുടുംബത്തിൽ ഉള്ള ആരും…. അല്ലേലും വെളിയിൽ പറയാൻ കൊള്ളുന്ന കാര്യം ആണോ ഇത്….. നാണക്കേട് കാരണം പുറത്ത് ഇറങ്ങാൻ പറ്റില്ല… പിന്നെ
അവന് പ്രേമിക്കാൻ പെണ്ണുങ്ങളെ ഒന്നും നാട്ടിൽ കിട്ടാഞ്ഞിട്ടാണോ ഇമ്മാതിരി പണിക്ക് പോകുന്നെ….. ”
ഇതെല്ലാം കേട്ടുകൊണ്ട് ആകെ തകർന്ന അവസ്ഥയിൽ രഞ്ജു നിന്നു. അവസാനം ഒരു തീരുമാനം എടുത്ത് ചിത്തനെ കാൾ ചെയ്ത് മുറിയിലേയ്ക്ക് നടന്നു.
” ഹലോ ചിത്ത ഇങ്ങോട്ട് ഒന്നും ഇപ്പൊ പറയണ്ട നി…
ഞാൻ പറയുന്നത് സമാധാനത്തോടെ കേൾക്കണേ നി
പെട്ടന്ന് ആവശ്യമുള്ള സാധനങ്ങൾ ഒക്കെ പാക്ക് ചെയ്ത് വീട്ടിൽ നിന്ന് ഒരു പന്ത്രണ്ട് മണി കഴിയുമ്പോൾ ഇറങ്ങണം…,.ഞാനും ഇറങ്ങും അപ്പോഴേക്കും……
ആരോടും തത്കാലം ഒന്നും പറയാൻ നിൽക്കണ്ട ”
” രഞ്ജുവേട്ട പ്രശ്നം ആണോ ”
” ചിത്ത പറഞ്ഞിരിക്കാൻ സമയം ഇല്ല
വേഗം പാക്ക് ചെയ്യാൻ നോക്ക്
നിന്റെ സർട്ടിഫിക്കേറ്റ്സ് ഒന്നും എടുക്കാൻ മറക്കരുത്……. പിന്നെ എല്ലാ രേഖകളും
വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുൻപ് ഞാൻ നിന്നെ വിളിച്ചോളാം ”
വീണ്ടും ചില കാര്യങ്ങൾ സംസാരിച്ചുറപ്പിച്ചതിന് ശേഷം അവർ വിളി അവസാനിപ്പിച്ചു.
അങ്ങനെ അച്ഛനും അമ്മയും ഒക്കെ ഉറങ്ങാൻ ആയി രഞ്ജു കാത്തിരുന്നു. അവരെക്കുറിച്ച് ഓർക്കുമ്പോൾ രഞ്ജുവിന് മനസ്സ് പിടഞ്ഞു. എന്നിരുന്നാലും അവർ തന്നെ മനസ്സിലാക്കിയില്ലല്ലോ എന്ന് ഓർക്കുമ്പോൾ അവന് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.
ആരും അറിയാതെ ബാൽക്കണി വഴി വീടുവിട്ടിറങ്ങുമ്പോൾ ഒന്ന് തിരിഞ്ഞുനോക്കാതിരിക്കാൻ അവന് കഴിഞ്ഞില്ല.
ചിത്തനോട് കാത്തുനിൽക്കാൻ പറഞ്ഞ സ്ഥലത്ത് അവൻ നിൽപ്പുണ്ടായിരുന്നു. വേഗം തന്നെ അവനെ കൂട്ടി റെയിൽവേ സ്റ്റേഷനിലേക്ക് ചെന്നു. ഭാഗ്യം കൊണ്ട് പൂനയ്ക്ക് ഉള്ള ട്രെയിൻ ആ സമയത്ത് ഉണ്ടായിരുന്നു. യാത്രയ്ക്കിടയിൽ എല്ലാ കാര്യങ്ങളും ചിത്തനോട് പറഞ്ഞു കരയുമ്പോൾ അവനും തങ്ങളുടെ അവസ്ഥ ഓർത്ത് സങ്കടം തോന്നി.
നാട്ടിൽ നിന്ന് രക്ഷപെടുമ്പോൾ എങ്ങനെയെങ്കിലും സുരക്ഷിതമായി ഒരിടത്തെത്തണമെന്ന് മാത്രമേ ചിത്തനും രഞ്ജുവിനും ഉണ്ടായിരുന്നുള്ളു. ആദ്യം തന്നെ അവർ അവരുടെ ഫോണുകൾ നാട്ടിൽ തന്നെ ഉപേക്ഷിച്ചിരുന്നു. പൂനയ് വന്ന് പുതിയ ഫോണും സിമ്മും വാങ്ങി. രണ്ടുപേരും പഠിച്ചത് പൂനയ് ആയതുകൊണ്ട് തന്നെ തത്കാലം താമസിക്കാനുള്ള സൗകര്യം ഒക്കെ പെട്ടന്ന് തന്നെ കിട്ടി. അധികം താമസിക്കാതെ തന്നെ രണ്ടുപേരും പാരീസിലേക്ക് യാത്ര ആയി.
ആരുടേയും കുറ്റപ്പെടുത്തലോ പരിഹാസങ്ങളോ ഒന്നും തന്നെ ഇല്ലാതെ സ്വസ്ഥമായി അവർ ജീവിച്ചു. എങ്കിലും വിങ്ങലായി അച്ഛനും അമ്മയും മനസ്സിനുള്ളിൽ അങ്ങനെ തന്നെ കിടപ്പുണ്ടായിരുന്നു. എന്നെങ്കിലും അവരെ അവരായി മനസ്സിലാക്കി കൂടെച്ചേർക്കുമെന്ന ശുഭപ്രതീക്ഷയോടെ…..
ശുഭം
Wonderful ✌️ 🥰