ചിന്തകൾ ഒരു കനലു പോലെ ഉള്ളിൽ നീറി പുകഞ്ഞു തുടങ്ങി, അവറ്റകൾ ഇടയ്ക്ക് കുത്തിനോവിക്കാറുള്ളതുപോലെ പതിവു തെറ്റിക്കാതെ തുടർന്നു. എങ്ങനെയെങ്കിലും ഇതിനൊരു അവസാനം ഉണ്ടാകുമെന്ന പ്രതീക്ഷയോടെ എല്ലാ ദിവസവും ജീവിച്ചുകൊണ്ടിരുന്നു എന്നാൽ ഇതിപ്പോൾ അസ്സഹനീയമായി തുടങ്ങിയിരിക്കുന്നു.
ആശ്വാസവാക്കുകളും പൂച്ചെണ്ടുകളും മാത്രമായിരുന്നു മറ്റുള്ളവരിൽ നിന്നും ലഭിക്കുന്നത്, എന്നാൽ ഇതിനൊരു പരിഹാരം ഒരു മനുഷ്യജീവിയുടെയും കയ്യിൽ ഇല്ലാരുന്നു. “എന്തുകൊണ്ടാണ് ദൈവമേ ഇതിനു മാത്രം ഉത്തരം ഇല്ലാത്തത്? ”
എല്ലാ ദിവസത്തെയും പ്രാർത്ഥന പോലും ഒരു ചോദ്യമായിരുന്നു!!! ഇത് കേട്ടു മടുത്തിട്ടാകണം ചുമരിലെ ചില്ലിട്ട ചിത്രങ്ങളൊക്കെയും വീട്ടിലെ തലമൂത്ത ചിലന്തിയുടെ സഹായത്തോടെ വലയുടെ മറവിൽ ഒളിച്ചിരിക്കുന്നത്.
ദൈവങ്ങളൊക്കെയും ഇത്രയും ഭയന്നതുകൊണ്ട് തന്നെ ഞാൻ ആഴ്ചയിൽ രണ്ടുവട്ടം മാത്രം കഠിനമായ പ്രാർത്ഥനയിൽ മുഴുകി, ബാക്കി അഞ്ചു ദിവസവും അവരെ ചുമരിൽ അന്തസോടെ ജീവിക്കാൻ അനുവദിച്ചു. എങ്കിലും എന്റെ ഉറക്കം പോലും കളയുന്ന ചിന്തകൾ…അതിൽ നിന്നും എങ്ങനെ രക്ഷനേടാം എന്ന് മാത്രം ഉത്തരമില്ലാതെ തുടർന്നു.
ഒരു ദിവസമെങ്കിലും സമാധാനമായി കിടന്നുറങ്ങണം. അതൊരു വാശിയായി പതിയെ മാറി തുടങ്ങിയിരുന്നു. വീട്ടിലെ ഈ ഒറ്റപ്പെട്ട ജീവിതം അതിനൊരു കാരണമാണ്, ശരിയാണ് പക്ഷെ എത്ര ശ്രമിച്ചിട്ടും ഈ വീടിനു പുറത്തേയ്ക്ക് ഇറങ്ങാൻ കഴിയുന്നില്ല. ഈ സങ്കടം ആരോടെങ്കിലും പറയാമെന്നു വിചാരിച്ചാൽ ആരും ഇങ്ങോട്ട് വരുന്നുമില്ല. വീടിനുള്ളിൽ പല വസ്തുക്കളും ആ കള്ള ചിലന്തിയും കൂട്ടരും വല നെയ്തു മറച്ചു വെച്ചിരിക്കുന്നത് കാണുമ്പോൾ വല്ലാത്ത സങ്കടം തോന്നും അപ്പോൾ വായിൽ തോന്നിയതൊക്കെ വിളിച്ചുപറയും, എന്തോ അവറ്റകൾക്ക് എന്നെ വലിയ പേടിയായത് കൊണ്ട് അപ്പോൾ എവിടേലും ഒളിച്ചിരിക്കും.
” അല്ലയോ ചിലന്തി, എന്തിനാണ് ഇങ്ങനെ പേടിക്കുന്നത്!!! ഞാൻ ദേഷ്യം വരുമ്പോൾ പറയുന്നതൊക്കെയും കാര്യമായെടുക്കണ്ട. നിങ്ങൾ മാത്രമാണ് എനിക്കിപ്പോൾ ആകെയുള്ള സുഹൃത്തുക്കൾ. സുഹൃത്തുക്കളെ ആരെങ്കിലും ഉപദ്രവിക്കുമോ??? കൊല്ലുമോ???
ഇല്ല… എന്റെ അറിവിൽ ഇല്ല!!! ”
ഇങ്ങനെ അലറിവിളിച്ചിട്ടു പോലും അവറ്റകൾ പുറത്തേയ്ക്ക് വന്നില്ല. മനുഷ്യർക്കില്ലാത്ത, ദൈവങ്ങൾക്കില്ലാത്ത ഉത്തരം ഇനി ഇവറ്റകളുടെ കയ്യിലുണ്ടാകുമോ എന്ന സംശയം കൊണ്ട് തന്നെയാണ് ഇങ്ങനെ കൂടി ചെയ്തു നോക്കിയത്. അതും ഗുണമുണ്ടായില്ല.
“ദേ ഇതാണ് സ്ഥലം, വീട് ഒന്ന് പൊടിതട്ടി എടുത്താൽ പിന്നെ പറയുന്ന വിലയാ… സെന്റിന് ഒരു നാല് ലക്ഷമാണെങ്കിൽ നമുക്ക് ഇന്ന് തന്നെ ഉറപ്പിക്കാം ”
വീടിനു പുറത്തു നിന്നും ബ്രോക്കർ കടുപ്പിച്ചു പറഞ്ഞു നിർത്തി
” അല്ല ഇവിടെ എന്തൊക്കെയോ പ്രശ്നമുണ്ടെന്ന് ഒന്നുരണ്ടു പേര് പറഞ്ഞിരുന്നല്ലോ… ”
കൂടെ വന്നാളുടെ ചോദ്യത്തിന് ഇടയ്ക്ക് കയറി ബ്രോക്കർ മറുപടി കൊടുത്തു
” അവർക്ക് വേറെ പണി വല്ലതും വേണ്ടേ, ഇങ്ങനെ എന്തൊക്കെ പറയാൻ പറ്റും. ഇതൊക്കെ കേട്ട് ഇത് വേണ്ടെന്ന് വെച്ചാൽ നിങ്ങൾക്കാ നഷ്ട്ടം. ആലോചിച്ചു നോക്ക് ”
പുറത്തു നിൽക്കുന്ന രണ്ടാളുകളെയും ഞാൻ മാറി മാറി വിളിച്ചു, ഇവരൊന്നും ഞാൻ വിളിക്കുന്നത് കേൾക്കാത്തത് പോലെ അഭിനയിക്കുവാണോ?? വീണ്ടും എന്റെ ചിന്തകൾക്കിടയിലേക്ക് പുതിയൊരെണ്ണം കൂടി കടന്നുകൂടി!!! ഇവയൊക്കെ എന്നെ വല്ലാതെ വേദനിപ്പിക്കുന്നു…
അവര് രണ്ടാളും കാറിൽ കയറി പോകുന്നത് ഞാൻ മാറാല നിറഞ്ഞ ജനലിലൂടെ നോക്കി നിന്നു… ഒരു കാര്യവുമില്ലാതെ ഭിത്തിയിൽ ഇരുന്ന പല്ലി വല്ലാതെ ചിലച്ചുകൊണ്ടിരുന്നു, ഇനിയിപ്പോൾ എന്റെ സുഹൃത്തിനെ ഭക്ഷണമാക്കിയിട്ടുള്ള കൊലവിളി ആയിരിക്കുമോ??