“ആരാടാ നൗഫലേ ഇതു ഐഫോൺ ലെവൻ ഒക്കെയായി ഒരു ആറ്റം ചേച്ചി? ”
“അത് ഇവിടുത്ത സ്ഥിരം കസ്റ്റമറാ കിരണേ. ആശചേച്ചി.! റീചാർജിനും എന്ത് റിപ്പയറിനും ഇവിടെയെ വരൂ. ചേച്ചിയുടെ ഭർത്താവ് ഗൾഫിലാ. ചേച്ചിയും അവിടെ തന്നെയായിരുന്നു. കുട്ടികൾ വലുതായപ്പോൾ അവരുടെ വിദ്യാഭ്യാസം അവിടെ താങ്ങാനാവാതെ തിരുച്ചുപോന്നതാ. ഞാനുമായിട്ടു നല്ലടുപ്പമാ. കഴിഞ്ഞ ഓണത്തിന് ചേച്ചി നമുക്ക് പായസം ഒക്കെ കൊണ്ടു തന്നിരുന്നു.”
“നിങ്ങൾ തമ്മിൽ അത്രയും അടുത്ത ബന്ധമാണോ?”
“അതെ. എനിക്ക് എന്റെ റസിയതാത്തയെ പോലെത്തന്നെയാണ് ഈ ചേച്ചിയും.”
“നിന്നെയൊക്കെ എന്തിനുകൊള്ളാം? ഇത്രയും നല്ല ചേച്ചിയുടെ നമ്പർ ഉണ്ടായിട്ട്, അത് വേണ്ടവിധം ഉപയോഗിക്കാനറിയില്ല! മണ്ടൻ! നീ ആ നമ്പർ ഇങ്ങു തന്നെ.”
“കിരണേ! നീ ആളും തരവും നോക്കാതെ എല്ലാവരെയും ഒരേ കണ്ണ് കൊണ്ടു കാണരുത്. അവർ നീ വിചാരിക്കും പോലുള്ള ഒരാളല്ല.”
“നിനക്കെന്തറിയും ഈ പെണ്ണുങ്ങലേ പറ്റി? നീ ഈ കാര്യത്തിൽ ശിശു!”
“അത് എന്തോ ആയിക്കോട്ടെ. എനിക്ക് പണിയുണ്ട്, നീ പോയി പിന്നെ വാ.”
പത്തു ദിവസങ്ങൾ കഴിഞ്ഞു ഒരു ഞായറഴ്ച.
ലീവ് ആയതുകൊണ്ട് നൗഫൽ വിസ്തരിച്ചുറങ്ങുകയാണ്, കൂടാതെ നല്ല തണുപ്പും. മൊബൈൽ തുരുതുരെ അടിച്ചു കൊണ്ടേ ഇരുന്നു. മറുവശത്തെ ആലേ ശപിച്ചു കൊണ്ടാണ് ഫോൺ എടുത്തത്. മറുവശത്തതു ഇടറിയ ശബ്ദത്തിൽ ഒരാൾ. “ഇതു ഞാനാടാ നൗഫലേ. ഞാൻ പോലീസ് സ്റ്റേഷനിൽ ആണ്. നീയൊന്നു ജാമ്യത്തിലെടുക്കാൻ ഇവിടെ വരെ ഒന്നു വരണം.” പറഞ്ഞു പൂർത്തിയാക്കും മുൻപേ, മതിയെടാ നിന്റെ ഫോൺ വിളി എന്നു പറഞ്ഞു ആരോ ബലമായി ഫോൺ കട്ടാക്കിയതായി നൗഫലിന് മനസ്സിലായി.
എന്ത് ചെയ്യാം ചെറുപ്പത്തിലേ ഉള്ള ചെങ്ങായി ആയി പോയില്ലേ? പോകാതിരിക്കാൻ പറ്റുമോ? വേഗം തന്നെ കുളിച്ചു റെഡിയായി അങ്ങോട്ടുവിട്ടു. പോലീസ് സ്റ്റേഷനിൽ എത്തുമ്പോഴേ മനസ്സിലായി സംഗതി അത്ര പന്തിയല്ല എന്ന്!
“നീയാണോടാ ഇവനെ ജാമ്യത്തിലിറക്കാൻ വന്നത്? നീയും ഇവനെപ്പോലെ തന്നെ അലവലാതി ആയിരിക്കും അല്ലെ? ഇവന്റെ ഒക്കെ വിചാരം ലോകത്തുള്ള ഗൾഫുകാരന്റെ ഭാര്യമാർ മൊത്തം ഓരൊരു ആണുങ്ങലേയും പ്രതീക്ഷിച്ചിരുപ്പാണെന്നാണ്. അതുകൂടാതെ അവൾക്ക് ഇച്ചിരി മുന്നും പിന്നും കാണാൻ കൊള്ളാവുന്നതാണെങ്കിൽ തീർന്നു, അവള്പോക്കാട, അവളുടെ നടത്തം കണ്ടാൽ അറിയാം… അവളുടെ നോട്ടം കണ്ടാൽ അറിയാം ഒരു വശപ്പെശക്,, തുടങ്ങി ഇവന്മാരുടെ നൂറുകൂട്ടം പരദൂഷണങ്ങൾ ആയി, കഴുവേറീടെ മക്കൾ.. ഇവന്റെ സഹോദരി ഗൾഫുകാരനെ കല്യാണം കഴിച്ചാൽ അവളും അങ്ങനത്തെ ഒരുത്തിയായിട്ടാണോ അവൻ കാണുക?”,
S I നല്ല കലിപ്പിലാണ്. എന്തോ അടങ്ങാത്ത അമർഷം അവനോടു ഉള്ളത് പോലെ. രണ്ടു സ്റ്റെപ്പുകൂടി വെച്ച് അവന്റടുത്തേക്കുചെന്നു.
ഇപ്പോഴാണ് അവനെ ശരിക്കുമൊന്നു നോക്കുന്നത്. നല്ലവണ്ണം ആരൊക്കെയോ പെരുമാറിയിട്ടുണ്ട്. മുഖം വീങ്ങിയിട്ടു രണ്ടു കണ്ണും അവനു ശരിക്കും കാണുന്നില്ലെന്ന് തോന്നി.
“നീ എന്തു പരിപാടിയാ എടുത്തത്? നിന്നോട് ഞാൻ പലവട്ടം പറഞ്ഞതല്ലേ നിന്റെ ഇജ്ജാതി പരിപാടികളൊക്കെ നിർത്തിക്കോ എന്ന്! ഇപ്പൊ നല്ലവണ്ണം കിട്ടില്ലേ? ഇനി നീ പഠിച്ചോളും!” ശരിക്കു സംസാരിക്കാനൊന്നും പറ്റുന്നില്ലെങ്കിലും കിരൺ ചോദിച്ചു.
“നീയിതു വീട്ടിൽ പറഞ്ഞില്ലാലോ അല്ലെ? അവരറിഞ്ഞാൽ പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമില്ല. അതാ നിന്നെ തന്നെ വിളിച്ചത്.”
“ഇതൊക്കെ നീ ഇപ്പോഴാണോ ആലോചിക്കുന്നത് ? വീടിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ചിന്തയുള്ളവനൊന്നും ഇങ്ങനത്തെ വൃത്തികെട്ട പണിക്ക് പോകില്ല. എന്തായാലും ഞാൻ S I സാറിനോട് ഒന്ന് സംസാരിച്ചു നോക്കട്ടെ.”
S I യുടെ റൂമിലേക്ക് ചെല്ലുമ്പോൾ അവരുടെ മുൻ സീറ്റിൽ ആശ ചേച്ചി ഇരിക്കുന്നു. അവരെ കണ്ടപ്പോൾ തന്നെ പകുതി ചത്തു. പടച്ചോനെ ഇവൻ ഇവരോടാണോ ഇങ്ങനെ പെരുമാറിത്. അവരുടെ മുഖത്തു പഴയ സ്നേഹമൊന്നും കാണാനില്ല.
“നീയാണല്ലേ അവനു നമ്പർ കൊടുത്തത്?” ആശചേച്ചിയുടെ ചോദ്യം.
“അല്ല ചേച്ചി, ഞാൻ അറിയാത്ത കാര്യമാണ്. അവൻ ഞാൻ അറിയാതെ എടുത്തതാവാം.”
“ശരിയാണോടാ? നീയാണോ അവനു നമ്പറകൊടുത്ത്?” ,S I യുടെ ഗംഭീര ശബ്ദം.
“അല്ല സർ.”
പിന്നെയും S I വിരട്ടാൻ തുടങ്ങിയപ്പോൾ ചേച്ചി കയറി ഇടപെട്ടു.ഇവനെങ്ങനെ ചെയ്യില്ല സർ. എനിക്ക് വർഷങ്ങളായി അറിയുന്ന കുട്ടിയാണ്. തുടർന്ന് ചേച്ചി ഓരോ കാര്യങ്ങളായി പറഞ്ഞപ്പോൾ ഞെട്ടലോടു കൂടിയാണ് കേട്ടിരുന്നത്.
“ഒരു പാടുനാളായി മിസ്സ്ഡ് കോൾ വരുന്നുണ്ട്, രാത്രി പതിനൊന്നിന് ശേഷം. അത് മൈൻഡ് ചെയ്യാതായപ്പോൾ പിന്നെ അശ്ളീല മെസ്സേജുകളും വീഡിയോ ഒക്കെ വരാൻ തുടങ്ങി! അപ്പോഴാണ് ഇവനെ ഇങ്ങനെ വിട്ടാൽ പോരാ എന്നു തോന്നിയത്. ഇങ്ങനെ വിളിക്കുന്ന നമ്പർകാരൊക്കെ സ്വന്തം ഐഡിയിൽ സിം എടുക്കാൻ തുനിയില്ല എന്നുമറിയാം. ഒരു ദിവസം അവന്റെ കോൾ അറ്റൻഡ് ചെയ്തു രാത്രി പതിനൊന്നിന് വീട്ടിൽ വരാൻ പറഞ്ഞു. അപ്പോൾ തന്നെ അടുത്ത വീട്ടിലെ ആൾക്കാരോടും അനിയനോടും കാര്യം ധരിപ്പിച്ചു.”
“ആള് കൃത്യമായി പതിനൊന്നു മണിക്കുതന്നെ വന്നു. ആദ്യത്തെ അടി അവന്റെ മുഖം നോക്കി ഞാൻ തന്നെ കൊടുത്തു. പിന്നെ പറയണ്ടല്ലോ നാട്ടുകാരും അനിയനും അവന്റെ സുഹൃത്തുക്കളും ശരിക്കും നന്നായി പെരുമാറി. അനിയൻ, അവൻ പണ്ടേ ഒരു ചൂടനാ. പോലീസ് വന്നു പിടിച്ചു വെക്കുമ്പോഴും എത്രതല്ലിയിട്ടും മതിയാവാത്ത ദേഷ്യത്തിൽ അവൻ പിന്നെയും അവന്റെ പിറകെ ജീപ്പ് വരെ ഓടുന്നുണ്ടായിരുന്നു.”
എന്തു പറയണം എന്നറിയാത്ത അവസ്ഥ. ഉമ്മയ്ക്ക് അസുഖം വന്നപ്പോൾ വീട്ടിൽ വന്നു രണ്ടായിരം രൂപ ഉമ്മയെ ഏല്പിച്ചു പോയ ആളാണ് ചേച്ചി. ചേച്ചിക്ക് ഞാൻ ശരിക്കും അനിയനെ പോലെ ആയിരുന്നു. മൊബൈലിൽ റീചാർജ് ചെയ്യാനൊക്കെ എന്റെ മൊബൈലിൽ വിളിച്ചു പറയാറാണു പതിവ്. അന്ന് സമയം കെട്ട സമയത്തു ചേച്ചി വന്നപ്പോൾ കൃത്യമായി ഇവനുണ്ടവിടെ. ഞാൻ അവിടുന്ന് മാറിയപ്പോൾ നമ്പർ ഞാൻ കാണാതെ എടുത്തതാവും. അതാവാനേ വഴിയുള്ളു. ഓർക്കുന്തോറും അവനോടുള്ള ദേഷ്യം കൂടിക്കൂടി വന്നു.
“സർ ഞാൻ അവനെ ജാമ്യത്തിൽ എടുക്കുന്നില്ല! ഞാൻ പോകുവാ” എന്നു പറഞ്ഞു അവിടെ നിന്നും എഴുന്നേറ്റു അവന്റെ അടുത്തേക്ക് നടന്നു.
“ഞാൻ പോകുവാ. എനിക്ക് നിന്നെ ജാമ്യത്തിൽ എടുക്കാൻ പറ്റില്ല. നീ എന്നെ പറ്റിച്ചാണ് ഈ നമ്പർ എടുത്തു ഈ പൊല്ലാപ്പൊക്കെ ഉണ്ടാക്കിയത് എന്ന് ഇപ്പോഴാ അറിഞ്ഞത്. ഇനി എന്റെ കടയുടെയോ വീട്ടിന്റെയോ പരിസരത്തു നിന്നെ കാണാൻ പാടില്ല. നിന്നെയൊക്കെ എങ്ങനെ വിശ്വസിച്ചു വീട്ടിൽ കയറ്റും. നിനക്കറിയാലോ എനിക്കുമുണ്ട് ഗൾഫിൽ ഭർത്താവുള്ള ഒരു ചേച്ചി. നിന്റെ ഈ സ്വാഭാവം വെച്ച് നീ നാളെ അവരോടു ഇങ്ങനെയും പെരുമാറില്ല എന്ന് ആരു കണ്ടു? അതു കൊണ്ടു നീയുമായുള്ള സൗഹൃദം ഇന്നോടെ നിർത്തുന്നു, ഗുഡ്‌ബൈ!”
Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?