2022 ഓഗസ്റ്റ് 17 പ്രഭാതം. സമയമറിയാനായി മൊബൈല്‍ തുറന്നതും ചിങ്ങം വന്നു ‘പിറന്നിരിയ്ക്കുന്നു’ എന്നറിയിക്കുന്ന വീഡിയോ വാട്ട്സപ്പ് മെസ്സേജ് വന്നെത്തി. അതിനോടൊപ്പം മുന്‍കൂര്‍ പൊന്നോണാശംസകളും. ഓക്കെയ് ! … ചിങ്ങം ആണെന്നു വാട്സപ്പ് പറഞ്ഞ സ്ഥിതിക്ക് കുളിച്ചില്ലെങ്കി… ഒന്ന് ഫ്രെഷായി. കട്ടന്‍ ചായയിട്ടു ചാരുകസേരയില്‍ വന്നിരുന്നപ്പോഴേക്കും പത്രവുമിട്ടു ഹൈദ്രോസിക്ക മാസ്ക്കിനുള്ളിലൂടെ പതിവ് പുഞ്ചിരി കണ്ണുകളാല്‍ നല്‍കി യാത്രയായി. പതിവുപോലെ മണിക്കൂറുക.ള്‍ നീളുന്ന പത്രം വായനയില്‍ മുഴുകി. ഓണപ്പരസ്യങ്ങള്‍ക്കിടയിലുള്ള വാര്‍ത്തകള്‍ ചികഞ്ഞെടുത്തു. നെടുങ്കന്‍ ഒന്നാം പേജ് പരസ്യവും, പതിവ് ബാങ്ക് തട്ടിപ്പ്, കഞ്ചാവ്, സ്വര്‍ ണക്കടത്തു, രാഷ്ട്രിയ വാള്‍പ്പയറ്റ് വാര്‍ത്തകള്‍ പിന്നിട്ടു ഒരുവിധം സ്പോര്‍ട്സ് പേജിലെത്തി . പെട്ടെന്നതാ മരംമുറിയന്ത്രവാളിന്‍റെ ശബ്ദം മുഴങ്ങുന്നു. കിഴക്കേലാണ്. “ഓ അവിടെ ഭാഗം വെപ്പെല്ലാം കഴിഞ്ഞുവല്ലോ”…ഞാന്‍ ചിന്തിച്ചു. പതിയെ ചെന്നൊന്നു എത്തി നോക്കി. പുതിയ ഉടമസ്ഥനാണ്… അവിടത്തെ കാര്‍ന്നോരുടെ മോള്‍ടെ ഭര്‍ത്താവാണ്. ഭൂമി വില്‍ക്കും മുന്‍പ് മരങ്ങളെല്ലാം കച്ചോടമാക്കുകയാകും. എല്ലാം ഓണത്തിന് മുമ്പ് വേണമത്രേ. അങ്ങോര്‍ക്കു ഫ്ലാറ്റുണ്ടെ…അങ്ങ് കൊച്ചിയില്‍. ഇത് തീര്‍ത്തിട്ട് വേണം അവിടെച്ചെന്നോണം ഓണം ആഘോഷിക്കാന്‍. അപ്പോഴാണ് റോഡ് സൈഡിലെ ആ മരം എന്‍റെ കണ്ണില്‍ പെട്ടത്. അതേ… ആ വാക മരം. ഓര്‍മ്മകള്‍ പിറകിലോട്ട് സഞ്ചരിച്ചു.
90 കളിലെ ഒരോണക്കാലം. ഞാനും ചേച്ചിയും അല്പം ദൂരെ താമസിക്കുന്ന മനുവിന്‍റെയും കുട്ടിക്കാലം. ഓണക്കാലമായാല്‍ പിന്നെ പൂക്കളം ഇടുന്നത് ഞങ്ങ.ള്‍ കുട്ടികള്‍ക്ക് ഹരമാണ്. ആരുടെ പൂക്കളമാണ് ഏറ്റവും നല്ലത് എന്ന മത്സരം. പൂക്കളമിട്ട ശേഷം ഓരോ കൂട്ടുകാരുടെയും വീട്ടില്‍ എത്തി കൂലങ്കുഷമായി വിലയിരുത്തും. പറമ്പിലും, കുറ്റിക്കാടുകളിലും മറ്റുമുള്ള പൂക്കളാണ് ഇടുന്നത്. എങ്ങനെ പൂക്കളം മനുവിന്‍റേതില്‍ നിന്നും വ്യത്യസ്ഥമാക്കാം എന്നതായിരുന്നു ഊണിലും ഉറക്കത്തിലും ഞങ്ങളുടെ ചിന്ത. ഒടുവില്‍ മറ്റേ പൂക്കളത്തിലില്ലാത്ത വ്യത്യസ്തമായ പൂക്കള്‍ വേണം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെ ആണ് ആ വാക മരത്തില്‍ കണ്ണെത്തിയത്. മനുവിന്‍റെയും ഞങ്ങളുടെയും വീടിന് കൃത്യ അകലത്തിലാണ് ആ ചെറിയ വാകമരം. ആദ്യമായ് നിറയെ പൂത്തിരിയ്ക്കുന്നു. മനസ്സില്‍ ആകെ ഒരു കോരിത്തരിപ്പ്. ഇതാ പൂക്കളത്തിന്‍റെ ഭംഗിയുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് മേല്‍ക്കൈ കിട്ടാന്‍ പോകുന്നു. മനു അത് കണ്ടിട്ടുണ്ടാവാന്‍ വഴി ഇല്ല. അന്ന് ഞങ്ങള്‍ കളിക്കുമ്പോഴും ആ വഴി മനുവിനെ കൊണ്ട് പോകാതിരിയ്ക്കാന്‍ ശ്രദ്ധിച്ചു. അവന്‍റെ കണ്ണെത്തിയാല്‍ പിന്നെ തീര്‍ന്നു. അധികം വണ്ണമില്ലാത്ത വാകമരം ഒന്ന് വളച്ചാല്‍ പൂക്കള്‍ കയ്യിലെത്തും. ഇനിയങ്ങോട്ടു വ്യത്യസ്ത പൂക്കളം ഞങ്ങളുടെത് തന്നെ … ഉറപ്പിച്ചു. പക്ഷെ സന്തോഷത്താല്‍ അങ്ങോട്ടുമിങ്ങോട്ടും നോക്കി കിടന്നു ദിവാസ്വപ്നം കണ്ട് ഉറങ്ങാന്‍ വൈകി… ഉണരാനും. ഞങ്ങള്‍ കണ്ണു തിരുമ്മി എഴുന്നേറ്റു പുറത്തെത്തിയപ്പോഴേക്കും മനു വാകമരം നില്‍ക്കുന്ന ഇടവഴിയിലെത്തിക്കഴിഞ്ഞു. അപ്പോഴാണ് മനുവും ഇന്നലെ കളിക്കുമ്പോള്‍ ഞങ്ങളെ അങ്ങോട്ട് കൊണ്ടു പോകാന്‍ ശ്രമിച്ചില്ലെന്നോര്‍മ വന്നത്. ഇനി നോക്കി നിന്നിട്ട് കാര്യമില്ല. ഇപ്പുറത്തെ വഴിയിലൂടെ ഞങ്ങളും അങ്ങോട്ടോടി. രണ്ടു കൂട്ടരും ഏകദേശം ഒന്നിച്ചെത്തി മരത്തില്‍ പിടിത്തമിട്ടു പിടിവലിയായി. സ്വതേ ദുര്‍ബലമായ മരം കുലുങ്ങാനും വളയാനും തുടങ്ങി. തൊട്ടടുത്ത മരത്തില്‍ ചേക്കേറിയിരുന്ന പാവം കിളികള്‍ ഒച്ചയിട്ട് പറന്നുയര്‍ന്നു. “ആരാടാ അവിടെ”… കാര്‍ന്നോരുടെ അലര്‍ച്ചയാണ്. അതോടൊപ്പം തന്നെ മരത്തില്‍ തൂങ്ങിയിരുന്ന പൂക്കള്‍ നിറഞ്ഞ കൊമ്പൊടിഞ്ഞു ഞങ്ങള്‍ താഴെ വീണു. പൂക്കളൊന്നും എടുക്കാതെ ഞങ്ങളും മനുവും അവരവരുടെ വീട്ടിലേയ്ക്ക് പാഞ്ഞു. കാര്‍ന്നോരു വന്നു വാകമരത്തിന്‍ ചുവട്ടില്‍ നോക്കുന്നുണ്ടായിരുന്നു. തലയില്‍ കൈ വച്ച് കൊണ്ടുള്ള പ്രാക്കും കേള്‍ക്കാം.. ജീവന്‍ തിരിച്ചു കിട്ടിയ ആശ്വാസത്തില്‍ വാകമരം മൂരി നിവര്‍ന്നു ആശ്വാസം കൊണ്ടു. അന്നത്തെ ഓട്ടം ഓര്‍ത്തു കൊണ്ട് ഞാന്‍ ശബ്ദമില്ലാതെ ചിരിച്ചു.
യന്ത്രവാളുകളുടെ കഠോര ശബ്ദം എന്നെ സുന്ദര സ്വപ്നത്തില്‍ നിന്നും ഉണര്‍ത്തി. തല ഉയര്‍ത്തി നിന്ന വാക മരത്തിന്‍റെ ആദ്യ കൊമ്പ് വീണു. ഞാന്‍ പതിയെ തിരിഞ്ഞു നടന്നു. കണ്ണുമടച്ചു ചാരുകസേരയില്‍ കിടന്നു. കുട്ടിക്കാലത്തെ സുന്ദരമായ ഓണക്കാലം ഓര്‍മയില്‍ അലയടിച്ചു. വീണ വാകമരത്തിനു മുന്നില്‍ ഞങ്ങള്‍ കുട്ടികള്‍ മ്ലാനവദനരായി നില്‍ക്കുകയാണ്.
ചേച്ചി ഇപ്പോള്‍ അളിയന്‍റെ കൂടെ ദുബൈയിലാണ്. മനു സൌദിയിലും. അവരുടെ ഓര്‍മകളില്‍ ഈ വാകമരമുണ്ടാവുമോ.. ആവോ ഞാ.ന്‍ ചിന്തിച്ചു… പിന്നെ കരുതി ; ഉണ്ടാകും അല്ലെങ്കില്‍ വീണ വാകമരത്തിനു ചുറ്റും എനിക്കൊപ്പം അവരുണ്ടാകുമാരുന്നില്ലല്ലോ…
ചാരുകസേരയില്‍ കിടന്നു ഞാന്‍ കാതോര്‍ത്തു…സമയം കടന്നു പോകുന്നതിനനുസരിച്ച് മറ്റു പലയിടത്തും മരവെട്ടു യന്ത്രങ്ങളുടെ കിരുകിരാ ശബദം ഉയരുന്നു… ലക്ഷ്യം വാക മരങ്ങളാകാം. ആരുടെയോക്കെയോ മനസ്സിലെ വാകമരങ്ങള്‍ വീണു മണ്ണോട് ചേരുന്നുണ്ടാവാം.