മടൽ ബാറ്റും താഴെയിട്ട് ഞാനും അച്ഛനും ജീവനുംകൊണ്ട് പാഞ്ഞു.
നന്നായി ബാറ്റു ചെയ്തുകൊണ്ടിരുന്നപ്പോൾ അമ്മ കാരണം കളി നിർത്തിയ അവസ്ഥ ലോകത്ത് ഒരാൾക്കും ഉണ്ടായി കാണാത്തില്ല, എന്നാൽ ഈയുള്ളവന്റെ അവസ്ഥ അതല്ല…
തീ പിടിപ്പിക്കാനായി പേരയുടെ തണലിൽ അമ്മ കൂട്ടിയിട്ട ഓലകളിൽ മുഴുത്ത ഒരെണ്ണം തപ്പിയെടുത്തു ബാറ്റുണ്ടാക്കുന്ന തിരക്കിലായിരുന്നു ഞാൻ. കളി മറ്റെങ്ങും ആയിരുന്നില്ല വീടിന്റെ അടുക്കളഭാഗത്ത്!!!കളിക്കാൻ അൽപ്പം പഴകിയ ഒരു കനമുള്ള പന്ത് ആയതുകൊണ്ട് തന്നെ നല്ല ഉണങ്ങിയ മടൽ ബാറ്റ് തന്നെ ഉണ്ടാക്കികളഞ്ഞു, കാരണം പച്ച മടലുകൊണ്ട് ഉണ്ടാക്കിയാൽ കൈ തരിക്കുമായിരുന്നു, അത്ര കനമുണ്ടായിരുന്നു ആ ഭീമൻ പന്തിന്!!!
തൊട്ടടുത്തുള്ള ഭിത്തിയിൽ ഇഷ്ട്ടിക കൊണ്ട് ഒരു വരയിട്ടിരുന്നു, അതിന്റെ മുകളിലേയ്ക്ക് പന്ത് കൊണ്ടാൽ ഔട്ടാകും പോരാത്തതിന് അടുത്തുള്ള തോടുകളിലും തൊട്ടു മുൻപിലെ കിണറ്റിലും ഉയർത്തി അടിച്ചാൽ സംഗതി ഔട്ടാണ് ☺️
അങ്ങനെ കളിയൊക്കെ തുടങ്ങി, പതിവുപോലെ അച്ഛൻ എതിർ ടീമിലാണ്. അങ്ങനെ എതിര് വരുമ്പോൾ വല്ലാത്ത വാശിയാണ് ഓരോ കളികൾക്കും. ഓരോ മിനിറ്റിലും തർക്കവും ബഹളങ്ങളുമാണ് അവിടെയുണ്ടായിരുന്നത്. ഇങ്ങനെ അതി ഭയങ്കരമായ വാശിയിൽ നിൽക്കുന്ന സമയത്താണ് പാങ്ങിനു കിട്ടിയൊരു പന്ത് ഞാൻ ഉയർത്തി അടിക്കുന്നത്. എല്ലാവരെയും മറികടന്നു മൂളിപ്പാട്ടും പാടി പന്ത് ബൗണ്ടറിയിലേയ്ക്ക് പാഞ്ഞപ്പോൾ അവിടെ പെട്ടന്നൊരാൾ പ്രത്യക്ഷപ്പെട്ടു, മാറ്റാരുമല്ല “അമ്മ “. ആ പന്ത് അമ്മ കാലുകൊണ്ട് തടുത്തിട്ടു. ഇജ്ജാതി ഫീൽഡിങ് ആ പന്തിന്റെ മുൻപിൽ ഞങ്ങള് പോലും ചെയ്തിട്ടില്ല.
“അയ്യോ… എന്റെ കാല്, ഒരു കോപ്പ് കളി 😡”
കാലും പോത്തിപ്പിടിച്ചു അമ്മ ദേഷ്യത്തോടെ ബഹളമുണ്ടക്കാൻ തുടങ്ങിയപ്പോൾ സുഹൃത്തുക്കളെയും അനിയനെയും കാണാതായി!!! മടൽ ബാറ്റും താഴെയിട്ട് ഞാനും അച്ഛനും ജീവനുംകൊണ്ട് പാഞ്ഞു.അച്ഛൻ ചരിച്ചുകൊണ്ട് അടുക്കളവഴി വാതുക്കലേയ്ക്ക് പോയി.ഭാഗ്യത്തിന് അമ്മയുടെ കാലിനൊന്നും പറ്റിയില്ല, അതോടെ ആ പന്ത് തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് ജീവിതം വെടിഞ്ഞു മച്ചിന്റെ മുകളിൽ സഹവാസം തുടങ്ങി. മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ സ്റ്റേഡിയം അടച്ചുപൂട്ടിയിടാനും തീരുമാനമുണ്ടായി.
അങ്ങനെയും ഒരു ക്രിക്കറ്റ്…