രണ്ടു പേരും ഒരുപാട് ചിന്തകളിലാണ്, അതിനുപരി ഈ പ്രായത്തിലും അവർ ഒരുപാട് കഷ്ട്ടപ്പെടുന്നു…
പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ പഴയതുപോലെയൊന്നുമല്ല ആളുകൾ മുഖം മറച്ചിരിക്കുന്നത് ഒരു ചടങ്ങിന് മാത്രമായിരിക്കുന്നു. എല്ലാ സ്ഥലങ്ങളിലും ഒരുപാട് ആളുകൾ!! പലയിടങ്ങളിലായി കൂട്ടം കൂടി നിൽപ്പും, തിങ്ങി നിറഞ്ഞു വരുന്ന ബസ്സുകളും, ചന്നം പിന്നം ചീറി പായുന്ന മറ്റു വാഹനങ്ങളും അൽപ്പം അത്ഭുതപ്പെടുത്തി. പേടിയെല്ലാം മണ്മറഞ്ഞു പോയിരിക്കുന്നു. വേണമെങ്കിൽ കൊറോണ ജാഗ്രത പാലിക്കട്ടെ എന്നൊരു ഭാവത്തിലാണ് മനുഷ്യരിപ്പോൾ.
ഉച്ചയ്ക്ക് കടകളിൽ ചിലതെല്ലാം പൂട്ടി കിടന്നപ്പോൾ അതിൽ ഒന്നിന്റെ മുൻപിൽ മാത്രം ഒരു പ്രായമായ വ്യക്തി തന്റെ കയ്യിലുള്ള പേപ്പറിൽ നോക്കി വെയിലും കൊണ്ടിരുപ്പാണ്. അൽപ്പം സിമെന്റ് കിട്ടുവാൻ ഒരു കടയുണ്ടാകുമോ എന്ന് തിരക്കിയപ്പോൾ അൽപ്പം തലപൊക്കി എന്നെ നോക്കിയിട്ട് കടയിലേയ്ക്ക് ഉള്ള വഴിയെന്ന പോലെ ചന്തയുടെ ഉള്ളിലേയ്ക്ക് വിരൽ ചൂണ്ടിയിട്ട് തുടർന്നു.
” രണ്ടക്കത്തിനാണ് അയ്യായിരം പോയത് “
തലയിൽ നല്ലൊരു തൊപ്പി വച്ചതിനാൽ മുഖം അത്ര വ്യക്തമായിരുന്നില്ല. എന്തായാലും ലോട്ടറി വിൽപ്പനക്കാരനാണ്, കാരണം മുഷിഞ്ഞ യൂണിഫോം അദ്ദേഹത്തിനുണ്ടായിരുന്നു. വണ്ടിയെടുത്ത് മുൻപോട്ട് പോകുവാൻ തുണിഞ്ഞപ്പോഴേയ്ക്കും അയാൾ പിന്നെയും പറഞ്ഞു.
“വൈകാണ്ട് ഒരടിയുണ്ട്… “
ഇത്രയും പ്രായമായിട്ടും ഭാഗ്യത്തിൽ പ്രതീക്ഷ വച്ചു ഇതുപോലെ ജീവിതം മുൻപോട്ട് കൊണ്ടുപോകുന്ന മനുഷ്യനാണ് കക്ഷി. ഈ പ്രായത്തിലും ഇതുപോലെ ഒറ്റപ്പെട്ടു കഴിയുന്ന ഒരുപാട് വൃദ്ധജനങ്ങൾ ഇന്നീ നാട്ടിലുണ്ട്. ചിലരൊക്കെ ഇതുപോലെ ജോലികളിൽ ഏർപ്പെട്ടും മറ്റു ചിലരാകട്ടെ തെരുവിൽ മറ്റുള്ളവർക്ക് മുൻപിൽ കൈ നീട്ടി ഭിക്ഷ യാചിച്ചും ജീവിതം മുൻപോട്ട് തള്ളി നീക്കുന്നു .
സാധനവും വാങ്ങി തിരികെ മടങ്ങുമ്പോൾ അയാളെ കാണുവാൻ സാധിച്ചില്ല. ഒരുപക്ഷെ തന്റെ കണക്കുകൂട്ടലുകൾ അദ്ദേഹത്തെ മറ്റെങ്ങോട്ടെങ്കിലും നയിച്ചിട്ടുണ്ടാകാം.
എന്നാൽ തിരികെ വരുന്ന വഴിയിൽ വീണ്ടും കണ്ടു, അതൊരു വൃദ്ധയായ സ്ത്രീയാണ്, തന്റെ മീൻ പാത്രവുമായി ഒരു തെങ്ങിൻ ചുവട്ടിൽ ഇരുപ്പാണ്. പ്രായം ഒരൽപ്പം അതിക്രമിച്ചതായി തോന്നി.ഇങ്ങനെ പ്രായമായിട്ടും കഷ്ടപ്പെടുന്ന ഇവരുടെ ബുദ്ധിമുട്ടുകൾ എത്രത്തോളം വലുതായിരിക്കും. ഒരുപക്ഷെ ബന്ധങ്ങളും സ്വന്തങ്ങളും കൈവിട്ടു കളഞ്ഞവരും ആകാം.കൊച്ചു യാത്രയ്ക്കിടയിൽ കണ്ട രണ്ടു പേരും ഒരുപാട് ചിന്തകളിലാണ്, അതിനുപരി ഈ പ്രായത്തിലും അവർ ഒരുപാട് കഷ്ട്ടപ്പെടുന്നു…
അല്ലേലും ബുദ്ധിമുട്ടുകൾ നിറഞ്ഞു കവിയുമ്പോൾ പ്രായം കേവലമൊരു അക്കമായി മാറുന്നു. കാഴ്ചക്കാർക്ക് ആ അക്കങ്ങളോട് സഹതാപം തോന്നുകയുമാകാം.