വൈകുന്നേരം ഇരുട്ട് വീണ് രാത്രിയിലേയ്ക്ക് കടക്കുന്നതിന്റെ തിരക്കിലായിരുന്നു. ഇരുണ്ട് കൂടിയ കാർമേഘങ്ങൾക്കിടയിൽ പുറത്തേയ്ക്ക് വരാനെന്നപോലെ മിന്നലും വെപ്രാളപ്പെടുന്നത് വ്യക്തമായിരുന്നു.എന്നാൽ ഇതൊന്നും ഗൗനിക്കാതെ ചാറ്റൽ മഴ എല്ലായിടത്തും അതീവ സന്തോഷത്തോടെ പെയ്തുകൊണ്ടിരുന്നു.
നേരാവണ്ണം ഒരു സൈക്കിൾ പോലും കടന്നു ചെല്ലാത്ത പാടശേഖരത്തിന്റെ സമീപം വെള്ളത്തിൽ നിന്ന് ചെളി കുത്തി കയറ്റുന്നതിന്റെ തിരക്കിലായിരുന്നു ചിലർ. പതിയെ വെള്ളത്തിന്റെ മുകളിലേക്ക് പൊന്തിവന്ന് ചെളി വള്ളത്തിലേക്ക് കയറ്റിയിട്ട് വീണ്ടും ഒരു ദീർഘ ശ്വാസവുമെടുത്ത് വീണ്ടും ആഴങ്ങളിലേയ്ക്ക് ഊളയിടും. ഇതെല്ലാം കണ്ടുകൊണ്ട് ഒരാൾ കരയിൽ തന്നെ ഇരിപ്പുണ്ടായിരുന്നു. ഓരോ തവണ ചെളിയുമായി പൊന്തിവരുമ്പോഴും അയാൾ ഉച്ചത്തിൽ സമയം വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.
മഴ അൽപ്പം ശക്തിപ്രാപിച്ചു,
ഇത്തവണ അൽപ്പം ഭയത്തോടെയാണ് അയാൾ ചെളിയുമായി പൊന്തിവന്നത്.വള്ളത്തിൽ പിടച്ചു കയറിയിട്ട് അയാൾ കരയിൽ ഇരുന്നവനോടായി പറഞ്ഞു.
“മൈരേ കീഴെ വേറെ ഞാനുണ്ടെടാ ”
ഇതുകേട്ട കരയിലിരുന്നവൻ ചെറിയൊരു പുഞ്ചിരി തൂകി എഴുന്നേറ്റ് നിന്നു. വളരെ സാവധാനം വാച്ചിലേയ്ക്ക് ടോർച്ചു തെളിച്ചു നോക്കികൊണ്ട് പറഞ്ഞു
“21 മണി ആകാറായി കേട്ടോ…”
വള്ളത്തിൽ കുഴഞ്ഞ ചെളിയ്ക്ക് മീതെ തൊണ്ട വരണ്ട് അയാൾ കിടന്നു, എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകാതെ അയാൾ നിലവിളിക്കാൻ ശ്രമിച്ചു. വീണ്ടും കരയിൽ നിന്നും അയാൾ പറഞ്ഞു
“വള്ളത്തിന് മീതെ ഞെളിഞ്ഞു കിടക്കാതെ ചെളി കുത്തി നിറയ്ക്കെടാ മൈരേ…”
കരയിലേയ്ക്ക് നോക്കിയപ്പോൾ അവിടെ സ്വന്തം രൂപം തന്നെയാണ് അയാൾക്ക് കാണുവാൻ കഴിഞ്ഞത്. തന്നെ നോക്കി ചിരിച്ചുകൊണ്ട് താൻ തന്നെ കരയിൽ നിൽക്കുന്നു. കണ്ണൊക്കെ ചുവന്ന് കലങ്ങി ഒരു കയ്യിൽ ടോർച്ചുമായി അയാൾ കരയിൽ നിന്ന് വല്ലാതെ ആക്രോശിച്ചുകൊണ്ടിരുന്നു. ഒടുവിൽ രണ്ടുംകൽപ്പിച്ചു അയാൾ വെള്ളത്തിൽ ചാടി നീന്തി രക്ഷപ്പെടാൻ തീരുമാനിച്ചു.
ഒരു ദീർഘ ശ്വാസവുമെടുത്തുകൊണ്ട് അയാൾ വെള്ളത്തിനടിയിലേയ്ക്ക് മുങ്ങി. അത്ഭുതമെന്ന് പറഞ്ഞാൽ മതിയല്ലോ തന്റെ തൊട്ടു മുൻപിലൂടെ നിറയെ ചെളിയും പേറി വെള്ളത്തിനുമുകളിലേയ്ക്ക് പോകുന്നത് താൻ തന്നെയാണോ എന്ന് സംശയിച്ചുപോയി.എന്നാൽ ഇതെല്ലാം കണ്ടുകൊണ്ട് അൽപ്പനേരം കൂടി വെള്ളത്തിൽ മുങ്ങി കിടന്നു.
മുകളിലേക്ക് പോയ വ്യക്തി ഇതാ താഴേക്ക് വരുന്നു, ഇത് ഞാൻ തന്നെയാണല്ലോ എന്ന് അതിശയപ്പെട്ടു നിൽക്കുമ്പോഴാണ് ചെളിയുമായി വീണ്ടും മുകളിലേക്ക് ഉയരവേ പരസ്പരം കണ്ടുമുട്ടുന്നത്. എന്നാൽ അയാളെ കണ്ടപാടെ ഭയന്നുകൊണ്ട് മുകളിലേക്ക് കയ്യിൽ ഉണ്ടായിരുന്ന ചെളിയുമായി ഉയർന്നു പൊങ്ങി.
വള്ളത്തിൽ പിടച്ചു കയറിയിട്ട് അയാൾ കരയിൽ ഇരുന്നവനോടായി പറഞ്ഞു.
“മൈരേ കീഴെ വേറെ ഞാനുണ്ടെടാ ”
ഇതുകേട്ട കരയിലിരുന്നവൻ ചെറിയൊരു പുഞ്ചിരി തൂകി എഴുന്നേറ്റ് നിന്നു. വളരെ സാവധാനം വാച്ചിലേയ്ക്ക് ടോർച്ചു തെളിച്ചു നോക്കികൊണ്ട് പറഞ്ഞു
“21 മണി ആകാറായി കേട്ടോ…”