വീണ്ടും വീണ്ടും
ഉയർന്നു കേൾക്കുന്നുണ്ട്,
വിലാപങ്ങളിലെ
കുരുന്നു ശബ്ദങ്ങൾ…!!
കൊട്ടിയടയ്ക്കപ്പെട്ട
വാതിലുകളിൽ
നിണമിരുണ്ട വിരൽപ്പാടുകൾ
അവിടെവിടെയായി
ചിതറികിടക്കുന്നതായി കാണാം…!!
പ്രാണൻ്റെ പിടപ്പിനെ
അറിയാത്ത കാതുകളിന്നും
ഉടലോടെ മണ്ണിലുണ്ടെന്നത്
ലജ്ജയോടെ
സ്മരിച്ചു കൊള്ളുന്നു…!!
ജനാധിപത്യത്തിന്
രൂപഭാവാദികൾ
ഇവിടെല്ലാമേ മാറിപ്പോയി.
എകാധിപത്യത്തിൻ നിഴലുകൾ
എങ്ങുമേ നിറയുന്നൂ;
പകലിരവാക്കി കളി തുടങ്ങുന്നു…!!
എരിവെയിലിലും
തെരുവുകളിൽ കോമരങ്ങൾ
ഉറഞ്ഞു തുള്ളുന്നു,
ഉച്ചഭാഷിണികൾ
കാരണമില്ലാതെ
അലറി വിളിക്കുന്നു…!!
സ്വയമുയരാൻ
തക്കം തേടുന്നവർ
വീർത്തു പൊങ്ങിയ കീശയെ
തൊട്ട് ചിരിക്കുന്നവർ;
അവരോ സ്വാർഥതതൻ
മുഖം മൂടികൾ…!!
ചിലന്തികൾ കൂടുവെച്ച
പഴകിജീർണ്ണിച്ച
നിയമപുസ്തകത്തിൻ
നിറം മങ്ങിയ ഇതളുകൾ
ഇളം കാറ്റിലും
ഉയരെ ഉയരെ പറക്കട്ടെ…!!
ഭരണകൂടങ്ങൾ
നേതൃനിരകൾ
ഇതാർക്ക് വേണ്ടി;
എവിടെയാണ്
നീതിയുടെ വാതിലുകൾ…!!
എവിടെയാണ്
കരുതലിൻ്റെ ചിറകുകൾ…!!
എവിടെയാണ്
രക്ഷിതാവിൻ്റെ മന്ദിരം…!!
എവിടെയാണ് തെരയേണ്ടത്..!!
മാനാഭിമാനങ്ങൾ
മൂടോടെ നശിപ്പിക്കാൻ
പച്ചയ്ക്ക് തിന്നാൻ
ഇവിടെയിനിയും
നരഭോജികൾ
ഊഴം കാത്തിരിപ്പുണ്ട്;
മുറവിളിക്കുന്ന
തെരുവുകളിലെ
കലാപങ്ങളുടെ
കെട്ടുകഥകളുടെ
ആവർത്തനങ്ങളിൽ
നിലവിളികളുയരുന്ന
കാതുകളുമുണ്ട്…!!
കരയുന്ന തെരുവിൽ
എവിടെയും കാണാം
വലിച്ചെറിയപ്പെടുന്ന
ആൺ/പെണ്ണുടലുകൾ..!!
ഇവിടെ ആരാണ്
രക്ഷയും പ്രതീക്ഷയും
ഇവിടെയിനി ആരാണ്…!!
ഉത്തരങ്ങളേതുമില്ലാതെ
ഇവിടെയെവിടെയും
സദാ ചോദ്യങ്ങളുയർന്ന്
കൊണ്ടേയിരിക്കും…!!