ഞാനൊരു ചോദ്യം ചോദിക്കാം പക്ഷെ ആ ചോദ്യം ചില അപ്രിയ സത്യങ്ങളെ പുറത്തു കൊണ്ടുവരുമെങ്കിൽ നിങ്ങളുടെ ഉത്തരം ചിരിയുമാകാം അല്ലെങ്കിൽ ചിരിയുമാക്കാം എന്ന് കേരളത്തിന്റെ മുഖ്യമന്ത്രി കാണിച്ചുതന്നു. ചോദ്യങ്ങൾക്ക് ശരം കണക്കെ ഉത്തരം പറയുന്ന മുഖ്യമന്ത്രിയ്ക്ക് ചിരിമാത്രം ഉത്തരമായി പറയേണ്ടി വരുന്ന ഗതികേട് ഒരു വ്യക്തിയുടെ മാത്രം പതനം ആയി കാണാൻ പറ്റില്ല മറിച്ഛ് ഒരു പാർട്ടിയുടെ കൂടി പരാജയമായി കാണേണ്ടി വരും. ക്ഷമിക്കുന്ന മുഖ്യമന്ത്രി ക്ഷമിക്കുന്ന പാർട്ടി സെക്രട്ടറി അങ്ങന്നെ നീളുന്നു ക്ഷമിക്കുന്നവരുടെ എണ്ണം. എന്തിനോടാണ് ക്ഷമിച്ചതെന്നു കേട്ടാൽ, ക്ഷമിച്ച മനസിന്റെ വലിപ്പം മനസ്സിലാവൂ; മുഖ്യമന്ത്രി പറയാത്ത കാര്യം പ്രസിദ്ധീകരിച്ച പത്രത്തിനോട്. ക്ഷമിച്ചേ പറ്റൂ, കാരണം പത്രം ഉണ്ടായ കാര്യം അതുപോലെ പറഞ്ഞു; മുഖ്യമന്ത്രിയുടെ PR ഏജൻസി പറഞ്ഞിട്ടാണ് അത് അച്ചടിച്ചതെന്ന്. അപ്പോൾ പിന്നെ ക്ഷമിക്കണം അതെ നിവർത്തിയുള്ളൂ. മുഖ്യമന്ത്രിയുടെ, പാർട്ടി സെക്രെട്ടറിയുടെ വലിയ മനസ്സ് കാണാതെപോകുന്നതാണ് തെറ്റ്.
ഒരു യുദ്ധ ഓർമ
വിശന്ന വയറുമായി ബോംബുകൾ തകർത്ത തന്റെ തെരുവിലൂടെ അവൻ നടക്കുന്നുണ്ട്, അപ്പം ഉണ്ടാക്കുവാനുള്ള മാവും എണ്ണയുമായി വീട്ടിലേക്ക് തിരികെ ചെല്ലുമ്പോളുള്ള അമ്മയുടെ സന്തോഷം നിറഞ്ഞ മുഖം ആണ് അവന്റെ മനസ്സിൽ. പെട്ടന്നാണ് ഒരു മിസൈൽ പതിക്കുന്നത്, അത് അവന്റെ കാലിനെ തകർത്തുകളഞ്ഞു, പിന്തിരിഞ്ഞോടാൻ പോലും സാധിക്കാതെ അവൻ അവിടെ കിടന്നു അലമുറയിട്ടു കരഞ്ഞു. ആരുടെയൊക്കെ ദയകൊണ്ട് അവൻ ആശുപത്രിയിലെത്തി. പക്ഷേ അവിടെയും അവനെ കാത്തിരുന്നത് യുദ്ധത്തിന്റെ മറ്റൊരു മുഖം ആയിരുന്നു, ആശുപത്രിയിലെ അരക്ഷിതാവസ്ഥ അവനെ മയക്കുക പോലും ചെയ്യാതെ ശസ്ത്രക്രിയയിലേക്ക് നയിച്ചു, പിന്നീട് നല്ല ചികിത്സക്കായി ഈജിപ്തിലേക്ക്. വെറുമൊരു പത്തു വയസുകാരന്റെ യുദ്ധ ഭൂമിയിലെ ജീവിതം ആണിത്.ഹിന്ദു ദിനപത്രത്തിൽ വന്ന ഒരു സംഭവം മാത്രമാണിത്. ഇങ്ങനെ എത്രയോ കുട്ടികൾ. യുദ്ധത്തിൽ ആര് ജയിക്കും എന്ന് വിശകലനം ചെയ്ത് മടുക്കുമ്പോൾ, തോക്കിന്റെയും സേനയുടെയും ടാങ്കുകളുടെയും കണക്കിനെ പറ്റി വാതോരാതെ പറയുമ്പോൾ ചിന്തിക്കുക ജയിച്ചെന്ന് നാം പറയുന്ന രാജ്യത്തുപോലും തോറ്റുപോകുന്ന ഒത്തിരി മനുഷ്യരുണ്ട്.