26/05/2019 ഞായറാഴ്ച സന്ധ്യക്ക് 7:30 pm ഓടെ മുരുടേശ്വരിൽ നിന്നും കൊല്ലുരിൽ തിരിചു എത്തിയ ഞങ്ങൾ നേരെ പോയത് റൂമിലേക്കാണ്. കട്ടിൽ കണ്ടാൽ അപ്പോൾ വീഴും അതായിരുന്നു അവസ്ഥ. രാത്രിയിൽ മൂകാംബിക അമ്പലത്തിൽ ഒന്ന് കൂടി പോയി തൊഴണം എന്ന ആഗ്രഹം നല്ലതു പോലെ ഉണ്ടായിരുന്നു, അതിനു പുറമെ രാവിലെ കഴിച്ച ഒരു പൂരിയും ദോശയുമാണ് ഞങ്ങളുടെ അന്നേ ദിവസത്തെ ആഹാരം, അമ്പലത്തിൽ 9 മണിക്ക് ശേഷം അന്നദാനം ഉണ്ട്. അത് കൊണ്ട് തന്നെ റൂമിൽ എത്തിയ ഉടൻ തന്നെ കുളിച്ചു റെഡി ആയി ഏകദേശം 9 മണിയോടെ അമ്പലത്തിലേക്ക് പോയി. അവിടെ ചെന്നപ്പോൾ ശീവേലിയുടെ സമയം ആയിരുന്നു, നമ്മുടെ ചെണ്ടക്കു പകരം അവരുടേതായ എന്തോ വാദ്യഉപകരണ മേളത്തിന്റെ അകമ്പടിയോടെ ദേവി വിഗ്രഹം തലയിൽ വെച്ച് കൊണ്ട് പ്രദക്ഷിണം. ക്ഷേത്രത്തിനുള്ളിൽ കിഴക്കേ നടയുടെ വലതു വശം ചേർന്ന് സ്വർണ്ണ രഥം ഒരുക്കി വെച്ചിരിക്കുന്നത് കണ്ടു. ശീവേലി തുടങ്ങിയത് അല്ലെ ഒള്ളു കഴിച്ചിട്ട് വന്നിട്ട് സ്വർണ്ണ രഥ ഘോഷയാത്ര കാണാം എന്ന തീരുമാനത്തിൽ ഞങ്ങൾ ഊട്ടുപുരയിലേക്കു നടന്നു. ഉച്ചക്കും രാത്രിയിലും അമ്പലത്തിന്റെ ഊട്ടുപുരയിൽ അന്നദാനം ഉണ്ട്. പാള പാത്രത്തിൽ നല്ല വെളുത്ത പച്ചരി ചോറും, രസം, എരിശ്ശേരി, സാംബാർ, പച്ച മോര് കൂടാതെ നല്ല ഒന്നാന്തരം ചെറു പയർ പായസവും. ഊണും കഴിഞ്ഞു അമ്പലത്തിൽ തിരിച്ചു എത്തിയപ്പോൾ, പല്ലക്കും, രഥവും തിരികെ കൊണ്ട് പോകുന്നതാണ് കണ്ടത്. വിശപ്പിന്റെ വിളി കാരണം രഥ ഘോഷയാത്രയും, പല്ലക്കിൽ കയറിയുള്ള പ്രദക്ഷിണവും കാണാൻ സാധിച്ചില്ല. പ്രദക്ഷിണത്തിനു ശേഷം കിഴക്കേ നടയുടെ വലതു വശത്തു കഷായത്തിനായി ഒരു നീണ്ട നിര കണ്ടു. മൂകാംബിക ദേവിക്ക് അസുഖം പിടിപെട്ടപ്പോൾ ആദി ശങ്കരൻ രോഗ മുക്തിക്കായി ദേവിക്ക് കഷായം ഉണ്ടാക്കി കൊടുത്തു എന്നാണ് ഐതിഹ്യം, അതാണ് എന്നും രാത്രിയിൽ ക്ഷേത്രത്തിൽ നിന്നും ചെറിയ ഒരു പാത്രത്തിലും തീർത്ഥം പോലെ നമ്മുക്കു കൈ കുമ്പിളിലും തരുന്നത്. ഏത് രോഗത്തിനും ആ കഷായം നല്ലതാണു എന്നാണ് പറയപ്പെടുന്നത്. വീട്ടിൽ കൊണ്ട് വന്നു അമ്മക്ക് കുറച്ചു കൊടുക്കാം എന്ന് കരുതി ഞങ്ങളും 10 രൂപ കൊടുത്തു ഒരു കൊച്ചു പാത്രം വാങ്ങി ക്യൂ ഇൽ നിന്നു. മേടിച്ചു കഴിഞ്ഞപ്പോൾ ആണ് അവിടെ പറയുന്നത് കേട്ടത് അത് നമ്മുക്ക് അവിടെ നിന്നും കൊണ്ട് പോവാൻ സാധിക്കില്ല, നാളത്തേക്ക് അത് ചീത്തയാകും എന്ന്. ചക്കര വെള്ളത്തിൽ കുരുമുളകും വെളുത്തുള്ളിയും ഒക്കെ ഇട്ട ഒരു കഷായം, നമ്മുടെ ചുക്ക് കാപ്പി പോലെ തന്നെ. അത് വീട്ടിലേക്ക് കൊണ്ട് വരാൻ പറ്റാഞ്ഞതിൽ ഒരുപാട് വിഷമം തോന്നി.
ഏകദേശം 10:30 pm ഓടെ ഞങ്ങൾ മുറിയിൽ എത്തി. നാളെ (27/05/2019 തിങ്ങളാഴ്ച) രാവിലെ 11 മണിക്ക് ബൈണ്ടൂർ സ്റ്റേഷനിൽ നിന്നും ആണ് ഞങ്ങൾക്ക് കോട്ടയത്തെക്കുള്ള ട്രെയിൻ. 9 മണിക്ക് റൂം vaccate ചെയ്തിറങ്ങണം. 8 മണിക്ക് alarm വെച്ചു കേറി കിടന്നത് മാത്രമേ ഓർമയോള്ളൂ പിന്നെ പിറ്റേന്ന് രാവിലെ അലാറം അടിച്ചപ്പോൾ ആണ് എഴുന്നേറ്റത്.
ഞങ്ങൾ പ്ലാൻ ചെയ്ത പോലെ തന്നെ 27/05/2019 തിങ്കളാഴ്ച രാവിലെ 9 മണിക്ക് തന്നെ റൂം vaccate ചെയ്തു. Non-Ac room ആയതിനാൽ ഒരു ദിവസത്തെ വാടക ₹800, എന്നാൽ ഞങ്ങൾ ഞായറാഴ്ച പുലർച്ചെ തൊട്ട് റൂം ബുക്ക് ചെയ്തതിനാൽ 2 ദിവസത്തെ വാടക ₹1600 അടച്ചു, അതിൽ ₹1000 രൂപ റൂം ബുക്ക് ചെയ്തപ്പോൾ ഓൺലൈൻ ആയി അടച്ചിരുന്നു. സീസൺ അനുസരിച്ചു റൂമിന്റെ റേറ്റ് മാറികൊണ്ടേ ഇരിക്കും.
റൂമിൽ നിന്നും ഇറങ്ങി നേരെ പോയത് സൗപർണികയിലേക്കു ആണ്. തലേന്ന് അങ്ങോട്ടേക്ക് പോകുവാൻ സമയം ലഭിച്ചിരുന്നില്ല. ബസ് സ്റ്റാണ്ടിലേക്കു പോകുന്ന വഴി വലത്തെക്കു ഒരു deviation എടുത്തു അല്പ ദൂരം നടക്കുമ്പോൾ സൗപർണിക എത്തി. ഒരുപാട് കുട്ടി കുരങ്ങന്മാരുടെ സങ്കേതമാണ് നദീതീരം. വേനൽ ആയതിനാൽ വെള്ളം നന്നേ കുറവായിരുന്നു. സൗപർണിക നദിയിൽ ഇറങ്ങി കാലും കൈയും കഴുകി ബസ് സ്റ്റാന്റിലേക്ക് വെച്ച് പിടിച്ചു. സ്റ്റാൻഡിൽ എത്തിയപ്പോൾ സമയം 9:45 am. ഇന്നലെ മുരുടേശ്വരിൽ വെച്ച് പരിചയപ്പെട്ട ഒരു കുടുംബവും സ്റ്റാൻഡിൽ ഉണ്ടായിരുന്നു, അവർക്കും ഞങ്ങളുടെ അതെ ട്രെയിനിൽ ആണ് നാട്ടിലേക്കു പോകേണ്ടത്. ബെൻഡൂർക്കു പോകുവാൻ ഒരു പ്രൈവറ്റ് ബസ്, സ്റ്റാൻഡിൽ ഉണ്ടായിരുന്നു എന്നാൽ അത് ബൈണ്ടൂർ എത്താൻ 11:05 ആകും എന്ന് ബസ് അധികൃതർ അറിയിച്ചു. വേറെ നിവർത്തി ഇല്ലാത്തതിനാൽ, ടാക്സികാരോട് ഒരുപാട് സമയത്തെ bargaining നു ശേഷം ₹800 നു ബൈണ്ടൂർ എത്തിക്കാം എന്ന് സമ്മതിച്ചു. ഞങ്ങളും ആ കുടുംബവും ഷെയർ ചെയ്ത് ടാക്സി എടുത്തു ബൈണ്ടൂർ സ്റ്റേഷൻ ഇൽ 10:45 am ഓട് കൂടെ എത്തി. ഞങ്ങളുടെ ഷെയർ ₹200 കൊടുത്തു ആ കുടുംബത്തോട് യാത്ര പറഞ്ഞു, കോഴിക്കോട് കൊയ്‌ലാണ്ടികാരായിരുന്നു അവർ.
ട്രെയിൻ കറക്റ്റ് സമയത്തു തന്നെ ബൈണ്ടൂർ സ്റ്റേഷനിൽ എത്തി. ഭവനഗറിൽ നിന്നും കോട്ടയം വഴി കൊച്ചുവേളി വരെ പോകുന്ന കൊച്ചുവേളി expressil 11 മണിയോടെ ഞങ്ങൾ കയറി. ഞങ്ങളുടെ സീറ്റിന്റെ opposite ഒരു ചെറിയ മലയാളി ഫാമിലി ആയിരുന്നു അവരും മൂകാംബിക ദർശനം കഴിഞ്ഞു മടങ്ങുന്ന വഴിയാണ്. ഒരു അച്ഛൻ ‘അമ്മ 2 കുഞ്ഞി മക്കൾ, ദിയാനിയും, ധീരവും. കോഴിക്കോട് വരെ ഞങ്ങളെ ബോർ അടിപ്പിക്കാതെ കൊണ്ട് വന്നത് അവരായിരുന്നു. കോഴിക്കോട് സ്റ്റേഷനിൽ അവര് ഇറങ്ങിയപ്പോൾ വല്യ ഒരു ശൂന്യത തന്നെ അനുഭവപെട്ടു.
രാത്രി ഏകദേശം 7 മണിയായി കാണും, അവര് കോഴിക്കോട് ഇറങ്ങിയിട്ടു 1 മണിക്കൂർ കഴിഞ്ഞു കാണണം. യാത്ര മടുപ്പായി തുടങ്ങിയപ്പോൾ മനു മോൻ അവളുടെ ബാഗിൽ നിന്നും പടം വരക്കാനായി അവൾ കൂടെ കൊണ്ട് നടക്കുന്ന ഒരു drawing ബുക്കും പെൻസിലും എടുത്തു എന്തൊക്കെയോ കുത്തി വരക്കുന്നത് കണ്ടു, ഞാൻ ജനാലായിലൂടെ പുറത്തേക്കു നോക്കി എന്തൊക്കെയോ ആലോജിച്ചുകൊണ്ട് ഇരിപ്പായി. മറ്റു ലോക്കൽ യാത്രക്കാർ ആരും തന്നെ ഞങ്ങളുടെ അടുത്ത വന്നു ഇരിക്കാതെ ഇരിക്കാൻ ഞങ്ങളുടെ ബാഗ് രണ്ടും സീറ്റ് മുഴുവനായി എടുത്തു വെച്ചേക്കുവാണ്.
ട്രെയിൻ ഏതോ സ്റ്റേഷൻ ഇൽ വന്നു നിന്നു, 1 പോലീസുകാരൻ ഞങ്ങളുടെ സീറ്റ് ന്റെ അടുത്ത് വന്നു കൂടെയുള്ള മറ്റു പൊലീസുകരനോട് ഇവിടെ ഇരിക്കാൻ സ്ഥലമുണ്ട് എന്ന് പറയുന്നത് കേട്ടാണ് ഞാൻ നോക്കിയത്. പൊലീസ്‌കാരോടുള്ള ഒരു പേടിയും ബഹുമാനവും കാരണം ഞങ്ങൾ ഞങ്ങളുടെ ബാഗുകൾ ഒതുക്കി അവർക്കു ഇരിക്കാൻ സീറ്റ് ഒരുക്കി കൊടുത്തു. 2 സിവിൽ പോലീസ് ഓഫീസർസ് യൂണിഫോമിൽ അവരുടെ കൂടെ ഷർട്ടും മുണ്ടും ധരിച്ചു അൽപ്പം പ്രായമായ ഒരു മനുഷ്യൻ. മനു മോൻ ഇതൊന്നും ശ്രദ്ധിക്കുന്നില്ല വരയിൽ തന്നെ, എന്നാൽ ഞാനാ കൂടെ വന്ന മനുഷ്യനെ ആണ് ശ്രദ്ധിച്ചത്, കൈൽ ഒരു പ്ലാസ്റ്റിക് കൂടു ഉണ്ട് സീറ്റിൽ വന്നു ഇരുന്നിട്ട് അദ്ദേഹം ആ കൂടു സീറ്റിലേക്ക് വെച്ചപ്പോൾ ആണ് കൈയിൽ ഉള്ള വിലങ് ഞാൻ കാണുന്നത്. അപ്പോൾ തന്നെ മനു മോന്റെ കൈയ്യിൽ തട്ടി കണ്ണ് കൊണ്ട് അങ്ങോട്ട് നോക്കേടി എന്ന് ഞാൻ കാണിച്ചു കൊടുത്തു. ഞാൻ അത് കാണിച്ചു കൊടുക്കുന്നത് അദ്ദേഹം കണ്ടിട്ട് എന്നെ നോക്കി നല്ല വെടിപ്പായി ചിരിച്ചു ഞാനും ചിരിച്ചു കാണിച്ചു. പേടിയൊന്നുമല്ല എന്നാലും ആദ്യമായി കൈയിൽ വിലങ്ങിട്ട ഒരാളെ നേരിൽ കണ്ടപ്പോൾ എന്തോ ഒരു ഇത്.
ട്രെയിൻ പതുക്കെ നീങ്ങാൻ തുടങ്ങി. മനു മോൻ വര തന്നെ, ഞാൻ എന്റെ ഫോണിലേക് ഒതുങ്ങി. മനു മോൻ വരച്ച ചിത്രം കണ്ടു അടുത്തിരുന്നു പോലീസ് ഓഫീസർ അത് വാങ്ങിച്ചു നോക്കുകയും നല്ലതാണെന്നു പറയുകയും ചെയ്തു. അവൾക്കു വരക്കാനായി കുറചു tips പറഞ്ഞു കൊടുക്കുന്നതും കണ്ടു, അപ്പോൾ ഏകദേശം 7:30 pm ആയി കാണണം.
സർ വരക്കുമോ എന്ന ഞങ്ങളുടെ ചോദ്യത്തിന് ആ ബുക്ക് മേടിച്ചു ഒരു നല്ല റോസാ പൂവിന്റെ ചിത്രം ഞങ്ങൾക്കായി അദ്ദേഹം വരച്ചു തന്നു, അവിടുന്നു അങ്ങോട്ട് കഥകളുടെ ഒരു കെട്ട് അഴിഞ്ഞു വീഴുക ആയിരുന്നു. അവരുടെ പോലീസ് ട്രൈനിംഗിന്റെ 10 മാസത്തെ കഥ, പ്രതികളെയും കൊണ്ട് കോടതിയിൽ നിന്നും ജയിൽ ഇലേക്കു കൊണ്ട് പോകുന്നതും, പോകുന്ന വഴിക്ക് അവർ എടുക്കുന്ന റിസ്കുകളും എല്ലാം വളരെ ആകാംഷയോടെ തന്നെ ഞങ്ങൾ കേട്ടിരുന്നു. കഥകൾ പലതായി സമയം വളരെ പെട്ടെന്ന് പോകുന്നതായി ഞങ്ങൾക്ക് തോന്നി. 11 മണിക്ക് ഞങ്ങൾ കോട്ടയം സ്റ്റേഷൻ ഇൽ എത്തും, 11 മണി ഇപ്പോഴേങ്ങും ആവല്ലേ എന്ന് ഉള്ളു കൊണ്ട് ഞങ്ങൾ പ്രാർത്ഥിച്ച നിമിഷങ്ങൾ.
തിരുവനന്തപുരം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർസ് കൊല്ലംകാരനായ പ്രവീൺ സാറും Praveen Kulathupuzha തിരുവനന്തപുരംകാരനായ പ്രേം സാറും Prem-kumar Tvm. 2 പേരും വളരെ സ്നേഹത്തോടെ തന്നെ ഞങ്ങളെ അവരുടെ വീട്ടിലേക്കു ക്ഷണിച്ചു. അവരുടെ കുടുംബത്തിന്റെ പടം ഫോൺ ഇൽ കാണിച്ചു തരുകയും എന്ത് ആവശ്യം ഉണ്ടെങ്കിലും ബന്ധപ്പെടാൻ ഫോൺ നമ്പറുകൾ തരുകയും ചെയ്തു. പ്രേം സാറിന്റെ അതിസാഹിസകമായ കല്യാണ കഥ ചെവി കൂർപ്പിച്ചു ആണ് ഞാനും മനുമോനും കേട്ടിരുന്നത് കാരണം സാർ വളരെ പതുക്കെ വർത്തമാനം പറയുന്ന ഒരാൾ ആയിരുന്നു, സർ എങ്ങനെ ആണ് പ്രതികളെ ചോദ്യം ചെയ്യുന്നത് എന്ന് സംശയത്തോടെ ഞങ്ങൾ ചോദിച്ചു, ഒരു നല്ല നിരീക്ഷകൻ ആയിരുന്നു അദ്ദേഹം. പ്രവീൺ സാറിന്റെ വീട് തേന്മലയിൽ ആയതിനാൽ കാടിന്റെ കഥകൾ കുറെയേറെ അദ്ദേഹം പങ്കു വെച്ച്, ഒരു നാൾ ഞങ്ങളെ കാട് കാണിക്കാൻ കൊണ്ട് പോകാം എന്ന് അദ്ദേഹം വാക്കു തരികയും ചെയ്തു. ഞങ്ങളും മൂകാംബിക യാത്രയും വീട്ടുകാര്യങ്ങളും പങ്കു വെച്ചു്. ഞങ്ങൾ 2 പേരും മാത്രമാണ് യാത്ര എന്ന് അറിയിച്ചപ്പോൾ ഞങ്ങളെ അഭിനന്ദിക്കുകയും അതിനോടൊപ്പം തന്നെ ഒരു നല്ല സഹോദരന്മാരുടെ സ്നേഹവും കരുത്താലോടും കൂടി ഒറ്റയ്ക്ക് യാത്ര ചെയുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങളെ പറ്റി ഞങ്ങൾക്ക് പറഞ്ഞു തന്നു. ഞങ്ങൾ 4 പേരും കഥ പറഞ്ഞു തകർക്കുമ്പോൾ വിലങ്ങിട്ട അപ്പൂപ്പൻ പയ്യെ ഉറങ്ങി തുടങ്ങിയിരുന്നു. ഞങ്ങളുടെ പ്രാർത്ഥന എന്നത് പോലെ ട്രെയിൻ 1 മണിക്കൂർ മുളന്തുരുത്തിയിൽ പിടിച്ചു ഇട്ടു. 12:00 am നു ട്രെയിൻ കോട്ടയം സ്റ്റേഷൻ ഇൽ എത്തിയപ്പോൾ പറഞ്ഞു തീരാത്ത ഒരുപാട് കഥകൾ ബാക്കി വെച്ച് കൊണ്ട് അവരോട് ഞങ്ങൾക്ക് യാത്ര പറയേണ്ടി വന്നു. ഞങ്ങൾ ട്രെയിൻ ഇൽ നിന്ന് ഇറങ്ങി പോയപ്പോൾ കണ്ണിൽ നിന്നും മായുന്നത് വരെ അവര് ഞങ്ങളെ തന്നെ നോക്കി സുരക്ഷിതരാണ് എന്ന് ഉറപ്പു വരുത്തുന്നത് ഞങ്ങൾ ശ്രദ്ധിച്ചിരുന്നു. ഞങ്ങളുടെ മൂകാംബി യാത്രക്ക് പൂർണത തന്നത് അവരാണ് എന്ന് ഞങ്ങൾക്ക് തോന്നി.
കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു ഓട്ടോ പിടിച്ചു തിരികെ വീട്ടിലേക്ക് പോകുമ്പോൾ, മൂകാംബികയും, ട്രെയിൻ യാത്രയും തന്ന ഒരു പിടി നല്ല ഓർമ്മകൾ ആയിരുന്നു മനസിൽ നിറയെ…
ശുഭം..
© Gouri S Nair