മൂകാംബിക ബസ് സ്റ്റാൻഡിൽ നിന്നും മുരുടേശ്വർക്ക് direct ബസ് ഇല്ല എന്നാണ് ഞങ്ങൾ അന്വേഷിച്ചപ്പോൾ അറിഞ്ഞത്. മൂകാംബികയിൽ നിന്നും 45 മിനിറ്റ് ഇടവേളകളിൽ Byndoor ക്കു ബസ് ഉണ്ട് അവിടെ നിന്നും മുരുടേശ്വർക്ക് ബസ് കിട്ടാൻ സാധ്യത ഉണ്ട്. ബെണ്ടൂർക്കുള്ള ബസ് അന്വേഷിച്ചു ആണ് ഞങ്ങൾ ബസ് സ്റ്റാൻഡിൽ എത്തിയത് എന്നാൽ ഭാഗ്യം എന്ന് പറയട്ടെ മൂകാംബികയിൽ നിന്നും മുരുടേശ്വർക്ക് പോകുന്ന KSRTC (നമ്മുടെ KSRTC അല്ല ഇത് കർണാടകത്തിന്റെ KSRTC) ഞങ്ങൾക്ക് മൂകാംബിക സ്റ്റാൻഡിൽ നിന്നും കിട്ടി. എല്ലാ ദിവസവും ഉച്ചക്ക് 1:30PM നു മൂകാംബിക സ്റ്റാൻഡിൽ നിന്നും മുരുടേശ്വർക്ക് ഈ ബസ് ലഭ്യമാണ്.ഒരാൾക്ക് ₹60 നിരക്കിൽ, 120 രൂപയ്ക്കു 2 ടിക്കറ്റ് എടുത്ത് ഞങ്ങൾ യാത്ര തുടങ്ങി. ഏകദേശം 3:00 pm ഓടെ ഞങ്ങൾ മുരുടേശ്വർ എത്തി. ബസ് നിർത്തിയ സ്റ്റോപ്പിൽ നിന്നും ഏകദേശം 2KM മാറിയാണ് ക്ഷേത്രം. അങ്ങോട്ടേക്ക് ഓട്ടോ റിക്ഷകൾ ലഭ്യമാണ്, എന്നാൽ 2KM അല്ലെ ഒള്ളു വെറുതെ കാശ് കളയണ്ട നടക്കാം എന്ന് കരുതി മുഖം ഒക്കെ കഴുകി വഴിയിൽ നിന്നപ്പോൾ ആണ് അമ്പലത്തിന്റെ അങ്ങോട്ടേക് പോകുന്ന മറ്റൊരു KSRTC വന്നത്. ഒരാൾക്ക് ബസ് ടിക്കറ്റ് ₹5 ഒള്ളു എന്ന് കേട്ടപ്പോൾ അതിലേറെ സന്തോഷം ആയി. മൂകാംബിക ക്ഷേത്ര പരിസരത്തുള്ള ഏകദേശം എല്ലാവര്ക്കും മലയാളം അറിയാമല്ലോ എന്ന അഹങ്കാരത്തിൽ KSRTC കണ്ടക്ടറോഡ് മലയാളത്തിൽ മൂകാംബികക്കു തിരിച്ചുള്ള ബസ് ന്റെ സമയം തിരക്കിയ ഞങ്ങൾ ചമ്മി പോയി പുള്ളിക്കു ഒന്നും മനസിലായില്ല എന്നുള്ളത് ആവണം കന്നഡയിൽ തിരിചു പറഞ്ഞത്. പിന്നെ എങ്ങനെയൊക്കെയോ തിരിച്ചു മൂകാംബികക്കു അവിടെ നിന്നും ഡയറക്റ്റ് ബസ് കിട്ടില്ല ബെണ്ടൂർക്കു ബസ് കിട്ടും എന്നും അവിടെ നിന്നും മൂകാംബിക ബസ് കിട്ടും എന്നും അദ്ദേഹം പറയുകയും ഞങ്ങൾ അത് മനസിലാക്കി എടുക്കുകയും ചെയ്തു.
മുരുടേശ്വർ ക്ഷേത്രത്തിനു അടുത്തുള്ള ബസ് സ്റ്റാൻഡിൽ ബസ് വന്നു ഇറങ്ങിയ ഞങ്ങൾ അമ്പലത്തിലേക് നടന്നു. ബസ് ഇറങ്ങുമ്പോൾ തന്നെ നമ്മുക് മുരുടേശ്വർ എന്ന ക്ഷേത്രത്തിന്റെ പ്രധാന ആകര്ഷണമായ ആ പടു കൂറ്റൻ ശിവ പ്രതിമ കാണാൻ സാധിക്കും.
കടൽ തീരത്തു സ്ഥിതി ചെയുന്ന ഒരു വല്യ ക്ഷേത്രം. ക്ഷേത്ര ഗോപുരത്തിന്റെ ഇടതു ഭാഗത്തു കാണുന്ന കടൽ തീരത്തു ഒരുപാട് മത്സ്യ ബന്ധന ബോട്ടുകൾ നിര നിര ആയി ഇട്ടിരിക്കുന്നത് കാണാം, വഴിയിൽ എല്ലാം തന്നെ ഉണക്ക മീൻ കച്ചവടവും ഉണ്ട്. വലതു ഭാഗത്തു, വരുന്ന സഞ്ചാരികൾക്കു വേണ്ടി ഒരുക്കിയിരിക്കുന്ന വിവിധ തരം water sailing games. തികച്ചും ടൂറിസ്റ്റുകളെ ആകർഷിക്കുന്ന എല്ലാ തരം വിനോദങ്ങളും അവിടെ ഉണ്ട്. ആ വലിയ ഗോപുരത്തിന്റെ ഇടതു ഭാഗത്തു ചെരുപ്പുകൾ സൂക്ഷിക്കാൻ ഉള്ള കൌണ്ടർ ആണ്. ചെരുപ്പുകൾ ചുമ്മാ തോന്നുനിടത് ഊരിയിട്ടിട്ടു പോകാൻ പറ്റില്ല അങ്ങനെ ഊരിയിട്ടാൽ അവർ അതെല്ലാം ഒരു പ്ലാസ്റ്റിക് ബാസ്കറ്റിൽ പെറുക്കി എടുത്ത് മാറ്റി വെക്കുന്നത് കാണാം. നമ്മുടെ ചെരുപ്പുകൾ സൂക്ഷിക്കുന്നതിനായി നമ്മുക്കും ഒരു ബാസ്കറ്റ് എത്രയോ രൂപ വാടക കൊടുത്തു കുറച്ച സമയത്തേക് വങ്ങിക്കാം. എന്നാൽ പാഴ് ചെലവാണ് അത് എന്ന് മനസിലാക്കിയ ഞങ്ങൾ ബാഗിൽ ഉണ്ടായിരുന്ന പ്ലാസ്റ്റിക് കവറിൽ ചെരുപ്പുകൾ ഇട്ടു ബാഗിനുള്ളിൽ തന്നെ ഭദ്രമായി സൂക്ഷിച്ചു. ആ വലിയ ഗോപുരത്തിന്റെ ഏറ്റവും മുകളിലത്തെ നില വരെ നമ്മുക് കയറാൻ സാധിക്കും അതിനായി അവിടെ 2 ലിഫ്റ്റുകൾ ഉണ്ട്. ഒരാൾക്ക് ₹10 ആണ് കുട്ടികൾക്ക് ₹5 ഉം. ലിഫ്റ്റിൽ കയറാൻ അത്യാവശ്യം നല്ല ഇടി തന്നെ ഉണ്ടായിരുന്നു അതിനാൽ ഞങ്ങൾ മുകളിലേക്കു കയറിയില്ല. ഗോപുരത്തിനുള്ളിൽ കൂടി കടന്നു സ്വൽപ്പം മുൻപോട്ടു പോകുമ്പോൾ ഇടതു വശത്തായി കുറച്ചു ആളുകൾ ക്യൂ നില്കുന്നത് കണ്ടു. ഗോപുരത്തിനു മുകളിലേക്കു നടന്നു കയറാൻ ഉള്ള ക്യൂ ആയിരിക്കും അത് എന്ന് ഊഹിച്ചു ഞങ്ങളും അതിന്റെ പിന്നിലേക് സ്ഥാനം ഉറപ്പിച്ചു. എന്നാൽ 15 മിനിറ്റ് ക്യൂ നിന്ന് ഞങ്ങൾ ചെന്നത് ഒരു ശിവ ക്ഷേത്രത്തിന്റെ ഉള്ളിലേക്ക് ആണ്, ഗോപുരത്തിന്റെ മുകളിലേക്കു അല്ല. അവിടെ ദർശനം നടത്തി പുറത്തു ഇറങ്ങിയ ഞങ്ങൾ വല്യ ശിവ പ്രതിമയെ ലക്‌ഷ്യം വെച്ച് നടന്നു.
ആ കൂറ്റൻ പ്രതിമയുടെ അടിയിൽ ഒരു ചെറിയ ക്ഷേത്രം ഉണ്ട് കൂടാതെ ഇടത് വശത്തു ഉള്ളിലേക് ഒരു ചെറിയ ഗുഹ, ആ ഗുഹക്കുള്ളിൽ കയറുന്നതിനായി ഒരാൾക് ₹10 നിരക്കിൽ 2 ടിക്കറ്റ് എടുത്തു. ശിവപുരാണത്തിലെ ഏതോ ഒരു കഥയാണ് അതിനുള്ളിൽ ശില്പങ്ങളായി ഉണ്ടാക്കി വെച്ചിരിക്കുന്നത്. ആ കഥ കന്നഡത്തിൽ അതിനുള്ളിൽ പറയുന്നുണ്ട് പക്ഷെ ഒന്നും മനസിലായില്ല. പടുകൂറ്റൻ ശിവ പ്രതിമയ്ക്ക് പുറമെ അവിടെ മറ്റു കുറെ ശില്പങ്ങൾ വേറെയുമുണ്ട് അതെല്ലാം കണ്ടു ആസ്വദിച്ചു കുറച്ചു സെൽഫികളും എടുത്തു ഒരു ഐസ്ക്രീം ഉം കഴിച്ചു സമയം നോക്കിയപ്പോൾ സമയം 4:30pm. ബെണ്ടൂർ ഇൽ നിന്നും മൂകാംബികക്കു ഉള്ള അവസാന ബസ് വൈകിട്ട് 6 മണിക്ക് ആണെന്ന് ഞങ്ങളുടെ കുടജാദ്രി ജീപ്പ് ഡ്രൈവർ സജിത്ത് ചേട്ടനോട് ചോദിച്ചു ഞങ്ങൾ മനസിലാക്കിയിരുന്നു. അതുകൊണ്ട് ഒട്ടും വൈകാതെ തന്നെ ഞങ്ങൾ മുരുടേശ്വരിൽ നിന്നും ഇറങ്ങി. എന്നാൽ അങ്ങോട്ട് പോയ പോലെ എളുപ്പം ആയിരുന്നില്ല തിരിച്ചു വരവ്. അമ്പലത്തിനു അടുത്തുള്ള ബസ് സ്റ്റാൻഡിൽ നിന്നും മുരുടേശ്വർ മെയിൻ റോഡിലേക്കു ഇറങ്ങാൻ മറ്റൊരു KSRTC യിൽ കയറി, ടിക്കറ്റ് വില ₹7 മുടക്കി 2 ടിക്കറ്റ് എടുത്തു. മെയിൻ റോഡിൽ വന്നു ഇറങ്ങിയപ്പോൾ അവിടെ ഒരു പ്രൈവറ്റ് ബസ് വന്നു കിടപ്പുണ്ടായിരുന്നു തിരക്കിയപ്പോൾ അത് ബെണ്ടൂർ ക്കും പോവില്ല മൂകാംബികക്കും പോവില്ല എന്നാൽ BHATKAL (മുരുടേശ്വറിനും ബൈണ്ടൂർക്കും ഇടയിൽ ഉള്ള ഒരു സ്ഥലം) ഇൽ ഇറക്കാം അവിടെ നിന്നും ബൈണ്ടൂർക്കുള്ള ബസ് കിട്ടും എന്ന് കണ്ടക്ടർ പറഞ്ഞു. അങ്ങനെ ഒരാൾക്ക് ₹20 ടിക്കറ്റ് എടുത്തു ഭട്കൽ, പിന്നെ ഭട്കൽ നിന്നും ₹30 ടിക്കറ്റ് ബെണ്ടൂരിലേക്ക്. ബെണ്ടൂർ എത്തിയപ്പോൾ കൃത്യം സമയം 6 മണി, ബസ് പോയി കാണുമോ എന്ന് ചെറുതായി ഭയന്നു എന്നാൽ ഒരുപാട് ആളുകൾ സ്റ്റാൻഡിൽ നില്കുന്നത് കണ്ടപ്പോൾ ഒരു ആശ്വാസമായി. 6:10pm ആയപ്പോൾ കൊല്ലുരിലേക്ക് ഉള്ള ഒരു പ്രൈവറ്റ് ബസ് വന്നു, ഇടിച്ചു തള്ളി ഒരു വിധം ബസിനുള്ളിൽ കയറിയപ്പോൾ ഇരിക്കാൻ സീറ്റ് ഒന്നുമില്ല, ഇത്രയും യാത്രക്ക് ശേഷം നിന്ന് കൊല്ലൂർ വരെ പോകാനുള്ള ആരോഗ്യം ഞങ്ങൾക്ക് 2 പേർക്കും ഉണ്ടായിരുന്നില്ല. രണ്ടും കല്പിച്ചു ബസിന്റെ ഏറ്റവും പുറകിലത്തെ സീറ്റിന്റെ മുന്പിലായി ഒരു വലിയ ടയർ ഇട്ടിട്ടുണ്ടായിരുന്നു അതിന്റെ മുകളിൽ കയറി ഇരുന്നു ₹25 രൂപ ഒരാൾക്ക് എന്ന നിരക്കിൽ ടിക്കറ്റും എടുത്തു സുഖമായിട് രാത്രി 7:30pm ഓടെ ഞങ്ങൾ കൊല്ലൂർ എത്തി.. ഇനി മടക്ക യാത്ര…