ക്ഷേത്രത്തിൽ നിന്നും ഇറങ്ങി നേരെ പോയത് ജീപ്പ് സർവീസ് നടത്തുന്ന സ്ഥലത്തേക്കു ആയിരുന്നു. അമ്പലത്തിന്റെ പടിഞ്ഞാറേ നടയിൽ 6 am മുതൽ തന്നെ സർവീസുകൾ നടത്തുന്നതിനായി സജ്ജമായി നിൽക്കുന്ന ഒരുപാട് ജീപ്പുകൾ കാണാൻ സാധിക്കും. 8 പേരെയാണ് ഒരു ജീപ്പിൽ കയറ്റി കുടജാദ്രിയിലേക് കൊണ്ട് പോവുക. ഒരാൾക്ക് ₹375 ആണ്. ഒന്നൊര മണിക്കൂർ യാത്രയാണ് അങ്ങോട്ടേക്ക് (one side). അവിടെ ചെന്ന് കഴിഞ്ഞാൽ സർവജ്ഞ പീഡത്തിലേക് 1.5 km നടപ്പുണ്ട് അതിനായി ജീപ്പ് drivers നമ്മുക് അനുവദിച്ചു തരുന്ന സമയം ഒന്നര മണിക്കൂർ ആണ്, അവിടെ ആണ് ശങ്കര ആചാര്യർ തപസ്സ് അനുഷ്ഠിച്ചത് എന്ന് വിശ്വസിക്കുന്നു.
ഐതിഹ്യം ഇങ്ങനെ. ആദി ശങ്കരാചാര്യരുടെ മുൻപിൽ പ്രത്യക്ഷ ആയ ദേവി അദ്ദേഹത്തിനോട് ഒരു വരം ആവശ്യപ്പെട്ടു. ശങ്കരാചാര്യർ വരമായി ആവശ്യപ്പെട്ടത് ദേവിയുടെ ഒരു വിഗ്രഹം തനിക്ക് കേരളത്തിൽ ഒരു ക്ഷേത്രം ഉണ്ടാക്കി അവിടെ പ്രതിഷ്ഠ ചെയ്യണം എന്നായിരുന്നു. ഒരു വ്യവസ്ഥയോട് കൂടി ദേവി അദ്ദേഹത്തിന്റെ ആഗ്രഹം സമ്മതിച്ചു. വ്യവസ്ഥ ഇതായിരുന്നു, ദേവി ശങ്കരാചാര്യരെ പിന്തുടരും, ലക്ഷ്യ സ്ഥാനത്തു എത്തുന്നത് വരെ അദ്ദേഹം തിരിഞ്ഞു നോക്കാൻ പാടില്ല. എന്നാൽ കുറച്ചു ദൂരം ചെന്നപ്പോൾ ആദി ശങ്കരനെ പരീക്ഷിക്കുവാൻ ദേവി തന്റെ ചിലങ്കയുടെ ശബ്ദം കേൾപ്പിക്കാതെ നിശ്ചലയായി നിന്നു. സംശയം തോന്നി തിരിഞ്ഞു നോക്കിയ ആദി ശങ്കരനോട് തന്നെ അവിടെ പ്രതിഷ്ഠിക്കുവാൻ ദേവി ആവശ്യപ്പെട്ടു. കൊല്ലൂർ കുടജാദ്രി മലയുടെ മുകളിൽ ആയിരുന്നു ദേവി പ്രത്യക്ഷപെട്ടതും ആദി ശങ്കരൻ തപസ്സ് അനുഷ്ടിച്ചതും.
അങ്ങനെ 26/05/2019 ഞായറാഴ്ച രാവിലെ 7 മണിക്ക് രാവിലത്തെ ഭക്ഷണത്തിനു ശേഷം(അവൾ പൂരിയും ഞാൻ ദോശയും ആണ് കഴിച്ചത്, ഇത് പറയാൻ ഉണ്ടായ കാരണം പുറകെ വരുന്നുണ്ട്) ഒരു ജീപ്പിന്റെ അടുത്ത് കോളം തികക്കാൻ ബാക്കി വേണ്ടുന്ന 6 പേരെയും കാത്തു നിൽപ്പായി. അധിക നേരം നിൽക്കേണ്ടി വന്നില്ല ഞങ്ങളോടൊപ്പം സർവജ്ഞ പീഠം കീഴടക്കാനായി ആ 6 പേരെത്തി. എവിടെ നിന്നോ വന്നു ഒരു കുടുംബം പോലെ ആയി മാറിയ മറ്റു 2 കുടുംബങ്ങൾ. ഒരു അച്ഛൻ ‘അമ്മ മകൾ കൂട്ടത്തിൽ മറ്റൊരു അമ്മയും മകനും വല്യമ്മയും. ഞങ്ങൾക് പറ്റിയ കൂട്ടായിരുന്നു അവർ. ജീപ്പിന്റെ പിൻ സീറ്റിൽ ഞാനും മനു മോനും ഇടം പിടിച്ചു ഒപ്പം ആ കൂട്ടത്തിലെ മറ്റു 4 സ്ത്രീ ജനങ്ങളും. പരസ്പരം പരിചയപ്പെട്ടു അതിൽ ഒരു കൂട്ടർ ചെങ്ങന്നൂർകാരും മറു കൂട്ടർ പാലക്കാടുകാരും ആണെന്ന് അറിഞ്ഞു. അവർക്കു തമ്മിൽ മുൻ പരിചയം ഉണ്ടായിരുന്നു. ഒരുപാട് വളവുകൾക്കും തിരുവകൾക്കും ശേഷം വണ്ടി ഒരു കേരള ഹോട്ടല് ന്റെ മുന്നിൽ നിന്നു. ഡ്രൈവർ ഇറങ്ങി പ്രാതൽ കഴിക്കാനായി പോകുന്നത് കണ്ടു. പെട്ടന്നു തന്നെ എന്റെ സൈഡ് ഇൽ ഇരുന്ന മനു മോൻ ജീപ്പിൽ നിന്നും പുറത്തേക്കു ചാടുന്നത് ആണ് കണ്ടത്. ഒരു കിടിലൻ വാളിന് ശേഷം വീണ്ടും പഴയ സ്ഥാനം പിടിക്കാൻ ഒരുങ്ങിയ മനു മോനോട് front seat ഇൽ വന്നിരുന്നോളാൻ driver ആവശ്യപ്പെട്ടു. എന്റെ മുഖത്ത് നിന്നും ഞാനും ഒരു ഭാവി വാൾ എടുക്കാൻ സാധ്യത ഉണ്ടെന്നു മനസിലാക്കിയ അവർ ഞങ്ങളെ 2 പേരെയും മുൻ സീറ്റ് ഇലേക് മാറ്റി. മൂകാംബികയിൽ എത്തി കഴിഞ്ഞാൽ ഭാഷയുടെ കാര്യം ഓർത്തു ടെൻഷൻ അടികണ്ട കാര്യം ഇല്ല. ഏകദേശം എല്ലാര്ക്കും തന്നെ മലയാളം അറിയാം. ഞങ്ങളുടെ ഡ്രൈവർ സജിത്ത് ചേട്ടനും മലയാളി ആയിരുന്നു.
ഒരു വളവു തിരിഞ്ഞപ്പോൾ ടാറിട്ട റോഡുകൾ അവസാനിക്കുന്നത് ഞങ്ങൾ കണ്ടു. സജിത്ത് ചേട്ടൻ മുന്നറിയിപ്പ് തരുകയും ചെയ്തു. ഇനി 8 km off റോഡ് ആണ് എന്ന്. ഓഫ് റോഡ് എന്ന് പറഞ്ഞാൽ എജ്ജാതി ഓഫ്‌റോഡ്, മുൻപിൽ ഇരുന്നാൽ വാൾ വെക്കില്ല എന്ന് പറഞ്ഞപ്പോ ഇത്ര പ്രതീക്ഷിച്ചില്ല, വാളിനെ പറ്റി ചിന്തിക്കാൻ കൂടി സമയം ഇല്ല, തുള്ളി ചാടി കുലുങ്ങി, നമ്മളെ മുഴുവനോടെ എടുത്ത് മറിച്ചു ജീപ്പ് അതി വേഗം കുതിക്കുവാണ്. ജീപ്പിന്റെ ഏതെങ്കിലും ഭാഗം വഴിയിൽ ഊരി പോകുവോ എന്ന് വരെ ഞങ്ങൾ ഭയന്നു. ഓരോ ചാട്ടം ചാടുമ്പോഴും പുറകിൽ നിന്നും ചിരിയും കമന്റ് അടിയും എല്ലാം ആയി ആ 8 km ആർത്തുല്ലസിച്ചു കടന്നു പോയി. അന്നേ ദിവസം വെളുപ്പിനെ നല്ല മഴ പെയ്തതിനാല് വഴിയിൽ പൊടി ശല്യം ഇല്ലായിരുന്നു.
കുടജാദ്രി മലയിൽ എത്തിയപ്പോൾ സമയം 8:30 am. ഞങ്ങളോടൊപ്പം ചിരിച്ചു കൂടെ കൂടിയ സജിത്ത് ചേട്ടൻ ഞങ്ങൾക് വേണ്ടി മാത്രം ഒരു ഓഫർ തന്നു, സാധാരണ അവിടെ ചിലവഴിക്കാൻ ഒന്നര മണിക്കൂർ ആണ് കൊടുക്കുന്നത് എന്നാൽ അദ്ദേഹം ഞങ്ങൾക് 3 മണിക്കൂർ അനുവദിച്ചു തന്നു. സർവജ്ഞ പീഡത്തിനു പുറമെ ഗണപതി ഗുഹയിലും, ചിത്രമൂലയിലും പോകാൻ ഉള്ള സമയം അദ്ദേഹം ഞങ്ങൾക്ക് തന്നു.
താഴെ ഉള്ള ചെറിയ അമ്പലത്തിൽ തൊഴുതത്തിനു ശേഷം പതുക്കെ മല കയറാൻ തുടങ്ങി. വല്യമ്മ വരുന്നില്ല എന്ന് നേരത്തെ അറിയിച്ചിരുന്നു, മലയുടെ താഴെ ഒരു മര ചുവട്ടിൽ ‘അമ്മ സ്ഥാനം പിടിച്ചു. ബാക്കി ഞങ്ങൾ 7 പേർ, കൂട്ടത്തിൽ പ്രായം ഉള്ളവരും ഉള്ളതിനാൽ ഇടക്ക് നല്ലതുപോലെ വിശ്രമിച്ചു ആയിരുന്നു മല കയറ്റം. ബാഗിൽ കരുതിയ ഒരു കുപ്പി വെള്ളം ഒരു വല്യ ഭാരമായി തന്നെ തോന്നി. അങ്ങോട്ടേക് പോകും വഴി തന്നെയാണ് ഗണപതി ഗുഹ. ഒരു ഗുഹക്ക് ഉള്ളിൽ ഒരു ഗണപതി വിഗ്രഹം, ഗുഹയുടെ പരിസരം ഒക്കെ നല്ല വൃത്തി ആയി സൂക്ഷിച്ചിരിക്കുന്നതാണ് എന്റെ ശ്രദ്ധയിൽ ആദ്യം പെട്ടത്. ഏകദേശം 9.30ഓട് കൂടി ഞങ്ങൾ സർവജ്ഞ പീഠത്തിൽ എത്തി. ഒരു കുഞ്ഞു കൽമണ്ഡപം അതിനുള്ളിൽ ആദി ശങ്കരന്റെ ചെറിയ ഒരു ബിംബം. നടവഴിയിൽ ഒന്നും തന്നെ വല്യ ക്ഷീണം ഞങ്ങൾ അറിഞ്ഞില്ല, 9 മണി കഴിഞ്ഞിട്ടും നല്ല തണുപ്പും മൂടൽ മഞ്ഞും ഉണ്ടായിരുന്നു. ആദി ശങ്കരനെ ദര്ശിച്ചതിനു ശേഷം ആ കൽമണ്ഡപതിന്നു പിന്നിൽ ഉള്ള പാറ കെട്ടിൽ ഇരുന്നു വിശ്രമിക്കുമ്പോൾ ആ പാറ ഇടുക്കുകൾക് താഴെ നിന്നും ഒരു പറ്റം ചെറുപ്പക്കാർ കിതച്ചു കയറി വരുന്നത് കണ്ടു. തിരക്കിയപ്പോൾ ആ മല ഇറങ്ങി കുറച്ച ദൂരം ചെല്ലുമ്പോൾ ആണ് ചിത്രമൂല എന്ന് അറിയാൻ സാധിച്ചു. കയറി വന്ന ചെറുപ്പക്കാരുടെ അണപ്പു കണ്ടപ്പോൾ തന്നെ അച്ചുവിന്റെ Arjun S Das അമ്മയും ഗ്രീഷ്മയുടെ അമ്മയും ഞങ്ങൾ ഇല്ലേ എന്ന് അറിയിച്ചു. ഇവിടെ വരെ വന്നതല്ലേ അവിടെ കൂടി പോയേക്കാം എന്ന് പറഞ്ഞു ഞങ്ങൾ ചെറുപ്പക്കാർ 4 പേരും കൂട്ടത്തിൽ ഗ്രീഷ്മയുടെ അച്ഛനും ഞങ്ങളോടൊപ്പം ഇറങ്ങി. അങ്ങനെ സർവജ്ഞ പീഡത്തിനു പുറകിലൂടെ ഉള്ള വഴിയിലൂടെ ഞങ്ങൾ മല ഇറങ്ങാൻ തുടങ്ങി. ഇടുങ്ങിയ കാനന വഴിയിലൂടെ ആയിരുന്നു സഞ്ചാരം. ഇടയ്ക്കു വെച്ച് ദർശനം നടത്തി തിരിച്ചു വരുന്ന കുറച്ചു പേരെ കാണാമായിരുന്നു. എല്ലാവരും തന്നെ നന്നേ ക്ഷീണിതരായി ആണ് തിരിച്ചു വരുന്നത്, അത് കാണുമ്പോൾ ചെറിയ ഒരു അങ്കലാപ്പ് മനസ്സിൽ ഉണ്ടായിരുന്നു. വഴിയിൽ വെചു കണ്ടു മുട്ടിയവർ എല്ലാം തന്നെ മലയാളികൾ ആയിരുന്നു. അതിൽ ഒരു കൂട്ടർ പറഞ്ഞത് മലയാളം തന്നെ ആണെന്ന് മനസിലാക്കാൻ കുറച്ച സമയം എടുത്തു. കാസര്കോടുകാർ ആയിരുന്നു അവർ. ഏകദേശം അര മണിക്കൂറത്തെ നടപ്പിനു ശേഷം ചിത്രമൂല ഗുഹയുടെ താഴെ എത്തി. ഗുഹയിലേക് കയറാൻ ഒരു ഏണിയും പിടിച്ചു കയറാൻ കയറും ഉണ്ട്. അത് 2ഉം ഉപയോഗിച്ച് മുകളിൽ എത്തി. ചെറിയ ഒരു ശിവലിംഗം അതിനു മുന്നിൽ ഒരു ചെറിയ വിളക്ക് ഇത്രയും ആണ് അവിടെ ഉള്ളത്. ആ ഗുഹയുടെ ഇടത്തേക്ക് മാറി ഒരു ചെറിയ നീരുറവ ഞങ്ങൾ ശ്രദ്ധിച്ചിരുന്നു. മഴക്കാലത്തു അത് ചെറിയ ഒരു വെള്ളച്ചാട്ടമാണ് എന്നത് പിന്നീട് സജിത്ത് ചേട്ടൻ വഴി അറിയാൻ സാധിച്ചു.
ഇനി അമ്മമാർ ഇരിക്കുന്നിടത്തെക്ക് ഉള്ള തിരിച്ചു പോക്ക് ആണ്. അങ്ങോട്ടേക് ഇറക്കം ആയതിനാൽ വല്യ തരകേട് ഇല്ലാതെ ഇറങ്ങാൻ പറ്റി എന്നാൽ തിരിച്ചു പോക്ക് അങ്ങനെ അല്ല കുത്തനെ ഉള്ള കയറ്റം ആണ് പല ഇടത്തും. കുറെ സ്ഥലങ്ങളിൽ കാലും കൈയും വരെ കുത്തി ആണ് കയറി പോന്നത്. 11 മണിയോടെ ഞങ്ങൾ സർവജ്ഞ പീഠത്തിൽ തിരിച്ചു എത്തി. നമ്മൾ പോകുന്ന വഴിയിൽ പല ഇടതും വഴിയോര കച്ചവടക്കാർ ഉണ്ട്. മോരും വെള്ളം, നാരങ്ങാ വെള്ളം, ഉപ്പും മുളകും ഇട്ട മാങ്ങ, തണ്ണി മത്തങ്ങാ എന്നിവ അവിടെ നിന്നും ലഭ്യമാണ്. സജിത്ത് ചേട്ടൻ പറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഞങ്ങൾ തിരിച്ചു ജീപ്പിനു അടുത്ത എത്തി. 11.30 am നു ശേഷം ജീപ്പ് കുടജാദ്രിയിൽ നിന്നും കൊല്ലുരിലേക് തിരിച്ചു. ഇത്രയും ദൂരം നടന്നതിന്റെ ക്ഷീണവും കിതപ്പും നല്ലതുപോലെ തന്നെ ഉണ്ടായിരുന്നു, അത് കൊണ്ട് തന്നെ ഫ്രന്റ് സീറ്റ് ഇൽ ആണ് ഇരുന്നത് എങ്കിലും ഞങ്ങൾ 2 പേരും ഉറക്കം തൂങ്ങാൻ തുടങ്ങി. ചെറുതായിട്ടു മയങ്ങിയാൽ door വഴി തെറിചു താഴെ പോകും എന്ന് നല്ല ഉറപ്പ് ഉണ്ടായിരുന്നതിനാൽ കുടജാദ്രി മുതൽ കൊല്ലൂർ വരെ മറ്റു ജീപ്പ് യാത്രകാർക് അസൂയാർഹമായ രീതിയിൽ പാട്ടും പാടി അടിച്ചു പൊളിച്ചാണ് വന്നത്. ഒരിക്കലും മറക്കാനാവാത്ത കുടജാദ്രി യാത്ര കഴിഞ്ഞു 1:30pm നു ഞങ്ങൾ കൊല്ലൂർ എത്തി. എല്ലാവരോടും യാത്ര പറയുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത ഒരു വേദന ഉള്ളിൽ തോന്നിയിരുന്നു.
ജീപ്പ് വന്നിറങ്ങി ഞങ്ങൾ നേരെ പോയത് മൂകാംബിക ബസ് സ്ടാന്റിലേക് ആയിരുന്നു.
ഇനി മുരുടേശ്വരിലേക്ക്…