കേരളീയകലകൾ
-സുൽഫിക്കർ അലി അണങ്കൂർ-
ഒരു നാടിന്റെ കണ്ണാടിയാണ് കലകൾ. ഒരു ജനസമൂഹത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ പൈതൃകത്തെ ആ നാട്ടിലെ കലകളിലൂടെയാണ് നാം അറിയുന്നത്. കാവുകളും കൈതക്കാടുകളും കണ്ണാന്തളികൾ കണ്ണുതുറക്കുന്ന പുൽമേടുകളും ഉള്ള കേരളത്തിൽ നിരവധി കലാരൂപങ്ങൾ വളർന്നു പുഷ്ടി പ്രാപിച്ചിട്ടുണ്ട്. ഏതുതരം കലാരൂപമായാലും അതിനു പിന്നിലുള്ളത് മലയാളിയുടെ സൗന്ദര്യബോധമാണ്.
കേരളത്തിന്റെ കീർത്തി മറുനാട്ടിലും എത്തിച്ച് മികച്ച കലാരൂപം കഥ കളിതന്നെ. ഇക്കാര്യത്തിൽ തർക്കമാർക്കുമില്ല. കടൽകടന്ന പെരുമ മറ്റൊരു കലാരൂപത്തിനും കേരളത്തിൽ ലഭിച്ചിട്ടുമില്ല. കൊട്ടാരക്കരത്തമ്പുരാൻ ആവിഷ്കരിച്ച രാമനാട്ടത്തിന്റെ പരിഷ്കൃതരൂപമാണ് ഇന്നത്തെ കഥകളി എന്ന് പൊതുവേ വിശ്വസിക്കുന്നു. മഹാകവി വള്ളത്തോളിന്റെ ദീർഘവീക്ഷ ണത്തിൽ സ്ഥാപിതമായ “കേരള കലാമണ്ഡലം,’ കഥകളിയെ ചിട്ടയോടെ വളർത്തുന്നു, കഥകളിയുടെ സാഹിത്യരൂപത്തിന് “ആട്ടക്കഥ’ എന്നു പറ യുന്നു. നൃത്തനൃത്യനാട്യങ്ങളുടെ പൂർണതയാണ് കഥകളി.സംഗീതത്തിനും സാഹിത്യത്തിനും ഒരുപോലെ പ്രാധാന്യം കഥകളിയിലുണ്ട്. കഥകളിയിലെ വേഷങ്ങളെ പ്രധാനമായും അഞ്ചായി തിരിച്ചിരിക്കുന്നു. പച്ച, കത്തി, കരി, താടി, മിനുക്ക്, എന്നിങ്ങനെയാണവ. ഗുണസമ്പൂർണമായ പാത്രങ്ങളെ അവതരിപ്പിക്കുന്നത് പച്ചവേഷത്തിലാണ്. രാക്ഷസന്മാർ, അസുരന്മാർ എന്നിവർക്ക് കത്തിവേഷം. തമോഗുണമധികമുള്ള കഥാപാത്രങ്ങൾക്കാണ് കരിവേഷം. അതിക്രൂരന്മാരായ രാക്ഷസന്മാർക്കും മറ്റും ചുവന്ന താടിവേഷം. വെള്ളത്താടി സാത്വികരായ കഥാപാത്രങ്ങൾക്കാണ്. സ്ത്രീകൾക്കാണ് മിനുക്ക്. കഥകളിയിലെ സംഗീതം ഒരു പ്രത്യേക രീതിയിലുള്ളതാണ്. സോപാനസംഗീതമെന്നാണ് അതിനു പറയുന്നത്. കേളികൊട്ട്, കേളിക്കൈ, തോടയം, പുറപ്പാട്, മേളപ്പദം എന്നിവയാണ് കഥകളിച്ചടങ്ങുകൾ. വളരെ സമയം ചെലവാക്കി നിഷ്ഠയോടെ പഠനം നിർവഹിക്കുന്ന ഒരാൾക്ക് മാത്രമേ കഥകളി വശമാവൂ.
മലയാളത്തിന്റെ ജനകീയകല ഏതെന്ന ചോദ്യത്തിന് ഒരുത്തരം മാത്രം. അതു തുള്ളൽ തന്നെ. കുഞ്ചൻ നമ്പ്യാരാണ് തുള്ളൽ എന്ന കലയുടെ പ്രണേതാവ്. ഐതിഹ്യം ഇങ്ങനെ ഉത്ഘോഷിക്കുന്നു. ചാക്യാരോട് പിണങ്ങി അമ്പലപ്പുഴ ദേവനാരായണ സ്വാമി ക്ഷേത്രത്തിന്റെ തിരുമുറ്റത്ത് ഒരു ദിനംകൊണ്ട് ‘കല്യാണസൗഗന്ധികം’ തുള്ളൽ എഴുതി ഉണ്ടാക്കി അവതരിപ്പിച്ചുവത്രേ. ഇതു കേവലം ഐതിഹ്യം, വളരെ നാളത്തെ ചിന്തയും ഒരുക്കവും തുള്ളൽ അവതരിപ്പിക്കുവാൻ നമ്പ്യാർക്കു വേണ്ടിവന്നു വെന്നതാണ് സത്യം. ചാക്യാർക്കഥ കേവലം ഒരു നിയോഗം മാത്രം, സാധാരണജനങ്ങൾക്ക് മനസ്സിലാവാൻ കേരളഭാഷതന്നെ വേണമെന്നും സംസ്കൃതം പാടില്ലെന്നും കർക്കശ നിലപാട് സ്വീകരിക്കുന്ന തുള്ളൽ കഥാകാരൻ മൂന്നുതരം തുള്ളലുകളാണ് അവതരിപ്പിക്കുന്നത്. ഓട്ടൻതുള്ളൽ, ശീതങ്കൻ തുള്ളൽ, പറയൻ തുള്ളൽ എന്നിങ്ങനെ ഇവയെ വേർതിരിക്കാം. വേഷത്തിലും പാടുന്ന പാട്ടിന്റെ താളത്തിലും മൂന്നുരൂപങ്ങൾക്കും ഭേദമുണ്ട്. കഥകളിപോലെ ഉടുത്തൊരുക്കിന് പ്രൗഢമായ സാധനങ്ങളൊന്നും വേണ്ടാ തുള്ളലിന് എന്നത് ആ കലാരൂപത്തിന്റെ പ്രചരണത്തിനു കാരണമായിട്ടുണ്ട്. സാമൂഹിക നവോത്ഥാനമാണല്ലോ കലകളുടെ കടമ. രസാസ്വാദനം കലകളുടെ മനോഭാവത്തെ പൂർണമാക്കുമ്പോൾ സാമൂഹികമായ പുരോഗതി അവയുടെ ക്രിയാംശത്തെ നവീകരിക്കുന്നു. തുള്ളൽ അത്തരം ശ്രദ്ധേയ കലാരൂപംതന്നെയാണ്.
മലയാളിയുടെ തനത് നൃത്തരൂപം തന്നെയാണ് മോഹിനിയാട്ടം. അത് മോഹിപ്പിക്കുന്ന നൃത്തം തന്നെയാണ്. ഉടുത്തുകെട്ടും ഒരുക്കും ആരെയും ആകർഷിക്കും. തമിഴ്നാടു സ്വദേശിയായ വടിവേലുവാണ് മോഹിനിയാട്ടം ചിട്ടപ്പെടുത്തിയെടുത്തത് എന്നാണ് വിശ്വാസം. ഗർഭശ്രീമാനായ സ്വാതി തിരുനാൾ മഹാരാജാവ് മോഹിനിയാട്ടം പരിഷ്കരിക്കുന്നതിൽ ഏറെ ശ്രദ്ധവച്ചിട്ടുണ്ട്. ഈ കല രാജകൊട്ടാരങ്ങളുടെ അകത്തളങ്ങളിൽ ഒതുങ്ങുകയും കൊട്ടാരങ്ങളുടെ നാശത്തോടെ തകരുകയും ചെയ്തു. ഈ അപചയം അല്പമെങ്കിലും മാറിയത് വള്ളത്തോൾ കലാമണ്ഡലം സ്ഥാപിച്ചതിലൂടെ യാണ്. ഭരതനാട്യവും മോഹനിയാട്ടവും അവിടുത്തെ പ്രധാന പാഠ്യവിഷയങ്ങളാണ്.
കേരളത്തിലെ ക്ലാസിക് സ്വഭാവമുള്ള കലകളെക്കുറിച്ചാണ് ഞാനിവിടെ പറഞ്ഞത്. നിരവധി ഗ്രാമീണകലകളുടെ കേദാരവുമാണ് കേരളം. തെയ്യം, തിറ, വള്ളംകളി, തിരുവാതിരക്കളി തുടങ്ങി നിരവധി കലാരൂപങ്ങൾ കേരളത്തിന്റെ സ്വന്തമായുണ്ട്. മാനവപരിവർത്തനത്തിനുള്ള മുഖ്യപങ്ക് ഒരോ രാജ്യത്തിലും വഹിക്കുന്നത് അവിടുത്തെ കലകൾ തന്നെയാണ്.