നമ്മുടെ നാട്ടിൽ നിന്നും പതിയെ അന്യംനിന്ന് പോയികൊണ്ടിരിക്കുന്ന ലത്തീൻ ക്രൈസ്തവരുടെ ഇടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു കലാരൂപമാണല്ലോ ചവിട്ടു നാടകം
മലഞ്ചരക്ക് തേടി കേരളത്തിലെത്തിയ പറങ്കികൾ നമ്മുക്ക് സമ്മാനിച്ചതാണ് ചവിട്ടു നാടകം എന്ന് പറയപ്പെടുന്നു. വ്യാപാരത്തിന് വന്നവർ പതിയെ നാട്ടു രാജ്യങ്ങൾ പിടിച്ചടക്കാൻ തുടങ്ങി. അങ്ങനെയിരിക്കെ എന്ത്കൊണ്ട് തങ്ങളുടെ മതം കൂടെ ഈ പുതിയ മണ്ണിൽ പ്രചരിപ്പിച്ചു കൂടാ എന്നൊരു ഉൾവിളി അവർക്കുണ്ടായി. അതിൻറെ ഭാഗമായിട്ടായിരിക്കണം അന്ന് നിലവിൽ ഉണ്ടായിരുന്ന ഹിന്ദു പശ്ചാത്തലമുള്ള ഏതാനും കേരളീയ കലകൾക്ക് പകരം, തങ്ങൾ പുതിയതായി ഉണ്ടാക്കികൊണ്ടിരിക്കുന്ന ജനതയ്ക്കായി, മദ്ധ്യകാല യൂറോപ്പിലെ നാടകങ്ങളുടെ ചുവടു പിടിച്ചു കൊണ്ട്, ബൈബിളെലെയും പാശ്ചാത്യ ചരിത്രത്തിലെ മഹാരഥന്മാരുടെയും കഥകൾ ഉൾകൊള്ളിച്ചു കൊണ്ട് ഒരു നൃത്ത-നാടക രൂപം പടച്ചു. മലയാള മണ്ണിൽ പിറന്ന കലാരൂപമാണെങ്കിലും തമിഴ് കലർന്ന ഭാഷയും, പഴയ ഗ്രീക്കൊ-റോമൻ ഭടന്മാരെ ഓർമിപ്പിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന വേഷവിധാനങ്ങളും ആണ് ചവിട്ടു നാടകത്തിൻറെ ഏറ്റവും വലിയ പ്രത്യേകത.
ഈ ചവിട്ടു നാടകത്തിലെ ആദ്യത്തേതും ഏറ്റവും പ്രധാനപെട്ടതുമായ കഥയാണ് ‘കാറൽസ്മാൻ ചരിതം’. കാറൽസ്മാൻ രാജാവ് നടത്തിയ കുരിശു യുദ്ധത്തിൻറെ വീരകഥകളാണ് ഇതിലെ ഇതിവൃത്തം.
ഷാർലി മെയ്ൻ (ചിത്രം: വിക്കിപീഡിയ)
പക്ഷെ ചരിത്രത്തെ പറ്റി കുറച്ചെങ്കിലും അറിവുള്ള ഒരു വ്യക്തി, ഈ കഥകേട്ടാൽ തലചൊറിഞ്ഞു പോകും. ആരാണീ കാറൽസ്മാൻ രാജാവ്? കുരിശുയുദ്ധത്തിൻറെ ചരിത്രത്തിൽ ഒന്നും ഇങ്ങനെ ഒരു പേര് പോലും പറഞ്ഞു കേട്ടില്ലാലോ!
യഥാർത്ഥ ചരിത്രം എടുത്ത് ഒന്ന് പരിശോധിക്കണം. ക്രിസ്ത്വബ്‌ദം 742 – 814 കാലഘട്ടത്തിൽ ഫ്രാൻസിൽ ജീവിച്ചിരുന്ന ഷാർലി മെയ്ൻ എന്ന ചക്രവർത്തിയുടെ പേര് മലയാളീകരിച്ചതാണ് (അതോ തമിഴ് രൂപമോ?) ഈ ‘കാറൽസ്മാൻ’. പക്ഷെ ക്രിസ്തീയതയുടെ പേരിൽ നടന്ന സൈനിക മുന്നേറ്റങ്ങളുടെ പാരമ്പരയായ കുരിശുയുദ്ധ പരമ്പരകൾ നടക്കുന്നതാകട്ടെ 1095 മുതൽ 1291 വരെയുള്ള കാലഘട്ടത്തിലാണ്. ഷാർലി മെയ്ൻ മരിച്ചു പല നൂറ്റാണ്ടുകൾ കഴിഞ്ഞാണ് കുരിശുയുദ്ധം നടക്കുന്നത്. ആ ഷാർലിമെയ്നാണ് ‘കാറൽസ്മാൻ ചരിത’ത്തിൽ കുരിശുയുദ്ധം ചെയ്ത് യെരുശലേം പിടിച്ചടക്കുന്നത്. ആരുണ്ടാക്കി ഈ കെട്ടുകഥ?
ഒന്നാം കുരിശുയുദ്ധം
ചിത്രം: വിക്കിപീഡിയ
പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, കൃത്യം പറഞ്ഞാൽ 1516 മുതൽ 1532 വരെ ലുഡോ വീകോ ആരിയോസ്റ്റയ് എന്നൊരു മഹാകവി താനെഴുതിയ ‘ഒർലാൻണ്ടോ ഫൂറിയോസൊ[4]‘ എന്ന പുസ്തകം മാറ്റിയും മറിച്ചും വെട്ടി തിരുത്തി എഴുതിക്കൊണ്ടേയിരുന്നു. ഒടുവിൽ ആരിയോസ്റ്റയുടെ മരണശേഷം ആ കൃതി അതിൻറെ അന്തിമരൂപത്തിൽ പുറത്തിറങ്ങിയപ്പോൾ, അത് ഇറ്റാലിയൻ നവോത്ഥാന സാഹിത്യത്തിലെ തന്നെ ഏറ്റവും മഹത്തായ കൃതികളിൽ ഒന്നായി മാറി.
ചിത്രം: വിക്കിപീഡിയ
‘ഒർലാൻണ്ടോ ഫൂറിയോസൊ – രോഷോന്മത്തനായ റോലാൻറ്
ഈ റോലാൻറ് എന്ന് പറയുന്ന വീരൻ ഷാർലി മെയ്ൻ എന്ന ‘കാറൽസ്മാ’ൻറെ അനന്തരവനും അദ്ദേഹത്തിന്റെ പന്ത്രണ്ട് പടനായകന്മാരിൽ പ്രമുഖനമായിരുന്നു. കഥയിൽ റോലാൻറ് എന്തിനു ഇത്ര ശുണ്ഠിയെടുത്തു? യെരുശലേം മുസ്‌ലൻമാന്മാർ പിടിച്ചെടുത്തതിനാണോ? അല്ല, ഫ്രാൻസിൽ നിന്ന് വളരെ ദൂരെ, കിഴക്കിലെ ഒരു രാജാവിന്റെ മകൾ ആഞ്ചലിക്കയോടുള്ള സഫലീകരിക്കാത്ത പ്രേമത്തിന്റെ പേരിലാണ് റോലൻറ് കെറുവിച്ചു നടന്നത്. ചരിത്രത്തിൽ റോലൻറ് ആഞ്ചലിക്കയെ പ്രണയിച്ചിട്ടില്ല. മറ്റൊരു പടനായകനായിരുന്ന ഒലിവരുടെ സഹോദരി ആൽദെയായിരുന്നു. ചരിത്രത്തിൽ ഷാർലിമെയൻ കുരിശു യുദ്ധം ചെയ്തിട്ടില്ല. അതിനു മൂന്ന് നാലു നൂറ്റാണ്ടുകൾ കഴിയേണ്ടിയിരുന്നു.
റോലൻറ് പ്രേമനൈരാശ്യത്താൽ ഉഴലുകയും ഒടുവിൽ രുദ്രഭീമനായി പോയ വഴിയെല്ലാം നശിപ്പിച്ചു, നാടായ നാടെല്ലാം കീഴടക്കി പടയോട്ടം നടത്തിയ കഥയെഴുതിയ ആരിയോസ്റ്റയ്, തൻറെ കൃതിയിൽ ചരിത്രപുരുഷന്മാരെ ഒരു കാലഘട്ടത്തിൽ നിന്നും മറ്റൊന്നിലേക്കു പറിച്ചു നട്ടത് എന്തിനാണെന്നു വ്യക്തമല്ല. എന്തായാലും അദ്ദേഹത്തിന്റെ ‘ഒർലാൻണ്ടോ ഫൂറിയോസൊ’ അക്കാലത്തു യൂറോപ്പിലെങ്ങും വളരെ പ്രചാരം കൊണ്ടു.
പുസ്തകം അവിടെ ഇറങ്ങിയപാടെ, കാറ്റ് ആ കഥ കൊച്ചിയുടെ മണ്ണിലെത്തിച്ചു. ഏതെങ്കിലും ഒറ്റയാൻ കർമ്മപാതിരി കൊണ്ട് വന്നതായിരിക്കണം. പാതിരി ഏതെങ്കിലും ഒരു ‘മലയാളം പെശറ’ തമിഴനോട് പറഞ്ഞു കാണും. ആ തമിഴർ ചുവടി എഴുതി. അങ്ങനെ നമ്മൾ കാറൽസ്മാനെ കൊണ്ട് കുരിശു യുദ്ധം ചെയ്യിച്ചു. നാടകം ചവിട്ടിച്ചു!
ചവിട്ടു നാടക ഇതിവൃത്തങ്ങളിൽ ഏറ്റവും പ്രസിദ്ധമായ ’കാറൽമാൻ ചരിതം’ നമ്മുടെ എത്രയോ തലമുറകൾ കണ്ടും കേട്ടും ആസ്വദിച്ചുപോന്നിരുന്നു.
ഇതൊന്നുമറിയാതെ പാവം ചവിട്ടുനാടക കലാകാരന്മാർ, ടൈംലൈനിലുള്ള വമ്പൻ ‘പിശകു’ള്ള ഈ ചരിതം എത്രയെത്ര വേദികളിൽ അവതരിപ്പിച്ചു! സാധാരണക്കാരായ ജനങ്ങളുണ്ടോ അറിയുന്നു തങ്ങൾ അത്രയും കാലം പിന്തുടർന്നു പോന്നിരുന്നത് “വ്യാജ വാർത്തകളായിരുന്നു!
ഗ്രന്ഥസൂചി: ലന്തൻബത്തേരിയിലെ ലുത്തിയിനിയകൾ -എൻ.എസ് മാധവൻ
© Umesh KU