” സിനിമ ബൈബിൾ ആകുമ്പോൾ ”
പ്ലസ് ടു കാലഘട്ടം.. ഒരു നടൻ ആകണം എന്ന ആഗ്രഹവുമായി നടക്കുന്ന സമയം.. വീടിനടുത്തുള്ള സ്‌കൂൾ.. എന്നും വൈകിട്ട് സ്‌കൂൾ വിട്ടാൽ നേരെ പോകുന്നത് മൂന്നു കിലോമീറ്റർ അപ്പുറമുള്ള ലുലു എന്ന പേരുള്ള സിഡി കടയിലേക്കാണ്.. ഏഴാം ക്ലാസ് മുതൽ ആ കടയിൽ നിന്നും സിഡി വാങ്ങി സിനിമ കാണുന്നതാണ്.. മലായാളം സിനിമകളാണ് കൂടുതലും വാങ്ങുന്നത്.. അന്നൊക്കെ സ്കൂളിലേക്ക് പോകുന്ന വഴിയാണ് സിഡി കടയും ഉള്ളത്.. അച്ഛനോടോ അമ്മയോടോ ചോദിച്ചു ഇരുപതു രൂപ ഉണ്ടാക്കി സിഡി വാങ്ങി സിനിമ കാണും.. തമിഴും മലയാളവുമാണ് കൂടുതലും വാങ്ങാറുള്ളത്.. പിന്നെ രഹസ്യമായി വാങ്ങുന്ന ചില ഇംഗ്ലീഷ് സിനിമകളും ഉണ്ട്.. എച് ബി ഓ യിലെ ലിപ്‌ലോക് സീനുകൾ കണ്ട് കുളിരു കയറിയ ആ ബാലന് അതൊക്കെ ഉണ്ടായിരുന്നുള്ളു ഒരാശ്വാസത്തിന്..
പ്ലസ് ടു കാലത്തും കഥ വിപരീതമല്ല.. ഇംഗ്ലീഷ് സിനിമകൾ വാങ്ങി വീട്ടിൽ ആരുമില്ലാത്തപ്പോൾ വാങ്ങി അതിലെ ലിപ് ലോക് സീനുകൾ മാത്രം സ്കിപ് ചെയ്തു കാണുന്ന ഞാൻ അന്ന് ഒഴിവാക്കി കളഞ്ഞത് എത്രയോ ക്ലാസിക് സിനിമകൾ ആയിരുന്നു എന്ന് മനസ്സിലാക്കാൻ കാലം ഒരുപാട് വേണ്ടി വന്നിരുന്നു..
അങ്ങനെ ഒരു വെള്ളിയാഴ്ച്ച പതിവ് പോലെ ലുലു കടയിൽ പോയി രണ്ട് തമിഴ് സിനിമകൾ വാങ്ങി.. ആപ്പോൾ കടയിൽ ജോലിക്കു നിൽക്കുന്ന ഒരു ചേട്ടൻ പുതുതായി വന്ന സിഡികൾ ഭാഷ നോക്കി തിരിച്ചു വയ്ക്കുന്ന തിരക്കിലായിരുന്നു.. ആ കൂട്ടത്തിൽ കണ്ണിലുടക്കിയ മൂന്നു സിഡികൾ. അതിൽ രണ്ടെണ്ണത്തിലെ കവർ ചിത്രങ്ങൾ കണ്ടാപ്പോൾ തന്നെ മേടിച്ചു കയ്യിലാക്കി.. പിന്നെ ഒരെണ്ണം കൂടി വാങ്ങാനുള്ള കാശുണ്ടായിരുന്നതുകൊണ്ട് ഒരു ആക്ഷൻ ചിത്രം പോലെ തോന്നുന്ന ഒന്ന് കൂടി വാങ്ങി.. അങ്ങനെ വീട്ടിലെത്തി.. ആദ്യം കാണാനിരുന്നത് ആക്ഷൻ ചിത്രമെന്ന് കരുതി വാങ്ങിയ സിനിമയാണ്.. സംഗതി ആക്ഷൻ ആണെങ്കിലും ലിപ് ലോക് നിര്ബന്ധമാണല്ലോ നമ്പൂതിരിക്ക്.. പക്ഷെ സ്കിപ് ചെയ്തു പോകുമ്പോൾ ഞാൻ കാണണമെന്ന് ആഗ്രഹിച്ച സിനിമയല്ല ഇതെന്ന ബോധ്യത്തിൽ ഞാനാ സിഡി മാറ്റി മറ്റു രണ്ടു സിനിമകളും സ്കിപ് ചെയ്തു കണ്ടു തീർത്തു..അങ്ങനെ ഒരാഴ്ച്ച കഴിഞ്ഞു.. ക്ലാസ്സിൽ കുമാർ സർ എന്ന ഞങ്ങളുടെ മലയാളം അധ്യാപകൻ ക്രിസ്തുവിനെയും ക്രിസ്ത്യാനിറ്റിയെയും പറ്റി പറഞ്ഞു ക്ലാസ്സിലെ വലിയ സത്യവിഷ്വാസിയെന്ന ഹുങ്ക് കാണിച്ചു നടന്ന കൂട്ടുകാരന് വയറു നിറച്ചു സദ്യകൊടുത്തു കൊണ്ടിരിക്കുന്ന സമയം.. പതിവ് പോലെ മാഷ് കാട് കയറി സംസാരിച്ചു തുടങ്ങി.. ക്രിസ്തുവിനെ പറ്റിയുള്ള രചനകളെ പറ്റിയും ഡാവിൻഞ്ചി കോഡിനെ പറ്റിയും.. ക്രിസ്തുവിന്റെ ജീവിതം ആസ്പദമാക്കിയ മറ്റു മഹത്തായ സിനിമകളെ പറ്റിയും ഒക്കെ മാഷ് വാതോരാതെ സംസാരിക്കുന്നതിനിടയിൽ ഒരു സിനിമയുടെ പേര് എന്‍റെ മനസ്സിൽ ഉടക്കി ” ബെൻ ഹർ “. ഈ പേര് ഞാനെവിടെയോ കേട്ടിട്ടുണ്ടല്ലോ.. ഒരുപാട് ആലോചിച്ചപ്പോൾ എനിക്ക് ഒരു സംശയം.. വൈകിട്ട് സ്‌കൂൾ വിട്ട് നേരെ വീട്ടിലേക്ക് പോയി എന്‍റെ സിഡി കളക്ഷനിടയിൽ തപ്പി. അതെ ആ സിനിമ തന്നെ.. കഴിഞ്ഞ ആഴ്ച്ച ആക്ഷൻ പടത്തിലെ സീൻ കാണാൻ ഞാൻ വാങ്ങി നിരാശനായി മാറ്റി വെച്ച സിനിമ. ഈ സിനിമയെ പറ്റിയാണോ ഇന്ന് കുമാർ സർ വാതോരാതെ സംസാരിച്ചത്.. എനിക്ക് ആകാംഷയായി.. ഒട്ടും താമസിച്ചില്ല.. അമ്മയോട് രണ്ടു മണിക്കൂർ അനുവാദം വാങ്ങി സിനിമ കാണാനായി ഇരുന്നു.. കണ്ടു തുടങ്ങി ആദ്യ അരമണിക്കൂർ പിന്നിടുമ്പോൾ ഞാൻ സിനിമയുമായി വല്ലാണ്ട് ഇമോഷണലി അറ്റാച്ഡ് ആയിരുന്നു.. രണ്ടു മണിക്കൂർ എന്നത് നാല് മണിക്കൂർ അടുത്തെത്തിയിരുന്നു.. ഈ സിനിമക്കായി അമ്മയുടെ പതിവ് സീരിയൽ പോലും എനിക്കായി മാറ്റി വെച്ചത് ചരിത്രം.
സിനിമ കണ്ടു കഴിഞ്ഞപ്പോൾ അതിന്റെ ഒരു ഹാങ്ങോവറിൽ നിന്നും പുറത്തുകടക്കാൻ എനിക്ക് കുറച്ചു സമയം വേണ്ടി വന്നു..
സിനിമയിലെ കുതിര ഓട്ട പന്തയ രംഗങ്ങളും ക്ലൈമാക്സ് രംഗവുമൊക്കെ എന്നിൽ വല്ലാത്ത കൗതുകമാണുയർത്തിയത്.. അനുവരെ സിനിമയിലെ നടീനടന്മാരെ പറ്റിയും അവരുടെ അഭിനയത്തെ പറ്റിയും മാത്രം ചിന്തിച്ചിരുന്ന ഞാൻ ഈ സിനിമയുടെ ചിത്രീകരണത്തെ പറ്റി ചിന്തിക്കാൻ തുടങ്ങി.. ആ കുതിര ഓട്ട മത്സാരമൊക്കെ എങ്ങനെയാകും ചിത്രീകരിച്ചിട്ടുണ്ടാകുക എന്നൊക്കെ ഞാൻ അനേഷിക്കാൻ തുടങ്ങി.. കയ്യിൽ ആകെ ഉണ്ടായിരുന്ന കീപാഡ് ഫോൺ വഴി സിനിമയെ പറ്റിയുള്ള കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കി..
ല്യൂ വാലസിന്റെ 1880-ലെ ‘ബെൻ-ഹർ: എ ടെയിൽ ഓഫ് ദ ക്രൈസ്റ്റ് എന്ന നോവലിനേയും 1925-ൽ ഇതേ പേരിൽ ഇറങ്ങിയ നിശ്ശബ്ദ സിനിമയേയും അടിസ്ഥാനമാക്കി വില്യം വൈലർ 1959-ൽ സംവിധാനം ചെയ്ത സിനിമയായിരുന്നു ബെൻ ഹർ. അക്കാലത്തെ ഇറങ്ങിയ സിനിമകളെ അപേക്ഷിച്ചു ഏറ്റവും കൂടുതൽ മുതൽ മുടക്കും ഏറ്റവും ഏറ്റവും വലിയ സെറ്റും ആവശ്യമായി വന്ന സിനിമയായിരുന്നു ഇത്.. കാലത്തിന്റെ ആവശ്യകതയെന്നോണം സിനിമ വലിയൊരു സാമ്പത്തിക വിജയമാകുകയും ചെയ്തു.
ഈ സിനിമയെ പറ്റിയുള്ള അനേഷണത്തിലാണ് ആദ്യമായി സിനിമാസ്കോപ്പ് എന്ന വാക്കു പോലും ഞാൻ കേൾക്കുന്നത്.. സിനിമാസ്കോപ്പിൽ ചിത്രീകരിക്കുന്ന ചുരുക്കം ചില സിനിമകളിൽ ഒന്നായിരുന്നു ബെൻഹർ..
തുടർന്ന് ഞാൻ സിനിമയുടെ സാങ്കേതികമായ ബാല പാഠങ്ങൾ അനേഷിച്ചു പോയ എന്നിൽ കൂടുതൽ കൂടുതൽ പഠിക്കാനുള്ള ആവേശം ഉയർത്തി.. അതെന്നിലൊരു സംവിധായകനാകാനുള്ള അടങ്ങാത്ത ആഗ്രഹണവും ആവേശവും ഉയർത്തി.. സ്‌കൂൾ കാലാത്തെ സിനിമയെ പറ്റി സീരിയസ് ആയി സംസാരിക്കുന്ന ഒരേ ഒരു സുഹൃത്തായ നിഖിൽ എന്നോട് പറഞ്ഞ ഒരു പോയിന്റ് ഞാൻ ബെൻഹർ വീണ്ടും വീണ്ടും കാണുന്നതിന് കാരണമായി.. അതിങ്ങനെ ആയിരുന്നു.. നമ്മൾ ഒരു സിനിമ കാണുമ്പോൾ അതിലെ ഒരു ഷോട്ട് ഏതാങ്കിളാണെന്നും അത് അതവർ എങ്ങനെയാകും ഷൂട്ട് ചെയ്തിട്ടുണ്ടാകുക എന്നൊക്കെ നമ്മൾ ചിന്തിക്കണം എന്നായിരുന്നു. അതെനിക്ക് സിനിമയെ പല ആംഗിളിനെയും പറ്റി പഠിക്കാനുള്ള കാരണമായി.. എന്തിനേറെ.. സിനിമയിൽ ഇരുപത്തി നാല് പിക്ചർ ഫ്രെയിമാണ് ഒരു സെക്കന്റ് വീഡിയോ എന്ന അടിസ്‌ഥാന പാഠം പോലും പടിക്കുന്നതപ്പോഴാണ്.. പിന്നെ നെ പറ്റിയും ലുമിയർ ബ്രദേഴ്സിനെ പറ്റിയും ഗ്രേറ്റ് ട്രെയിൻ റോബ്ബറിയെ പറ്റിയുമുള്ള വായന എന്നിൽ നല്ലൊരു സിനിമാ വിദ്യാർഥിയെ വളർത്തി. പക്ഷെ ഇതൊന്നും ലുലു സിഡി കടയിൽ ഇല്ലായിരുന്നു കേട്ടോ..
സ്‌ഥിരമായി ഞാൻ ഒരേ സിനിമ തന്നെ വീണ്ടും വീണ്ടും കാണുന്നത് കണ്ട വീട്ടുകാർക്ക് എന്നിൽ സംശയമായി.. അവരെ കുറ്റം പറയാനും സാധിക്കില്ല.. സിനിമ ഇംഗ്ലീഷ് ആയതുകൊണ്ടും.. കാണുന്നത് ഞാനായത് കൊണ്ടും അത് സ്വാഭാവികമായിരുന്നു..
അങ്ങനെ സിനിമയെ പറ്റി കൂടുതൽ പഠിക്കാനായി കോട്ടയത്തേക്ക് ഡിഗ്രി പഠനത്തിന് വണ്ടി കയറി.. ഒരു മികച്ച മീഡിയ കോളേജിൽ തന്നെ അഡ്മിഷൻ കരസ്‌ഥമാക്കി.. ഫസ്റ്റ് ഇയറിൽ ക്ലാസ്സിൽ ആദ്യം കാണാൻ ആയി ഇട്ടു തന്ന സിനിമയും ബെൻഹർ ആയിരുന്നു.. അതെന്നിൽ ആശ്ചര്യവും കൗതുകവുമുയർത്തിയിരുന്നു.. സിനിമയെ പറ്റി ഒരുപാട് കാര്യങ്ങൾ ഞങ്ങളുടെ അധ്യാപകൻ ഞങ്ങൾക്ക് പറഞ്ഞു തന്നു..
തുടർന്നു കോളേജിലെ ഒരു സീനിയർ ചേട്ടനെ പരിചയപെട്ടു. പേര് ” ബെൻ ഹർ ഭാസി “. റാഗിങ് വേളയിൽ എന്നെ കൂടുതൽ മനസ്സിലാക്കിയ പുള്ളിയെന്നോട് സിനിമ കാണാൻ തോന്നുമ്പോൾ റൂമിലേക്ക് വന്നാൽ മതി സിനിമാ കാണാം എന്നൊക്കെ പറഞ്ഞു പോയി.. അയാളുടെ ലാപ്ടോപ്പിൽ ഞാൻ പ്രതീക്ഷിച്ചതു പോലെ ബെൻഹർ സിനിമയും ഉണ്ടായിരുന്നു.. ഈ സിനിമയെ പറ്റിയുള്ള സംഭാഷണത്തിൽ സിനിമയുടെ ലൈറ്റിങ്ങിനെ പറ്റിയായിരുന്നു അയാൾ കൂടുതലും സംസാരിച്ചത്.. അതെനിക്ക് വീണ്ടുമൊരു പാഠമാകുകയായിരുന്നു.. പിന്നെയുള്ള അനേഷണത്തിൽ.. കോളേജ് ലൈബ്രറിയിൽ DEEP FOCUS IN CINEMA എന്ന മാഗസിൻ വെറുതെ ഒന്ന് മറിച്ചു നോക്കുമ്പോൾ അതിൽ ഈ സിനിമയിളെ ചിത്രീകരണ വേലകളെ പറ്റി ഛായാഗ്രാഹകൻ റോബർട്ട് എൽ സുർറ്റീസിന്റെ ഒരു ആർട്ടിക്കിൾ ഉണ്ടായിരുന്നു.. അതെനിക്ക് കൂടുതൽ ബെൻഹറിനെ അടുത്തറിയാൻ സഹായിച്ചു.. പിന്നെ ആ മാഗസിൻ സ്‌ഥിരം വായിക്കുന്നതിനും അതൊരു കാരണമായി..
ചുരുക്കി പറഞ്ഞാൽ എന്‍റെ സിനിമ പഠനത്തിൽ സിനിമാ യാത്രയിൽ നിർണ്ണായകമായ ഒരു പങ്കാണ് 1959ൽ പുറത്തിറങ്ങിയ ഈ സിനിമ വഹിച്ചത്..
ഈ സിനിമയോടുള്ള ആവേശത്തിൽ LEW WALLACEന്‍റെ നോവൽ ബ്രിട്ടീഷ് ലലൈബ്രറിയിൽ നിന്നും കരസ്‌ഥമാക്കി വായിക്കാൻ ശ്രമിച്ചെങ്കിലും എന്‍റെ ക്ലാസിക് വായനാ പാടവം എന്നെ അത് മുഴുവിപ്പിക്കാൻ അനുവദിച്ചിരുന്നില്ല.. 😌
സിനിമാസ്വാദനത്തിലും സിനിമാ ജീവിതത്തിലും ഇത്രയേറെ സ്വാധീനിച്ച മറ്റൊരു സിനിമ ഉണ്ടോ എന്ന് സംശയമാണ്..
സിനിമയുടെ ടൈറ്റിലിൽ എഴുതികാണിക്കുന്നത് ഇങ്ങനെയാണ് – ‘BEN HUR THE TALE OF JESUS CHRIST പക്ഷെ ഒരൊറ്റ ഫ്രെയിമിൽ പോലും ജീസസിന്റെ മുഖം കാണുന്നില്ല.. എന്നാൽ ജീസസിന്റെ സാന്നിധ്യം എല്ലാ സീക്വൻസിലും പ്രേക്ഷകന് അനുഭവവേദ്യമാകുന്നുമുണ്ട്.. അത് തന്നെയാണ് സിനിമയുടെ മറ്റൊരു മാന്ത്രികത..
ജറുസലേമിലെ ജൂത രാജകുമാരനായ ബെൻഹറിന്റെ പ്രതികാരത്തിന്റെയും അതിജീവനത്തിന്റെയും കഥ പറഞ്ഞപ്പോൾ ഏഴു ഓസ്‌കാറാണ് ഈ സിനിമയ്ക്കു മുന്നിൽ കടപുഴകി വീണത്.. സിനിമയിലെ ഒൻപതു മിനിട്ടു ദൈർഖ്യം വരുന്ന Chariot Race scene ലോക സിനിമയിലെ തന്നെ എക്കാലത്തെയും വലിയ Bench mark ആണ്. ഒന്നര മാസം സമയം എടുത്തു ചിത്രീകരിച്ച ഈ സീനിൽ പുതുതായി രണ്ടു സംവിധായകർ കൂടി പ്രവർത്തിച്ചിരുന്നു..
മൂന്നു മാസത്തോളം ഈ സീനിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടന്നിരുന്നു.
അതുപോലെ ബെൻ ഹർ തന്‍റെ കുഷ്ഠ രോഗികളായ മാതാപിതാക്കളെ കാണുന്ന രംഗം ജീസസിനെ ആദ്യമായി കാണുന്ന രംഗമൊക്കെ അനുകരിക്കാൻ ആകാത്ത വിധം മനോഹരമാണ്..
ഇന്നും ചരിത്രമൊ ചരിത്ര കഥാപശ്ചാത്തലമോ സിനിമയാക്കുന്നതിലെ എന്‍റെ എക്കാലത്തെയും വലിയ ബെഞ്ച് മാർക്കുകളിൽ ഒന്നാണ് ബെൻ ഹർ. എനിക്ക് ഈ സിനിമ ഒരു ബൈബിളാണ്.
N. B:- ഈ സിനിമ വലിയ വിജയമായ സാഹചര്യത്തിൽ ഈ സിനിമയിൽ ഏതെങ്കിലും തരത്തിലുള്ള പിഴവുകൾ ഉണ്ടോ എന്ന് സിനിമയുടെ അണിയറ പ്രവർത്തകർ ചോദിക്കുകയുണ്ടായി.. പിഴവ് ചൂണ്ടി കാണിക്കുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.. ഇതിഹാസമായ Chariot Sceneൽ ഒരു ജീപ്പിന്റെ ടയർ പാടൊരാൾ ചൂണ്ടി കാണിച്ചത് വലിയ വാർത്തയായിരുന്നു. അയാൾക്ക് പ്രഖ്യാപിച്ച പാരിതോഷികവും നൽകപ്പെട്ടു.
Verdict :- ഈ സിനിമയുടെ പോസ്റ്ററിൽ ഒരു വാചകമുണ്ട് “ENTERTAINMENT EXPERIENCE OF A LIFE TIME “. ആ വാചകത്തോട് നൂറു ശതമാനം നീതിപുലർത്തിയ സിനിമ എന്ന് നിസ്സംശയം പറയാം. അതിനാൽ തന്നെ ഇനിയും ഈ സിനിമ കാണാത്തവർ ഹൈ ക്വാളിറ്റി പ്രിന്റ് തന്നെ കാണുക അതും ഒറിജിനൽ aspect ratio ആയ 2.76 : 1 – തന്നെ കാണാൻ ശ്രമിക്കുക.
© Jishnu Girija Sekhar Azad
#AzadianWritings ✍️