സ്വസ്ഥത, സമാധാനം അഥവാ സ്വൈര ജീവിതം അതാണല്ലോ മനുഷ്യരുടെയെല്ലാം പരമമായ നേട്ടം ! പക്ഷെ അവിടെ വരെ എത്താൻ കഷ്ടപ്പാടുകൾ ഏറെ ഉണ്ടുതാനും. ബാല്യവും കൗമാരവും യൗവനവും കഴിഞ്ഞാൽ പിന്നെ ഒരു നെട്ടോട്ടമാണ് സ്ഥിരതക്കു വേണ്ടിയുള്ള നെട്ടോട്ടം ! സ്ഥിരതയുള്ള വരുമാനമാണ് ആദ്യ കടമ്പ. അതുകഴിഞ്ഞാൽ യോജിച്ച ഒരു ജീവിത സഖാവ്, പിന്നെ മിടുക്കരായ സന്തതികളും. തീർന്നില്ല, ചുറ്റുപാഡുകൾക്കൊത്ത ഒരു ഭവനവും, വാഹനവും പിന്നെ അലങ്കാരവസ്തുക്കളും. ആവശ്യങ്ങളുടെ പട്ടിക അവിടെയും തീരുന്നില്ല ! മക്കളുടെ വിദ്യാഭ്യാസം, ഉയർന്ന ജോലി, യോജിച്ചരീതിയിൽ തന്നെ ഉള്ള അവരുടെ വിവാഹവും പിന്നെ അവിടുന്നങ്ങോട്ടുള്ള കുടുംബജീവിതവും.
ഇത്രയുമായാൽ ഒരുപരിധി വരെ സ്വസ്ഥതയും സമാധാനവും കിട്ടും എന്നുതന്നെ കരുതുക. ഇവിടുന്നങ്ങോട്ടു അടുത്ത ഘട്ടം അഥവാ വാര്ധക്യത്തിലേക്കു എത്തുന്നതിനുമുമ്പ് ഭാഗ്യവശാൽ വീണുകിട്ടുന്ന ഒരു ഇടവേളയിലാണ് ഞാനിപ്പോൾ !
തിരിഞ്ഞുനോക്കുമ്പോൾ മറ്റാരെയുംപോലെ തന്നെ ഒരു സാധാരണക്കാരന്റെ നെട്ടോട്ടങ്ങളും പിരിമുറുക്കങ്ങളും അതിനിടയിൽ ചില സന്തോഷകരമായ ജീവിത നിമിഷങ്ങളും !
നക്ഷത്ര നഗരത്തിന്റെ ഹൃദയഭാഗത്തു തന്നെയുള്ള എൻറെ ചെറിയ സ്വപ്നഭവനത്തിന്റെശീതീകരിച്ച സ്വീകരണമുറിയിൽ ചിലപ്പോൾ മാത്രം ഓ ടി ടി പ്ലാറ്റുഫോം ചാനലുകൾ വിരസമാവുമ്പോൾ വീണുകിട്ടുന്ന ഇടവേളകളിൽ എന്റെ ചിന്തകൾ പലപ്പോഴും പിറകോട്ടു സഞ്ചരിക്കാറുണ്ട് ! ഇതേവീടിന്റെ ചുമരുകളിൽ പണ്ട് പതിഞ്ഞിരുന്ന ജപ്തി വിജ്ഞാപനങ്ങളും പിന്നീടങ്ങോട്ട് ഒഴിപ്പിക്കൽ നോട്ടീസുകളും ബാങ്കുകളുടെ ഭീഷണി സന്ദേശങ്ങളുമൊക്കെ കൗതുകത്തോടെ ഓർക്കാറുമുണ്ട് !
ഒന്നര ദശാബ്ദത്തിന്റെ നാവികസേനയിലെ ജീവിതസ്മരണകളാണോ അതോ അതിനുശേഷമുള്ള രണ്ടു ദശാബ്ദത്തോളമുള്ള പ്രവാസി ബിസിനസ്സ്മാൻ ജീവിതസ്മരണകളാണോ ഏറെ പ്രിയം എന്ന് ചോദിച്ചാൽവ്യക്തമായി മറുപടി പറയാൻ സാധ്യമല്ല. ജീവിതത്തിന്റെ വൈകിയ വേളകളിൽ ആർക്കും അനുഭവപ്പെടാവുന്ന ഒറ്റപ്പെടലുകൾക്കിടയിലും തന്റേതായ ഉല്ലാസങ്ങളും ഉന്മേഷ നിമിഷങ്ങളും കണ്ടെത്താൻ കഴിയുന്നു എന്നതുതന്നെ ഒരു ഭാഗ്യമല്ലേ എന്ന് സ്വയം ആശ്വസിക്കാറുമുണ്ട് .
വിദേശത്തുള്ള മക്കളുടെ വീഡിയോ കാൾസ് , ഓൺലൈൻ മ്യൂസിക്കൽ അപ്പ്ലിക്കേഷൻസ്, ഓ ടി ടി പ്ലാറ്റഫോംസ് വഴിയുള്ള മറ്റു വിനോദമാര്ഗങ്ങൾ എന്നിങ്ങനെ വാര്ധക്യമെന്ന അടുത്ത വിഷമഘട്ടത്തിലേക്കുള്ള പ്രയാണത്തിലാണ് ഇപ്പോൾ.
വർഷത്തിലൊരിക്കൽ മക്കളോടൊപ്പമുള്ള വിദേശവാസങ്ങളും ആനന്ദദായകം !ഈശ്വരവിശ്വാസം മുറുകെപ്പിടിച്ചു മുന്നേറുന്ന പഴയ പടക്കുതിര ! അനിർഗളം പ്രവഹിക്കുന്ന യമുനാനദിയെപ്പോലെ ജീവിതവും നിരന്തരം മുന്നോട്ടുപോകുന്നു, കൂടെ ഇടയ്ക്കിടയ്ക്ക് ഭൂതകാലത്തേക്കുള്ള ഒളിഞ്ഞുനോട്ടങ്ങളും !