പിന്നെയും ഒരുപാട് നടന്നു
അകലെ നിന്നും വന്നു പതിച്ച നേരിയ വെളിച്ചം നിഴലിനെ എന്നിൽ നിന്നും വേർപിരിച്ചു!!! മാസങ്ങളായി നിഴൽ എന്നിൽ തന്നെ ഒതുങ്ങിക്കൂടിയിരിപ്പായിരുന്നു, ചിലപ്പോഴൊക്കെ അതിനു മടിപിടിച്ചോ എന്നൊരു തോന്നലും എന്നിലുണ്ടായി. തെറ്റ് പറയാൻ പറ്റില്ല, കാരണം വെളിച്ചം കണ്ടിട്ട് അധികം നാളുകളായല്ലോ!
നാളുകൾക്കു ശേഷം കണ്ടുമുട്ടുന്നതിന്റെ യാതൊരു സന്തോഷവും അവനിൽ കണ്ടില്ല, അധികാരഭാവത്തിൽ എന്റെ പിന്നാലെ കൂടി.
കൂടെ ഉണ്ടായിരുന്നവരുടെ നിഴലുകളോട് ഇടയ്ക്ക് കുശലം പറയുന്നതും,ഇടയ്ക്ക് അവരോടൊപ്പം ലയിച്ചു രഹസ്യങ്ങൾ എന്തൊക്കെയോ പറയുന്നതും ഞാൻ ശ്രദ്ധിച്ചു!! ഇടനാഴിയിലെ പ്രകാശത്തെ മുറിച്ചു മുന്നിലേക്ക് നടന്നതും അഹങ്കാരം തലയ്ക്കു പിടിച്ച നിഴൽ ഓടി മുന്നിൽ കയറി നടപ്പായി. മറ്റ് നിഴലുകൾ വരുമ്പോൾ അവയിൽ അലിഞ്ഞു ചേർന്ന് സ്നേഹം പ്രകടിപ്പിച്ചും ഇടയ്ക്ക് തന്റെ സ്ഥാനവും വലുപ്പവും ഞൊടിയിടയിൽ മാറിയും എന്നെ ഒരുപാട് അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു. കൂടെയുള്ളവരാകട്ടെ എന്റെ നിഴലിനെയും അനുഗമിച്ചു കൂടെ തന്നെയുണ്ട്, ഒന്നുരണ്ടു മുറികൾ മാറി മാറി പ്രധാനപ്പെട്ട മുറിയെ ലക്ഷ്യമാക്കി ഞങ്ങൾ മെല്ലെ നടന്നു, നാളുകൾക്കു ശേഷം വെളിച്ചം കണ്ടു പുറത്തു വന്ന സന്തോഷം നിഴലും പ്രകടിപ്പിച്ചുകൊണ്ടിരുന്നു.
വർഷങ്ങൾക്ക് മുൻപാണ് സംഭവം, ഞാൻ എന്റെ പ്രിയപ്പെട്ടവളുമായി സംസാരിക്കുമ്പോൾ!!
ലോക കാര്യങ്ങളും ഭാവിയിൽ സംഭവിക്കാൻ ഇടയുള്ള ചില പ്രധാന കാര്യങ്ങളുമൊക്കെ അവളുമായി ചർച്ച ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അത് ആദ്യമായി ശ്രദ്ധിക്കുന്നത്, ഞങ്ങളുടെ നിഴലുകൾ പരസ്പരം ചുംബിക്കുന്നു. അതിശയം തോന്നിയല്ലേ??? അതേ സത്യമാണ്. അവളുടെ നിഴൽ അൽപ്പം ഭയന്നു മാറുന്നുണ്ടെങ്കിലും പൊതുസ്ഥലമെന്ന് നോക്കാതെ ഇവൻ യാതൊരു മടിയും കാട്ടാതെ ചുംബനം തുടർന്നു… ഇടയ്ക്ക് എന്നെ തിരിഞ്ഞു നോക്കി എന്തൊക്കെയോ കയ്യും കലാശവും കാട്ടിയെങ്കിലും അതൊന്നും മനസിലാക്കാനായില്ല.പിന്നീട് പതിയെ ഞങ്ങൾ പരസ്പരം സംസാരിച്ചും ഇടപഴകിയും നല്ല സുഹൃത്തുക്കളായി മാറി.എന്നാൽ നാളുകൾക്കു ശേഷം ഇന്നവനെ നേരിട്ട് കണ്ടിട്ടും ഒന്നു തിരിഞ്ഞു നോക്കിയതുപോലുമില്ല.
അങ്ങനെ ഞങ്ങൾ എല്ലാവരും ആ മുറിയിലേയ്ക്ക് കയറി. അതിശയമെന്നു പറയട്ടെ നിഴൽ അൽപ്പം ഭയത്തോടെ എന്നോട് ചേർന്നു നിന്നു.ഞാൻ മെല്ലെ നോക്കി പുഞ്ചിരിച്ചു.ഇതൊന്നും ശ്രദ്ധിക്കാതെ നിന്ന ഒരു ഗൗരവക്കാരൻ അടുത്തേയ്ക്ക് വന്നു ചോദിച്ചു
“അവസാനമായിട്ട് എന്തെങ്കിലും ആഗ്രഹമുണ്ടോ?”
ഞാൻ ചിരിച്ചുകൊണ്ട് ആഗ്രഹം പറഞ്ഞു
“എന്റെ നിഴലിനോട് ഒന്ന് സംസാരിക്കണം ”
മുറിയിൽ നിന്നവരുടെ മുഖം അത്ഭുതം കൊണ്ട് നിറഞ്ഞു കവിഞ്ഞു, നിഴലിനോട് സംസാരിക്കണം പോലും!!
“ശരി, അനുവദിച്ചിരിക്കുന്നു ”
ഞാൻ നിഴലിനോടായി പറഞ്ഞു
“കൂടെ നിന്നവരും സ്നേഹം നടിച്ചവരുമെല്ലാം ജീവിതത്തിൽ ഒറ്റപ്പെടുത്തിയപ്പോൾ, നീ മാത്രം ബാക്കിയായി. അന്നുമുതൽ ദേ ഈ മരണം വന്നു തൊട്ടു മുന്നിൽ നിൽക്കുമ്പോൾ പോലും നീയാണ് എന്റെ കൂടെ…ഒരുപാട് സ്നേഹം പ്രിയപ്പെട്ടവനെ ”
പറഞ്ഞു തീർന്നതും കറുത്ത തുണിയാൽ മുഖം മറച്ചു. കഴുത്തിൽ തടിയൻ കയർ ഇടുന്നതിനു മുൻപുതന്നെ നിഴൽ അപ്രത്യക്ഷമായി, ശരീരം മുഴുവൻ തണുപ്പ് കയറി ചലിക്കുവാൻ കഴിയാതെ ഞാൻ തറയിൽ കിടന്നു കാഴ്ചയും പതിയെ മങ്ങി തുടങ്ങിരിക്കുന്നു.
ഇപ്പോൾ ആകെ ഇരുട്ടാണ്…
എനിക്കറിയാം ഇവിടുണ്ട്…
ഇവിടുണ്ട് എന്റെ പ്രിയപ്പെട്ട നിഴൽ…
❤❤❤
😍🫡
നന്നായിട്ടുണ്ട്….. നിഴലിനു പിന്നിൽ ഇങ്ങനെയും ഒരു കഥ ഉണ്ടല്ലേ
☺️☺️
Excellent ✌️😍
Your article helped me a lot, is there any more related content? Thanks!