നീ ചിരിച്ചാൽ
അന്ന് വസന്തം പൂക്കും.
ശരത്ക്കാല സന്ധ്യകൾ
നമ്മിൽ പ്രണയം പൊഴിക്കും.
നീ കരഞ്ഞാൽ
അന്ന് വർഷം ചിന്നും.
കാർമുകിൽകൂട്ടങ്ങൾ
തമ്മിൽത്തല്ലി പൊട്ടിച്ചിതറും.
നിൻ്റെ ഹർഷങ്ങളിൽ
ശിശിരം ഇല തൂവിയിളകും.
ഇലമരത്തോപ്പിൽ
രണ്ടിണകളായ് നമ്മൾ.
നിൻ്റെ കാത്തിരിപ്പിൻ
ആത്മനൊമ്പരങ്ങളിൽ
ഹേമന്തം ഉള്ളുരുക്കും
ഗ്രീഷ്മമായി മാറും.
ഇത് നീ അറിയുന്നുണ്ടോ;
നിന്നിൽനിന്നാണല്ലോ
ഇന്നലെതൊട്ടിനി
ഋതുഭേദങ്ങൾ നമുക്കായ്
ഉടുത്തൊരുങ്ങുന്നത്…!