ആ ചോറുണ്ണുമ്പോൾ വല്ലാത്തൊരു സങ്കടം മനസ്സിൽ നിറഞ്ഞു…
വീടിനു തൊട്ടടുത്തുള്ള പറമ്പിലാണ് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിനു പോലും പിടികൊടുക്കാതെ സമാധാനപരമായ ജീവിതം മുന്നിൽ കണ്ടുകൊണ്ട് ഈയുള്ളവനും സുഹൃത്തുക്കളും കളിച്ചു മറിഞ്ഞിരുന്നത്. വളരെ കഷ്ടപ്പെട്ടാണ് അന്ന് സ്റ്റമ്പുകൾ ഒപ്പിച്ചിരുന്നത്, കാരണം വളവില്ലാത്ത പത്തലുകൾ വെട്ടാൻ ആരും സമ്മതിക്കാത്ത കാലമാണെന്ന് ഓർക്കണം!!! കൂടാതെ കൈതയുടെ വേരുകൾ വീട്ടിയെടുത്ത് അതിമനോഹരമായ ബൈയിലുകളും ഞങ്ങൾ നിർമ്മിച്ചിരുന്നു.ബാറ്റിന്റെ കാര്യത്തിൽ ഞങ്ങൾ ഒട്ടും പിന്നിലല്ലായിരുന്നു, ഒത്ത മരത്തിന്റെ ചെറിയ കമ്പുകളും വേരുകളും കൊണ്ട് ഞങ്ങൾ ബാറ്റുണ്ടാക്കി. ആർക്കും മനസിലാകാതിരിക്കാൻ അതിന്റെ പിറകിലായി വാട്ടർ പെയിന്റ് കൊണ്ട് അസ്സലായി MRF എന്നൊരു എഴുത്തും കൊടുക്കും. സത്യം പറയാല്ലോ സാക്ഷാൽ സച്ചിൻ പോലും മനസിലാക്കത്തില്ലായിരുന്നു ഞങ്ങളുടെ ഈ MRF.
അങ്ങനെ കളിയൊക്കെ തുടങ്ങുമ്പോൾ കമന്ററി പറയുവാനായി തൊട്ടടുത്തുള്ള ചാഞ്ഞു കിടക്കുന്ന മരത്തിൽ ഇടയ്ക്കൊക്കെ വലിഞ്ഞു കേറലും പതിവായിരുന്നു. ഇത്തിരി പോന്ന പറമ്പിൽ നിറയെ മരങ്ങളും, നാലു ചുറ്റിനും തോടും കുറ്റിക്കാടും പൊളിഞ്ഞു കിടക്കുന്നൊരു കെട്ടിടവും ടാങ്കും ഒഴിച്ചാൽ അതൊരു അന്താരാഷ്ട്ര നിലവാരമുള്ള കളിസ്ഥലമായിരുന്നു. തെങ്ങിന്റെ മറവിൽ നിന്നുകൊണ്ടായിരുന്നു തീയുണ്ടകളും മാന്ത്രിക സ്പിന്നുകളും ബാറ്റ്സ്മാനു നേരെ തൊടുത്തുകൊണ്ടിരുന്നത്.
“എടാ ബാറ്റിനും കാലിനും ഇടയ്ക്ക് കൂടെ എറിഞ്ഞാൽ സ്റ്റമ്പ് തെറിപ്പിക്കാം ” ഏറ്റവും പ്രധാന രഹസ്യങ്ങളിൽ ഒന്നായിരുന്നു ഇത്. കൂടാതെ ഇടയ്ക്കൊക്കെ തൊട്ടിലേയ്ക്ക് പൊക്കിയടിച്ചു പുറത്താകുമ്പോൾ വലിയ തർക്കമൊക്കെ ഉണ്ടാവുക പതിവായിരുന്നു. അതെ സുഹൃത്തുക്കൾ ഇരു ടീമുകളിലാകുമ്പോൾ വല്ലാത്തൊരു ശത്രുതയാണ്.
അങ്ങനെ വണ്ണമില്ലാത്ത ബാറ്റിൽ കണ്ണും പൂട്ടി ബൗണ്ടറി പായിച്ചു കളിക്കുന്ന സമയമാണ് പ്രിയപ്പെട്ടവൻ തങ്ക (ഉണ്ണിക്കുട്ടൻ ) വീതിയുള്ള പുതിയ ബാറ്റുമായി കടന്നു വരുന്നത്. തെങ്ങിൻ തടിയുടെ മുഴുത്ത MRF. അടിപൊളി!!! കളിയെല്ലാം മാറി, കാരണം പിന്നിട്ട് കുത്തി തുളച്ച സ്റ്റമ്പർ പന്ത് മൂന്നെണ്ണം നിരത്തി വെച്ച വീതിയാണ് അതിനു. എല്ലാവർക്കും സംഗതി ഇഷ്ട്ടമായി. തല്ലുകൊണ്ട് സ്റ്റമ്പർ പന്തൊരു പരുവമായി തുടങ്ങി, അങ്ങനെ ഒരു ദിവസം കളിയെല്ലാം കഴിഞ്ഞു ഈയുള്ളവൻ പുതിയ ബാറ്റുമായി വീട്ടിലേയ്ക്ക് കടന്നു ചെന്നു.
വീട്ടിൽ ഇരുന്ന് മടുത്തപ്പോൾ അനിയനുമായി പുതിയ ബാറ്റും ബോളുമെടുത്തു വീടിന്റെ അടുക്കള ഭാഗത്തു കളി തുടങ്ങി. ഇടയ്ക്ക് കയറി വന്ന അച്ഛൻ പതിയെ ഒരു യുദ്ധം പൊട്ടി പുറപ്പെടുവിച്ചു, ആദ്യമൊന്നും കാര്യമാക്കിയില്ലെങ്കിലും പിന്നീട് അതൊരു വല്ലാത്ത പ്രശ്നമായി മാറി. ബാറ്റും കൊണ്ട് അകത്തേയ്ക്ക് കടക്കാൻ ശ്രെമിച്ചെങ്കിലും അച്ഛൻ അത് കൈക്കലാക്കി!!!
“അവന്റെയൊക്കെയൊരു മൈര് കളി 😡”
അതാ പ്രിയപ്പെട്ട ബാറ്റെടുത്തു അച്ഛൻ തിണ്ണയിൽ വലിഞ്ഞടിച്ചു!!! MRF ന്റെ ഒരു കക്ഷണം പുറത്തേയ്ക്ക് തെറിച്ചു, ഒന്നും മിണ്ടാനാകാതെ ഉള്ളിൽ വിങ്ങിപ്പൊട്ടി ഞാനും അനിയനും ഇതെല്ലാം കണ്ടു നിന്നു… അങ്ങനെ എല്ലാവരുടെയും ഏറ്റവും പ്രിയപ്പെട്ട ബാറ്റിതാ വിറകു കക്ഷണമായി മാറിയിരിക്കുന്നു!!!
വൈകാതെ ഒരു കക്ഷണം അമ്മ അടുപ്പിൽ വെയ്ക്കാനെടുത്തു. മറു കക്ഷണം ഒന്നുരണ്ടു ദിവസം പാതി ജീവനോടെ ഈയുള്ളവന്റെ കയ്യിലുണ്ടായിരുന്നു. പ്രിയപ്പെട്ട സൗരവും, ബാറ്റിന്റെ നിർമ്മാതാവായ ഉണ്ണിക്കുട്ടനും ബാക്കി അന്താരാഷ്ട്ര കളിക്കാരും എന്നെ വല്ലാതെ സ്നേഹിച്ചു!!!!!!
ഇതെല്ലാം കൊണ്ട് തന്നെ അന്നേ ദിവസങ്ങളിൽ MRF ചോറുണ്ണുമ്പോൾ വല്ലാത്തൊരു സങ്കടം സങ്കടം മനസിൽ നിറഞ്ഞു നിന്നു. പിന്നീടങ്ങോട്ട് ഇന്ന് വരെ ഇടയ്ക്കെങ്കിലും ഇവന്മാരെല്ലാം ഇക്കാര്യം പറഞ്ഞു എന്നെയൊരു തെറി വിളിക്കാത്ത വർഷം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.
ഇപ്പോഴൊക്കെ തെറിയില്ലെങ്കിലും ഇക്കാര്യം ഇടയ്ക്കെന്നെ ഓർമ്മിപ്പിക്കാറുണ്ട് ചിലരൊക്കെ. ഏറ്റവും പ്രിയപ്പെട്ട ഓർമ്മകളിൽ ഒന്നായി ഇപ്പോഴും ഈ മഹാപാപിയുടെ മനസിൽ തെങ്ങിൻ തടിയുടെ MRF നിറഞ്ഞു നിൽക്കുന്നു!!!