നേരം സന്ധ്യയായി തുടങ്ങി, അമ്മ പറയുമ്പോഴേ പോയി വിളക്കെടുത്തു വെച്ച് നാമം ചൊല്ലാൻ തുടങ്ങും.ഇനിയെങ്ങാനും അമ്മ ആ സമയം തിരക്കിലാണെങ്കിൽ ആ ചടങ്ങ് ഈയുള്ളവനും അനിയനും ചേർന്നങ്ങു നടത്തും.
വിളക്ക് വെച്ച് പ്രാർത്ഥിച്ചാൽ കുറെയുണ്ട് ഗുണങ്ങൾ. വീട്ടിലെ സമാധാനം, നല്ല സമ്പാദ്യം ബുദ്ധിയും ശക്തിയും ചുരുക്കി പറഞ്ഞാൽ പ്രാർത്ഥന നമ്മുക്ക് തരാത്തതായി മറ്റൊന്നില്ല. അമ്മ ചെറുപ്പത്തിൽ പറഞ്ഞു തന്നതാണ്. ഇതെല്ലാം കൊണ്ട് തന്നെ ഈ സന്ധ്യനാമം ചെല്ലുന്നത് ഒരു പതിവായിരുന്നു.
കുറെ ദ്രവിച്ച നാമ പുസ്തകങ്ങളിൽ നോക്കി ചൊല്ലി ഒടുവിൽ അതെല്ലാം മനഃപാഠമാക്കി ചൊല്ലി തുടങ്ങി. ശരിക്കും പറഞ്ഞാൽ വീട്ടിൽ വാതുക്കലായി ഒരു നിലവിളക്കും കൊളുത്തി ഞാനും അനിയനും വലിയൊരു കച്ചേരി തന്നെ തീർക്കും. ഏറ്റവും അവസാന നാമങ്ങളിലേയ്ക്ക് എത്തുമ്പോൾ വല്ലാതെ വേഗത കൂടും!!! കാരണം ഇത് കഴിഞ്ഞു വിളക്കെടുത്തു വച്ചിട്ട് വേണം ടി വി ഓണാക്കാൻ.
ഈ സമയങ്ങളിൽ അമ്മയുടെ ഒപ്പം അമ്പലത്തിൽ പോക്കും പതിവായിരുന്നു,വീട്ടിലിരുന്നു നാമം ചൊല്ലിയാൽ ചിലപ്പോഴൊക്കെ ദൈവം അതൊന്നും കേട്ടെന്ന് വരില്ല അതുകൊണ്ട് തന്നെ നേരിട്ട് പോയി പറയണം. കയ്യിലുള്ള ഒരു രൂപ നേർച്ചപ്പെട്ടിയിൽ നിക്ഷേപിക്കും, ഈ നേർച്ച വീഴുന്ന ശബ്ദം കേട്ട് ദൈവം നമ്മളെ നോക്കുന്ന സമയം വേണം കാര്യങ്ങളൊക്കെ പറയാൻ. ഇനിയും അതൊന്നും കെട്ടില്ലെന്ന് വന്നാൽ ഒരു അറ്റകൈ പ്രയോഗമുണ്ട്, രസീത് എഴുതുന്ന ഒരു പ്രായമായ കക്ഷിയുണ്ട് പേരും നാളും പറഞ്ഞു അൽപ്പം കൈക്കൂലി കൊടുത്തു കഴിഞ്ഞാൽ ഈ ചീട്ട് പ്രധാനപ്പെട്ട പോറ്റിയുടെ കയ്യിലേയ്ക്ക് എത്തും. മഹാനായ അദ്ദേഹം ഇതുമായി ക്ഷേത്രത്തിനുള്ളിലെ ദൈവത്തിന്റെ തൊട്ടടുത്തെത്തി കാര്യങ്ങളൊക്കെ വിശദീകരിക്കും.
പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്, ഈ മനുഷ്യനെ നമ്മുക്കൊന്നും തൊടാൻ പറ്റില്ല, കൂടാതെ നമ്മൾ കൊണ്ടിടുന്ന നേർച്ചകളും ദക്ഷിണകളും ശമ്പളമായിട്ടും കിമ്പളമായിട്ടും കൈകൊണ്ട് തൊടാൻ മാത്രം ഐത്തമില്ലാത്ത ഒരു പ്രത്യേകയിനം സിദ്ധിയും ഇവർക്കുണ്ട് . ഇനിയെങ്ങാനും അറിയാതെ തട്ടി പോയാലോ എന്ന് കരുതി മണിക്കൂറിൽ 50km സ്പീഡിലാണ് ചന്ദനം നമ്മുടെ കൈകളിലേയ്ക്ക് എറിഞ്ഞു പിടിപ്പിക്കുന്നത്.കൂടാതെ ഒരാൾക്ക് മാത്രം തൊട്ടടുത്തേയ്ക്ക് പ്രവേശനം കൊടുക്കുന്ന ദൈവത്തിന്റെ ഈ വേർതിരിവും, പൂജാരിമാരുടെ ഇമ്മാതിരി കലാ പരിപാടികളും അമ്പലത്തെ വേറിട്ടതാക്കി നിർത്തുന്നു. എന്തൊക്കെയായാലും വല്ലാത്തൊരു സമാധാന അന്തരീക്ഷമാണ് അവിടെ മുഴുവൻ.
ഇപ്പോഴാകട്ടെ അൽപ്പം വളർന്നു വലുതായപ്പോൾ ഇതെല്ലാം വല്ലാത്ത കൗതുകം തരുന്ന കാര്യങ്ങളായി മാറി. സന്ധ്യയ്ക്ക് വീട്ടിൽ വിളക്ക് വെച്ച് ശബ്ദ മലിനീകരണം, അമ്പലത്തിലാകട്ടെ കാശില്ലാത്ത പരിപാടികൾ ഇല്ലാതായിരിക്കുന്നു, ഇതിനു പുറമെ ലോകത്തു നിന്നും മണ്മറഞ്ഞു പോയൊരു ഐത്തവും!!!!!
മതവും ജാതിയും വിശ്വാസങ്ങളും അന്തവിശ്വാസങ്ങളുമില്ലാത്ത ഭൂമിയിൽ ജീവിക്കാൻ ഇപ്പോളൊരു കൊതി തോന്നി തുടങ്ങിരിക്കുന്നു. പറ്റില്ലെന്നറിയാം, എങ്കിലും ഒരു കൊതി!!!!!