നിന്റെ രക്ഷയ്ക്ക് അവനുണ്ടാകും…
ഇതൊരൽപ്പം പഴകി ദ്രവിച്ചു തുടങ്ങിയ അനുഭവമാണ്. പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയമാണ്, അങ്ങനെ ഒരു അവധി ദിവസം അച്ഛന്റെ മൂത്ത പെങ്ങളുടെ വീട്ടിൽ ചെന്ന് തിരിച്ചു മടങ്ങുന്ന വഴിയാണ് സംഭവം!!
നടന്നു വന്ന വഴിയുടെ എതിരെ അയാൾ ഒരു പുസ്തകവും കയ്യിലേന്തി നടന്നു വന്നു. ഒരു മുണ്ടും ഷർട്ടുമായിരുന്നു വേഷം. എന്റെ അടുത്ത് എത്തിയതും വളരെ സൗമ്യതയോടെ അയാൾ ചിരിച്ചു കാട്ടി. എന്നിട്ട് തുടർന്നു,
പഠിക്കുവാണല്ലേ, മുഖം കണ്ടാൽ അറിയാം ഒരുപാട് ബുദ്ധിമുട്ട് ഉണ്ടെന്ന്. ശരിയല്ലേ?
വെയിലും കൊണ്ട് നടന്നു വന്ന എന്റെ കറുത്തു കരിവാളിച്ച മോന്ത നോക്കിയിട്ടാണ് കക്ഷി കാര്യങ്ങൾ ഗ്രഹിച്ചറിഞ്ഞത്. ഞാൻ അതേയെന്ന മട്ടിൽ തലയാട്ടി. അയാൾ വീണ്ടും പറഞ്ഞു തുടങ്ങി.
പ്രാർത്ഥിക്കണം, പരീക്ഷയല്ലേ…പഠിച്ചതെല്ലാം ഓർക്കുവാൻ കർത്താവ് സഹായിക്കും.
ഇത്രയും പറഞ്ഞുകൊണ്ട് ഒരു ചെറിയ നീല പുസ്തകവും ഒരു മൊബൈൽ നമ്പർ എഴുതിയ കാർഡും കയ്യിൽ തന്നു.കണ്ടിട്ട് ബൈബിൾ പോലെ തോന്നി.
വീട്ടിൽ ചെന്നിട്ട് ഇത് ചേർത്ത് പിടിച്ചിട്ട് “കർത്താവേ അങ്ങയെ ഞാനെന്റെ രക്ഷകനായി സ്വീകരിക്കുന്നു എന്ന് മനസ്സിൽ തൊട്ട് പറയണം. എന്നിട്ട് പഠിക്കണം…”
അയാൾ ചിരിച്ചു കാണിച്ചിട്ട് വേഗം നടന്നു പോയി. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാതെ ഞാൻ ഇതുമായി വീട്ടിലേയ്ക്ക് നടന്നു. വീട്ടിലെത്തിയപ്പോൾ ഭയങ്കര സന്തോഷത്തിലായിരുന്നു, കാരണം പരീക്ഷയ്ക്ക് ജയിക്കാനുള്ള സാധനമാണ് എന്റെ കയ്യിൽ ഇരിക്കുന്നത്. ഞാൻ ആരെയും കാണാതെ പുസ്തകങ്ങൾ വെച്ചിരുന്ന മുറിയിൽ എത്തിയിട്ട് പുള്ളി പറഞ്ഞതുപോലെ പറഞ്ഞിട്ട് ബൈബിൾ എന്റെ പുസ്തകങ്ങൾക്കിടയിൽ ഒളിപ്പിച്ചു.
പിന്നീട് അടുത്ത് വന്ന മോഡൽ കണക്ക് പരീക്ഷയിൽ ചോദ്യപേപ്പർ കിട്ടിയപ്പോൾ തന്നെ എന്റെ രക്ഷയ്ക്ക് കൂടെയുണ്ടായിരുന്ന രക്ഷകൻ പതിയെ ഉൾവലിഞ്ഞു. ഒരുപക്ഷെ ചോദ്യങ്ങൾ കണ്ടിട്ട് തലകറങ്ങി വീണതുമാകാം!!! വീട്ടിൽ ചെന്നിട്ട് ആ പുസ്തകം എന്ത് ചെയ്യണമെന്നായിരുന്നു അവസാന അര മണിക്കൂറുകൾ ആലോചിച്ചു കൂട്ടിയത്. വീട്ടിൽ എത്തിയ ഉടനെ തന്നെ അതെടുത്തു മച്ചിന്റെ മുകളിലേയ്ക്കിട്ട് അടുത്ത ദിവസത്തെ പരീക്ഷയ്ക്കുള്ളത് പതിയെ നോക്കുവാനും തുടങ്ങി.
ഇതുപോലെ ശ്വാസം മുട്ടി മരിക്കാറായവനെ നടുവിൽ ഇട്ടിട്ട് കൊട്ടും മേളവുമായി പാട്ട് പാടുന്നവരും എന്റെ നാട്ടിലുണ്ട്. ഇമ്മാതിരി പാട്ട് കേട്ട് രോഗം ചമ്മി പോവുകയും തുടർന്ന് അതീവ ദുഖത്തോടെ രോഗം ശരീരത്തിൽ നിന്ന് പുറത്തേയ്ക്ക് നടക്കുകയാണ് പതിവ്.
ഇങ്ങനെ രോഗ ശാന്തി കൊടുക്കുവാനായി ഈ ദൈവ പുത്രന്മാർ പലയിടങ്ങളിലായി ഒരുപാട് പരിപാടികൾ നടത്തി അത്ഭുതങ്ങൾ കാണിച്ചുകൊണ്ട് ഇപ്പോഴും ജീവിക്കുന്നു.
ഈയുള്ളവന്റെ കയ്യിൽ ബൈബിൾ തന്ന ആ കുഞ്ഞാടിനെ പിന്നീട് കണ്ടില്ല, ഒരുപക്ഷെ അത്ഭുതങ്ങൾ കാട്ടി കാട്ടി മറ്റെവിടെയെങ്കിലും ചേക്കേറിയിട്ടുണ്ടാവും