“ചിറക് പക്ഷികൾക്ക് മാത്രമുള്ളതാണോ?
അല്ല മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും ചിറകുകളുണ്ട്. എന്നാൽ പക്ഷികളെപ്പോലെ ഏവർക്കും കാണുന്ന കണക്കിനല്ല എന്നുമാത്രം!!! ചാടുമ്പോഴൊക്കെ എങ്ങനാണ് വായുവിൽ ഉയർന്നു നിൽക്കുന്നത്? അതാണ് പറഞ്ഞു വരുന്നത് ചിറകുകൾ നമുക്കുമുണ്ട്.”
ഇതെല്ലാം പറഞ്ഞു നിർത്തിയിട്ട് തന്റെ മുഷിഞ്ഞ കുപ്പായത്തിൽ നിന്ന് അൽപ്പം മണ്ണൊക്കെ പുരണ്ട കോലുമിട്ടായി എനിക്കുനേരെ അവൻ വച്ചുനീട്ടി. വേണ്ടെന്ന ഭാവത്തിൽ തലയാട്ടിയതുകൊണ്ടാവും അപ്പോൾ തന്നെ അതും നുണഞ്ഞുകൊണ്ട് കക്ഷി യാത്ര പറഞ്ഞു പോയി. അവൻ വേലിയുടെ അടുത്ത് എത്തുന്നത് വരെ ഞാൻ ഞാൻ നോക്കി നിന്നു, മറ്റ് സ്നേഹിതരെപ്പോലെ ഇവൻ അങ്ങനെ ചിരിക്കാറില്ല മുഷിഞ്ഞ വസ്ത്രവും ലോകത്തില്ലാത്ത കാര്യങ്ങളുമായിരിക്കും എപ്പോഴും കൂടെയുള്ളത്!!!
ആകാശത്തിലുള്ള കോവേണിപ്പടി, ഭൂമിയിലേക്ക് വരുന്ന ഭീമൻ കല്ല്, നാല് കണ്ണുള്ള മീൻ, തുണിയില്ലാത്ത ആളുകളുടെ ലോകം, സൂര്യന്റെ മുകളിലെ ആൽമരം അങ്ങനെ അവൻ പറഞ്ഞു കൂട്ടിയ ബഡായികളിൽ ഈ ചിറകിന്റെ കാര്യം മാത്രം അൽപ്പം വേറിട്ടുനിന്നു!! സത്യം പറഞ്ഞാൽ എനിക്ക് ആ പറഞ്ഞതിൽ അൽപ്പം വിശ്വാസമൊക്കെ വന്നു.”എന്നാലും എന്റെ ചിറകിന്റെ നിറമെന്തായിരിക്കും? ” ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല. പക്ഷികൾക്ക് പല നിറമുള്ള ചിറകുകളാണെങ്കിൽ നമുക്കും അങ്ങനെ തന്നെ ആയിരിക്കില്ലേ…
പറമ്പിൽ തെങ്ങിന് തടമിട്ടുകൊണ്ടിരിക്കുമ്പോൾ അച്ഛനാണ് അവനെ ആദ്യമായി കണ്ടത്. മുഷിഞ്ഞ ബനിയനും തിളക്കമുള്ള ഒരു കുട്ടി ട്രൗസറുമായിരുന്നു വേഷം. തൊട്ടടുത്തു വാടകവീട്ടിൽ പുതിയതായി വന്ന താമസക്കാരുടെ ഇളയ മകനാണെന്നു പറഞ്ഞ് അച്ഛനാണ് അന്നുതന്നെ എനിക്ക് പരിചയപ്പെടുത്തിയും തന്നത്.
നാളുകൾ പലതു കടന്നുപോയപ്പോൾ അവൻ എന്റെ വീട്ടിലെ ഒരു അംഗത്തെ പോലായി. അമ്മ രാവിലെ ഉണ്ടാക്കുന്ന പലഹാരത്തിൽ പകുതിയിലേറെയും അവനുള്ളതായിരുന്നു. ഉച്ചയ്ക്ക് വയ്ക്കുന്ന ചോറിലും കറിയിലും ഇതേ അനുപാതം തുടർന്ന് പോന്നിരുന്നു. ഇടയ്ക്കിടെ “അവനെ കണ്ടുപഠിയ്ക്ക് ” എന്നൊരു സംസാരവും അമ്മയിൽ നിന്ന് വന്നിരുന്നു. ഇടയ്ക്കൊക്കെ വല്ലാത്ത ദേഷ്യവും അസൂയയും അവനോട് തോന്നിയിട്ടുണ്ട്… സത്യം!!! അമ്മയെ തെറ്റ് പറഞ്ഞിട്ടും കാര്യമില്ല, ഈ ഭീമൻ ഭൂമിയിൽ പലയിടത്തായി നടക്കുന്ന കാര്യങ്ങളൊക്കെയും അവനറിയാം. പോരാത്തതിന് ഇടയ്ക്ക് വലിയ ചർച്ചകളും അവൻ നടത്തിവന്നിരുന്നു!
ചിറകിന്റെ കാര്യമൊക്കെ പറഞ്ഞിട്ട് പൊടിയുംതട്ടി പോയിട്ട് മൂന്നു ദിവസം കഴിഞ്ഞാണ് പിന്നീട് അവൻ വീട്ടിലേയ്ക്ക് വരുന്നത്, അവനെ കണ്ടപ്പോൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. ആ ചിറകിന്റെ കാര്യത്തെപ്പറ്റി ചിന്തിച്ചു കൂട്ടിയതെല്ലാം പറയാമല്ലോ എന്ന് കരുതി.
പതിവുപോലെ ചായകുടി കഴിഞ്ഞു ഞാൻ അവനെയും കൂട്ടി പറമ്പിലെ ആഞ്ഞിലിയുടെ ചുവട്ടിൽ പോയിരുന്നു
“നീ പറഞ്ഞില്ലേ ആ ചിറകിന്റെ കാര്യം, അത് ശെരിക്കും ഉള്ളത് തന്നെയാ, എന്നാലും എന്റെ ചിറകിന്റെ നിറം എന്തായിരിക്കും?”
ഇത് കേട്ടതും അവൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി
“ചിരിക്കാൻ പറഞ്ഞതല്ല, എല്ലാ കാര്യവും അറിയാമല്ലോ എന്ന് കരുതി ചോദിച്ചതാണ് ”
അവൻ ചിരി നിർതിയിട്ട് പറഞ്ഞു
“ചിറകിന്റെ നിറം അറിയണമെങ്കിൽ അൽപ്പം കൂടുതൽ പറക്കണം.സന്ധ്യ ആകുമ്പോൾ ഇടുമ്പൻ മലയിൽ കേറി പറന്നാൽ ശെരിക്കും കാണാം ”
ഇതുകേട്ടപ്പോൾ മുതൽ ഞാൻ വല്ലാത്തൊരു ചിന്തയിൽ അകപ്പെട്ടു, എന്തായാലും നിറം കണ്ടുപിടിക്കണം. ഇനി വച്ചു താമസിപ്പിച്ചാൽ ശരിയാകുമോ…
“സത്യമായിട്ടും ചിറക് കാണാൻ പറ്റുമോ??”
അവൻ ചിരിച്ചുകൊണ്ട് തലയാട്ടി കാട്ടി.
ഇന്ന് തന്നെ അതൊന്ന് കണ്ടുപിടിക്കണം എന്ന് പറഞ്ഞപ്പോൾ യാതൊരു മടിയും കൂടാതെ സമ്മതിക്കുകയും ചെയ്തു.
സമയം ഇരുട്ടി തുടങ്ങിയപ്പോൾ പതിയെ വീട്ടിൽ നിന്നുമിറങ്ങി, കിട്ടിയ ചണച്ചാക്ക് അൽപ്പം പഴയതാണെങ്കിലും രഹസ്യ സഞ്ചാരമായതിനാൽ ഞാനത് തലയിലിട്ടു!!! ആരും കാണാതെ പോയ് വരാൻ പണ്ട് കാലം മുതലേ ചണച്ചാക്ക് തന്നെയാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. പ്രത്യേകിച്ച് രാത്രിയിൽ അങ്ങനൊരു യാത്രയും എത്ര മനോഹരമാണ്. ഇരുട്ടിനെയും അതിനെ പാടി ഉറക്കുന്ന ചീകീടുകളെയും പറ്റിച്ചുകൊണ്ടുള്ള ഒരു രഹസ്യ സഞ്ചാരം.
അല്ലയോ നിലാവേ ഈ കണ്ട വെളിച്ചമൊക്കെ പറമ്പിലേയ്ക്ക് കൊണ്ടിറക്കിയിട്ടും ഇവിടുള്ള പുൽനാമ്പുകൾക്കും തെങ്ങിന്റെ പൊത്തിൽ ഉണ്ടക്കണ്ണും മിഴിച്ചിരിക്കുന്ന മൂങ്ങയ്ക്കും എന്നെ കാണാനാകുന്നില്ലല്ലോ. അല്ലേലും ചണച്ചാക്ക് ഇരുട്ടിൽ ഒരു മാന്ത്രിക കുപ്പായം തന്നെയാണ്. ഞാൻ നടന്നു നടന്നു മലയുടെ ചരുവിലെത്തി, ആ നിലാവെളിച്ചത്തിൽ ചുറ്റുമോന്ന് കണ്ണടിച്ചു. ഇല്ല അവനെ കാണുന്നില്ല, ഇനി പറ്റിച്ചു കാണുമോ?? മനസ്സിൽ ഒരായിരം കഥകൾ കടന്നുവന്നു.ഒരുപക്ഷെ അമ്മയുടെ മീൻവറുത്തതും മീൻകറിയും ചോറുമെല്ലാം ഒറ്റയ്ക്ക് കഴിക്കുന്നതിന് വേണ്ടി എന്നെ കൊല്ലാൻ കൊണ്ടുവന്നതായിരിക്കുമോ എന്നൊരു സംശയത്തിൽ തങ്ങി നിൽക്കുമ്പോഴാണ് ഒരു വിളി കേൾക്കുന്നത്
“ഇങ്ങോട്ട് കേറി പോരേ ”
മലയുടെ മുകളിൽ നിന്ന് അവൻ അലറിവിളിച്ചു. ഞാൻ പതിയെ മുകളിലേക്ക് കയറി. അൽപ്പം ക്ഷീണിച്ചിട്ടാണെങ്കിലും ഞാനും വലിഞ്ഞു കേറി അവന്റെ ഒപ്പം എത്തി. പതിയെ അവൻ എനിക്കുനേരെ കൈ നീട്ടി, എന്തെങ്കിലും വരട്ടെ എന്ന് മനസ്സിൽ കരുതി കൈ കോർത്തു പിടിച്ചു.
“ഇനി സൂക്ഷിച്ചു നോക്കണം, നമ്മൾ മുകളിലേക്ക് പറക്കും. അപ്പോഴേ ചിറക് ഉണ്ടെന്നും അതിന്റെ നിറമെന്തെന്നും അറിയാൻ പറ്റു ”
അവൻ പറഞ്ഞത് കേട്ട് ഞാൻ തല കുലുക്കി, അൽപ്പം പേടി മനസ്സിൽ ഉണ്ടെങ്കിലും ചിറക് കാണാനുള്ള കൊതി കൊണ്ട് ആ പേടിയെ തല്ക്കാലം കുഴിച്ചുമൂടി.
അവൻ ആകാശത്തേയ്ക്ക് നോക്കി എന്തൊക്കെയോ വിളിച്ചുകൂവി, പോരാത്തതിന് ട്രൗസറിന്റെ കീശയിൽ കരുതിയ തിളക്കുമുള്ള എന്തോ ഒന്നെടുത്തു മുകളിലേക്ക് വലിച്ചെറിഞ്ഞു. കാതടപ്പിക്കുന്ന ശബ്ദവും വലിയൊരു വെളിച്ചവും ഞങ്ങൾക്ക് മേലെ പതിച്ചു. ഞാൻ കണ്ണുകൾ മുറുക്കി അടച്ചു.
“ദേ.. നോക്കിക്കേ നിനക്ക് നല്ല തൂവെള്ള ചിറകുകളാണല്ലോ.”
ഞാൻ കണ്ണ് തുറന്നു. ശെരിയാണ് നല്ല വെളുത്ത ചിറകുകൾ, അവന്റെയാകട്ടെ നല്ല നീല നിറവും, ഞങ്ങൾ വെളിച്ചത്തിന്റെ ഉള്ളിലൂടെ ആകാശത്തേയ്ക്ക് ഉയർന്നുകൊണ്ടിരുന്നു. താഴെ മലയും മരങ്ങളും വീടുമെല്ലാം പൊട്ടു പോലെ ചെറുതായി തുടങ്ങി.അവൻ ചിരിച്ചുകൊണ്ട് ആദ്യം മുകളിലേയ്ക്കേറിഞ്ഞ തിളക്കമുള്ള വസ്തു എനിക്കുനേരെ നീട്ടി. അത് വാങ്ങിയതും എന്റെ കണ്ണുകൾ അടഞ്ഞു. ഞാൻ മരിച്ചു പോയോ എന്ന ചോദ്യത്തിന് ആ നിമിഷം മനസ്സ് പോലും വ്യക്തമായ ഒരു മറുപടി നൽകിയില്ല!!!
നല്ലെഴുത്ത്❤️❤️
thank you
Poli
thank you!!!
Wonderful writing 💕💕💖💖😍😍
thank you brother