സമയം ശരിയല്ല….
വലിയൊരു പുകച്ചുരുൾ മാത്രം വ്യക്തമാണ്, സംഭവം മറ്റൊന്നുമല്ല അതിരാവിലെ തന്നെ അൽപ്പം കട്ടനും മോന്തിക്കൊണ്ട് ദൈവങ്ങൾ വട്ടമേശ സമ്മേളനം കൂടുകയാണ്. കൂട്ടത്തിൽ ഒന്നുരണ്ടുപേർ ദിവ്യ ബീഡിയും വലിക്കുന്നുണ്ട്.
എങ്ങനെയെങ്കിലും ഭൂമിയെ വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തണം!!!
ഇതാണ് ചർച്ചയിലെ പ്രധാന വിഷയവും പ്രശ്നവും, കാരണം ദൈവങ്ങളും ചെകുത്താന്മാരും മാത്രമായാൽ ശരിയാകില്ല എന്നൊരു തോന്നൽ അവർക്ക് തോന്നി തുടങ്ങിയിരുന്നു. കടുത്ത ശാപം പേടിച്ചു മഴയും വെയിലും കാറ്റുമൊക്കെ വളരെ വിനയത്തോടെ ചർച്ചയിൽ നിന്നും വിട്ടുനിന്നിരുന്നു.
ഒരുപാട് മരങ്ങളും മൃഗങ്ങളും ഒക്കെയായിട്ട് ഭൂമി അങ്ങ് നിറച്ചാലോ എന്നൊരു ആശയം അവിടെ വീണു കിട്ടി, നാല് കാലിൽ നടക്കുന്ന മൃഗങ്ങൾ മാത്രം പോര രണ്ടുകാലിൽ നടക്കുന്ന തങ്ങളെ പോലെ ഉള്ളവരും അവിടെ വേണമെന്നായി തലമൂത്ത ദൈവങ്ങൾ. ഒന്നും രണ്ടും പറഞ്ഞു അവിടെ വലിയ ചർച്ച തന്നെ നടന്നു കലി പൂണ്ട ചിലരാകട്ടെ ഒന്നുരണ്ടു ഭീമൻ ശാപങ്ങളും അങ്ങ് നടത്തി. കത്തിച്ച ബീഡികളെല്ലാം തീർന്നു, ചർച്ചാ വേദി മുഴുവൻ ബീഡിക്കുറ്റികൾ കൊണ്ടു നിറഞ്ഞു.
ഒടുവിൽ തലമൂത്ത ദൈവങ്ങൾ പറഞ്ഞത് ശരി വച്ചുകൊണ്ട് മറ്റു ജീവികൾക്കൊപ്പം രണ്ടുകാലിൽ നടക്കുന്നവയെയും ഉണ്ടാക്കി കളയാം എന്ന് തീരുമാനം പുറപ്പെടുവിച്ചു, പക്ഷെ ചർച്ചയിൽ ഉണ്ടായ പ്രശ്നങ്ങൾ കാരണം ദൈവങ്ങൾ പല ചേരികളായി തിരിഞ്ഞു മനുഷ്യരെ സൃഷ്ടിക്കാൻ ആരംഭിച്ചു. എന്നാൽ വിശാല ഹൃദയരായ ദൈവങ്ങൾ മനുഷ്യരോടൊപ്പം, അവരെ എപ്പോഴും കാത്തുരക്ഷിക്കാൻ കൂടെ താമസിക്കുവാനും തീരുമാനിച്ചു.
കടുത്ത രോഗങ്ങൾ പിടിപെട്ടു കിടക്കുന്ന കാലഘട്ടം ഒഴിച്ച് നിർത്തിയാൽ ദൈവങ്ങൾ മത്സരിച്ചു മനുഷ്യരെ ആപത്തുകളിൽ നിന്ന് രക്ഷപ്പെടുത്തികൊണ്ടിരുന്നു. ഇപ്പോഴും ആ പതിവ് തുടർന്നുകൊണ്ടേയിരിക്കുന്നു, ചിലപ്പോൾ കണ്ണിൽ കൊള്ളാനുള്ളത് പുരികത്തിലാക്കിയും ദുഷ്ട്ടനെ പന പോലെ വളർത്തിയും, ഒരു നേരത്തെ ആഹാരത്തിനു വകയില്ലാത്തവനെ നിരന്തരം പരീക്ഷിച്ചുകൊണ്ടും ദൈവം കഴിവ് തെളിയിച്ചുകൊണ്ടേയിരിക്കുന്നു. മരണ ശേഷം എണ്ണയിലിട്ട് പൊരിക്കുക, നല്ലത് ചെയ്യുന്നവരെ സ്വർഗത്തിൽ എത്തിക്കുക ഇതൊന്നും പോരാഞ്ഞിട്ട് പോത്തിന്റെ മുകളിൽ കയറി കയറുമായിട്ട് വരുന്ന മൈരുകളും ഈ കൂട്ടത്തിൽ ഉണ്ട്.
എങ്കിലും സൗരയൂഥത്തിൽ കിടന്ന് കറങ്ങുന്ന പാവം പിടിച്ച ഗ്രഹങ്ങളും ഈ കഥയിൽ ബന്ധപ്പെട്ടിരിക്കുന്നു. ദൈവം നേരിട്ട് ഇറങ്ങി വന്നു ഭൂതവും ഭാവിയും കാതിലോതി കൊടുക്കുന്ന ചില മനുഷ്യരുണ്ട്, പലകയിൽ കപ്പലണ്ടി കണക്കെ കക്ക വാരിയെറിഞ്ഞു എവിടെയോ കിടന്ന് കറങ്ങുന്ന ബുധനെയും ശുക്രനെയും വലിച്ചു കീറി മുൻപിലിരിക്കുന്നവന്റെ നെഞ്ചത്തേയ്ക്ക് കെട്ടി വെച്ചുകൊണ്ട് ഇങ്ങനെ പറയും “സമയം ശരിയല്ല “
ഈയുള്ളവനും കയ്യിൽ ഒരു കറുത്ത ചരട് കെട്ടിയ മഹാപാപിയാണ്, അപകടങ്ങൾ തലനാരിഴയ്ക്ക് ഒഴിവാക്കി തരുന്ന 5 രൂപയുടെ ചരട്!!!! അതുകൊണ്ടു തന്നെ ഇപ്പോൾ വളരെ സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാൻ പറ്റുന്നുണ്ട്…