ഓരോ വട്ടം നീയെന്നെ തള്ളിപ്പറയുമ്പോഴും എന്റെയുള്ളിൽ മഴപെയ്യുന്നുണ്ടായിരുന്നു നീ കാണാതെ അറിയാതെ ,
അല്ലെങ്കിലും നീ കാണില്ല
കാരണം
അന്ധത നിറഞ്ഞ കണ്ണുകളും മനസ്സുമാണല്ലോ നിനക്കിപ്പോൾ
ചെയ്യാത്ത കുറ്റത്തിനെന്നെ മുൾകുരിശേറ്റിയപ്പോഴും നിന്റെ മനസാക്ഷിക്ക് പോലും നൊന്തില്ല,
തെറ്റെന്നു പറഞ്ഞവരെയൊക്കെ വാക്കാകുന്ന ചാട്ടവാറുകൊണ്ട് നീ ആഞ്ഞു പ്രഹരിച്ചു,
എന്നിട്ട് ഈ പാപത്തിൽ
പങ്കില്ലയെന്നോതി കൈ കഴുകി..
എന്റെ വേദനയിൽ
ഭൂമി പിളർന്നുമാറി എന്നെ തന്നിലേക്ക് ചേർത്തില്ല ,
ആകാശം ഇരുളുകയോ
ദിഗന്തങ്ങൾ നടുങ്ങുകയോ ചെയ്തില്ല……..
എങ്കിലും മൂന്നാംനാൾ ഞാനുയിർത്തെഴുനേൽക്കും
അന്ന്,
തള്ളിപറഞ്ഞ നാവുകൊണ്ട് നീ
എനിക്ക് സ്തുതി പാടും…….
ഞാനോ,
സ്വയം മറന്നൊന്നു പുഞ്ചിരിക്കും അതിൽ നിന്നോടുള്ള പ്രണയമോ കാമമോ കാണില്ല, ഉണ്ടെന്നുള്ള
നിന്റെ ധാരണ മാത്രമാവും ബാക്കി…….
വീണ്ടും
നിന്റെ കൈ ഞാൻ പിടിക്കും
മനസ്സുകൊണ്ട് എന്നെ നീ തിരിച്ചറിഞ്ഞാൽ നിന്റെ രോഗപീഡകളിൽ അമ്മയെ പോലെ നിന്നെ ഞാൻ ശുശ്രൂഷിക്കും,
അപ്പോളും
എന്നിൽ നിന്ന് കാരുണ്ണ്യത്തിന്റെ ആർദ്രതയുടെ നോട്ടം നീ പ്രതീക്ഷിക്കരുത്…..
കാരണം ആ വികാരങ്ങളൊക്കെ എന്നോ എന്നിൽ പെയ്ത മഴയിൽ എനിക്ക് നഷ്ടമായിരുന്നു……
Rehna rechu