- ലോകത്ത് ഏറ്റവുമധികം ഉപയോക്താക്കളുള്ള ഇൻസ്റ്റൻ്റ് മെസേജിങ് ആപ്പുകളിൽ 5-ാം സ്ഥാനത്താണ് ടെലിഗ്രാം.[1]2019-ലെ കണക്കുകൾ പ്രകാരം ലോകമെമ്പാടുമായി 30 കോടി ഉപയോക്താക്കൾ ടെലിഗ്രാമിനുണ്ട്. ദിവസവും ഏതാണ്ട് 500,000+ ഉപയോക്താക്കൾ ആൻഡ്രോയ്ഡ് വഴിയും ~100,000 പേർ ഐ.ഓ.എസ് വഴിയും ടെലിഗ്രാമിൽ ചേരുന്നു.[2]
- വാട്സാപ്പിൻ്റെ ഏറ്റവും വലിയ വിമർശകരിൽ ഒരാളാണ് ടെലിഗ്രാമിൻ്റെ സ്ഥാപകൻ പവേൽ ഡുറോവ്.[3]വാട്സാപ്പ് ഇടയ്ക്ക് പണിമുടക്കുമ്പോൾ ഏറ്റവുമധികം ഗുണകരമാവുന്നത് ടെലിഗ്രാമിനാണ്. 2016-ൽ ബ്രസീലിൽ വാട്സാപ്പിന് നിരോധനം വന്നപ്പോൾ,[4]24 മണിക്കൂർ കൊണ്ട് 70 ലക്ഷം ഉപയോക്താക്കളെ നേടിയതായി ടെലിഗ്രാം അവകാശപ്പെട്ടു![5]2019-ൽ ഫേസ്ബുക്ക് ലോകമെമ്പാടുമായി പ്രവർത്തനരഹിതമായപ്പോഴും ടെലിഗ്രാം ഒരു ദിവസം കൊണ്ട് വളരെയധികം ഉപയോക്താക്കളെ നേടിയിരുന്നു.[6]
- ടെലിഗ്രാമിൻ്റെ മാതൃരാജ്യമായി കണക്കാക്കപ്പെടുന്ന[7] റഷ്യയിൽ ടെലിഗ്രാമിന് നിരോധനമുണ്ട്.[8]
- ടെലിഗ്രാമിന് ഏറ്റവുമധികം ഉപയോക്താക്കളുള്ള രാജ്യങ്ങൾ ഉസ്ബെക്കിസ്ഥാനും എത്യോപ്യയുമാണ്. ടെലിഗ്രാമിന് നിയന്ത്രണമുള്ള ഇറാനാണ് ഏറ്റവുമധികം ഉപയോക്താക്കളുള്ള മറ്റൊരു രാജ്യം. ഉസ്ബെക്കിസ്ഥാനിൽ ഏറ്റവുമധികം ഡൗൺലോഡ് ചെയ്യപ്പെട്ട രണ്ടാമത്തെ ഐ.ഓ.എസ്. ആപ്പ് ടെലിഗ്രാമാണ്.[9]
- ടെലിഗ്രാമിന് സ്ഥിരമായ ഒരു ഓഫീസില്ല! റഷ്യയിൽ നിയന്ത്രണമുണ്ടായതിന് ശേഷം ഡുറോവ്, ടെലിഗ്രാം എഞ്ചിനീയർമാരുടെ ഒരു സംഘത്തോടൊപ്പം, വിവിധ രാജ്യങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടാണ് ജോലി ചെയ്യുന്നത്. 2018-ലെ ഒരു ട്വീറ്റ് പ്രകാരം അവർ ഇപ്പോൾ ദുബായിലാണുള്ളത്.[10]
- 2019-ൽ ടെലിഗ്രാം അടിസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന 2 ലക്ഷം ഉപയോക്താക്കളുള്ള ടെലിഗ്രാസ് എന്നൊരു ആപ്പിൻ്റെ തലവനെയും സംഘത്തെയും ഇസ്രയേൽ പോലീസ് അറസ്റ്റ് ചെയ്തു. എന്തിനാണെന്നോ? അനധികൃത മയക്കുമരുന്ന് വിതരണത്തിനുള്ള ഒരു ശൃംഖലയായിരുന്നു ടെലിഗ്രാസ്![11]
- സ്വകാര്യതയ്ക്ക് മുൻതൂക്കം കൊടുക്കുന്നതിനാൽ ഐ.എസ്.ഐ.എസ്. പോലുള്ള ഭീകരസംഘടനങ്ങൾ തങ്ങളുടെ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നത് ടെലിഗ്രാമാണ്. ചില മാദ്ധ്യമങ്ങൾ ടെലിഗ്രാമിനെ ജിഹാദി മെസേജിങ് ആപ്പ് എന്ന് വിളിക്കുവാൻ ഇതിടയാക്കി.[12]