വീടിനടുത്ത്, പാടങ്ങൾക്കുമകലെ ഒരു ചെറിയ റെയിൽവെ സ്റ്റേഷൻ ഉണ്ട്. ആകാശത്തിലെ നക്ഷത്രങ്ങളായിരുന്നു എന്റെ കൂട്ടുകാർ.
ട്രെയിനിന്റെ ചൂളം വിളികൾ അലിഞ്ഞു ചേർന്ന എന്റെ കൌമാരവും യൗവ്വനവും.
എത്ര മനോഹരമായ നാളുകൾ…!
ഞങ്ങൾ നാട്ടുകാർ ഞങ്ങളുടെ
സമയ ക്രമം പോലും തീവണ്ടിയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു …
7.10 ന്റെ വണ്ടി 8. 30 ന്റെ പാസ്സഞ്ചർ വണ്ടി അങ്ങനെ …!
ഫെബ്രുവരി മാർച്ച് മാസങ്ങളിൽ ദേശത്തെ അമ്പലത്തിൽ ഉത്സവമാണ്. നാടകങ്ങൾ കാണാൻ കൂട്ടുകാരോടൊപ്പം പോകുന്ന ഞാൻ പകുതി വച്ച് മുങ്ങി എന്റെ സ്ഥിരം ഇടത്തേക്ക് പോകും.
റെയിൽവേ സ്റ്റേഷനിലെ ചാരു ബഞ്ചിൽ കിടന്നു കൊണ്ട്…രാത്രിയുടെ മറവിൽ അമ്പലത്തിലെ ഉച്ചഭാഷിണിയുടെ അകമ്പടിയോടെ എത്ര കിനാക്കൾ അടർത്തിയെടുത്തിട്ടുണ്ട്..
അവിടെ വച്ച് ഞാൻ അനവധി കഥാപാത്രങ്ങളെ ഒരുക്കിയെടുത്തിട്ടുണ്ട്. ആദ്യകാലത്തു കഥയായും നോവലൈറ്റായും പിന്നീടത് കവിതയിലേക്ക് വഴിമാറിയതും…
ഒന്നും ഞാൻ മറന്നിട്ടില്ല..എന്റെ ചിന്തകൾക്ക് സംഭവിച്ച മാറ്റങ്ങൾ…
ഇപ്പോഴും പഴയ കാലത്തേ ഓർമ്മ ചെപ്പ് തുറക്കുമ്പോൾ ആദ്യം ഓടി വരുന്നത് വിജനമായ റെയിൽവേ സ്റ്റേഷനും സിമന്റ് ബഞ്ചും നക്ഷത്രങ്ങളും ഒക്കെയാണ്.
പഠനം കഴിഞ്ഞു പുസ്തകങ്ങൾ കൂട്ടിനുണ്ടായിരുന്ന കാലം അക്കാലത്ത് സമപ്രായക്കാർ “ട്യൂട്ടോറിയൽ” മേഘലയിൽ പ്രാപ്തി നേടിയിരുന്നു.
ഇടയ്ക്കിടെ പുസ്തകങ്ങൾ വാങ്ങാൻ വരുന്ന സുഹൃത്തുക്കളിൽ പലരും പഴയതോ പുതിയതോ ആയ “റാലി” സൈക്കിൾ ഉപയോഗിച്ചിരുന്നു. അത് കാണുമ്പോൾ അമ്മയുടെ “പിറുപിറുക്കൽ” എനിക്ക് നേരെ വന്നു.
അച്ഛൻ കമാന്ന് ഒരക്ഷരം പോലും എനിക്ക് നേരെ ഉന്നയിച്ചില്ല.
അന്നും ഇന്നും അമ്മ തന്നെ പ്രശ്നം.
സുഹൃത്തുക്കൾക്ക് ഓരോരുത്തരായി PSC ജോലി കിട്ടുമ്പോഴും അമ്മ ഇതേ നിലപാട് എടുത്തിരുന്നു. വീട്ടിൽ വരുന്ന പോസ്റ്റ് മാന്റെ സൈക്കിളിന്റെ
മണിയടി ശബ്ദം അമ്മക്ക് നല്ല പോലെ
അറിയാം.
വാരികകളിൽ നിന്നും കിട്ടുന്ന പ്രതിഫലം, അപ്പോൾ മാത്രം മുഖത്ത് ഒരു നേരിയ മന്ദഹാസം സ്ഫുരിക്കും. അങ്ങനെ എനിക്കും ഈ ജീവിതം മടുത്തു വന്നു.
അങ്ങനെയിരിക്കെ അച്ഛന് മറവി രോഗം ബാധിച്ചു. ഓർമ്മകൾ പതുക്കെ പതുക്കെ ഇല്ലാതാവുന്ന അവസ്ഥ ഭയാനകമാണ്. അന്നൊക്കെ ഒരു പ്രാർതഥനയെ ഉണ്ടായിരുന്നുള്ളു. ശത്രുക്കൾക്ക് പോലും ഈ മാതിരി ദീനം വരുത്തല്ലെയെന്ന്.
പിന്നീട് ഓരോ interview ന് പോകുന്ന
നേരം ക്യുട്ടിക്കൂറാ പൌഡർ മണക്കുന്ന അച്ഛന്റെ വാത്സല്യം നിറഞ്ഞ കൈത്തലം എന്റെ നെറുകയിൽ വച്ചു.
ഇന്ന്, കാലമേറെയായി അച്ഛനെ കുറിച്ച് ആലോചിക്കുമ്പോൾ കണ്ണുനീർ പൊടിയും. മറവിയുടെ കാണാക്കയങ്ങൾക്ക് അപ്പുറത്തേക്കുളള യാത്ര അച്ഛൻ ഏറെ കൊതിച്ചു.
2012 തിരുവോണത്തിൻ നാൾ ഉച്ചക്ക്
12 മണിക്ക് അച്ഛൻ ഞങ്ങളെ വിട്ടു പോയി അല്ല എന്നെ വിട്ടു പോയി എന്ന് പറയുകായിരിക്കും കൂടുതൽ ശരി..
അച്ഛന് മരിക്കുന്നത് വരെയും എന്നെ മാത്രമേ ഓർമ്മ ഉണ്ടായിരുന്നുള്ളൂ. മരിക്കുന്നതിനു നാലു ദിവസം മുന്നേ അച്ഛൻ എന്നോട് സംസാരിച്ചിരുന്നു. വളരെ നേരിയ സ്വരത്തിൽ…
“ഈ വർഷംനമുക്ക് ഓണം ആഘോഷിക്കണം. അടുത്ത വർഷം അച്ഛൻ ഇല്ലെങ്കിലോ ? അത് കൊണ്ട് എന്റെ മോൻ തിരക്കുകൾ എല്ലാം മാറ്റി വച്ച് വരണം “.
ഇന്നാലോചിക്കുമ്പോൾ തികച്ചും അറം പറ്റിയ വാക്കുകൾ…!
കണ്ണുകൾ പൊട്ടിയൊഴുകി. ഏഴെട്ടു
വർഷമായി വീട്ടിൽ അച്ഛനോടൊപ്പം
ഓണം ഉണ്ടിട്ട്…
തിരുവോണത്തിനു അച്ഛന്റെ ആണ്ടാണ്. അതിനു ശേഷം എവിടെ ഓണം ഉണ്ടാലും ഒരു ഒരുള ഇലയുടെ വലത്തേ കോണിൽ നീക്കി വക്കും…!
എന്റെ അച്ഛന്…!
കൂടെ രണ്ടു തുളളി കണ്ണീരും…!
അച്ഛന്റെ മരണത്തോടെ റെയിൽവേ സ്റ്റേഷനു പരിസരത്തെ വീട് വിറ്റു. അതോടൊപ്പം എന്റെ ബാല്യകൗമാരങ്ങളുടെ സ്വപ്നങ്ങളും.
പക്ഷെ അച്ഛന്റെ കരവലയത്തിലെ ചൂടും ക്യൂട്ടിക്കൂറ പൌഡറിന്റെ മണവും ഇന്നും ഞാൻ അനുഭവിക്കുന്നു…ഈ ദിവസം ഞാൻ പോലുമറിയാതെ എന്നെ ആശ്ലേഷിച്ചു നിൽക്കും..
ആ കണ്ണുകളിലെ പ്രകാശ വർഷം എന്നെ പൊതിഞ്ഞു നിൽക്കുകയും ചെയ്യുന്നു.
ഒരു കാവൽ നക്ഷത്രത്തെ പോലെ…!!!
© Ramesh Madhavan